ശരീരംകാട്ടി വശീകരിക്കും, പണമപഹരിച്ച് നിഷ്കരുണം കൊന്നുതള്ളും; കുത്തഴിഞ്ഞ ജീവിതം കൊലയാളിയാക്കി...
Mail This Article
‘‘മനുഷ്യജീവിതം ഗൗരവപൂർവ്വം വെറുക്കുന്ന ഒരാളായ ഞാൻ ഇനിയും കൊലകൾ നടത്തുക തന്നെ ചെയ്യും’’– മരണത്തിനു മുന്നിൽ കീഴടങ്ങുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുമ്പ് യാതൊരു സങ്കോച വുമില്ലാതെ അമേരിക്കയിലെ ആദ്യത്തെ തുടർകൊലപാതകങ്ങൾ നടത്തിയവളായ അയ്‍ലീൻ വൂർനോസ് പറഞ്ഞു.
എന്നു തന്നെയല്ല, 2002 ജൂൺ6–ന് 9.47 pm ന് വധിക്കപ്പെടും മുമ്പ് അവർ ശുഭാപ്തിവിശ്വാസത്തോടെ മറ്റൊന്നു കൂടി പറഞ്ഞു. ‘‘ ഞാൻ പാറയ്ക്കൊപ്പമാണ് യാത്ര ചെയ്യുന്നത്. സ്വാതന്ത്ര്യദിനം പോലെ ഞാൻ യേശുവി നോടൊപ്പം മടങ്ങിവരും, അതേ, ഞാൻ മടങ്ങിവരികതന്നെ ചെയ്യും. കുത്തഴിഞ്ഞ കുടുംബജീവിതം കുട്ടികളി ലുളവാക്കുന്ന സ്വാധീനമെന്തെന്നും അവരെ ദുഷ്ട ജീവിതത്തിലേക്ക് വഴിതെളിക്കുന്നതെങ്ങനെയെന്നു മുള്ളതിന് മകുടോദാഹരണമാണ് അയ്‍ലീൻ കരോൾ വൂർനോസ് പ്രാലിന്റെ ജീവിത കഥ.
1956 ഫെബ്രുവരി 29–ന് മിഷിഗണിലെ ട്രോയിയിൽ ജനിച്ച അയ്‍ലീൻ കരോൾ പിറ്റ്മാന്റെ മാതാവ് ഫിനീഷ്– അമേരിക്കൻ വംശജയായ ഡയാന വ്യോർമോസായിരുന്നു (1939). 1954 ജൂൺ 3–ന് പതിനാലാം വയസ്സിൽ അവൾ ഇംഗ്ലീഷ് അമേരിക്കൻ വംശജനും പതിനാറു വയസ്സുള്ളവനുമായ ലിയോ െഡയ്‍ൽ പിറ്റ്മാനെ വിവാഹം ചെയ്തു (1937–1969). അയ്‍ലീന്റെ മൂത്ത സഹോദരനായ കെയ്ത്ത് 1955 മാർച്ച് 14–ന് ജനിച്ചു. വിവാഹം കഴിഞ്ഞ് കഷ്ടിച്ച് രണ്ടു വർഷമായപ്പോഴേക്ക് അയ്‍ലീന്റെ ജനനത്തിന് ഏതാനും മാസങ്ങൾക്കു മുമ്പ് ഡെയ്‍ൽ വിവാഹമോചനത്തിന് ഹർജി നൽകി.
അയ്‍ലീന്റെ പിതാവ് ഒരു ലൈംഗിക കുറ്റവാളിയായി ജയിലിൽ കഴിയവേ തൂങ്ങി മരിച്ചു. തുടർന്ന് മാതാവ് കുട്ടികളെ ഉപേക്ഷിച്ചു പോയി. അതോടെ ആ കുട്ടികൾ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു താമസം. മുത്തശ്ശി അമിതമായി മദ്യം കഴിക്കുന്ന സ്വഭാവക്കാരിയായിരുന്നു. ഒരു വർഷത്തിനു ശേഷം കരൾ കാൻസർ മൂലം അവർ മരിച്ചു. തുടർന്നുള്ള അയ്‍ലീന്റെ ജീവിതം വിഷമമേറിയതായിരുന്നു. അതിന് പ്രധാന കാരണം മുത്തശ്ശന്റെ സ്വഭാവവൈചിത്ര്യമായിരുന്നു. പേരക്കുട്ടിയെ അയാൾ കണ്ടമാനം തല്ലി, പിന്നെ ലൈംഗികമായി പലതരത്തിൽ പീഡിപ്പിച്ചു. സഹികെട്ട അവൾ വീടുവിട്ടിറങ്ങി.
അയ്‍ലീന്റെ പതിനൊന്നാം വയസ്സിൽതന്നെ അവൾക്ക് ലൈംഗിക വ്യാപാരം തുടങ്ങേണ്ടി വുന്നു.പ്രധാനമായും വയറ്റിപ്പിഴപ്പിനെന്നതിലുപരി അത് ബിയറിനും പണത്തിനും സിഗററ്റിനും വേണ്ടിയായിരുന്നു. പതിനാലാം വയസ്സിൽ പിതാവിന്റെ ഒരു പൂർവ്വകാലസുഹൃത്തിൽ നിന്നും ഗർഭിണിയായതിനെത്തുടർന്ന് അവൾ ഒരാൺകുട്ടിയെ പ്രസവിച്ചു. എന്നാൽ ആ കുഞ്ഞിനെ അനാഥാലയത്തിന് ദാനം ചെയ്ത ശേഷം വീടുവിട്ടിറങ്ങി വന്ന അയ്‍ലീൻ ആദ്യം കുറെ നാൾ കാടുകളിലൂടെയും പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെയും ഒടുവിൽ തെരുവിലൂടെയും അലഞ്ഞു നടന്നു. ജീവിക്കാൻ മറ്റു മാർഗ്ഗമൊന്നുമില്ലാതിരുന്ന അവൾക്ക് സ്വന്തം ശരീരം വിൽക്കേണ്ടി വന്നു.
1974 മെയ് മാസം 27–ന് അയ്‍ലീന്റെ പതിനെട്ടാം വയസ്സിൽ മദ്യപിച്ച് കാറോടിച്ചതിനും .22 പ്രഹരശേഷിയുള്ള പിസ്റ്റൽ വച്ച് വെടിവച്ചതിനും കൊളോറാഡോയിലെ ജെഫേഴ്സൺ കൗണ്ടിയിൽ വച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. 1976–ൽ അയ്‍ലീന് ഇരുപത് വയസ്സുള്ളപ്പോൾ ഫ്ലോറിഡയിലേക്ക് പോയി. അവിടെവച്ച് അറുപത്തൊമ്പതുകാരനും വലിയൊരു ബിസിനസ്സുകാരനുമായ ലൂവിസ് ഗ്രാറ്റ്സ് ഫെലിനെ കണ്ടുമുട്ടി. വളരെപ്പെട്ടെന്നു തന്നെ അവർ വിവാഹിതരായി.
ആ വാർത്ത് പ്രാദേശിക പത്രങ്ങളിലെല്ലാം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നിരുന്നാലും അയ്‍ലീൻ ബാറുകളിൽ വച്ചുള്ള ശണ്ഠകളെത്തുടർന്ന് ഒരു സംഘട്ടനത്തിൽപ്പെട്ട് ജയിലിലായി. ഫൈലിനെ സ്വന്തം വടികൊണ്ടവൾ അടിക്കുകയും ചെയ്തു. അതേത്തുടർന്ന് വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ആ ബന്ധത്തിൽ വിള്ളൽ വീണു. അതോടെ അയ്‍ലീൻ മിഷിഗണിലേക്കു മടങ്ങി. 1976 ജൂലൈ 14–ന് അവളെ അൻട്രിം കൗണ്ടിയിൽ വച്ച് അറസ്റ്റു ചെയ്തു. ബാറിലെ ജീവനക്കാരനായ ഒരുവന്റെ തലയിൽ ഒരു പന്തെറിഞ്ഞുവെന്നതും സമാധാനാന്തരീക്ഷം തകർത്തുവെന്നതുമായിരുന്നു കേസ്.
1976 ജൂലൈ 17–ന് അവളുടെ സഹോദരന്‍ മരണമടഞ്ഞു. കാൻസറായിരുന്നു രോഗം. അതേത്തുടർന്ന് അയ്‍ലീന് 10,000 പൗണ്ട് ഇൻഷ്വറന്‍സിൽ നിന്നും ലഭിച്ചു. അയ്‍ലീനും ഫെലും ജൂലൈ 21 ന് വിവാഹബന്ധം വേർപെടുത്തി. 1976 ആഗസ്റ്റിൽ മദ്യപിച്ച് വാഹനമോടിച്ചതിന് അവൾക്ക് 105 പൗണ്ട് പിഴ നൽകേണ്ടി വന്നു. തന്റെ സഹോദരന്റെ വകയായി ഇൻഷ്വറൻസിൽ നിന്ന് ലഭിച്ച തുകയിൽ നിന്നും അവൾ അത് നൽകി. ബാക്കി തുക കൊണ്ട് രണ്ടു മാസങ്ങൾക്കകം പുതിയ ഒരു ആഡംബരക്കാറു വാങ്ങി, അധികം താമസിയാതെ അത് ഇടിപ്പിച്ച് നശിപ്പിക്കുകയും ചെയ്തു.
ലൈംഗികവൃത്തിയിലേർപ്പെട്ടതിന് അയ്‍ലീൻ മറ്റു മാർഗ്ഗങ്ങളിലൂടെ പണമുണ്ടാക്കാനായി ശ്രമമാരംഭിച്ചു. അങ്ങനെ ആദ്യമായി 1989 –ൽ ഒരു കടയുടമയായ റിച്ചാർഡ് മലോറി എന്ന 51 കാരനായ വെള്ളക്കാരനെ ഫ്ളോറിഡയിൽ വച്ച് വ്യഭിചാരത്തിന് ക്ഷണിച്ചു. എന്നാൽ പിന്നീട് ഉപേക്ഷിക്കപ്പെട്ട കാറിന് അനേക മൈലുകൾക്ക് അപ്പുറം വച്ച് അയാളുട ശവശരീരം കണ്ടെത്താനേ കഴിഞ്ഞുള്ളൂ. നെഞ്ചിൽ അനേകം വെടിയുണ്ടകൾ തറച്ചിരുന്നതായി കാണപ്പെട്ടു.
1990 ജൂൺ –1 ന് നാൽപ്പത്തിമൂന്നുകാരനായ ഡേവിഡ് സ്പിയേഴ്സൺ എന്ന കെട്ടിടനിർമാണക്കാരനായ ഒരാളുടെ നഗ്നമേനി സൈട്രസ് കൗണ്ടിയിൽ കാണപ്പെട്ടു. അയാളുടെ ശരീരത്തിൽ 6 തവണ വെടിയേറ്റ പാടുകളുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കകം ചാൾസ് കാർസുഡോൺ എന്ന നാൽപ്പതുകാരന്റെ ശവശരീരം പാസ്മോ കൗണ്ടിയിൽ കാണപ്പെട്ടു. അയാളുടെ വയറ്റിൽ ഒൻപത് തവണ വെടിയേറ്റ പാടുകളുണ്ടായിരുന്നു.
1990 ആഗസ്റ്റ് 4–ന് മാരിയൻ കൗണ്ടി ലോ എൻഫോഴ്സമെന്റ് അമ്പതുകാരനായ ട്രോയ് ബർണസിന്റെ ശവശരീരം കണ്ടെത്തി. ഒരു കച്ചവടക്കാരനായ അയാളെ കാണാതായതിനു ശേഷം ഒരാഴ്ച പിന്നിട്ടിരുന്നു. ആ ശവശരീരം പഴകിത്തുടങ്ങിയിരുന്നെങ്കിലും മെഡിക്കൽ പരിശോധനയിൽ 2 തവണ വെടിയുതിർത്തതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞു. 1990 സെപ്റ്റംബർ 12–ന് തലയിലും പിടലിയിലുമായി നിരവധി തവണ വെടിയേറ്റ് നിലയിലാണ് റിട്ടയേഡ് എയർഫോഴ്സ് മേജർ പൊലീസ് ചീഫും ഫ്ളോറിഡ ചൈൽഡ് അബ്യൂസ് ഇൻവെസ്റ്റിഗേറ്ററുമായിരുന്ന ചാൾസ് ഡിക് ഹംഫ്രീയുടെ മൃതശരീരം കണ്ടെത്തിയത്.
പിന്നീട് സുവാനി കൗണ്ടിയിൽ നിന്ന് 65 കാരനായ പീറ്റർ സിയംസ് എന്നയാളെ സെൻട്രൽ ഫ്ലോറിഡയിൽ നിന്ന് ന്യൂ ജേഴ്സിയിലേക്ക് പോകുന്ന വഴിയിൽ വച്ച് 1990 ജൂലൈ 4–ന് കണ്ടെത്തി. അയാളുടെ കാർ കിടന്നിടത്തു രണ്ടു സ്ത്രീകളെ കാണുകയുണ്ടായത്രേ! ഇവരിലൊരാൾ അയ്‍ലീനാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നു നടന്ന അന്വേഷണത്തിൽ മറ്റേ യുവതി ടൈററീ മൂർ എന്ന ആളാണെന്ന് മനസ്സിലായി. കൂടുതൽ അന്വേഷിച്ചപ്പോൾ ഒരു ബാറിൽ വച്ച് പരിചയപ്പെടാനിടയായ മൂറും അയ്‍ലീനയുമായി ചങ്ങാത്തത്തി ലാവുകയായിരുന്നുവെന്ന് തെളിഞ്ഞു. അതിന് പ്രധാന കാരണം ഇരുവർക്കും ഉണ്ടായിരുന്ന ഒരു സ്വഭാവവിശേഷമാണ്– സ്വവർഗ്ഗാനുരാഗം! അതേ, അയ്‍ലീനെക്കുറിച്ച ഒരു പുതിയ അറിവുകൂടി കിട്ടി. അവൾ സ്വവർഗ്ഗാനുരാഗിയുമായിരുന്നു.
മൂറിനെ കണ്ടുമുട്ടിയ കാലത്ത് അയ്‍ലീൻ തന്റെ ആദ്യ ബന്ധത്തിൽ നിന്ന് വിമുക്തയായിക്കഴിയുകയായി രുന്നു. ഒരു അഭിസാരിക എന്ന നിലയിൽ അയ്‍ലീന്റെ കക്ഷികൾ അധികവും പ്രധാനമായും മദ്ധ്യവർഗ്ഗക്കാരോ, താഴ്ന്ന വരുമാനക്കാരായ ആളുകളോ ആയ വെള്ളക്കാരായിരുന്നു. 1991 ജൂലൈ 4–ന് വൂർനോസും മൂറും തട്ടിയെടുത്ത സീമെസിന്റെ കാർ ഒരപകടത്തെത്തുടർന്ന് ഉപേക്ഷിക്കുകയുണ്ടായി. ഈ കാർ ഓടിച്ചിരുന്നവളെ സാക്ഷികൾ തിരിച്ചറിഞ്ഞതോടെ പൊലീസ് അവരെ കണ്ടെത്താൻ ഊർജിതശ്രമമാരംഭിച്ചു.
ഇരയാക്കപ്പെട്ടവന്റെ മറ്റു ചില വസ്തുക്കളും കണ്ടെത്തുകയുണ്ടായി. അതിൽ ഒരു പോൺ ഷോപ്പിൽ (ചോളമാവ് റൊട്ടി) കൊടുത്തിരുന്ന ചില വസ്തുക്കളിലുണ്ടായിരുന്നു. അവ വിരലടയാളവുമായി ഒത്തു നോക്കി. ഒടുവിൽ വ്യൂമോർസ് അവസാനമായുണ്ടായിരുന്ന വോളൂസിയ കൗണ്ടിയിലെ ബാർ റിസോർട്ടിൽ നിന്ന് 1991 ജനുവരി 9–ന് അയ്‍ലീനെ അറസ്റ്റു ചെയ്തു. തുടർന്ന് മൂറിനെപ്പറ്റി വിവരം ലഭിച്ച പൊലീസ് പെനിസുൽവേനിയയിലെ സ്ക്രാൻടണിലെ അവളുടെ വസതി കണ്ടുപിടിച്ചു.
തന്നെ കോടതിനടപടികളിൽ നിന്നും ഒഴിവാക്കുമെങ്കിൽ അയ്‍ലീനിൽ നിന്ന് കുറെ വിവരങ്ങൾ ചോര്‍ത്തി നൽകാമെന്ന് അവൾ സമ്മതിച്ചു. അതിനാൽ മൂർ പൊലീസിനോടൊത്ത് ഫ്ലോറിഡിലേക്കു മടങ്ങി. അവിടെ ഒരു ഹോട്ടലിൽ അവളെ താമസിപ്പിച്ച പൊലീസിന്റെ നിർദേശ പ്രകാരം പലതവണ അവൾ അയ്‍ലീനെ ഫോണിൽ വിളിച്ചു തന്നെ കേസ്സിൽ നിന്ന് ഒഴിവാക്കാനായി സഹായിക്കണമെന്നപേക്ഷിച്ചു. മൂന്നു ദിവസങ്ങൾക്കു ശേഷം 1991 ജനുവരി 16–ന് വൂര്‍നോസ് താൻ നടത്തിയ കൊലപാതകങ്ങളെപ്പറ്റി ഏറ്റു പറഞ്ഞു. ഇരകളെല്ലാം തന്നെ ബലാൽക്കാരം ചെയ്ത് പീഡിപ്പിച്ചവരായിരുന്നുവെന്ന് അവൾ പറഞ്ഞു. അതിനാൽ കൊലകളെല്ലാം സ്വയരക്ഷയ്ക്കു വേണ്ടി ചെയ്തതായിരുന്നുവത്രേ! ഇങ്ങനെ തന്റെ കൊലപാതകങ്ങളെക്കുറിച്ച് പല തരത്തില്‍ പറയുന്നരീതി അയ്‍ലീനുണ്ടായിരുന്നു.
‘‘ഞാനാ മനുഷ്യരെ, മഞ്ഞുകട്ടപോലുള്ള അവരെ കൊള്ളയടിച്ച ശേഷം കൊന്നു. ഞാനിനിയുമങ്ങനെ ചെയ്യും. ഞാൻ ജീവിച്ചരിക്കുമോ മരിക്കുമോ എന്നതൊന്നും പ്രശ്നമല്ല. കാരണം ഞാനവരെ ഇനിയും കൊല്ലും. എന്റെ ശരീരത്തിലൂടെ വെറുപ്പും വിദ്വേഷവും അരിച്ചു നടക്കുന്നു– മനുഷ്യജീവിതം വെറുക്കുന്ന ഒരാളാണ് ഞാൻ. സാധിക്കുമെങ്കിൽ ഞാനവരെ ഇനിയും കൊല്ലും.’’ അവൾ പറഞ്ഞു.
അവൾക്ക് സ്ഥിരബുദ്ധിയില്ലെന്ന് അവളുടെ അഭിഭാഷകർ വാദിച്ചുവെങ്കിലും തനിക്ക് സ്ഥിരബുദ്ധിയുണ്ടെ ന്നും താൻ സ്വബോധത്തോടെയാണ് ഇങ്ങനെ പറയുന്നതെന്നും അവൾ ആവർത്തിച്ചു. ഇതാവട്ടെ കോടതി നിയോഗിച്ച മനഃശാസ്ത്രജ്ഞർ ശരിവയ്ക്കുകയും ചെയ്തു. തുടർന്ന് കോടതി അയ്‍ലീന് തടവുശിക്ഷ വിധിച്ചു. പലനാൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2002 ഒക്ടോബർ 9–ന് മാരകമായ വിഷമായ ലീതൽ കുത്തിവച്ച് അയ്‍ലീൻ വൂർനോസിനെ വധിച്ചു.
അയ്‍ലീന്റെ ജീവിതകഥ സിനിമയാക്കപ്പെട്ടിട്ടുണ്ട്– 2003–ൽ. മോൺസ്റ്റർ എന്ന ആ സിനിമയിൽ അയ്‍ലീന്റെ ചെറുപ്പം മുതൽ ആദ്യത്തെ കൊലപാതകം വരെ ചിത്രീകരിച്ചിരിക്കുന്നു. ചാർലിസ് തെറോണാണ് വൂർനോസായി അഭിനയിച്ചിരിക്കുന്നത്. അവർക്ക് അതിന് ബസ്റ്റ് ആക്റ്ററസ് എന്ന നിലയിൽ അവാർഡും ലഭിക്കുകയുണ്ടായി.
അയ്‍ലീന്റെ ജീവിതകഥ മനഃശാസ്ത്രജ്ഞരെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. കൂലങ്കഷമായി കാര്യമായി പരിശോധിച്ച അവർ ഒരു നിഗമനത്തിലെത്തി– അവൾ ഒരു മനോരോഗിയായിരുന്നു. ജന്മനാ രോഗിയായി പിറന്നവളല്ല, പ്രത്യുത, കുടുംബത്തിലെ സാഹചര്യങ്ങൾ അവളെ അങ്ങനെ ആക്കിത്തീർത്തതാണ്. നന്നെ കുട്ടിയായിരിക്കെ അച്ഛന്റെയും അമ്മയുടെയും പരിചരണവും പരിലാളനയും സ്നേഹവും വാത്സല്യവു മൊക്കെ ഏറ്റു വാങ്ങി വളരേണ്ട പ്രായത്തിൽ അവളുടെ അച്ഛൻ തന്റെ പോലും പ്രായമില്ലാത്ത ബാലികാബാലന്മാരുമായി രതിവൈകൃതങ്ങൾ കാട്ടി എന്ന കുറ്റത്തിന് ജയിലിലായി. തുടർന്ന് ജയിലിൽ വച്ച് തൂങ്ങി മരിച്ചുവെന്ന വാർത്ത അവളെ തളർത്തിക്കളഞ്ഞു.
രണ്ടു മാസം തികയും മുമ്പ് അമ്മ പ്രസവിച്ചു, ആ സഹോദരനും തനിക്കും തണലാകുമെന്നു കരുതിയ അമ്മ തങ്ങളെ ഇരുവരെയുമുപേക്ഷിച്ച് എവിടെയോ പോയി. പിന്നീട് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിൽ കഴിയാമെന്നു പ്രതീക്ഷിച്ചെങ്കിലും മദ്യപാനിയായിരുന്ന അമ്മൂമ്മ നിരാശപ്പെടുത്തിക്കളഞ്ഞു. കരൾരോഗത്താൽ അവർ മരണമടഞ്ഞതോടെ അപ്പൂപ്പൻ അകാരണമായി തന്നെ തല്ലാനും തഴുകാനും തുടങ്ങിയപ്പോൾ അവൾ അമ്പരന്നു. എന്നാൽ ഒരുനാൾ സർവ്വശക്തിയുമുപയോഗിച്ച് അയാൾ തന്നെ ബലാൽക്കാരം ചെയ്ത് കീഴ്പ്പെടുത്തിയതോടെ അവളുടെ സമനില തെറ്റി.
തുടർന്ന് സഹോദരൻ തന്നെ കീഴ്പ്പെടുത്തിയപ്പോൾ അവൾ വിറങ്ങലിച്ചു. പിതാവിനെപ്പോലെ താൻ സ്നേഹിച്ചിരുന്ന പിതൃസ്നേഹിതനും തന്നെ വശപ്പെടുത്തിയതോടെ, അയാളിലുണ്ടായ കുട്ടിയെ അനാഥാലയത്തിലെത്തിച്ച ശേഷം പെരുവഴിയിലേക്കിറങ്ങിയ അവൾ തന്റെ ശരീരമുപയോഗിച്ചു തന്നെ ആളുകളെ വശീകരിച്ച് അടുപ്പിച്ച് അവരുടെയെല്ലാമപഹരിച്ചശേഷം നിഷ്കരുണം കൊന്നു കളഞ്ഞു. തന്റെ അച്ഛന്റെയും അപ്പൂപ്പന്റെയും പ്രായത്തിലുള്ളവരെയാണ് വകവരുത്താൻ അയ്‍ലീൻ തെരഞ്ഞു പിടിച്ചിരുന്നത്– ഏതാണ്ട് 40 മുതൽ 70 വരെ പ്രായമുള്ള വരെ! എന്നുതന്നെയല്ല മരണസമയത്തും താൻ നടത്തിയ കൊലപാതകങ്ങളിൽ അവൾക്ക് പശ്ചാത്തപമേതുമേ ഉണ്ടായിരുന്നില്ലതാനും!
യേശുവിനൊപ്പം താൻ തിരികെ വരുമെന്നും അന്നും മനുഷ്യരെ കൊല്ലുമെന്നും അവൾ പറയുന്നുവല്ലോ. ഇക്കാലത്ത് നമ്മുടെ നാട്ടിൽ ആറുമാസം മുതൽ പതിനഞ്ചോ പതിനാറോ വയസ്സുള്ളവരെ ലൈംഗിക വേഴ്ചകൾക്കുപയോഗിക്കുന്നവരൊക്കെ ഓർത്തിരിക്കേണ്ടതാണ് അയ്‍ലീന്റെ ഈ പ്രതികാരകഥ.
ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ
ഗീതാലയം ഗീതാകൃഷ്ണൻ
ഡിസിബുക്സ്
വില 225
English Summary : Lokathe Nadukkiya Kolapathakangal, By Geethalayam Geethakrishnan