ADVERTISEMENT

ഹെന്റെ ദൈവമേ, നീ എന്നെ എന്തിന് ഒരു സ്ത്രീയായി സൃഷ്ടിച്ചു? 

അവൾ പൊട്ടിക്കരഞ്ഞു. രാത്രി അതു കണ്ടു നടുങ്ങി, വിറച്ചു. 

കരച്ചിൽ നിസ്സഹായതയുടെ അടയാളമാണ്. ദയനീയതയുടെ. സഹതാപത്തിന്റെ. അനുകമ്പയുടെ. ഇതേ കരച്ചിൽ കഴുകിത്തുടച്ച ഒരു കണ്ണാടിയിൽ സ്വന്തം മുഖവും മനസ്സും കാണാനും കഴിയും. ഉള്ളിന്റെ ഉള്ളിലെ മോഹങ്ങൾ. അമർത്തിവച്ച ആഗ്രഹങ്ങൾ. പ്രതീക്ഷകൾ. കരച്ചിലിന്റെ അഴിമുഖത്തുനിന്നും വേദനയുടെ കടലു കടന്ന് പ്രത്യാശയുടെ തീരത്തേക്കു പോകുന്ന സ്ത്രീകളെ മലയാളത്തിനു പരിചയപ്പെടുത്തിയിട്ടുണ്ട് പി.വൽസല. രാത്രി നടുങ്ങിവിറച്ച കരച്ചിലുമായി സ‍ഞ്ചരിച്ചവർ. പകലിന്റെ പ്രകാശത്തിൽ ഒരിക്കലും പുറത്തുവരാതിരുന്ന മോഹങ്ങളുടെ കാവൽക്കാർ.

അവർക്കു തനതായ വ്യക്തിത്വമുണ്ടെന്നും ആഗ്രഹങ്ങളും മോഹങ്ങളുമുണ്ടെന്നും ബോധ്യപ്പെടുത്തിയ എഴുത്തുകാരിയാണവർ. പെണ്ണെഴുത്ത് പ്രചാരത്തിലാകുന്നതിനും മുമ്പേ പെണ്ണിന്റെ പക്ഷത്തുനിന്ന് എഴുതുകയും പെണ്ണിനും പറയാനുണ്ടെന്നും പ്രഖ്യാപിക്കുകയും ചെയ്ത എഴുത്തുകാരി. മീ ടൂവിന്റെയും മറ്റും തുറന്നുപറച്ചിലുകൾക്കും മുന്നേ,  ജീവിതത്തിൽ സ്വാതന്ത്ര്യവും ഇഛാശക്തിയും പ്രകടമാക്കിയവർ. ആണിന്റെ ഇണയും തുണയുമെന്ന നിസ്സഹായ സങ്കൽപത്തിൽനിന്നു മാറി, സ്വന്തം ജീവിതത്തിന്റെ അധ്യായങ്ങൾ സ്വയം എഴുതാൻ ധൈര്യം കാണിച്ച സ്ത്രീവിമോചനത്തിന്റെ മുന്നണിപ്പോരാളി. 

‘ചാമുണ്ടിക്കുഴി’  എന്ന പ്രശസ്തമായ കഥയിൽ പരമേശ്വരൻ അത്ഭുതപ്പെടുന്നുണ്ട്: അവൾക്കെന്തിന്റെ കുറവാണ് ? 

അമ്പലത്തിൽ വരുന്ന തീർത്ഥാടകർക്കും ചോറും കറിയും കൊടുക്കുന്ന ജോലിയാണു പരമേശ്വരന്. മലനിരകൾക്കിടയിലെ  ക്ഷേത്രത്തിലേക്ക് ആളുകളുടെ വരവു കൂടിയപ്പോൾ ഒരു തുണയെക്കുറിച്ച് അയാൾ ചിന്തിച്ചു. എച്ചിൽ പെറുക്കാനും പരിസരം വൃത്തിയാക്കാനും ദൂരെയുള്ള ഗ്രാമത്തിൽനിന്ന് അയാൾ രുഗ്മിണിയെ വിവാഹം കഴിച്ചുകൊണ്ടുവന്നു. അവളുടെ വിദ്യാഭ്യാസമോ സൗന്ദര്യമോ അയാൾക്കു പ്രശ്നമായിരുന്നില്ല. അതിനെക്കുറിച്ചൊന്നും തിരക്കിയതുമില്ല. അവൾ വന്നതോടെ ജീവിതത്തിന് ഒരു ചിട്ടയായപ്പോൾ സന്തോഷിച്ചു എന്നുമാത്രം. 

രാത്രിയായാൽ അത്താഴം കഴിച്ച് പരമേശ്വരൻ നെരിപ്പോടിനു സമീപം ഉറങ്ങാൻപോകും. നെരിപ്പോടിന്റെ ചൂടു കുറയുമ്പോൾ അയാൾ തിരിച്ചുവരാം. വരാതെയുമിരിക്കാം. അയാളുടെ നോട്ടത്തിൽ രുഗ്മിണിക്ക് ഒരു കുറവുമില്ല. പക്ഷേ, ഒരു രാത്രി വൈകിയെത്തുന്ന അതിഥിക്ക് അവസാനത്തെ ചോറും അവൾക്കു വിളമ്പേണ്ടിവന്നു. കഴിക്കാൻ അവൾ വിളമ്പിവച്ച ചോറായിരുന്നു അത്. അതിഥിയെ നിരാശപ്പെടുത്തേണ്ട എന്നു കരുതി വിളമ്പിയതാണവൾ. പക്ഷേ കഴിക്കുന്നതിനുമ്പ് അയാൾ ചോദിച്ചു: നിങ്ങൾ അത്താഴം കഴിച്ചതല്ലേ ? 

p-valsala-novels

ആ ചോദ്യം കേട്ടു രുഗ്മിണി ‍ഞെട്ടിവിറച്ചു. അങ്ങനെയൊരു ചോദ്യം അവളാദ്യമായി കേൾക്കുകയായിരുന്നു. സ്വന്തം വീട്ടിൽ ആരും അങ്ങനെ ചോദിച്ചിട്ടേയില്ല. വിവാഹത്തിനുശേഷം ഭർത്താവും ചോദിച്ചിട്ടില്ല. ആദ്യമായായി ഒരു അപരിചിതൻ ‘ കഴിച്ചോ’  എന്നു ചോദിച്ചപ്പോൾ തന്നെ രുഗ്മിണി തീരുമാനിച്ചിരുന്നിരിക്കണം അയാൾക്കൊപ്പം പോകണമെന്ന്. 

അന്നു രാത്രി സത്രത്തിലുറങ്ങി പിറ്റേന്ന് രുഗ്മിണിയുടെ വീട്ടിലെത്തി താൻ തെളിനീര് അന്വേഷിച്ചു പോകുകയാണെന്നു പറയുമ്പോൾ ഒരുനിമിഷം പോലും സംശയിക്കാതെ രുഗ്മിണി പായ ചുരുട്ടിവച്ച് അയാൾക്കൊപ്പം ഇറങ്ങുന്നു. 

Kanal

അങ്ങനെയങ്ങു പോകാൻ അവൾക്കെന്തിന്റെ കുറവുണ്ടായിരുന്നു എന്ന പരമേശ്വരന്റെ ചോദ്യത്തിൽ അസ്വസ്ഥമായ പുരുഷലോകത്തിന്റെ ആശങ്കകളുണ്ട്. സ്ത്രീ ആഗ്രഹിക്കുന്നതെന്താണെന്ന  തിരിച്ചറിവുകളുണ്ട്. 

സിമോൻ ബുവ്വയും വെർജീനിയ വൂൾഫും മറ്റും പാശ്ചാത്യ ലോകത്തു തുടങ്ങിവച്ച പെൺപോരാട്ടത്തിന്റെ തുടർച്ചയോ അനുകരണമോ അല്ല വൽസല മലയാളത്തിൽ നടത്തിയത്. കുടുംബം ഉപേക്ഷിച്ചുപോകുന്ന ഇബ്സന്റെ നായികമാർ നടത്തിയ അടുക്കള വിപ്ലവവുമല്ല. ഇറുകിയ വസ്ത്രത്തിൽനിന്നു മോചനം പ്രാപിക്കുന്നതപോലുള്ള  ഉപരിപ്ലവ പരീക്ഷണങ്ങൾക്കു സ്ത്രീകളെ ഇരയാക്കാനും തയാറായിട്ടില്ല വൽസല.

തിരിച്ചറിവുകളിലേക്ക് ഉണർത്തപ്പെട്ട സ്ത്രീ സ്വന്തം വഴിയും ലക്ഷ്യവും കണ്ടെടുക്കുന്നതും പുരുഷനെ പങ്കാളിയാക്കി വിമോചനത്തിന്റെ ഭൂമിയിലേക്കു നടക്കുന്നതുമായ തനതായ വിപ്ലവം. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പി.വൽസലയെപ്പോലുള്ളവർ ഉഴുതുമറിച്ചിട്ട മണ്ണിലാണ് പിന്നീടു സാറ ജോസഫിനെപ്പോലുള്ളവർ പുതിയ വിത്തുകൾ വിതച്ചതും പുതിയ നൂറ്റാണ്ടിലെ സ്ത്രീത്വം ഫലം കൊയ്തതും. 

English Summary:

P. Valsala: The Unsung Heroine of Malayalam Literature and Women Empowerment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com