ലോക്ഡൗൺ കാലത്തും നോവലിസ്റ്റ് യു.കെ കുമാരൻ തിരക്കിലാണ്; ‘കണ്ടുകണ്ടിരിക്കെ’ വിശേഷങ്ങൾ...
Mail This Article
ജീവിതം ലോക്ഡൗണിലാണ് എവിടെയും. ഉറ്റസുഹൃത്തുക്ക ളെയൊന്നും പുറത്തുകാണുന്നില്ല. പക്ഷേ, നോവലിസ്റ്റ് യു.കെ.കുമാരൻ എഴുത്തിലാണ്. പുതിയ നോവൽ എഴുതിത്തീർക്കുന്ന തിരക്കിലാണ്. ‘കണ്ടുകണ്ടിരിക്കെ’ എന്നു പേരിട്ടിരിക്കുന്ന നോവലിന്റെ അവസാനമിനുക്കുപണിയിലാണ് അദ്ദേഹം.
സാഹിത്യവും പത്രപ്രവർത്തനവും ഒരുപോലെ വഴങ്ങും യു.കെ.കുമാരന്. അടുത്തിടെയാണ് പത്രപ്രവർത്തന അനുഭവങ്ങൾ ഒരു ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. പത്രപ്രവർത്തനവും സാഹിത്യവും പ്രമേയമായ വിഷയമാണു പുതിയ നോവലിലും. താൻ പ്രധാന കഥാപാത്രമായി എത്തുന്ന നോവലിൽ തന്റെ അനുഭവങ്ങൾ കുറെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിൽ മകന്റെ കൂടെയായിരുന്നു യു.കെ.കുമാരൻ. കോവിഡ് രോഗപകർച്ച രൂക്ഷമാകുന്നതിനു മുൻപ് നാട്ടിലെത്തി. അതിനു ശേഷം വീട്ടിനു പുറത്തിറങ്ങിയിട്ടില്ല. കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെ വലിയ സുഹൃത്‌വലയം തന്നെയുണ്ട് യു.കെയ്ക്ക്. ടൗൺഹാളിലെ സാഹിത്യസദസ്സിൽ അദ്ദേഹം മിക്കദിവസവും ഉണ്ടാകും.
പ്രസംഗിക്കാനും പ്രസംഗം കേൾക്കാനും. കോവിഡ് വന്നതോടെ എല്ലാം അവസാനിച്ചു. ജീവിതത്തിൽ ഒരു മടുപ്പ് അനുഭപ്പെടാൻ തുടങ്ങി. എല്ലാദിവസവും ഒരേപോലെ. ഒരു പുതുമയും പറയാനില്ല. മുൻപാണെങ്കിൽ പ്രസംഗിക്കാൻപോകാനുള്ള ഒരുക്കങ്ങൾ തന്നെ ഒരു പുതുമ കൊണ്ടുവരും. ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളാണ് പ്രസംഗിക്കേണ്ടിവരിക. അതിനുള്ള തയാറെടുപ്പ് എന്നാൽ പല വിഷയങ്ങൾ പഠിക്കുക കൂടിയാണ്. ഓരോ ദിവസവും നവീകരിക്കുന്നത് അങ്ങനെയാണ്. എന്നാലിപ്പോൾ പ്രസംഗമില്ല. അതുകൊണ്ടു തന്നെ തയാറെടുപ്പുമില്ല. അതുകൊണ്ടാണ് ജീവിതത്തിൽ മടുപ്പു തോന്നുന്നത്.
ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ‘തക്ഷൻകുന്ന് സ്വരൂപ’ത്തിനു ശേഷം ഏറെ തയാറെടുപ്പോടെയാണ് പുതിയ നോവൽ എഴുതിത്തുടങ്ങിയത്. താൻ ജോലി ചെയ്തിരിന്ന കാലത്തെ പത്രപ്രവത്തനമല്ല ഇപ്പോൾ. കേരളകൗമുദിയിൽ നിന്നും വീക്ഷണത്തിൽ നിന്നും വിരമിച്ചിട്ട് പത്തുവർഷം പിന്നിട്ടു. ചാനലുകളും സമൂഹമാധ്യമങ്ങളും സജീവമായി. അതുകൊണ്ടുതന്നെ പുതിയ കാലഘട്ടത്തിലെ പത്രപ്രവർത്ത നത്തെക്കുറിച്ചെഴുതുമ്പോൾ ഏറെ പഠനം നടത്തേണ്ടതുണ്ട്.
പത്രപ്രവർത്തനരംഗത്തെ സുഹൃത്തുക്കളിലൂടെയാണ് ആ വിവരമെല്ലാം ശേഖരിച്ചത്. സാഹിത്യരംഗത്തു നിന്നു വിരമിക്കാത്തതിനാൽ അവിടുത്തെ എല്ലാ കാര്യങ്ങളും അറിയാം. രണ്ടു വിഷയത്തിനും തുല്യപങ്കുകൊടുത്തുള്ള നോവലാണ് ‘കണ്ടുകണ്ടിരിക്കെ’
ഇപ്പോൾ നോവലെഴുത്തിനാണു കൂടുതൽ സമയം ചെലവിടുന്നത്. ഇടയ്ക്ക് സുഹൃത്തുക്കളെയൊക്കെ ഫോണിൽ വിളിക്കും. സമാനദുഖിതരുടെ വിഷമം പങ്കുവയ്ക്കും. സമൂഹമാധ്യമം ഉപയോഗിക്കാത്തതിനാൽ സമയനഷ്ടം അധികമില്ല. പാചകം താൽപര്യമില്ലാത്തതിനാൽ അവിടെയും പരീക്ഷണത്തിനു നിൽക്കാറില്ല. എഴുത്തും വായനയും തന്നെ പ്രധാനം.
ലോകം വീണ്ടും പഴയ വേഗത്തിലെത്തുമ്പോഴേക്കും യു.കെ.കുമാരന്റെ പുതിയ നോവൽ പ്രസിദ്ധീകരിച്ചു കഴിയും. കോവിഡ് കാലത്തെ ഓർമകൾക്കൊപ്പം ഈ പുസ്തകവും യു.കെ. കുമാരന് പറയാനുണ്ടാകും.
English Summary : U K Kumaran Writes New Novel In Lockdown Period