ADVERTISEMENT

പ്രിയ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ പറഞ്ഞതുപോലെയാണ് എനിക്കും ഈ ക്വാറന്റീൻ കാലം. എല്ലാ ദിവസവും ക്വാറന്റീൽ തന്നെയാണ്. ഇന്നലെയുടെ തുടർച്ച. പുതുമയുള്ള കാര്യമാണെന്നു പറയാനാവില്ല. 

 

കുറച്ചു വർഷങ്ങളായി  ഞാൻ സൗത്ത് കൊൽക്കത്തയിലെ ലേക് ഗാർഡന് അടുത്താണു താമസം. രാവിലെയും വൈകിട്ടും ഗാർഡനിൽ പോയിരുന്ന് മനുഷ്യരെ നോക്കിക്കാണുക എന്റെ ജീവിതത്തിലൊരു ഭാഗമായിരുന്നു. ക്വാറന്റീൻ കാലത്തെ ഏക നിരാശ ഇപ്പോൾ അതിനു കഴിയുന്നില്ല എന്നതാണ്. 

 

പലതരത്തിലുള്ള മനുഷ്യരാണ് അവിടെ രാവിലെയും വൈകിട്ടും വരുന്നത്. മലയാളികളെ അപേക്ഷിച്ചു നോക്കുമ്പോൾ ബംഗാളികൾ സ്വതന്ത്രരാണ്. പിടിച്ചുകെട്ടിയല്ല അവർ മക്കളെ വളർത്തുന്നത്. വളരെ സ്വതന്ത്രരായിട്ടാണ് ഇവിടുത്തെ കുട്ടികൾ വളരുന്നത്. അവരെ വീടുകളിൽ തടഞ്ഞുവയ്ക്കുന്നില്ല. കുട്ടികളും മുതിർന്നവരുമെല്ലാം ലേക് ഗാർഡനിൽ കൂട്ടം കൂട്ടമായി വരും. അവരുടെ സന്തോഷപ്രകടനങ്ങൾ കണ്ടിരിക്കുക എന്റെയൊരു ദിനചര്യയാണ്. 

 

 

സങ്കൽപ്പിക്കാൻ പറ്റുന്നതിലും വലുതാണ് ഈ ലേക് ഗാർഡൻ. കൊൽക്കത്തയിലെ ആഡംബരങ്ങളിൽ പ്പെട്ടതാണ് ലേക് ഗാർഡനും മൈതാനുമെല്ലാം. ഇതിനടുത്തുതന്നെ സബർബൻ റെയിൽവേ സ്റ്റേഷനുണ്ട്. ലേക് ഗാർഡനിൽ നാലഞ്ചു തടാകങ്ങളുണ്ട്. അവിടെ തുഴച്ചിൽ പഠിപ്പിക്കുന്ന ക്ലബ്ബുകളുമുണ്ട്. തുഴയാൻ പഠിക്കാനെത്തുന്നവരും നടക്കാൻ എത്തുന്നവരുമൊക്കെയായി പലതരം ആളുകളാണ് നിത്യേന വന്നുപോകുന്നത്. 

 

 

എന്നെ സംബന്ധിച്ചിടത്തോളം ലേക് ഗാർഡനിലെ നടത്തം ഒരു വ്യായാമമല്ല. പ്രകൃതിയോടു ചേർന്നിരിക്കാൻ കിട്ടുന്ന അവസരമാണ്. തടാകം, പക്ഷികൾ, മരങ്ങൾ, മനുഷ്യൻ എന്നിങ്ങനെ എല്ലാവരും ശാന്തരായി ഒന്നിച്ചു കാണുന്ന സ്ഥലമാണ്. ആവാസവ്യവസ്ഥയുടെ എല്ലാം ഇവിടെയുണ്ട്. ഇവരെയൊക്കെ നോക്കിയിരിക്കു മ്പോൾ ലഭിക്കുന്നൊരു ഊർജമുണ്ട്. ഞാൻ എഴുതുന്ന, എഴുതാൻ ഉദ്ദേശിച്ച  വിഷയത്തിന്റെ വ്യക്തതയൊക്കെ ലഭ്യമാകുന്നത് ഇവിടെയിരിക്കുമ്പോഴാണ്. 

 

 

ഈ ക്വാറന്റീൻ കാലത്ത് അതൊക്കെ നഷ്ടമായി. അല്ലാതെ എന്റെ ജീവിതത്തിൽ കാര്യമായ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. കുറച്ചു വർഷങ്ങളായി കേരളത്തിലും കൊൽക്കത്തയിലുമായാണ് എന്റെ ജീവിതം. 11 വർഷമായി എന്റെ ഏകാന്ത ജീവിതം ആരംഭിച്ചിട്ട്. അതുകൊണ്ട് ക്വാറന്റീനിൽ കഴിയുക എന്നത് മറ്റുള്ളവർ പറയുന്നതുപോലെ ശ്വാസം മുട്ടുന്നതായി എനിക്കനുഭവപ്പെട്ടിട്ടില്ല.

 

 

എങ്ങനെയാണ് ഈ ക്വാറന്റീൻ കാലം അതിജീവിക്കുക എന്ന് പലരും നിരാശയോടെ ചോദിക്കുന്നതു കേട്ടിട്ടുണ്ട്. എന്റെ എല്ലാ ദിവസവും ഇതുപോലെയാണെന്ന് അവരോടു പറഞ്ഞാൽ മനസ്സിലാകില്ല. അതുകൊണ്ടു തന്നെ ഞാൻ ഇക്കാര്യം വ്യക്തമാക്കാനും പോയില്ല. 

 

 

കൊറോണ വ്യാപനം തുടങ്ങിയപ്പോൾ ഞാനൊരു കാര്യം ചെയ്തു. ഇന്റർനെറ്റ് ലോകവുമായുള്ള ബന്ധം കുറച്ചു. കൂടുതൽ സമയം വായിക്കാനിരുന്നു. പൊതുവെ ഞാൻ രണ്ടുമണിക്കൂറൊക്കെയാണു വായിച്ചിരുന്നത്. ഇപ്പോൾ അതിലേറെ സമയം കിട്ടാൻ തുടങ്ങി. സമൂഹമാധ്യമങ്ങളിൽ നിന്ന് കുറേ അകലം പാലിച്ചു. മുൻപ് വായിച്ച പല കൃതികളും വീണ്ടും വാക്കാൻ തുടങ്ങി. 

 

ദസ്തയേവ്സ്കിയെയാണു കൂടുതൽ വായിച്ചത്. 1995 മുതലാണ് ഞാൻ അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ തുടങ്ങിയത്. ഇപ്പോൾ ‘കുറ്റവും ശിക്ഷയും’ ‘ഭൂതാവിഷ്ടർ’ എന്നിവ വീണ്ടും വായിച്ചു. ഓരോ വായനയിലും നമ്മളാണു നവീകരിക്കുന്നത്. ജാക്ക് ലണ്ടന്റെ കൃതികളും വായിച്ചു. കൊറോണ ബംഗാളികളെ ശരിക്കും പേടിപ്പിച്ചിട്ടുണ്ട്. പൊതുവെ അടങ്ങിയിരിക്കാത്തവരാണ് ബംഗാളികൾ. എന്നാൽ കൊറോണ വന്നതോടെ എല്ലാവരും വീടുകളിൽ ഒതുങ്ങിക്കൂടുകയാണ്. 

 

 

രണ്ടുദിവസം മുൻപ് ഞാൻ മാർക്കറ്റിൽ പോയിരുന്നു. വിരലിലെണ്ണാവുന്നവരെമാത്രമേ ഓരോയിടത്തും കണ്ടുള്ളൂ. എന്റെ വീട്ടിൽ നിന്നു ലേക്ക് ഗാർഡൻ കാണാം. ആളുകളില്ലാതെ ഇത്രയും ശൂന്യമായി ഞാൻ ഈ ഗാർഡൻ കണ്ടിട്ടേയുണ്ടായിരുന്നില്ല. ഏകാന്തത മനുഷ്യനെ ശരിക്കും പഠിപ്പിക്കും. ഏകാന്തതയിൽ നിന്നു പഠിക്കണം എന്നല്ലേ പറയുക. ഒരു കുട്ടി പഠിക്കുന്നത് ഏകാന്തമായ അന്തരീക്ഷത്തിലല്ലല്ലോ. ചന്തയിൽ ഇരുന്ന് ആരും പഠിക്കാറില്ലല്ലോ. 

 

പൊതുവെ മനുഷ്യർക്ക് ഏകാന്തത പേടിയാണ്. അവന് ആരെങ്കിലും കൂടെ വേണം. മനുഷ്യർ ഇല്ലെങ്കിൽ ചിലർ മൃഗങ്ങളെ വളർത്തും. ഒറ്റയ്ക്കു കിടക്കുന്ന ചിലർക്ക് രാത്രിയിൽ വെളിച്ചം വേണ്ടിവരും. ചിലർക്ക് കണ്ടില്ലെങ്കിലും ടിവി ഓണാക്കിയിരിക്കണം. മുൻപ് റേഡിയോയായിരുന്നു. ബാറ്ററി വാങ്ങിയിടുന്ന കാലത്തു പോലും വെറുതെ റേഡിയോ തുറന്നിടും. അത് അവന്റെ ഏകാന്തത മറികടക്കാനാണ്. 

 

 

ഏകാന്തതയെ അതിജീവിക്കുന്നവർ ധൈര്യശാലിയായിരിക്കും. പേടിയെ മറികടക്കാൻ കഴിയണം. അപ്പോൾ ഈ കാലം അങ്ങനെ നല്ലൊരു അനുഭവത്തിനായി നാം മാറ്റിയെടുക്കണം. അരക്ഷിതാവസ്ഥയെ മറികടക്കാൻ സാധിച്ചാൽ നാം വിജയിച്ചു എന്നർഥം. ഏകാന്തത ഇഷ്ടപ്പെട്ടവരിൽ നിന്നേ നല്ല സൃഷ്ടികളുണ്ടായിട്ടുള്ളൂ. വരാനിരിക്കുന്നത് മികച്ച സൃഷ്ടികളുടെ കാലമായിരിക്കട്ടെ.

 

English Summary : Writer Susmesh Chandroth Talks About Quarantine Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com