കൊറോണയും കോവിഡും വേണ്ട; 2020 ന്റെ വാക്ക് കണ്ടുപിടിക്കാനാകാതെ ഓക്സ്ഫഡ്
Mail This Article
ഇതാദ്യമായി വര്‍ഷത്തിന്റെ വാക്ക് തിരഞ്ഞെടുക്കാതെ ഓക്സ്ഫഡ് ഇംഗ്ലിഷ് ഡിക്ഷനറി. ഓരോ വര്‍ഷവും ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വാക്ക് തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന പതിവില്‍ നിന്നു പിന്‍മാറാന്‍ സംഘാടകരെ പ്രേരിപ്പിച്ചതു ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരി തന്നെ. ഒന്നല്ല ഒരായിരം പുതിയ വാക്കുകള്‍ സംഭാവന ചെയ്ത പകര്‍ച്ചവ്യാധി. കുറെയധികം വാക്കുകള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വര്‍ഷത്തിന്റെ വാക്കായി ഒരു പ്രത്യേക വാക്ക് വേണ്ടെന്നാണ് ഒടുവില്‍ എത്തിയ തീരുമാനം.
ശാസ്ത്രജ്ഞന്‍മാരും ഡോക്ടര്‍മാരും മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന വാക്കുകള്‍ നിത്യജീവിതത്തിന്റെ ഭാഗമായി എന്നതാണു കടന്നുപോകുന്ന 2020 കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം. ഓരോ വ്യക്തിയും ശാസ്ത്ര ഗവേഷകനും ഡോക്ടറുമായ വര്‍ഷം. സൗഹൃദ സംഭാഷണത്തില്‍പ്പോലും കടന്നുവരുന്ന ശാസ്ത്രീയ സംജ്ഞകള്‍. കോവിഡ് ലോകത്തു വരുത്തിയ മാറ്റത്തെ ഒരു വാക്കിനോ വാചകത്തിനോ ഉള്‍ക്കൊള്ളാനാവില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിരിക്കുകയാണ് ഓക്സ്ഫഡ് ഡിക്ഷനറി സംഘാടകരും.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്കുകളില്‍ മുന്‍നിരയിലുള്ളത് ‘കൊറോണ വൈറസ്’ തന്നെ. 1960 മുതല്‍ ഉപയോഗിക്കുന്ന വാക്കാണിത്. എന്നാല്‍ ഈ വര്‍ഷം വരെയും അതു ശാസ്ത്രവത്തങ്ങളിലും ഡോക്ടര്‍മാരുടെ സംഭാഷണങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം കൊറോണ വൈറസ് സാധാരണക്കാരുടെ സംഭാഷണത്തിലേക്കും കടന്നുവന്നു. ഈ വര്‍ഷം മാര്‍ച്ച് മാസമായപ്പോഴേക്കും കൊറോണ വൈറസ് എന്ന വാക്ക് ലോകം കീഴടക്കുന്ന സാഹചര്യമായി. എന്നാല്‍, ഫെബ്രുവരി 11 ന് ആദ്യമായി ഉച്ചരിക്കപ്പെട്ട കോവിഡ് -19 എന്ന വാക്കായി അടുത്ത താരം. ലോകാരോഗ്യ സംഘടനയാണ് ഈ വാക്ക് ആദ്യമായി പറഞ്ഞത്. പെട്ടെന്നുതന്നെ ലോകം കോവിഡിനെ ഏറ്റെടുത്തു. മൂന്നാമത്തെ വാക്ക് പാന്‍ഡെമിക്. തൊട്ടുപിന്നില്‍ വരുന്ന വാക്കുകളും ശാസ്ത്രവുമായി ബന്ധപ്പെട്ടതുതന്നെ. സര്‍ക്യൂട്ട് ബ്രേക്കര്‍, ലോക്ഡൗണ്‍, ഷെല്‍റ്റര്‍ ഇന്‍ പ്ലെയ്സ്, ബബിള്‍സ്, ഫെയ്സ് മാസ്ക്, കീ വര്‍ക്കേഴ്സ് എന്നിവ.
ജോലി സാഹചര്യങ്ങളിലുണ്ടായ മാറ്റവും പുതിയ വാക്കുകള്‍ ഭാഷയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്. റിമോട്ട്, റിമോട്‍ലി എന്നീ വാക്കുകള്‍ 300 ശതമാനത്തിലധികം ഈ വര്‍ഷം ഉപയോഗിക്കപ്പെട്ടു. ഓണ്‍ മ്യൂട്ട്, അണ്‍ മ്യൂട്ട് എന്നീ വാക്കുകളാണ് തൊട്ടുപിന്നില്‍. വര്‍കത്തോണ്‍ എന്ന വാക്കും പ്രചാരത്തിലായി.
ഈ വര്‍ഷം ഉപയോഗത്തില്‍ വന്ന ഏറ്റവുമധികം വാക്കുകള്‍ കോവിഡുമായും പകര്‍ച്ചവ്യാധി സൃഷ്ടിച്ച സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും വാര്‍ത്താ വിസ്ഫോടനത്തിന്റെ ഫലമായി ഉപയോഗത്തില്‍ വന്ന വാക്കുകളുമുണ്ട്. ഇംപീച്ച്മെന്റ്, അക്വിറ്റല്‍ എന്നീ വാക്കുകള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രചാരം നേടിയെങ്കിലും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പെട്ടെന്നു തന്നെ രംഗം കീഴടക്കി. ബ്രെക്സിറ്റ് എന്ന വാക്ക് ഉപയോഗത്തില്‍ താഴോട്ടുപോയി എന്നതും സവിഷേതയാണ്.
വിചിത്രമായ വര്‍ഷമാണു കടന്നുപോകുന്നത്. പലരും നഷ്ടവര്‍ഷം എന്നാണ് 2020 നെ രേഖപ്പെടുത്തുന്നത്. ലോകചരിത്രത്തില്‍ തന്നെ ഇതാദ്യമായി നിശ്ചലതയും നിശ്ശബ്ദതയും ലോകത്തെ കീഴടക്കിയ വര്‍ഷം. അതു പ്രതിഫലിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ വാക്ക് ഇല്ലാതെ വന്നതിനാല്‍ തിരഞ്ഞെടുത്ത വാക്കില്ലാതെ 2020 കടന്നുപോകുന്നു. പ്രിയപ്പെട്ട വാക്കുകളുടെയും നഷ്ടവര്‍ഷം.
English Summary: Oxford English Dictionary couldn't pick just one ‘word of the year’ for 2020