ADVERTISEMENT

കോവിഡ്-19 ന് എതിരായി സര്‍ക്കാരും സമൂഹവും നടത്തുന്ന പോരാട്ടത്തില്‍ കവിതയിലൂടെ തനിക്കാവും വിധം പങ്കാളിയാകുകയാണു കെഎസ്ഇബി ജീവനക്കാരൻ ഇ.എസ്.സന്തോഷ്.

കെഎസ്ഇബിയില്‍ പിണ്ണാക്കനാട് ലൈന്‍മാനായി ജോലി ചെയ്യുന്ന സന്തോഷ് കൊറോണ വ്യാപനത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സര്‍ക്കാര്‍ നടപടികള്‍, സമൂഹ ഇടപെടല്‍ ഒഴിവാക്കി വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ ആസ്പദമാക്കിയാണ് കവിതയെഴുതിയത്. എഴുതുക മാത്രമല്ല, മനോഹരമായ ഈണത്തില്‍ അതു ചൊല്ലി കേട്ടുരസിക്കാന്‍ പാകത്തിനു തയാറാക്കിയിട്ടുമുണ്ട് പാലാ ചൂണ്ടച്ചേരിയിലെ ഇടച്ചേരില്‍ വീട്ടില്‍ സന്തോഷ്.

സര്‍ക്കാരു നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ 

ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം

സത്കര്‍മമായിട്ടതിനെ കരുതീടാം

സഹജീവീയോടുള്ള കടമയായി കാത്തീടാം

നാട്ടിലിറങ്ങേണ്ട,നഗരവും കാണേണ്ട

നാട്ടില്‍ നിന്നീ മഹാവ്യാധി പോകുംവരെ

അല്‍പദിനങ്ങള്‍ ഗൃഹത്തില്‍ കഴിയുകില്‍

ശിഷ്ടദിനങ്ങള്‍ നമുക്കാഘോഷമാക്കിടാം

കൊറോണയ്‌ക്കെതിരെ സന്തോഷ് എഴുതിയ കവിതയിലെ ഏതാനും വരികളാണിവ.

നമ്മള്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണു കവിതയുടെ കാതല്‍. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പ്രാധാന്യവും രോഗങ്ങളെ നേരിടാന്‍ ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയുമെല്ലാം  ലളിതമായ വരികളിലൂടെ വിവരിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രളയകാലത്ത് സന്തോഷ് എഴുതിയ കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനെ കുറിച്ചും കൃഷിക്കാരെ കുറിച്ചും  മുന്‍പ് സന്തോഷ് കവിത എഴുതിയിരുന്നു. ചടങ്ങുകളില്‍ ഉപയോഗിക്കാന്‍ മനോഹരമായ ഈശ്വരപ്രാര്‍ഥനകളും സന്തോഷ് രചിച്ചിട്ടുണ്ട്. ജോലിയുടെ തിരക്കിനിടയിലും തനിക്കു കിട്ടിയ സര്‍ഗാത്മക കഴിവിലൂടെ, രോഗത്തിനെതിരായ ബോധവല്‍ക്കരണത്തില്‍ തന്നാലാവുംവിധം പങ്കാളിയാവുകയാണ് ഈ യുവാവ്.

English Summary : KSEB Employee Santhosh Wrote Poem Against Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com