യുദ്ധത്തിന്റെ തീരാമുറിവുകള്‍ പുനഃസൃഷ്ടിച്ച ഡേവിഡ് ഡിയോപിന് ബുക്കര്‍ പുരസ്കാരം

Mail This Article
യുദ്ധം കഴിഞ്ഞു വന്നതിനു ശേഷം അദ്ദേഹം നിശ്ശബ്ദനായിരുന്നു. ഭാര്യയോടോ എന്റെ അമ്മയോടോ ഒരക്ഷരം പോലും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ ദുരൂഹമായ മൗനം എന്നെ അദ്ഭുതപ്പെടുത്തി.
യുദ്ധത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ പ്രേരിപ്പിച്ചു. ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഗവേഷണം ഞാന്‍ തുടങ്ങുകയായിരുന്നു. പുസ്തകങ്ങളിലൂടെയല്ല; ഇരകളിലൂടെ: ഫ്രഞ്ച് സാഹിത്യകാരന്‍ ഡേവിഡ് ഡിയോപിന്റെ ഈ വാക്കുകള്‍ വെളിച്ചം വീശുന്നത് ഇത്തവണത്തെ ബുക്കര്‍ പുരസ്കാരം നേടിയ കൃതിയുടെ പ്രമേയത്തിലേക്കാണ്.
ഒന്നര ലക്ഷത്തോളം സെനഗല്‍ പൗരന്‍മാരാണ് ഒന്നാം ലോക യുദ്ധത്തില്‍ ഫ്രാന്‍സിനു വേണ്ടി പോരാടിയത്. 30, 000 പേര്‍ കൊല്ലപ്പെട്ടു. അവശേഷിച്ചവരില്‍ ചിലര്‍ ഗുരുതര പരുക്കുകളോടെ കുറേക്കാലംക്കൂടി ജീവിച്ചു. സാരമായ പരുക്കുകളില്ലെങ്കിലും മനസ്സിലേറ്റ ഉണങ്ങാത്ത മുറിവുകളുമായി ചിലര്‍ മൗനത്തിലേക്കു പിന്‍വാങ്ങി. അവരില്‍ ഒരാളായിരുന്നു ഡിയോപിന്റെ മുതുമുത്തഛന്‍. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ യുദ്ധത്തിന്റെ തീരാമുറിവുകള്‍ പുനഃസൃഷ്ടിക്കുന്ന നോവലാണ് ഇത്തവണ ബുക്കര്‍ പുരസ്കാരം നേടിയ അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്.

ആല്‍ഫ എന്ന സൈനികന്റെ ചിന്തകളിലൂടെയാണ് നോവല്‍ മുന്നോട്ടുപോകുന്നത്. ആല്‍ഫയും മഡെമ്പയും ഉറ്റ സുഹൃത്തുക്കളായിരുന്നു; ജീവിതത്തിലും യുദ്ധമുന്നണിയിലും. ജാഗ്രതയുടെ വിസില്‍ മുഴങ്ങുമ്പോള്‍ അവര്‍ ഒരുമിച്ചാണ് ശത്രുനിരയിലേക്കു ചാടിവീണിരുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ പോരാടിയിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി മഡെമ്പയ്ക്കു പരുക്കേല്‍ക്കുന്നു. ദാരുണമായി
ഗുഹയില്‍ മരിക്കുന്നു. ദുരന്തത്തില്‍ നിന്നു മുക്തനാകാന്‍ ആല്‍ഫയ്ക്കു കഴിയുന്നില്ല. ബോധം അയാളെ വിട്ടുപോകുകയാണ്; ഓര്‍മകളും. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ച വ്യക്തിയായി ആല്‍ഫ മാറുന്നു. എന്നാല്‍, അയാളിലൂടെ യുദ്ധത്തിന്റെ പൈശാചികത വരച്ചുകാട്ടുകയാണ് ഡിയോപ്.
ശത്രുക്കളെ മാത്രം പേടിച്ചിരുന്ന അവസ്ഥയില്‍ നിന്ന് കൂടെ യുദ്ധം ചെയ്യുന്ന സഹോദര സൈനികരെപ്പോലും പേടിക്കുന്ന അവസ്ഥയിലേക്ക് ആല്‍ഫ മാറുന്നു. ഭ്രാന്ത് ബാധിച്ച ആ മനസ്സിനെ അക്ഷരങ്ങള്‍ കൊണ്ട് പോസ്റ്റ്മോര്‍ടം നടത്തുകയാണ് ഡിയോപ്.
യുദ്ധം കഴിഞ്ഞ് ഒരു നൂറ്റാണ്ടിനുശേഷമാണ് നോവല്‍ പുറത്തുവരുന്നത്. എന്നാല്‍ ഇതിനോടകം, വായിച്ച ഒരാള്‍ക്കു പോലും മറക്കാനാവാത്ത ഓര്‍മയായിരിക്കുന്നു ഡിയോപിന്റെ നോവല്‍. ഭ്രാന്തവും എന്നാല്‍
അങ്ങേയറ്റം സൗന്ദര്യാത്മകവും. യുദ്ധത്തിന്റെ ഭീകരതയും മനുഷ്യത്വമില്ലായ്മയും ചിത്രീകരിക്കാന്‍ 150 പേജുകള്‍ മാത്രമേ ഡിയോപിന് വേണ്ടിവരുന്നുള്ളൂ. എന്നാല്‍ കാവ്യാത്മക ഭാഷയില്‍ ഓരോ വാക്കും ഒരു ആയുധത്തിന്റെ മൂര്‍ച്ചയോടെ അദ്ദേഹം എഴുതുന്നു.
കോളനിവാഴ്ചയുടെ ഒടുങ്ങാത്ത ദുരിതങ്ങള്‍, വര്‍ഗ, വംശീയ വ്യത്യാസങ്ങള്‍.... അടരടരുകളായി നോവല്‍ ചുരുള്‍ നിവരുമ്പോള്‍ മനുഷ്യത്വം എന്ന പദത്തിനുതന്നെ അര്‍ഥം നഷ്ടപ്പെടുന്നു. ചോരയ്ക്കു പോലും നിറം മാറുന്നു. കറുത്തവരുടെ ചോര കറുത്ത ചോരയായിത്തന്നെ ഒഴുകുമ്പോള്‍ സാര്‍വലൗകിക മൂല്യങ്ങള്‍ ഫലിതങ്ങളാകുന്നു. ഒരു നൂറ്റാണ്ടിനുശേഷവും യുദ്ധങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒഴുകിപ്പടരുകയാണ് ചോര; നിരപരാധികളുടെ, നിസ്സഹായരുടെ... അവരുടെ ചോരയ്ക്ക് ഉത്തരം
തേടുകയാണ് ഡിയോപ്.
അമേരിക്കന്‍ കവയത്രി അന്ന മോസ്ചോവാക്കിസ്കോവാണ് പുസ്തകം ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയത്. ഡിയോപിന്റെ കാവ്യഭാഷ അന്നയുടെ മൊഴിമാറ്റത്തില്‍ ഭദ്രം.
English Summary: International Booker Prize, David Diop becomes first French winner