ADVERTISEMENT

അധ്യായം: പതിനൊന്ന്

കീർത്തി ഫോണിന്റെ സ്‌ക്രീനിൽ പലവട്ടം നോക്കി. ഒരു പരിചയവുമില്ലാത്ത നമ്പറായത് കൊണ്ട് തന്നെ അവൾ സംഭാഷണം റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചു. നീണ്ട പൊട്ടിച്ചിരിക്ക് ശേഷമാണ് അയാൾ സംസാരിച്ച് തുടങ്ങിയത്. 

"നമ്മൾ തമ്മിൽ പരിചയമൊന്നുമില്ല. നേരിൽ കണ്ടിരിക്കാനും വഴിയില്ല. പക്ഷെ എനിക്ക് നിന്നെ നന്നായറിയാം കീർത്തീ..."

"നിങ്ങൾ ആരാണെന്ന് പറയൂ... എന്താണ് ഈ കോളിൻറെ ഉദ്ദേശ്യം?" 

"ഞാൻ ആരാണെന്നൊക്കെ നീ വഴിയേ അറിയും. പിന്നെ വിളിച്ച കാര്യം... അത് ഞാൻ പറയാം. ധൃതി വെക്കല്ലേ..." അയാൾ തെല്ലൊരു പരിഹാസത്തോടെയാണ് ഇത് പറഞ്ഞത്. കീർത്തിയുടെ നെറ്റിയിൽ കോപത്തിന്റെ ചുളിവുകൾ വീണു തുടങ്ങി. 

"നോക്കൂ മിസ്റ്റർ.... ക്രമസമാധാനത്തിന്റെ ചുമതല വഹിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥയാണ് ഞാൻ. സാമാന്യം ഭേദപ്പെട്ട റാങ്കിലുള്ള ഒരു ഓഫീസർ. അങ്ങനെയുള്ള എന്നെ എങ്ങനെ സംബോധന ചെയ്യണമെന്ന് നിങ്ങൾക്കറിയില്ലെ? 'നീ' എന്നൊക്കെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കുഴപ്പമാണ്."

ഇത്തവണ ഒരു പതിഞ്ഞ ചിരിയാണ് മറുതലക്കൽ നിന്നുണ്ടായത്. "കീർത്തീ... നീ എന്നെ ഭയപ്പെടുത്തുകയാണോ? അങ്ങനെ വിരണ്ടു പോകുന്നവനൊന്നുമല്ല ഞാൻ. ഒരു പബ്ലിക് സർവന്റിനെ നീ എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ഞാൻ കരുതുന്നില്ല."

"അത്ര വലിയ ആളാണെങ്കിൽ, ധൈര്യശാലിയാണെങ്കിൽ പിന്നെ എന്തിന് ഒരു ഫോൺ കോളിന് പിന്നിൽ ഇങ്ങനെ മറഞ്ഞിരിക്കണം? നേരിട്ട് വാ... എന്റെ മുന്നിൽ നിന്ന്, എന്റെ മുഖത്ത് നോക്കി 'നീ' എന്നൊക്കെ ഒന്ന് വിളിച്ച് നോക്ക്... അപ്പോഴറിയാം ശരിക്കുള്ള കീർത്തിയെ...!"

"ഞാൻ നേരത്തേ പറഞ്ഞില്ലേ... ശരിക്കുള്ള കീർത്തിയെ എനിക്ക് നന്നായറിയാം."

"ഇല്ല... എന്നെ നീ ശരിക്കറിയാൻ പോകുന്നതേ ഉള്ളൂ... എന്നോട് ഇങ്ങോട്ട് വിളിച്ച് അനാവശ്യം പറഞ്ഞ നിന്നെ എന്തായാലും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. തേടിപ്പിടിച്ചിരിക്കും." 

"നീ ഈ കോൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. ഞാൻ വിളിക്കുന്ന നമ്പർ ട്രേസ് ചെയ്ത് എന്നെ കണ്ടെത്തി, എന്നെയങ്ങ് പൂട്ടിക്കളയാമെന്നായിരിക്കും നിന്റെ വിചാരം. അല്ലേ? ശരി. ഒന്ന് ശ്രമിച്ചു നോക്ക്."

"ഒരു പോലീസ് ഉദ്യോഗസ്ഥയെയാണ് നീ വെല്ലുവിളിക്കുന്നത്. നീ ആരാണെങ്കിലും, കഷ്ടപ്പെട്ട് പഠിച്ച്, ട്രെയിനിങ് നേടി, യൂണിഫോമിട്ട ഞങ്ങൾ പോലീസുകാർക്ക് മുന്നിൽ ഒന്നുമല്ല. അതുകൊണ്ട് കുട്ടിക്കളി വേണ്ട. അതിവിടെ ചിലവാകില്ല. അതിന് പറ്റിയ മറ്റാരെയെങ്കിലും വിളിക്കൂ..."

"ഹേയ്... ഇങ്ങനെ ചൂടാവല്ലേടോ...." അയാൾ കൃത്രിമമായ ഒരു മൃദുലത വരുത്തി തന്റെ സ്വരത്തിൽ.

"ഫോൺ വെക്കെടോ..." കീർത്തി സകല നിയന്ത്രണവും നഷ്ടപ്പെട്ട് അലറി.

"ശരി...ഫോൺ വെക്കാം. പക്ഷെ ഒരു കാര്യം. ഇതൊരു കുട്ടിക്കളിയുടെ കോളാണെന്ന് നിനക്ക് തോന്നിയെങ്കിൽ അത് നിന്റെ തെറ്റ്. ഇതൊരു സാധാരണ കോളാണെന്ന് നീ കരുതേണ്ട. അസാധാരണമായ കോൾ തന്നെയാണ്. നീ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത സാഹചര്യങ്ങളിലേക്ക് നിന്നെ കൊണ്ടെത്തിക്കാൻ കെൽപ്പുള്ള ഒരു കോൾ...!" അയാളിത് പറഞ്ഞതും കീർത്തി പൊടുന്നനെ നിശബ്ദയായി. അവളൊന്ന് സ്തബ്ദയായി. അതുവരെ ഏതോ അരവട്ടൻ വിളിക്കുന്നതാണെന്ന് കരുതിയ അവൾക്ക് എന്തൊക്കെയോ പന്തികേട് തോന്നിത്തുടങ്ങി. 

അയാൾ ശാന്തമായ, ശബ്ദത്തിൽ പറയാൻ തുടങ്ങി: "കീർത്തീ... നിന്റെയുള്ളിൽ ഒരു വലിയ ക്രിമിനൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്കറിയാം. നീ നേടിയെടുത്ത കാക്കികൊണ്ട് നീ നിന്റെ ഭൂതകാലത്തെ അതിവിദഗ്തമായി മറച്ചു പിടിച്ചിരിക്കുന്നു. ക്രമസമാധാനത്തിന്റെ ചുമതലയും വഹിച്ച് ഒന്നുമറിയാത്ത പോലെ നീ മുന്നോട്ട് പോകുന്നു. ഗുഡ് സർവീസ് എൻട്രിയൊക്കെ നേടി അങ്ങനെ തിളങ്ങി നിൽക്കുന്നു. എന്നാൽ ഒന്ന് മനസ്സിലാക്കിക്കോ... എല്ലാത്തിനും അവസാനമാവുകയാണ്. കഥാപാത്രത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന യഥാർത്ഥ വ്യക്തിയെ കണ്ടെത്തണമെങ്കിൽ തിരശീലക്കു പിന്നിൽ ചെന്ന് നോക്കണം. ആ നോട്ടം എനിക്ക് കാണിച്ചു തന്നത് നിന്നിലെ യഥാർത്ഥ നിന്നെയാണ്. നിന്നെക്കുറിച്ചറിഞ്ഞതെല്ലാം ലോകത്തോട് ഞാനിനി വിളിച്ചു പറയും. നീ പിന്നിട്ട പാതകളും ഞാൻ സമൂഹത്തിന് കാട്ടിക്കൊടുക്കും. എല്ലാവരാലും വെറുക്കപ്പെട്ടും, ഒറ്റപ്പെട്ടും, ഒതുക്കപ്പെട്ടും നീ ഒന്നുമല്ലാതാകുന്നതും മാഞ്ഞുപോകുന്നതും എനിക്ക് കാണണം. അത് കാണാൻ കാത്തിരിക്കുന്ന മറ്റൊരാൾ കൂടിയുണ്ട് എന്നത് കൂടി നീ മനസ്സിലാക്കിക്കൊള്ളൂ..."

കുറച്ച് സമയത്തേക്ക് അവൾ ഒന്നും പറഞ്ഞില്ല. വല്ലാത്തൊരു നടുക്കമായിരുന്നു. അതൊരു അസാധാരണമായ കോൾ തന്നെയാണെന്ന് അവൾക്ക് ബോധ്യമായിരുന്നു. "ഇപ്പോഴും നിങ്ങൾ ആരെന്ന് പറയുന്നില്ല. ഒളിച്ചു കളിക്കുകയാണ്. എവിടെയും തൊടാതെ എന്തൊക്കെയോ പറയുന്നു."

അയാൾ ശബ്ദമുയർത്തി പറഞ്ഞു: "ഞാനാരെന്ന് നിനക്ക് വഴിയേ ബോധ്യമാവും. എനിക്ക് നിന്നെ അത്യാവശ്യമായി ഒന്ന് കാണണം. എവിടെ വെച്ച് എപ്പോൾ കാണണമെന്ന കാര്യം ഞാൻ നാളെ രാവിലെ വിളിച്ചു പറയാം. ഞാനിപ്പോൾ ഒരു അത്താഴ വിരുന്നിൽ പങ്കെടുക്കാൻ പോവുകയാണ്. എന്റെ അച്ഛൻ  ഒരുക്കിയ അത്താഴ വിരുന്നിൽ. അതിന്റെ വിശേഷങ്ങൾ ഞാൻ നേരിൽ കാണുമ്പോൾ നിനക്ക് പറഞ്ഞു തരാം. ഗുഡ് നൈറ്റ്. നല്ല സ്വപ്നങ്ങൾ കണ്ടുറങ്ങൂ."

വല്ലാത്തൊരു പകപ്പിന്റെ തരിപ്പ് ശരീരമാകെ അരിച്ചു കയറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. തനിക്കെതിരിൽ എന്തെല്ലാമോ ഒരുങ്ങുന്നുണ്ടെന്ന് അവൾക്ക് തോന്നി. ആരൊക്കെയാണ് അതിന് പിന്നിൽ..? അറിയില്ല. പക്ഷെ ആരായാലും അവർക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ. തന്റെ സർവ്വ നാശം! വിളിച്ച ആളുടെ ശബ്ദത്തിലെ പ്രതികാരത്തിന്റെ മുരൾച്ചയും വിറയലും കാതിൽ നിന്നും ഒഴിഞ്ഞു പോകുന്നില്ല. മുൻകരുതലുകൾ സ്വീകരിച്ചേ മതിയാകൂ.

അസ്വസ്ഥത നിറഞ്ഞ മനസ്സോടെ അവൾ കാർ സ്റ്റാർട്ട് ചെയ്തു. തന്റെ സഹപ്രവർത്തകനും, ഡിപ്പാർട്മെന്റിലെ സമർത്ഥനായ ടെക്കിയുമായ അനിരുദ്ധിന്റെ ക്വാർട്ടേർസിലേക്കവൾ അതിവേഗം കാറോടിച്ചു.

Novel-11-Big
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

രാത്രി അപ്രതീക്ഷിതമായി കീർത്തിയെ കണ്ടപ്പോൾ അനിരുദ്ധ് അമ്പരന്നു. അയാൾ അത്താഴമൊക്കെ കഴിച്ച് ടി.വിയും കണ്ടിരിക്കുകയായിരുന്നു.

"അനിരുദ്ധ്, അസമയത്ത് വന്ന് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം." അവൾ പറഞ്ഞു.

"അത് സാരമില്ല മാഡം. കയറി വരൂ... അകത്തിരുന്ന് സംസാരിക്കാം. എന്തെങ്കിലും ഗൗരവ സ്വഭാവമുള്ള കാര്യമില്ലാതെ മാഡം ഈ സമയത്ത് എന്നെ കാണാൻ വരില്ലെന്ന് എനിക്കറിയാം." അനിരുദ്ധ് ചിരിയോടെ പറഞ്ഞു.

"ഒരു പ്രശ്നമുണ്ടെടോ..." അവൾ സോഫയിലേക്കിരുന്ന് കൊണ്ട് പറഞ്ഞു.

"പറഞ്ഞോളൂ മാഡം... എന്ത് പറ്റി?" അയാൾ ഫ്രിഡ്ജിൽ നിന്നും ജ്യൂസ് എടുത്ത് കൊണ്ട് വന്നു.അത് രണ്ടു ഗ്ലാസുകളിലേക്ക് പകർത്തി. ഒരു ഗ്ലാസ് അവൾക്ക് മുന്നിലേക്ക് നീക്കി വെച്ച് കൊടുത്തു.

അവൾ പറഞ്ഞു: "കുറച്ച് സമയം മുൻപ് എനിക്കൊരു കോൾ വന്നു. വല്ലാത്ത വിരട്ടലും ഭീഷണിയുമൊക്കെ ആയിരുന്നു. അതൊരു വെറും കോളാണെന്ന് എനിക്ക് തോന്നുന്നില്ല. അതാണ് ഓടി ഇങ്ങോട്ട് വന്നത്. നീ ഇപ്പോൾ തന്നെ ആ നമ്പറൊന്ന് ട്രാക്ക് ചെയ്യണം. അയാളുള്ള ലൊക്കേഷൻ കണ്ട് പിടിക്കണം.അയാളെ ഉടനെ പൊക്കാതെ എനിക്കൊരു സമാധാനവും കിട്ടില്ല."

"നമുക്ക് നോക്കിക്കളയാം മാഡം..." അയാൾ അകത്ത് നിന്നും തന്റെ ലാപ്ടോപ്പ് എടുത്തു കൊണ്ട് വന്നു.

"അയാൾ എന്റെ നമ്പർ ടാപ്പ് ചെയ്തിരിക്കാനാണ് സാധ്യത. അതുകൊണ്ടാണ് ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞ് ഞാൻ നിന്നെ വിളിക്കാതിരുന്നത്. എന്റെ ഒരു നീക്കവും ഇനി അയാൾ അറിയാൻ പാടില്ല. അറിഞ്ഞാൽ അതപകടമാണ്."

അവൾ ആ പറഞ്ഞത് ശരിയാണ് എന്ന അർത്ഥത്തിൽ അയാൾ തലയാട്ടി. തനിക്ക് കോൾ വന്ന നമ്പർ അവൾ അയാൾക്ക് പറഞ്ഞു കൊടുത്തു. എന്നാൽ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അയാൾക്ക് ആ നമ്പർ ട്രാക്ക് ചെയ്യാൻ സാധിച്ചില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അയാൾ പറഞ്ഞു:

"മാഡം... നിങ്ങളെ വിളിച്ചയാൾ അതിബുദ്ധിമാനായ ഒരു ടെക്കിയാകാനാണ് സാധ്യത. അല്ലെങ്കിൽ അതിസമർത്ഥനായ ഒരു ടെക്കിയുടെ സഹായം അയാൾക്കുണ്ട്. നോക്കൂ, ഇതൊരു ഫേക്ക് നമ്പറാണ്. ഈ നമ്പർ ഏത് സർവീസ് പ്രൊവൈഡറിന്റേതാണെന്നോ, ഏത് ഡിവൈസിൽ നിന്നാണ് കോൾ വന്നതെന്നോ, ഏത് സ്ഥലത്തു നിന്നാണ് വിളിച്ചിരിക്കുന്നതെന്നോ ഒന്നും നമുക്ക് അറിയാൻ കഴിയില്ല. അതെല്ലാം വളരെ ബ്രില്യൻസോടെ ഹൈഡ് ചെയ്തിരിക്കുന്നു. ഇത് ചെയ്തവൻ ആരാണെങ്കിലും അവൻ ഹാക്കർമാരുടെ ഉസ്താദാണ്! മാഡമൊന്ന് ആ നമ്പറിലേക്ക് തിരികെ വിളിച്ചു നോക്കിക്കേ. അങ്ങനെയൊരു നമ്പർ നിലവിലില്ല എന്നായിരിക്കും കാണുക."

അവൾ അപ്പോൾ തന്നെ ആ നമ്പറിലേക്ക് വിളിച്ചു നോക്കി.അനിരുദ്ധ് പറഞ്ഞത് കിറുകൃത്യമായിരുന്നു!

അവൾ നിരാശയോടെ ഫോൺ ടീപോയിയുടെ മുകളിലേക്കിട്ടു. പിന്നെ തലയും കുനിച്ചിരുന്നു.

"മാഡം ടെൻഷനാകാതിരിക്കൂ... നമുക്ക് ഉടൻ തന്നെ ഇത് റിപ്പോർട്ട് ചെയ്യാം. അപ്പോൾ പിന്നെ ഡിപ്പാർട്മെന്റ് തലത്തിലുള്ള മുൻകരുതലുകൾ ഉണ്ടാകുമല്ലോ."

"റിപ്പോർട്ട് ചെയ്യാം. അത് ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ സ്വാഭാവികമായും ചെയ്യുന്ന ഒരു നടപടിക്രമം മാത്രമാണ്." 

അവൾ ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റു.രണ്ടു ചാലു നടന്നു. പിന്നെ വീണ്ടും അവിടെത്തന്നെ വന്നിരുന്നശേഷം പറഞ്ഞു: "അയാൾക്ക് എന്നെ തനിച്ച് കാണണമെന്നാണ് പറയുന്നത്. എവിടെ വെച്ച്, എപ്പോൾ കാണണമെന്ന കാര്യം രാവിലെ വിളിച്ചു പറയുമത്രെ..." അവൾ ഇത് പറഞ്ഞപ്പോൾ അനിരുദ്ധ് ഒന്ന് പതറി. അയാളുടെ കണ്ണുകളിൽ ഭയം നിഴലിടുന്നത് അവൾ കണ്ടു.

"എന്താണ് മാഡം ഇങ്ങനെയൊക്കെ...ആരാണയാൾ...?" അയാൾ ചോദിച്ചു.        

(തുടരും)  

English Summary:

Charamakolangalude Vyakaranam E-novel chapter eleven

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com