മഹാബലന്റെ ഏകാന്ത വിഷാദങ്ങൾ, അവനെ ചുഴറ്റിയ താപവാതങ്ങൾ...
Mail This Article
‘സൂതരേ, മാഗധരേ, അതുകൊണ്ട് കുരുവംശത്തിന്റെ ഗാഥകൾ നമുക്കിനിയും പാടാം. കുരുവിനെയും കുരുപുത്രൻ പ്രതീപനെയും വാഴ്ത്താം’ എന്ന് രണ്ടാമൂഴത്തിന്റെ പ്രാരംഭം. ‘കൃഷ്ണദ്വൈപായനനെ നമുക്ക് വീണ്ടും വാഴ്ത്താം’ എന്ന് ‘രണ്ടാമൂഴ’ത്തിന്റെ ഫലശ്രുതിയിലെ അവസാനവാക്യം . അതുകൊണ്ട് വായനക്കാരേ, നമുക്കിനിയും എംടിയെ വാഴ്ത്താം. ഭീമസേനനെ വാഴ്ത്താം. തന്നെ തിരഞ്ഞുവന്ന ആദ്യത്തെ സ്ത്രീയുടെ മുടിക്കെട്ടിൽനിന്ന് മഞ്ജിഷ്ഠം കലർത്തിയ എള്ളെണ്ണയുടെ മണം ആസ്വദിച്ച ഭീമനെയല്ല, അവഗണനയുടെ സൂചിക്കുത്തുകളേറ്റു വാങ്ങുമ്പോഴും സഹോദരങ്ങൾക്കും അവരുടെ പത്നിക്കും വരെ തണലായി നിന്ന ആ മഹാബലനെ.
വലിയവരിൽ വലിയവനായ ഭീമനെ എല്ലാവരും ചെറുതാക്കിക്കാണിച്ച സന്ദർഭങ്ങളെക്കുറിച്ച് വ്യാസൻ ഒന്നും പറയുന്നില്ല. വ്യാസന്റെ മൗനങ്ങളിലാണ് എംടി രണ്ടാമൂഴത്തിന് വിത്തെറിഞ്ഞത്. ‘നമുക്കിനി ഭൂതകാലമില്ല. ഓർമകളും പ്രതീക്ഷകളും മായ്ച്ചുകളഞ്ഞാൽ മനസ്സ് അചഞ്ചലമാവുന്നു, സ്ഫടികശുദ്ധമാവുന്നു’ എന്ന് രണ്ടാമൂഴത്തിലുണ്ട്. അത് കുഞ്ഞുങ്ങൾക്കു മാത്രം അവകാശപ്പെട്ട അവസ്ഥയാണ്. ഭീമന്റെ ആത്മകഥ എന്നു വിശേഷിപ്പിക്കാവുന്ന രണ്ടാമൂഴത്തിലെ ഈ വാക്കുകൾ മഹാബലവാന്റെ നിഷ്കളങ്കതയ്ക്ക് ഇണങ്ങും. ഉള്ളതിൽ ഏറ്റവും നല്ല വാക്കുകൾ എംടി ഭീമന്റെ പ്രതിച്ഛായയ്ക്കായി നീക്കിവച്ചു.
‘വരണ്ടുകിടക്കുന്ന കാട്. പോയ വർഷക്കാലത്തു വീണ പൂങ്കുലകളുടെ ഗന്ധം വിടാത്ത മധൂകമരച്ചുവടുകൾ. കാട്ടാറുകൾ കന്മദം നക്കുന്ന പാറക്കൂട്ടങ്ങളുടെ താഴ്‍വാരങ്ങൾ. പൂത്ത കുടകപ്പാലകളുടെ ഗന്ധം ചുമന്ന് ഓടിക്കളിക്കുന്ന കറുത്ത സുന്ദരിയുടെ കണ്ണുകളിലെ തിളക്കം. യൗവനത്തിന്റെ ഉൽസവത്തിമിർപ്പു കണ്ട് നിശ്ശബ്ദം ആർത്തുവിളിച്ച് നാണിച്ചുകിടന്ന തണൽപ്പാടുകൾ. തന്റെ നഗ്നമായ പൗരുഷം നോക്കി പാതി കണ്ണുപൊത്തിച്ചിരിച്ചുനിന്ന ആ പേരറിയാക്കാടുകൾ എവിടെ? എവിടെ?’ രണ്ടാമൂഴത്തിലെ ഈ ഭാഗത്തെത്തുമ്പോൾ നാമറിയുന്നു, ഭീമൻ വളരുകയാണെന്ന്. ഭീമനാണ് നോവലിലെ നായകനെന്ന്. ശരീരംകൊണ്ടും ബലം കൊണ്ടും ഇനി വളരാനില്ലെന്നു നാം പഠിച്ചുവച്ച ഭീമസേനന് നമ്മുടെ മനസ്സിൽ ഇനിയും വളരാനിടമുണ്ടെന്നു കാട്ടിത്തരാൻ എംടി നടത്തിയ ത്യാഗത്തിന്റെയല്ല, യാഗത്തിന്റെ പേരു കൂടിയാണ് രണ്ടാമൂഴം. കൃഷ്ണനു ചക്രായുധം പോലെ തന്നെ വാക്കുകളും വിദഗ്ധമായി ഉപയോഗിക്കാനറിയാമെന്ന് രണ്ടാമൂഴത്തിലുണ്ട്. എംടിക്കും അതെ.
വേണ്ടത്ര ശക്തിയും തേജോബലവും ബുദ്ധിയുമുണ്ടായിട്ടും ഏകാന്തവേദനയേറ്റു വാങ്ങുന്ന എല്ലാ മനുഷ്യരുടെയും പ്രതീകമെന്ന നിലയിൽ വേണം രണ്ടാമൂഴത്തിലെ ഭീമനെ വായിക്കാൻ. നടന്നുപോവുമ്പോൾ യുധിഷ്ഠിരനു കേൾക്കാവുന്നത്ര ഉച്ചത്തിൽ ഭീമൻ വിളിച്ചുപറയുന്നുണ്ട്, ‘നിൽക്കൂ ജ്യേഷ്ഠാ, ദ്രൗപദി വീണുപോയി’ എന്ന്. പക്ഷേ യുധിഷ്ഠിരൻ കാൽവയ്പുകളുടെ വേഗം കുറച്ചില്ല. യുധിഷ്ഠിരൻ അത് അവഗണിച്ചപ്പോൾ ഭീമൻ അമ്പരന്നു. യുധിഷ്ഠിരൻ ധർമപത്നിയോടാണോ ഇങ്ങനെ കാണിക്കുന്നതെന്ന്. അവിടെത്തന്നെ ഭീമനോട് നമുക്കിഷ്ടം കൂടുന്നു. സ്ത്രീകളോട് കുലമര്യാദ പുലർത്തുന്ന ഒരാളെ നാം അവിടെ പരിചയപ്പെടുന്നു. യുധിഷ്ഠിരൻ സഹോദരങ്ങളെയും ധർമപത്നിയെയും വരെ തരം പോലെ ഉപയോഗിക്കാൻ സമർഥനാണെന്നതിന്റെ എത്ര ഉദാഹരണങ്ങൾ പിന്നീടു നാം കണ്ടു. എന്നാൽ ഇതേ ദ്രൗപദി തന്നെ ഭീമസേനനെ വേദനിപ്പിക്കുന്ന സന്ദർഭത്തിലെത്തുമ്പോഴും നാം ഒരു കാര്യം ഓർക്കും. മനുഷ്യൻ എന്നും തിരിഞ്ഞുനിന്നു കുത്തുന്നവനാണെന്നും അതിന് ലിംഗ–കുല ഭേദമില്ലെന്നും. ഭീമസേനന് കിട്ടുന്ന തിക്താനുഭവങ്ങളിലൂടെ അത് നാമറിയുന്നു.
അവൾ അർജുനനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ എന്നാണ് ദ്രൗപദി വഴിയിൽ വീണു പോയപ്പോൾ യുധിഷ്ഠിരൻ പറഞ്ഞത്. ഭീമൻ അപ്പോൾ അർജുനനോടും പറഞ്ഞു, ദ്രൗപദി വീണുപോയെന്ന്. അർജുനനും കേട്ട മട്ടു കാണിച്ചില്ല. അതാണ് പറഞ്ഞത് ഏറ്റവുമധികം മനുഷ്യസഹജമായ വികാരങ്ങൾ നാം കാണുന്നത് ശരീരം കൊണ്ടു നാം അമാനുഷനെന്നു കരുതാനിഷ്ടപ്പെടുന്ന ഭീമസേനനിലാണ്. ഇങ്ങനെ നോവലിന്റെ തുടക്കം മുതൽ പല സന്ദർഭങ്ങളെടുത്തുകാട്ടി ഭീമന്റെ പ്രതിച്ഛായ എംടി ഉയർത്തുകയാണ് രണ്ടാമൂഴത്തിൽ .
ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്രാവേള. നാലുവയസ്സുള്ള അർജുനൻ ഭീമനോട് ഇതാണോ നമ്മുടെ രാജ്യം എന്നു ചോദിക്കുന്നുണ്ട്. ഭീമൻ മറുപടി പറഞ്ഞില്ല. കാരണം തന്റേതല്ലാത്തതൊന്നിലും അവകാശം സ്ഥാപിച്ചെടുക്കുക ഭീമന്റെ സ്വഭാവമായിരുന്നില്ല എന്നതു തന്നെ. അച്ഛന്റെ ചിതയ്ക്കു തീവയ്പിച്ചത് യുധിഷ്ഠിരനെക്കൊണ്ടാണ്. അപ്പോഴൊക്കെ ഭീമൻ ആലോചിക്കുന്നുണ്ട്, കളിയിൽ ഒന്നു തൊട്ടാൽ വേദനിച്ച് ബഹളം കൂട്ടുന്ന ജ്യേഷ്ഠനെപ്പറ്റിയാണോ സൂതരും മാഗധരും അവരുടെ പാട്ടുകളിൽ പറയുന്നതെന്ന്. പറഞ്ഞിട്ടു കാര്യമില്ല, എല്ലായ്പ്പോഴും കഴിവുറ്റവരല്ല ലോകം ഭരിക്കുന്നത് എന്നു മനസ്സിലാക്കാൻ ഇത്തരം സന്ദർഭങ്ങൾ വേണ്ടുവോളമുണ്ട് രണ്ടാമൂഴത്തിൽ. ഭീഷ്മപിതാമഹനെ പഞ്ചപാണ്ഡവർ നമസ്കരിക്കാൻ കുന്തി പറയുമ്പോഴും ഭീമൻ അവിടെയൊരു പ്രധാനസാന്നിധ്യമാവുന്നില്ല. യുധിഷ്ഠിരനാണ് പ്രാധാന്യം കിട്ടുന്നത്. സഭയിൽ രാജാവ് കാത്തിരിക്കുന്നു. വിദുരരുടെ കയ്യിൽപ്പിടിച്ച് യുധിഷ്ഠിരൻ പോവുന്നു. ഭീഷ്മരുടെ പിന്നിലായി ഭീമനും അർജുനനും നടക്കുന്നു. ധൃതരാഷ്ട്രരുടെ മക്കൾ തലയിൽ പൂമാല ചൂടിയിരിക്കുന്നു എന്ന് ഭീമൻ പറഞ്ഞയുടനെ യുധിഷ്ഠിരൻ മന്ദാ എന്ന് ഭീമനെ വിളിക്കുന്നു. പിന്നീടിങ്ങോട്ട് എത്ര തവണ യുധിഷ്ഠിരനിൽ നിന്ന് നാം ആ വിളി കേൾക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഭീമന്മാർ എന്നും സമൂഹത്തിലുണ്ട്.
ഭീമന് അഞ്ചുവയസ്സിലേ സ്വന്തം വീട്ടിൽ നിന്നുതന്നെ ഒറ്റപ്പെടൽ തോന്നുന്നുണ്ട്. അവൻ രാത്രി കിടക്കാൻ നേരം അച്ഛനായ വായുഭഗവാനെ ഓർമിക്കുന്നു. ‘കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിടുന്ന ദേവാ, ഇവിടെ ഞാനുണ്ട്, അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി’ എന്ന ഭീമന്റെ ആത്മഗതം അയാളുടെ ഏകാന്തമായ നിലവിളിയും ഒപ്പം കരുത്താർജ്ജിക്കലുമാണ്. ചെയ്യാത്ത കുറ്റത്തിന് കുട്ടിക്കാലത്തേ ഭീമനു പഴി കേൾക്കേണ്ടി വരുന്നുണ്ട്. യുദ്ധമുറകൾ പഠിക്കുമ്പോൾ വല്യച്ഛനായ ധൃതരാഷ്ട്രരുടെ മക്കളെ ഭീമൻ ദ്രോഹിക്കുന്നു എന്ന് ആരോ കുന്തിയുടെ അടുത്തുചെന്ന് കളവു പറയുന്നുണ്ട്.
ആചാര്യന്മാർ ആയോധനക്കളരിയിൽത്തന്നെ അയാളോടു വേർതിരിവു കാട്ടി. ഇത് നാം ജീവിക്കുന്ന സമൂഹത്തിലും പാഠശാലകളിലും നമ്മുടെ മനസ്സിന്റെ അകത്തളങ്ങളിലും വരെ നാം വച്ചുപൊറുപ്പിക്കുന്ന പല വിധമായ വർഗീകരണങ്ങളുടെ ആകെത്തുകയാണ്. തേർയുദ്ധത്തിൽ യുധിഷ്ഠിരൻ വേണമെന്ന് ആചാര്യമതം. കാരണം യുധിഷ്ഠിരൻ രാജാവാകേണ്ടവനാണ്. ഇന്ദ്രന്റെ മകനായതുകൊണ്ട് അർജുനൻ വില്ലാളിവീരനാകുമെന്ന് അശരീരികളും പാട്ടുകളും ഉണ്ടാകുന്നു. അസ്ത്രവിദ്യയ്ക്ക് അർജുനൻ തന്നെ വേണമെന്ന് ആചാര്യന്മാർ. അപ്പോഴൊക്കെ ഭീമൻ ദുഃഖിതനായി പിതാവായ വായുഭഗവാനെ പ്രാർഥിക്കുന്നു.
ഭീമൻ വെറും പത്തോ പതിനൊന്നോ വയസ്സിൽ ഒറ്റപ്പന്നിയെ കുന്തം കൊണ്ടു വീഴ്ത്തി. കൊട്ടാരത്തിൽ ആരും അതിനെക്കുറിച്ച് പറഞ്ഞില്ല, അഭിനന്ദിച്ചില്ല. ആദ്യത്തെ മൃഗത്തെ വീഴ്ത്തിയതിന് അർജുനനു വേണ്ടി വിദുരർ ബലി നടത്തി. ഭീഷ്മർ സ്വർണച്ചിറകുള്ള ഒരമ്പ് സമ്മാനമായി കൊടുത്തു. ഭീമനെ കൊല്ലാൻ വല്യച്ഛന്റെ മക്കൾ വിഷം കൊടുത്ത് മയക്കി കയത്തിലെറിഞ്ഞു. ഒടുവിൽ ഗുരുവും ഭീമനെ ചെറുതാക്കിക്കാണിച്ചു. ശിഷ്യരുടെ അഭ്യാസബലങ്ങൾക്ക് നേരത്തേ തന്നെ അതിരു നിശ്ചയിക്കുമായിരുന്നു ദ്രോണർ. ഭീമൻ ഗദായുദ്ധം പഠിച്ചാൽ മതിയെന്ന തീരുമാനം ദ്രോണരുടേതായിരുന്നല്ലോ. ശിഷ്യൻ ഇതു പഠിച്ചാൽ മതിയെന്നു ഗുരു നിശ്ചയിക്കുക. ഒടുവിൽ ഗുരു പറഞ്ഞതിൽ ശിഷ്യൻ അജയ്യനാവുക. ഇതിന്റെ ഗുണദോഷവശങ്ങൾ സമകാലിക ഗുരുശിഷ്യബന്ധങ്ങളുമായും ചേർത്തുവായിക്കാവുന്നതേയുള്ളൂ.
പക്ഷേ കൊല്ലുന്ന ഒരു നിമിഷത്തിനു വേണ്ടി കൊതിക്കുന്ന ഗദ ഒരു ജീവനുള്ള വസ്തു പോലെ ഭീമന്റെ കൈപ്പിടിയിൽ പിടഞ്ഞു എന്ന് എംടി. ഇവിടെയെത്തുമ്പോൾ എംടിയുടെ കൈയിൽ പേനയും ഒരു ജീവനുള്ള വസ്തു പോൽ പിടയുന്നുണ്ട്. മനസ്സ് നിറഞ്ഞൊരു കൈയടി ഭീമന് എവിടെ നിന്നും കിട്ടുന്നില്ല. ദുര്യോധനനെ പരാജയപ്പെടുത്തിയപ്പോഴും ദ്രോണരും കൃപാചാര്യരും പറഞ്ഞത് ഇത് യുദ്ധമല്ല, അഭ്യാസക്കാഴ്ചയാണ് എന്നാണ്. മറിച്ചായിരുന്നെങ്കിലോ? ദുര്യോധനൻ ഭീമനെയായിരുന്നു മുട്ടുകുത്തിക്കുന്നതെങ്കിലോ? ഇവരുടെ വാക്കുകൾ മാറിമറഞ്ഞേനെ.
ലോഹവരാഹത്തിന്റെ വായിൽ മൂന്നമ്പ്, കാളക്കൊമ്പിലേഴ്... പറഞ്ഞതൊക്കെ അണുവിട തെറ്റാതെ ഭീമസേനൻ ചെയ്തു. എന്നിട്ടും ദ്രോണർ പറയുന്നു, ഇതാ എനിക്ക് പുത്രനെക്കാൾ വൽസല ശിഷ്യൻ, സർവാസ്ത്രങ്ങളും പഠിച്ചവൻ അർജുനൻ എന്ന്. നിലം തൊടാൻ അനുവദിക്കാതെ അർജുനൻ വായുവിൽ അമ്പുകളെക്കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു എന്ന് എംടി. വാക്കുകളെക്കൊണ്ട് എംടിയും ഇതുതന്നെ ചെയ്യിച്ചു നോവലിൽ. ദ്രൗപദിയുടെ വിയർപ്പിന് താമരപ്പൂവിന്റെ ഗന്ധമുണ്ടെന്ന് ഭീമൻ അറിയുന്നതായി എംടി എഴുതുന്നു. വായന ലഹരിയാവുമ്പോൾ എംടിയുടെ അധ്വാനത്തിന് വേറെന്തിന്റെ ഗന്ധമാണെന്ന് നാം അറിയാതെ ചോദിച്ചുപോവുന്നു. ഏതായാലും സൗഗന്ധികപുഷ്പത്തിന്റെ ഗന്ധമാണ് എന്നു പറയാൻ നാം ഇഷ്ടപ്പെടുന്നില്ല. കാരണം ആ ഗന്ധത്തിന് ഒരു നന്ദികേടിന്റെ ഓർമ കൂടിയുണ്ട്. അതു വഴിയേ പറയാം .
ഭീമനെ തിരഞ്ഞു വന്ന ആദ്യത്തെ സ്ത്രീയുടെ മുടിക്കെട്ടിൽ നിന്ന് മഞ്ജിഷ്ഠം കലർത്തിയ എള്ളെണ്ണയുടെ മണം എന്നു എംടി എഴുതുമ്പോൾ അതാണ് ഈ നോവലിന്റെ മുഴുവൻ ഗന്ധം എന്നു പറയാനാണ് എന്നിലെ വായനക്കാരന് ഇഷ്ടം. കാരണം ആദ്യം വീണ മൃഗം, ആദ്യം കൊന്ന ശത്രു, ആദ്യം അനുഭവിച്ച സ്ത്രീ ഒക്കെ പുരുഷന് പ്രധാനമാണെന്നു നോവലിലുണ്ട്. അങ്ങനെ നോക്കുമ്പോൾ വിയർപ്പിലെ താമരപ്പൂവിന്റെ ഗന്ധത്തെക്കാൾ വിലപ്പെട്ടതാണ് ഭീമനെ ആദ്യം തിരഞ്ഞുവന്ന ദാസിപ്പെണ്ണിന്റെ മുടിക്കെട്ടിലെ മഞ്ജിഷ്ഠം കലർത്തിയ എള്ളെണ്ണയുടെ മണം.
നിൽക്കക്കള്ളിയില്ലാതാവുന്ന ചുരുക്കം സന്ദർഭങ്ങളിൽ ഭീമനെ തള്ളിപ്പറയാൻ യുധിഷ്ഠിരന് കഴിയുന്നില്ല എന്നിടത്ത് യുധിഷ്ഠിരന്റെ കഴിവുകേടു കൂടി നാം അറിയുന്നു. ഈ ഭീമന്റെ കൈക്കരുത്തിൽ തല ചായ്ച്ചാണ് നമ്മളെല്ലാം ഉറങ്ങുന്നത് എന്ന് ഒരിക്കൽ അയാൾക്ക് കുന്തിയുടെ മുന്നിൽ സമ്മതിക്കേണ്ടി വരുന്നുണ്ട്. ദ്രൗപദിയെ വിവാഹം കഴിക്കുന്നതിനു യോഗ്യത നേടാൻ വില്ലു കുലയ്ക്കുമ്പോൾ അർജുനനു വേണ്ടി ഭീമൻ പ്രാർഥിക്കുന്ന സന്ദർഭം ശ്രദ്ധേയമാണ്. ഭീമൻ പക്ഷേ ദ്രൗപദിയെ വേൾക്കുന്നതിനുള്ള പരീക്ഷയിൽ പങ്കെടുക്കാതെ മാന്യത കാട്ടുന്നു. താൻ കണ്ട ആദ്യത്തെ സ്വയംവരം അർജുനനും ദ്രൗപദിയുമായുള്ളതാണെന്ന് ഓർത്തുവയ്ക്കുന്ന ഭീമൻ. ആദ്യം അറിഞ്ഞ സ്ത്രീയെയും ആദ്യം കൊന്ന ശത്രുവിനെയും ഓർത്തുവയ്ക്കുന്നവന്റെ സമ്പൂർണ പൗരുഷഗുണഗണങ്ങൾ ഭീമനിൽ സമഞ്ജസമാം വിധം സമ്മേളിച്ചിരിക്കുന്നു.
അർജുനൻ മൽസരത്തിൽ ജയം നേടി ദ്രൗപദിയുമായുള്ള സ്വയംവരം നടത്തിയപ്പോൾ ശകുനി ഉൾപ്പടെ പലരും പറഞ്ഞു, മൽസരം ക്ഷത്രിയർക്കാണെങ്കിൽ ബ്രാഹ്മണർ പങ്കെടുത്തതു തെറ്റെന്ന്. ജയിച്ചവരെ സഹായിക്കാൻ തയാറില്ലാത്തവർ ആദ്യം എന്നോട് സംസാരിക്കട്ടെ എന്നു പറഞ്ഞ് സഹോദരനു വേണ്ടി അങ്കത്തിന് ഉടനടി തയാറായവനാണ് ഭീമൻ. ദ്രൗപദിയുമായി ചെന്ന്, ‘അമ്മേ, ഇന്നു കിട്ടിയ ഭിക്ഷ കാണണ്ടേ’ എന്നു ചോദിച്ച ഭീമനോട് ‘എല്ലാവരും കൂടി പങ്കിട്ട് അനുഭവിച്ചോളൂ’ എന്നു പറഞ്ഞു കുന്തി. അമ്മ പറഞ്ഞ വാക്കിന്റെ തുമ്പിൽപ്പിടിച്ച്, ബഹുഭർതൃത്വം പുരാണങ്ങളിൽ ധാരാളമുണ്ട് എന്നു പറഞ്ഞ് ദ്രൗപദിയിൽ കണ്ണു വയ്ക്കുന്നു യുധിഷ്ഠിരൻ. ഭീമൻ അതിനെക്കുറിച്ച് ചിന്തിക്കുന്നതു പോലുമില്ല. സ്ത്രീകളുടെ ഹിതാഹിതങ്ങൾ നോക്കുന്നത് നമുക്ക് പതിവില്ലല്ലോ എന്നു പറഞ്ഞ് ഭംഗ്യന്തരേണ അതു തെറ്റാണെന്ന് യുധിഷ്ഠിരനോട് പറയുന്നതും ഭീമൻ തന്നെ. പക്ഷേ ‘ദ്രൗപദിയെ നിനക്കും പ്രാപിക്കണമെന്നു തോന്നിയില്ലേ, സത്യം പറയൂ’ എന്നു കുന്തി ചോദിച്ചപ്പോൾ ഭീമന് നിഷേധിക്കാനായില്ല എന്നതു വേറെ കാര്യം .
ആർക്കും വേണ്ടാതെ കാടായിക്കിടന്ന ഖാണ്ഡവപ്രസ്ഥത്തിൽ സഹോദരങ്ങൾക്ക് വീടു വച്ചപ്പോൾ വലിയ കൊട്ടാരം യുധിഷ്ഠിരന്. വേറൊരു വലിയ മന്ദിരത്തിൽ കുന്തിയും നകുലനും സഹദേവനും. കാടിന്റെ അതിർത്തിയോട് ചേർന്നുകിടന്ന ഏറ്റവും ചെറിയ വീട് ഏറ്റവും വലിയ ശരീരമുള്ള ഭീമൻ തിരഞ്ഞെടുത്തു. അകമ്പടിക്കാർക്കുള്ളതായിരുന്നത്രേ ആ വനമന്ദിരം. ഹിഡിംബിയെ വധുവാക്കി കുന്തിയുടെ ആവശ്യപ്രകാരം കാട്ടിൽ ഉപേക്ഷിച്ചിട്ടും മനഃസംഘർഷം തെല്ലും വെളിപ്പെടുത്താത്ത ഭീമനിൽ അത് ഒരു കുറച്ചിലുമുണ്ടാക്കിയില്ലേ എന്നു ചിന്തിക്കാത്തവർ ആരുമുണ്ടാവില്ല.
ഒരു ലോഹപ്രതിമയുണ്ടാക്കിവച്ച് അതിനോട് യുദ്ധം ചെയ്യുകയാണ് ദുര്യോധനന്റെ വിനോദമെന്ന് ശുകാചാര്യർ ഭീമനോടു പറയുന്നുണ്ട്; ലോഹപ്രതിമയ്ക്ക് ഭീമന്റെ ഛായയാണെന്ന് ആൾക്കാർ പറയുന്നു എന്നും. ശുകാചാര്യർ ഇതു പറഞ്ഞു ചിരിച്ചപ്പോൾ ഭീമനും കൂടെച്ചിരിച്ചു. യഥാർഥ ബലവാന്മാർ, മഹത്തുക്കൾ ശത്രുക്കൾ ചെയ്യുന്ന ഓരോ ചെറിയ കാര്യത്തിനും മറുപടി പറയാറില്ല എന്നാണ് ഇത് കാണിക്കുന്നത്. ഭീമൻ എന്നാൽ വയറുവീർത്ത വെറുമൊരു പ്രതിമയാണെന്ന് ദുര്യോധനൻ ധരിക്കണമെങ്കിൽ എന്താവാം കാരണം? ശത്രുവിന്റെ കഴിവുകളെ ചെറുതാക്കിക്കാണിക്കുന്ന മനുഷ്യകുലത്തിന്റെ ഇന്നോളമുള്ള സങ്കുചിത മനഃസ്ഥിതിയുടെ പൂർവകാലം അവിടെ തുടങ്ങുന്നു.
ദുര്യോധനനോട് ചൂതുകളിയിൽ തോറ്റ് എല്ലാം പണയം വച്ച യുധിഷ്ഠിരൻ ഒടുവിൽ ദ്രൗപദിയെയും പണയം വച്ചു. ദ്രൗപദിയുടെ വരവ് കാത്തിരിക്കുന്നവർ. അധർമ്മമാണ് ഇതെല്ലാം എന്ന ഭാവത്തിലിരിക്കുന്ന ഓരോരുത്തരും അപമാനിതയാവാൻ ദ്രൗപദി വന്നു കാണാൻ അകമേ മോഹിക്കുന്നു എന്നു ഭീമനു തോന്നി. മറ്റുള്ളവരുടെ വ്യസനത്തിൽ സഹതാപം കാണിക്കുമ്പോഴും അകമേ അതാഗ്രഹിക്കുന്ന സാമാന്യജനതയുടെ മാനസികാവസ്ഥ ഭീമൻ ഇവിടെ തിരിച്ചറിയുന്നു. അപമാനിതയാവാൻ ദ്രൗപദി വന്നു. ഭീമന് അതുകണ്ട് സഹിച്ചില്ല. ‘ഞാൻ എന്തെങ്കിലും പറയും മുൻപ് ഞാൻ എന്നെത്തന്നെ ശിക്ഷിക്കട്ടെ. തീ കൊണ്ടു വരൂ, ഞാൻ സ്വയം പൊള്ളലേൽപ്പിക്കട്ടെ’ എന്നു ദുഃഖം സഹിക്കാനാവാതെ സഹദേവനോട് പറയാൻ ഭീമനേ ഉണ്ടായുള്ളൂ. ദുശ്ശാസനൻ ദ്രൗപദിയുടെ മടിക്കുത്തിൽ കൈവച്ചപ്പോൾ രോഷാകുലനായി ‘ഇവനെ കൊന്ന് ചോര കുടിച്ചില്ലെങ്കിൽ ഞാൻ ഭീമസേനനല്ല’ എന്നു പറയാനും ഭീമൻ മാത്രമേ ഉണ്ടായുള്ളൂ. അപ്പോഴൊക്കെ ഭീഷ്മാചാര്യർ വരെ ഒന്നും മിണ്ടാതിരുന്നു. എന്നിട്ടു പറഞ്ഞതോ, അഭിപ്രായം പറയേണ്ടത് യുധിഷ്ഠിരനാണ് എന്നു മാത്രവും. യുധിഷ്ഠിരനെക്കാൾ ദ്രൗപദിയോട് എല്ലാ സന്ദിഗ്ദ്ധ ഘട്ടങ്ങളിലും ഉത്തരവാദിത്തം കാണിക്കുന്നതും ഭീമനല്ലാതെ മറ്റാരുമല്ല.
ദ്രൗപദിയുടെ വാക്കുകൾ കേട്ട് സൗഗന്ധികപ്പൂവ് തേടിയിറങ്ങിയവനാണ് ഭീമൻ. കുബേരന്റെ ആശ്രമത്തിൽനിന്ന് അതു കിട്ടി. ദ്രൗപദിക്ക് സൗഗന്ധികപ്പൂക്കൾ ഭീമൻ കൊടുത്തപ്പോൾ അതു മണത്തുപോലും നോക്കാതെ അവൾ യുധിഷ്ഠിരനു കൈമാറി. പിന്നീട് വഴിയിലൊരിടത്ത് മണ്ണിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തണ്ടുകളോടു കൂടി ഒരു പിടി സൗഗന്ധികപ്പൂക്കൾ കിടക്കുന്നത് ഭീമൻ കണ്ടു. അവിടെയൊക്കെ ഭീമൻ തന്റെ വേദന വിളിച്ചുപറയുന്നില്ല, ഉള്ളിലടക്കുന്നതേയുള്ളൂ. വഴിയിലുപേക്ഷിക്കപ്പെട്ട ആ സൗഗന്ധികപ്പൂക്കൾ എന്റെ ഹൃദയമായിരുന്നു എന്നു പറയാൻ മാത്രം ലോലചിത്തനല്ലായിരുന്നു ഭീമൻ എന്നു കൂടി അറിയുക. ഭീമന്റെ മനസ്സിലൂടെ സഞ്ചരിക്കുമ്പോൾ വായനക്കാർ സൗഗന്ധികപ്പൂക്കളുടെ ഗന്ധത്തെക്കാൾ മനസ്സിൽ സൂക്ഷിക്കേണ്ടത് മഞ്ജിഷ്ഠം ചാലിച്ച എള്ളെണ്ണയുടെ മണമാണെന്നു പറഞ്ഞാലതിൽ അതിശയോക്തിയില്ല. ഭീമനെ ആദ്യം തിരഞ്ഞുവന്ന ദാസിപ്പെണ്ണിനെക്കുറിച്ചോർക്കുമ്പോൾ, ബാക്കി നിൽക്കുന്ന ഗന്ധം എന്നു പറയുന്നതാവും കൂടുതൽ ശരി.
വനവാസം കഴിഞ്ഞ് അജ്ഞാതവാസത്തിന് വിരാടരാജധാനിയിലേക്കു പോവുമ്പോൾ പാണ്ഡവരും ദ്രൗപദിയും വരെ വേഷപ്രച്ഛന്നരാവുന്നു. എല്ലാവർക്കും യോജിച്ച വേഷങ്ങളെപ്പറ്റി ചർച്ച നടക്കുന്നു. ഭീമന്റെ കാര്യം മാത്രം പറയുന്നില്ല. സഹദേവൻ അക്കാര്യം ഓർമിപ്പിക്കുമ്പോൾ അടുക്കളക്കാരൻ തന്നെ എന്നു യുധിഷ്ഠിരൻ പറയുന്നുണ്ട്. ഇങ്ങനെയുള്ള ഭീമന്റെ എത്രയെത്ര വേദനകളിൽ വ്യാസൻ മൗനം അവലംബിച്ചിരിക്കുന്നു. ആ ഭാഗങ്ങൾ പൂരിപ്പിക്കുകയാണ് എംടി രണ്ടാമൂഴത്തിലൂടെ.
വിരാടരാജധാനിയിൽ കീചകൻ ദ്രൗപദിയെ വെറും ദാസിയായിക്കണ്ട് ദ്രോഹിക്കാനായുന്നു. ഭീമന് തടുക്കാനാവുന്നില്ല. കാരണം അയാൾ അവിടെ അടുക്കളക്കാരനാണ്. ഇരുമ്പുലക്ക പോലുള്ള കൈകൾ ഉണ്ടായിട്ടെന്തു കാര്യം, അവ പോലും പണയത്തിലാണെന്ന് ഭീമന്റെ ആത്മഗതം. ഭീമൻ കീചകനെ കൊല്ലുന്നതും ദ്രൗപദിക്കു വേണ്ടിയാണ്. ദ്രൗപദിയെ ജീവിതത്തിലെ എണ്ണിയൊലൊടുങ്ങാത്ത വിപൽസന്ധികളിൽ രക്ഷിക്കുന്നത് യുധിഷ്ഠിരൻ പോലുമല്ല ഭീമസേനനാണ്. ദ്രൗപദി തന്റെ ദുഃഖങ്ങൾ പറയുമ്പോൾ പലപ്പോഴും അതിനു നിവൃത്തി വരുത്താൻ ഭീമന്റെ കായബലം കൂട്ട്. ഭീമൻ കായബലം മാത്രമുള്ളവനല്ല ആ ശരീരത്തിനൊത്ത മനോബലവും ഒത്തിണങ്ങിയവനാണ് എന്നു നമുക്ക് ബോധ്യപ്പെടുന്ന അനേകം സന്ദർഭങ്ങളുണ്ട്.
അതേസമയം സ്വന്തം ശക്തിയിൽ അഹങ്കരിക്കുന്നില്ല ഭീമൻ. സഹോദരങ്ങൾക്കെല്ലാം കഴിവുണ്ടെന്നുതന്നെ അയാൾ വിശ്വസിക്കുന്നു. കൗരവരുമായുള്ള യുദ്ധം ഒഴിവാക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും യുധിഷ്ഠിരൻ തയാറാണ്. ദുര്യോധനന്റെ ദാസ്യവൃത്തിക്കു പോലും അയാൾ പോയാൽ ഭീമന് അതിൽ അദ്ഭുതമില്ല. യുധിഷ്ഠിരന് സമ്പത്തും സ്ത്രീകളും വരെ ചൂതുകളി പോലെ നിസ്സാരമാണ്. അതാണ് പകുതി രാജ്യം കൊണ്ട് തൃപ്തിപ്പെടാൻ പോലും തയാറാണെന്ന് അറിയിച്ചത്. യുദ്ധം ഒഴിവാക്കാൻ ഏതാനും ഗ്രാമങ്ങൾ തന്നാൽ മതിയെന്നു പോലും യുധിഷ്ഠിരൻ ചിന്തിച്ചു. ഇതൊക്കെ ആരോടു ചോദിച്ചിട്ടാണ് തീരുമാനിച്ചത് എന്നാണ് ഭീമൻ ജ്യേഷ്ഠനോടു ചോദിച്ചത്. കാരണം എല്ലാവരെയും പണയപ്പണ്ടമാക്കാൻ മടിക്കാത്ത ജ്യേഷ്ഠന്റെ സ്വഭാവം ഭീമനറിയാം.
യുദ്ധത്തിൽ സൈന്യവ്യൂഹത്തിന്റെ മുന്നിൽ നീങ്ങുന്നതാരാവണം എന്ന ചർച്ച വന്നപ്പോൾ യുധിഷ്ഠിരൻ ഭീരുവാണെന്നു നാം മനസ്സിലാക്കുന്നു. അതാരു നിൽക്കും? അതാരു നിൽക്കും എന്ന് ഉൽകണ്ഠപ്പെട്ടു യുധിഷ്ഠിരൻ. ഭീമൻ നിൽക്കും എന്ന് അർജുനൻ പറഞ്ഞപ്പോഴാണ് യുധിഷ്ഠിരൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടത്. അധികാരത്തിന്റെ തണൽ പറ്റി നിൽക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭരണാധികാരികൾ. രാജാവാകേണ്ട യുധിഷ്ഠിരന് മുന്നിൽ നിൽക്കാന്‍ ധൈര്യമില്ല. ഇങ്ങനെ എവിടെയും പേടിച്ചു പിന്മാറാത്ത ഭീമന് പക്ഷേ രാജ്യമില്ല, വാഴ്ത്താൻ മാഗധരില്ല, ഗായകസംഘവുമില്ല.
അഭിമന്യു യുദ്ധത്തില്‍ മരിച്ചപ്പോൾ ഭീമൻ അതീവദുഃഖിതനായി. ഭീമൻ ആരും കാണാതെ കരച്ചിലിന്റെ വക്കോളമെത്തുന്നു. അഭിമന്യുവിന്റെ ‘വലിയച്ഛാ’ എന്ന വിളി, അവന്റെ കണ്ണുകളുടെ ഭംഗി ഇതൊക്കെ ഭീമനെ ഒരു പച്ചമനുഷ്യനാക്കുന്നു. എൺപതു കഴിഞ്ഞ ദ്രോണർ പതിനേഴു വയസ്സു തികയാത്ത, 21 ദിവസം മാത്രം മധുവിധു അനുഭവിച്ച അഭിമന്യുവിനെ വധിച്ചപ്പോൾ ഘടോൽക്കചൻ പറഞ്ഞത് , ‘ആചാര്യന്മാർ ഞങ്ങൾ കാട്ടാളരെക്കാൾ കഷ്ടം’ എന്നാണ്. ബുദ്ധിയും അനുഭവസമ്പത്തും വളരെയേറെ ഉണ്ടെന്ന് നാം ധരിച്ചുവച്ചിരിക്കുന്നവരിൽ നിന്ന് നീചപ്രവൃത്തി ഉണ്ടാവുമ്പോൾ ആരും പറയുന്നതാണ് ഘടോൽക്കചൻ പറഞ്ഞത്.
ഘടോൽക്കചന്റെ മരണത്തിൽ യുധിഷ്ഠിരൻ ദുഃഖിതനാണ്. പക്ഷേ കൃഷ്ണൻ ചോദിക്കുന്നു, എന്തിനാണ് ദുഃഖം? അർജുനൻ രക്ഷപ്പെട്ടില്ലേ? കർണൻ ഒരാളെ മാത്രമേ ജീവിതത്തിൽ കൊല്ലൂ, അത് അർജുനനെയാണെന്നാണ് നിശ്ചയിച്ചിരുന്നത്. ഇതിപ്പോൾ ഘടോൽക്കചനെ കൊന്നു. ഇനി അർജുനനു പേടി വേണ്ടല്ലോ. അതിനാൽ ആഘോഷമാണ് ഇപ്പോൾ വേണ്ടത് എന്നാണ് കൃഷ്ണന്റെ വാക്കുകൾ. മകന്റെ മരണം തളർത്തിയ ഒരു പിതാവ് ഇതു കേട്ടുകൊണ്ടിരിക്കുകയാണ് എന്ന് ആരും ഓർക്കുന്നില്ല എന്ന് ഈ സന്ദർഭത്തെക്കുറിച്ച് മറ്റൊരിക്കൽ എംടി പറഞ്ഞിട്ടുണ്ട്.
ഒന്നും കാണാതെയല്ല താൻ ഘടോൽക്കചനെ കർണന്റെ അടുത്തേക്ക് യുദ്ധത്തിനായി അയച്ചതെന്നുമുള്ള കൃഷ്ണന്റെ വാക്കുകൾ കേൾക്കുന്ന ഭീമന്റെ മനസ്സ് ഒരു നിമിഷമെങ്കിലും നാം കാണാതിരുന്നുകൂടാ. മാത്രമോ, അതിനു മുൻപ് കർണനെ കൊല്ലാൻ ഭീമന് അവസരം ഒത്തുവന്നപ്പോൾ വിശോകനാണ് പിന്തിരിപ്പിച്ചത്, ഭീമനറിയാത്ത സഹോദരബന്ധത്തിന്റെ ചരിത്രമെടുത്തിട്ടുകൊണ്ട്. ആ വാക്കുകൾക്കു വില കൽപ്പിച്ച ഭീമന് പക്ഷേ എന്താണു കിട്ടിയത്?
ഭീമന്റെ ആത്മസംഘർഷം പങ്കിടാൻ ആരുമില്ല. അയാളത് ആരോടും പാടി നടക്കുന്നുമില്ല. പാണ്ഡവപക്ഷത്ത് യുദ്ധത്തിൽ മരിച്ചവരുടെ കണക്കെടുക്കുമ്പോൾ മരിച്ചവരുടെ പട്ടികയിൽപ്പോലും ഇല്ലാത്ത പേരാണ് ഘടോൽക്കചൻ എന്ന് ഭീമൻ അറിയുന്നു. അതിന് ‘കാട്ടാളന്റെ മരണം പാടിക്കേൾക്കേണ്ട വീരചരിതമല്ല’ എന്നു ഭീമൻ ചിന്തിക്കുന്നിടത്ത് വൈരുധ്യാത്മകമായ ഒരു ദുരന്തബോധം പ്രവർത്തിക്കുന്നു. യുദ്ധത്തിൽ ആനയെപ്പോലും തകർത്തുകളഞ്ഞ ഭീമന്റെ ശരീരം ഹിമവാൻ ഉരുണ്ടുവീണിട്ടെന്നതുപോലെ അപ്പോൾ നമ്മുടെ ഉള്ളുലയ്ക്കുന്നു.
എംടിയുടെ ‘ കാലം’ തുടക്കത്തിലും ഒടുക്കത്തിലും പുഴയുടെ വിങ്ങലുകൾ ഏറ്റുവാങ്ങുന്ന നോവലാണ്. അതു പോലെ രണ്ടാമൂഴത്തിൽ ഗംഗ യുദ്ധത്തിൽ മരിച്ച സഹോദരന്, ഭർത്താവിന്, മകന് ഒക്കെ ബലിയർപ്പിക്കാൻ പാണ്ഡവർ വരുന്നതിന്റെ പശ്ചാത്തലമാവുന്നു. മരിച്ചവരുടെ രാജ്യം എനിക്കു വേണ്ടെന്ന് യുധിഷ്ഠിരൻ പറയുന്നു. ഭീമൻ ഭരിക്കട്ടെ എന്ന് സഹദേവനു തോന്നുന്നു. ഭീമന് പക്ഷേ മൗനം. കുന്തി പറഞ്ഞു, ‘ഭീമൻ യോഗ്യനല്ല, യുധിഷ്ഠിരൻ രാജാവായാൽ മതി’. രാജാവാകുന്ന കാര്യം സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത ഫലിതമായിക്കണ്ട് ഭീമൻ ചിരിക്കുന്നു. ഭീമന് സിംഹാസനത്തിൽ മോഹമില്ല. പക്ഷേ അതിങ്ങനെ പലരായി വിളിച്ചു പറയുന്നതാണ് കഷ്ടം.
വെല്ലുവിളി നിറഞ്ഞ എല്ലാ ഘട്ടങ്ങളിലും സഹോദരങ്ങൾക്ക് തുണയായത് ഭീമനാണ്. മന്ദാ എന്ന് പലപ്പോഴായി വിളിച്ചു രസിച്ച യുധിഷ്ഠിരൻ വരെ അത് നന്നായി തിരിച്ചറിഞ്ഞ ഘട്ടങ്ങളുണ്ട്. താൻ രാജാവാകണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങളിലെ ഫലിതമോർത്ത് ഭീമൻ ചിരിക്കാൻ ശ്രമിക്കുന്നു. പക്ഷേ അത് ദുഃഖം കടഞ്ഞെടുത്ത ചിരിയാണ്. ‘കാറ്റിന് എന്നോടെന്തെങ്കിലും പറയാനുണ്ടോ, ഞാനാരാണ്’ എന്നു ചോദിച്ച് അവസാനം ഭീമസേനൻ നടക്കുമ്പോൾ അയാൾ ശരിക്കും വായുപുത്രനാവുകയാണ്. ആരുടെ ശരീരമാണോ ഏറ്റവും വലുതെന്നു നാം പറഞ്ഞതും പഠിച്ചതും അയാളുടെ മനസ്സിന്റെ ഒരംശമെങ്കിലും നാം കാണാതിരുന്നു കൂടാ എന്ന് എംടി ചിന്തിച്ചപ്പോൾ കൂടിയാവാം രണ്ടാമൂഴം ഉണ്ടായത്. ദുശ്ശാസനന്റെ മുൻപിൽ ഒറ്റപ്പുടവ അഴിയാതിരിക്കാൻ കൂട്ടിപ്പിടിച്ച ദ്രൗപദി പലപ്പോഴായി അനുഭവിച്ച അന്തഃസംഘർഷങ്ങൾ നമുക്കറിയാം. അതു മാറ്റിവച്ചാൽ ഭീമനിൽ വളർന്നു വന്ന വിവേചനത്തിന്റെ ഏകാന്തരോദനങ്ങളാണ് രണ്ടാമൂഴത്തിന്റെ ഹൃദയമിടിപ്പിന് ആക്കം കൂട്ടുന്നത്.
ദ്രൗപദിയുടെ വിയർപ്പിന് താമരപ്പൂവിന്റെ ഗന്ധമാണെന്ന് വായിക്കുമ്പോഴൊക്കെ നമ്മളോർത്തു, എംടി രണ്ടാമൂഴത്തിനായി നടത്തിയ അധ്വാനത്തിനും താമരപ്പൂവിന്റെ ഗന്ധമാണ്!
English Summary : M. T. Vasudevan Nair's classic Randamoozham is a take on Mahabharata through the eyes of Bhima