30 വർഷം മുൻപത്തെ ലൈംഗിക കുറ്റകൃത്യം മറനീക്കി ‘സമ്മതം’; എഴുത്തുകാരൻ ഒളിവിൽ

Mail This Article
ഫ്രഞ്ച് എഴുത്തുകാരി വനേസ സ്പ്രിങ്ങോറയുടെ ഓർമപ്പുസ്തകത്തിന്റെ പേര് സമ്മതം എന്നാണ്. എന്നാൽ പ്രായപൂർത്തിയാകുന്നതിനുംമുൻപേ, സമ്മതമില്ലാതെ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതിനെക്കുറിച്ചാണ് പുസ്തകം പറയുന്നത്. ഓർമയെന്നതിനേക്കാൾ കുറ്റപത്രം. പുസ്തകം പ്രസിദ്ധീകരിച്ചതോടെ രാജ്യം വിട്ട് ഓടിപ്പോകേണ്ടിവന്നിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരൻ ഗബ്രിയേൽ മാറ്റ്സ്നെഫിന്. ഫ്രാൻസിൽനിന്ന് നടപടി പേടിച്ച് ഇറ്റലിയിലെത്തിയെങ്കിലും ഈ വർഷം സെപ്റ്റംബറിൽ അദ്ദേഹത്തിന് വിചാരണ നേരിടേണ്ടിവന്നേക്കാം. കോടതിയിൽ ശക്തമായ തെളിവാകാൻ പോകുന്നത് വനേസയുടെ പുസ്തകം: സമ്മതം (കൺസെന്റ്).
1990 മാർച്ച്. പാരിസ്. ഗബ്രിയേൽ മാറ്റ്സ്നെഫ് എന്ന എഴുത്തുകാരൻ ടെലിവിഷൻ അഭിമുഖത്തിൽ പങ്കെടുക്കുന്നു. ആ അഭിമുഖം ഞെട്ടിച്ചത് ചോദ്യങ്ങൾ ചോദിച്ച വ്യക്തിയെ മാത്രമായിരുന്നില്ല ലോകത്തെത്തന്നെയായിരുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമൊപ്പം കിടക്ക പങ്കിട്ടതിനെക്കുറിച്ചാണ് അന്നദ്ദേഹം വാചാലനായത്. 20 കഴിഞ്ഞ സ്ത്രീകൾ പോലും തന്നിൽ മടുപ്പുളവാക്കുന്നു എന്നു പറഞ്ഞ മാറ്റ്സ്നെഫ് മൂന്നും നാലും കുട്ടികളുമായിപ്പോലും ഒരിമിച്ചു താൻ കിടക്ക പങ്കിടാറുണ്ടെന്നും വെളിപ്പെടുത്തി. അധികാരം ദുരുപയോഗിച്ച് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന ഒരാൾ എങ്ങനെ സ്നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും എഴുതുന്നു എന്ന ചോദ്യം ഉയർന്നെങ്കിലും സ്വഭാവം നോക്കിയല്ല കൃതികൾ വിലയിരുത്തേണ്ടതെന്ന് മാറ്റ്സ്നെഫ് തിരിച്ചടിച്ചു.
30 വർഷത്തിനുശേഷം 2020 ലെ ജനുവരി മാസം. പാരിസ്. എഴുത്തുകാരിയും എഡിറ്ററുമായ വനേസ സ്പ്രിങ്ങോറയുടെ സമ്മതം എന്ന പുസ്തകത്തിന്റെ പ്രകാശനവേള. സമ്മതത്തിൽ വനേസ എഴുതിയിരിക്കുന്നത് സ്വന്തം കഥ. 14–ാം വയസ്സിൽ രണ്ടു വർഷത്തോളം തന്നേക്കാൾ മൂന്നിരട്ടി പ്രായമുള്ള മാറ്റ്സ്നെഫ് എന്ന എഴുത്തുകാരൻ ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ച്. 16 വയസ്സു വരെ വനേസയ്ക്ക് മാറ്റ്സ്നെഫിന്റെ പീഡനം സഹിക്കേണ്ടിവന്നു. ഒരു ബോംബ് പൊട്ടുന്ന ആഘാതമാണു പുസ്തകം ഫ്രാൻസിൽ സൃഷ്ടിച്ചത്. അതുവരെ ലൈംഗിക വീരകൃത്യങ്ങളെക്കുറിച്ചു വാചാലനായിരുന്ന എഴുത്തുകാരൻ രഹസ്യമായി ഇറ്റലിയിലേക്ക്. മാറ്റ്സ്നെഫിനെ വെറുതെ വിടരുതെന്നും അർഹിക്കുന്ന ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് പ്രകടനങ്ങൾ, പ്രക്ഷോഭങ്ങൾ. ഇപ്പോൾ ഇതാദ്യമായി വനേസയുടെ പുസ്തകം ഇംഗ്ലിഷിലും.

ലൈംഗിക ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും തുറന്നുപറയാൻ ഒരു മടിയും കാണിക്കാതിരുന്ന എഴുത്തുകാരൻ അന്നാദ്യമാണ് സമൂഹത്തിന്റെ മുന്നിൽ കുറ്റവാളിയായി നിന്നത്; വനേസ എന്ന എഴുത്തുകാരി പീഡനങ്ങൾ ഒന്നൊന്നായി തുറന്നുപറഞ്ഞുകൊണ്ട് സാക്ഷിയായി നിന്നപ്പോൾ, സമ്മതം എന്ന പുസ്തകം പുറത്തുവന്നപ്പോൾ. ഒരാളും പ്രതീക്ഷിക്കാതിരുന്ന ആന്റി ക്ലൈമാക്സ്. 1974 ൽ മാറ്റ്സ്നെഫ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേരു തന്നെ 16 വയസ്സിനു താഴെയുള്ളവർ എന്നാണ്. കൊച്ചുകുട്ടികളുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങളാണ് അദ്ദേഹം മറയില്ലാതെ വിവരിച്ചത്. അവരിൽ ഒരാൾ വനേസ ആയിരുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞത് അവരുടെ ഓർമപ്പുസ്തകം പുറത്തുവന്നപ്പോൾ മാത്രം.
14–ാം വയസ്സിൽ ഒരു അത്താഴവിരുന്നിൽവച്ചാണത്രേ വനേസ മാറ്റ്സ്നെഫ്നെ കണ്ടുമുട്ടുന്നത്. മൂന്നിരട്ടി പ്രായമുണ്ടായിരുന്ന അദ്ദേഹം അസാധാരണമായി വേനേസയെ വശീകരിച്ചു കീഴ്പ്പെടുത്തുകയായിരുന്നു. തെറ്റും ശരിയും തമ്മിൽ തിരിച്ചറിയാത്ത പ്രായമായിരുന്നു അന്നു വനേസയ്ക്ക്. അധികാരവും സ്വാധീനവും ശേഷിയുമുള്ള ഒരു എഴുത്തുകാരനു മുന്നിൽ തന്റെ ഇഷ്ടക്കേട് തുറന്നുപറയാൻ അന്നു കഴിഞ്ഞതുമില്ല. അതുകൊണ്ടുതന്നെയാണ് പിന്നീട് എഴുതിയ കുറ്റപത്രത്തിന് അവർ സമ്മതം എന്നു പേര് കൊടുത്തത്.
പ്രായമോ മറ്റു സാഹചര്യമോ പരിഗണിക്കാതെ ആ ബന്ധം തുടർന്നതു രണ്ടുവർഷത്തോളം. അന്നൊരിക്കലും മുതിർന്നതിനുശേഷം വനേസയ്ക്കു നേരിടേണ്ടിവന്നേക്കാവുന്ന കുറ്റബോധത്തെക്കുറിച്ച്, പശ്ചാത്താപത്തെക്കുറിച്ച് മാറ്റ്സ്നെഫ് ചിന്തിച്ചില്ല. ബന്ധം പരസ്പര സമ്മതത്തോടെയാണെന്നു വരുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ്, പാരിസിലെ മേയർ ഒക്കെ അദ്ദേഹത്തിന്റെ അടുപ്പക്കാരായിരുന്നു. അവരിൽ പലരും അദ്ദേഹത്തിന് ആഡംബര മുറികൾ പോലും എടുത്തുകൊടുത്തിട്ടുണ്ട്. അവിടെവച്ചായിരുന്നു സാഹസികമായ ലൈംഗികാക്രമണങ്ങൾ നടത്തിയത്. ഇടയ്ക്കിടെ പുര്സ്കാരങ്ങളും അദ്ദേഹത്തെ തേടിവന്നുകൊണ്ടിരുന്നു. ഒരിക്കലും ഒരാൾപോലും തനിക്കെതിരെ ശബ്ദമുയർത്തില്ല എന്നദ്ദേഹം വ്യാമോഹിച്ചിരിക്കും. അതിനാണ് ഇപ്പോൾ അന്ത്യമായത്.
കഴിഞ്ഞവർഷം ന്യൂയോർക്ക് ടൈംസ് മാറ്റ്സ്നെഫിന്റെ ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇറ്റലിയിലെ ഒരു നദീതീരത്ത് അസന്തുഷ്ടനായി കാണപ്പെട്ട ചിത്രം. വനേസയുടെ പുസ്തകം തനിക്ക് വായിക്കേണ്ട എന്നദ്ദേഹം തീർത്തുപറഞ്ഞു; തന്റെ മനസ്സിലെ വിശുദ്ധമായ ഓർമയെ നശിപ്പിക്കാൻ തയാറല്ലെന്നും. എന്നാൽ പുസ്തകത്തിൽ വനേസ ഉയർത്തിയ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം പറഞ്ഞില്ല. ഒരുപക്ഷേ, ഈ സെപ്റ്റംബറിൽ അതിനുള്ള അരങ്ങ് ഒരുങ്ങിയേക്കാം. അതിനു കാത്തിരിക്കുകയാണ് 48 വയസ്സുള്ള വനേസ; ഇപ്പോൾ 84 വയസ്സുള്ള മാറ്റ്സ്നെഫ് എന്ന ലൈംഗിക കുറ്റവാളിയെ ലോകത്തിനു മുന്നിൽ വിചാരണ ചെയ്യാൻ.
English Summary : Le Consentement - A bestselling book that exposed the acclaimed French writer Gabriel Matzneff as a paedophile