രണ്ട് പോത്തുകളുടെ ഓര്‍മയും ഒരു നോവല്‍ വായനയും
Mail This Article
കുറച്ചു നാളുകള്‍ക്കു മുമ്പ് ഡേവിഡ് ഡിയാപ് എഴുതിയ ‘അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്’ എന്ന നോവല്‍ വായിക്കുകയായിരുന്നു, ഞാന്‍. താഴ്ന്ന ഒച്ചയില്‍ അനുഷ്ടിക്കുന്ന ഒരു മന്ത്രവാദത്തില്‍ കുടുങ്ങികിടക്കുന്നതുപോലെയാണ് ഞാനത് വായിച്ചത്. ആ നോവല്‍ കലയുടെ വൈകാരികാവശ്യം പോലെയും എഴുതിയതായിരുന്നു എന്ന് എനിക്ക് തോന്നി.
ഡേവിഡ് ഡിയാപ്പിന്റെ കഥയില്‍ ഒന്നാം ലോക യുദ്ധത്തില്‍ പങ്കെടുത്ത രണ്ട് സെനഗല്‍ യുവാക്കളുണ്ട്, ദേശത്തിന്റെയും കോളനിയുടെയും ഓർമയുള്ള, അതിന്‍റെ പരിധിയ്ക്കും അപ്പുറത്തേക്ക് വ്യാപിക്കുന്ന ധര്‍മ്മസങ്കടം പേറുന്നവരാണ് അവര്‍ രണ്ടുപേരും. നോവലിലെ പ്രധാന കഥാപാത്രം തന്‍റെ മാതൃഭാഷയില്‍ മാത്രം ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന ആളാണ്. അയാളാണ് കഥ പറയുന്നത്. തനിക്ക് ഫ്രഞ്ച് അറിയില്ല എന്നും അയാള്‍ ഇടയ്ക്കിടെ പറയുകയും ഓർമിക്കുകയും ചെയ്യുന്നു. തന്‍റെ ഭാഷയെ, അല്ലെങ്കില്‍ തന്‍റെ ആത്മഭാഷണത്തെ പരിഭാഷ ചെയ്യാന്‍ പറ്റില്ല എന്നും. ഇത് ജീവിതത്തിന്‍റെ എന്നതിനേക്കാള്‍ ഭാഷയുടെ തന്നെ കൊളോണിയല്‍ ജീവിതവും പറയുന്നു എന്ന് തോന്നുന്നു. ഞെരുങ്ങുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ഒരു ഭാഷയുടെ.
നോവല്‍ ഭാഷയുടെ കല കൂടിയാണ് എന്ന് നമ്മള്‍ പറയാറുണ്ട്. ഇത് അതിനകത്തെ തന്നെ വേറെ ഒരു തലത്തെക്കൂടി കാണിക്കുന്നു. പലപ്പോഴും പരിഭാഷയുടെയും. “കോളനിഭരണം ഉണ്ടാക്കിയ ദുരന്തങ്ങളിലൊന്നാണു ലോകയുദ്ധം. അങ്ങനെ നോക്കുമ്പോൾ കോളനിവാഴ്ച ഉണ്ടാക്കിയ മുറിവുകളുടെയും അപമാനങ്ങളുടെയും ചരിത്രം, അതേ കോളനിഭാഷകളിൽ തന്നെ ആവിഷ്കരിക്കപ്പെടുന്നുവെന്ന സവിശേഷത കൂടി ഇവിടെ നാം കാണുന്നു.” ഈ നോവലിനെ പറ്റി പറയുമ്പോള്‍ എന്‍റെ സുഹൃത്ത്, അജയ് പി. മങ്ങാട്ട് പറയുന്നു.
നോവലിന് ഒരാത്മഭാഷണത്തിന്‍റെ രീതിയാണ്. ഒരു നേര്‍രേഖയില്‍ കഥ പറയുന്നു. എന്നാല്‍, നോവലിന്‍റെ അവസാനമെത്തുമ്പോള്‍ അതുവരെയും നമ്മുക്ക് പരിചയപ്പെടുത്തിതന്ന തന്‍റെ “More than My Brother” കഥ പറച്ചിൽ ഏറ്റെടുക്കുന്നു. മരിച്ചവരെ ഉടലിലേക്ക് ആവാഹിക്കുന്ന പോലെ.
യുദ്ധവും വിപ്ലവവും ആദർശവും പ്രത്യയശാസ്ത്രവും യുവാക്കളെ തെളിച്ചു കൊണ്ടുപോകുന്നു. എക്കാലത്തും എല്ലായിടത്തും അത് കാണാം. ഇതിൽ ഫ്രാൻസ് പങ്കെടുക്കുന്ന ഒന്നാം ലോക യുദ്ധമാണ് ആ കാലം.
ആത്മഭാഷണം അഥവാ, മോണോലോഗ് എന്ന രീതി സമകാലിക രചനകളിൽ പ്രബലമായ ആഖ്യാന രീതിയാണ്, അജയ് പറഞ്ഞു: ‘പലരും ഈ രീതിയെ പല എക്സ്ട്രീമിലേക്കാണു കൊണ്ടുപോകുന്നത്. ഇവിടെ ആഖ്യാനത്തിലെ തീവ്രത, ഭ്രാന്തിന്റെ തീവ്രതയായി വളരെ കൗശലത്തോടെ പ്രത്യക്ഷപ്പെടുന്നു.’
അജയ് പറഞ്ഞത് ശരിയാണ്. ഈ നോവലിലെ പ്രധാന കഥാപാത്രത്തിന്റെ അമ്മയെ കുറിച്ചുള്ള അധ്യായം നോക്കു. അത് അതുവരെയും പിന്നെയും തുടരുന്ന ആത്മഭാഷണത്തെ രൂപപരമായി തന്നെ മറി കടക്കുന്നു. അവിടെ മറ്റൊരു വിഷയം കൂടി കടന്നു വരുന്നു: അമ്മയും മകനും എന്നതിനും അപ്പുറത്തേയ്ക്ക് ഭാഷയുടെയും ഗോത്രത്തിന്റെയും സഞ്ചാരത്തിന്റെയും മുദ്രകള്‍ ആഴത്തില്‍ വീണ ഒരു ജനതയെയാണ് ഈ ചെറിയ നേരത്ത് നമ്മുടെ മനസ്സില്‍ വരിക. ഒരർഥത്തിൽ, അതിൽ ഗോത്രപരമായ ആശങ്ക മുഴുവനുമുണ്ട് - ബന്ധങ്ങൾക്കും ഒപ്പം. നാടോടി ജീവിതത്തെ തളയ്ക്കാൻ പറ്റാത്ത, അതിനു കഴിയില്ല എന്ന് വിശ്വസിപ്പിക്കുന്ന അവസരങ്ങൾ, നോവലിലെ ആ ഭാഗം നമ്മെ സ്പർശിക്കുന്നു.
കല ഇപ്പോഴും വൈകാരികമായ ഒരാവശ്യമാണ്.
നോവല്‍ വായനക്കാര്‍, പലപ്പോഴും, തങ്ങള്‍ക്കുള്ളിലെ അപരിചിതമായൊരു ജനവാസത്തെ നേരിട്ട് അനുഭവിക്കുന്നു, ദിനേനയുള്ള തങ്ങളുടെ സ്വന്തം ജീവിതത്തിന്‍റെതന്നെ ഒരംശം അതേ ജനവാസത്തിലേക്ക് കലരുന്നതിനും സാക്ഷിയാവുന്നു. ഒരുപക്ഷേ “വായനയുടെ അസുഖ”മുള്ളവരില്‍ ആ “ദീനം” നടിക്കുന്നവരാണ് നോവല്‍ വായനക്കാര്‍. അക്കൂട്ടത്തിലാണ് ഞാന്‍. അപ്പോള്‍, അന്യരാജ്യത്തെ കാറ്റാടിയന്ത്രത്തിനു മുമ്പില്‍ തോല്‍ക്കാന്‍ യാത്രപോയ യോദ്ധാവ് നില്‍ക്കുന്നത് എന്റെതന്നെ മനോരാജ്യത്തിലാണ്.
ഈ നോവല്‍ വായനയെ മന്ത്രവാദത്തില്‍ കുടുങ്ങി കിടക്കുന്നതു പോലെ എന്നാണ് ഞാന്‍ പറഞ്ഞത്. മന്ത്രവാദത്തിന്‍റെ ഭാഷ അല്ലെങ്കില്‍ ശബ്ദത്തിന്‍റെ സൂക്ഷ്മമായ ഉപയോഗമാണ്. എന്‍റെ കുട്ടിക്കാലത്തെ ഒരോർമയാണ് ഇതിനാധാരം: അക്കാലത്ത് ഞങ്ങളുടെ വീട്ടിലെ തൊഴുത്തില്‍ കൃഷിപ്പണിയ്ക്ക് വേണ്ടി പാര്‍ത്തിരുന്ന ഒരു ജോഡി പോത്തുകള്‍ ഉണ്ടായിരുന്നു. ഒരു ദിവസം അവയ്ക്ക് രണ്ടിനും ഒരേപോലെ കണ്ണുകളില്‍ അസുഖം വന്നു. കണ്ണുകള്‍ തുറക്കാന്‍ വയ്യാതെ, പീള കെട്ടി, ഒരുതരം കൊഴുത്ത ദ്രാവകം ഒലിപ്പിച്ചുകൊണ്ട് അവ പുറത്തിറങ്ങാനാകാതെ തൊഴുത്തില്‍ത്തന്നെ നിന്നു. വയലിലെ പണി മുടങ്ങുന്നതിന്റെ ശാപവാക്കുകള്‍ അവ കേള്‍ക്കുന്നുണ്ടാവണം രണ്ടു മൃഗങ്ങളും സദാസമയം ചെവി കൂര്‍പ്പിച്ചു വെച്ചിരുന്നു, പാവം തോന്നിക്കുന്ന കാഴ്ചതന്നെയായിരുന്നു അത്.
വളരെ വൈകിയ ഒരു രാത്രി അച്ഛന്‍ ഒരു മന്ത്രവാദിയുമായി വീട്ടില്‍ വന്നു. അവര്‍ നേരെ തൊഴുത്തിലേക്ക് ചെന്നു. ഒരു റാന്തല്‍ വിളക്കുമായി അമ്മയും അച്ഛനും മന്ത്രവാദിക്കൊപ്പം തൊഴുത്തിലേക്ക് ചെന്നു. അമ്മയുടെ പിന്നാലെ ഞാനും അവിടെ എത്തി. ഞങ്ങളെ കണ്ടപ്പോള്‍ തൊഴുത്തിലെ രണ്ടു പോത്തുകളും എഴുന്നേറ്റു നിന്നു. ഇരുട്ടില്‍ അവയുടെ രൂപം നോക്കിക്കൊണ്ടിരിക്കുന്ന നേരമത്രയും വളരാന്‍ തുടങ്ങി. മന്ത്രവാദി അവയുടെ രണ്ടിന്റെയും കണ്ണുകള്‍ പരിശോധിച്ചു.രണ്ടിന്റെയും നെറുകില്‍ കൈ വെച്ച് മാറി മാറി എന്തോ പതുക്കെ പറയാന്‍ തുടങ്ങി.. അത് കുറേ നേരം തുടര്‍ന്നു.
എനിക്ക് ആ ഭാഷ വിചിത്രവും ഭീതി തരുന്നതുമായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ താഴ്ന്ന സ്വരത്തില്‍ കേട്ട അതിന്‍റെ ഒച്ചമാത്രമേയുള്ളൂവെങ്കിലും ആ ‘ഭാഷ’യുടെ അപരത്വം ആ സ്ഥലത്തെയും ആ നേരത്തെയും വിടാതെ തന്നെ നില്‍ക്കുന്നുമുണ്ട്. തീർച്ചയായും, ആ പാവം കന്നുകാലികളുടെ ദീനം പിറ്റേന്നത്തെയ്ക്കുതന്നെ മാറിയിരുന്നു. എന്നോട് അമ്മ അതിന്‍റെ കാരണം പറഞ്ഞു. നമ്മുക്കെതിരെ നമ്മുടെ ശത്രുക്കള്‍ ചെയ്തതാണ്. കന്നുകാലികള്‍ക്ക് ശത്രുബാധയായിരുന്നു. ‘മുസല്യാര്‍’ അത് കണ്ടുപിടിച്ചു. ദീനം മാറ്റി.
പോത്തുകള്‍ കഥ പറയുന്നില്ല. പക്ഷേ അവയും കഥയില്‍ വിശ്വാസമുള്ളവരായി പാര്‍ക്കുന്നു. മാത്രമല്ല, എക്കാലത്തേയ്ക്കുമായി എന്നെ നോവല്‍ പരിഭാഷകളുടെ വായനക്കാരനാക്കിയത് ആ രണ്ടു പാവം വീട്ടുമൃഗങ്ങളും.. .
Content Summary: Karunakaran writes about booker international winning book At night all blood is black