ADVERTISEMENT

വരണ്ടുണങ്ങിയ ഭൂമി മാത്രമാണോ ഞങ്ങള്‍ക്ക്; 

എന്നും ഇതുതന്നെയാണോ ഞങ്ങളുടെ വിധി ? 

ഞങ്ങള്‍ പാവങ്ങള്‍ കരളുനൊന്തു ചോദിക്കുന്നു; 

ഇതാണോ ഞങ്ങളുടെ വിധി ? 

മണ്ണിന്റെ മണവുമായി എന്നാണൊരു മഴ

ഞങ്ങളെ തേടിയെത്തുക ? 

 

രണ്ടു വര്‍ഷം മുന്‍പ് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകൻ എഴുതിയ വരികള്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയുടെ ഈണത്തിലൂടെ ഇനി കര്‍ഷക സമരത്തിന്റെ വേദികളില്‍ മുഴങ്ങിക്കേള്‍ക്കാം. മഞ്ഞും തണുപ്പും വകവയ്ക്കാതെ വിവാദ കര്‍ഷക നിയമം പിന്‍വലിക്കുന്നതുവരെ സമരം എന്ന ഉറച്ച തീരുമാനവുമായി രാജ്യ തലസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ ഉപരോധിക്കുന്ന കര്‍ഷകര്‍ക്ക് ആത്മവീര്യം നല്‍കിയും പോരാട്ടച്ചൂട് പകര്‍ന്നും. 

 

തമിഴ്നാട്ടിലെ കാര്‍ഷിക ഗ്രാമമായ നാമക്കലിലെ കൂത്താപ്പള്ളി എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന പെരുമാള്‍ മുരുകൻ സ്വന്തം നാട്ടിലെ കര്‍ഷകരുടെ അതേ വാമൊഴിയിലാണ് പാട്ട് എഴുതിയത്. ഓരോ വര്‍ഷവും മഴയ്ക്കു വേണ്ടി കാത്തിരിക്കുകയും മഴ കോരിച്ചൊരിഞ്ഞു വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ നേടിയതെല്ലാം പിന്നിലുപേക്ഷിച്ച് 

പ്രാണരക്ഷാര്‍ഥം പായുകയും ചെയ്യുന്ന കര്‍ഷകരുടെ വേദനയും ദുരന്തവും ഉള്‍ക്കൊണ്ട്. മറ്റൊരു സാഹചര്യത്തില്‍ എഴുതിയ വരികള്‍ ആദ്യ വായനയില്‍ത്തന്നെ കൃഷ്ണയെ ആകര്‍ഷിച്ചു. കര്‍ഷക സമരത്തില്‍ അണിനിരന്നവരെ ഉത്തേജിപ്പിക്കാന്‍ മുരുകനെക്കൊണ്ട് പാട്ട് എഴുതിക്കണമെന്നാലോചിച്ച കൃഷ്ണ ഒടുവില്‍ രണ്ടു വര്‍ഷം മുന്‍പ് എഴുതിയ പാട്ട് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഹിന്ദിയിലും ഇംഗ്ലിഷിലും സബ് ടൈറ്റിലുകളോടെ പാട്ടിന്റെ വിഡിയോ ഇക്കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. 

 

കര്‍ഷകരാണ് ഈ നാടിന്റെ നട്ടെല്ലെങ്കിലും ആരും അവരെക്കുറിച്ച് ചിന്തിക്കാറില്ല. മരിക്കുമ്പോള്‍ അവര്‍ വാഴ്ത്തപ്പെടും. ജീവിച്ചിരിക്കുമ്പോള്‍ നന്ദികേടും. ഇപ്പോള്‍ സമരവുമായി അവര്‍ തെരുവുകള്‍ കീഴടക്കിയപ്പോള്‍ രാജ്യം അവരെക്കുറിച്ചു ചിന്തിച്ചേ മതിയാകൂ എന്ന സ്ഥിതിയായി. കൃഷ്ണ തന്നെയാണ് മുരുകനെ വിളിച്ച് അദ്ദേഹത്തിന്റെ കവിത സംഗീതം കൊടുത്ത് അവതരിപ്പിക്കാം എന്ന തീരുമാനമെടുത്തത്. ഇതാണ് പാട്ട് പുറത്തിറക്കാനുള്ള ഉചിതമായ സമയം എന്നതുകൊണ്ട് ഒരു നിമിഷം പോലും വൈകിപ്പിക്കാതെ കൃഷ്ണ പാട്ട് കംപോസ് ചെയ്തു വിഡിയോ രൂപത്തിലാക്കി. 

 

ഭക്തിപാരവശ്യത്തില്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്ന കീര്‍ത്തനത്തിന്റെ രൂപത്തിലാണ് മുരുകൻറെ വരികള്‍ക്ക് കൃഷ്ണ സംഗീതം കൊടുത്തിരിക്കുന്നത്. തിരുവള്ളുവരുടെ തിരുക്കുറലിലെ ഈരടിയാണു തുടക്കം. അധ്വാനിക്കാതെ ജീവിക്കുന്നവര്‍ മറ്റുള്ളവരുടെ അന്നംകൊണ്ടു ജീവിക്കുന്ന പരാന്നഭോജികളാണ് എന്നര്‍ഥം വരുന്ന വരികളും കവിതയിലുണ്ട്. മഴ ലഭിക്കാതെ ഉണങ്ങിവരണ്ട മണ്ണ് കര്‍ഷകരുടെ ഇപ്പോഴത്തെ അവസ്ഥ തന്നെയാണ്. അവര്‍ കാത്തിരിക്കുന്ന മഴ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്ന വിജയമുഹൂര്‍ത്തവും. 

 

English Summary : Perumal Murugan and TM Krishna come together to create a song in solidarity with the ongoing farmers' protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com