ADVERTISEMENT

വീട് വിശപ്പാറ്റുന്ന ഇടമാണ്. അതുകൊണ്ടാണ് വീടുവിട്ടുപോകുന്ന ഉണ്ണികൾ പോലും തിരിച്ചുവരാൻ കൊതിക്കുന്നത്. തൊടുന്നതെന്തും രുചികരമാകുമെന്ന വരമോ ശാപമോ കിട്ടിയ അമ്മമാരുടെ കൈപ്പുണ്യം വീട്ടിലേക്കുള്ള വഴി മറക്കാതിരിക്കാനുള്ള പ്രേരണയാകുന്നു. മുനിഞ്ഞുകത്തുന്ന വിളക്കും ചോറുമായി പാതിരായ്ക്കും ഉറങ്ങാതെ, വിശന്നുവലഞ്ഞ‌‍ുവരുന്ന മകനെ കാത്തിരിക്കുന്ന ഉമ്മയെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയിട്ടുണ്ട്. ഉടലും ഉയിരും ഒരുപോലെ ഞെരിച്ചമർത്തുന്ന വിശപ്പിന്റെ പല വേഷപ്പകർച്ചകളെ ബഷീർ പിന്നീടു കഥകളിലേക്കു പകർന്നു. വിശപ്പു കടിച്ചമർത്തി എഴുതിയതാണെന്നു തോന്നും ആ കഥകളുടെ കൃശഗാത്രം കാണുമ്പോൾ. ഒരുനേരത്തെ ആഹാരം കുറച്ചുകഴിക്കാനായി അത്ര നേരം കൂടി ഉറങ്ങുന്ന കഥാപാത്രങ്ങൾ.

തുച്ഛമായ ആഹാരം പോലും ഒരു സദ്യയെന്ന മട്ടിൽ ഗംഭീരമായി കഴിക്കുന്നവരാണ് ബഷീറിയൻ കഥാപാത്രങ്ങൾ. രതിയും ഒരുതരം വിശപ്പാണെന്നും ഒളിച്ചുവയ്ക്കേണ്ട നാണക്കേടല്ലെന്നും മലയാളിക്കു മനസ്സിലായതും ബഷീറിനെ വായിച്ചപ്പോഴാണ്. ഘഡാഘഡിയൻ വിശപ്പിനെ മെരുക്കുന്ന ഒരാൾക്കു മാത്രമേ എഴുത്തിനെ ഇതുപോലെ വരുതിക്കുനിർത്താനാകൂ. തകഴിയും ദേവും പൊറ്റെക്കാട്ടും ഒരുകാലത്തെ മലയാള എഴുത്തുകാരെല്ലാം തന്നെ വിശപ്പിനെ അറിഞ്ഞവരും ആവിഷ്കരിച്ചവരുമാണ്. വിശപ്പിന്റെ രുചി അവർക്കു നന്നായി അറിയാമായിരുന്നു. കാരൂരിന്റെ ‘പൊതിച്ചോറ്’ പോലൊരു കഥ ഒരുകാലത്തെ കേരളീയസമൂഹത്തിന്റെ യാഥാർഥ്യമായിരുന്നു. 

ഒരുകാലത്തു കണ്ണീരിൽ വേവിച്ച കഞ്ഞിയാണ് കേരളം കുടിച്ചിരുന്നത്. ‘ചോറ്’ ഒരു സംഭവമായിരുന്നു. അതുകൊണ്ടാണ് ‘കുടിയൊഴിക്കലി’ലെ തൊഴിലാളി ഭാര്യയെ തല്ലുമ്പോൾ ‘തേവിടിശ്ശീ, നീ എന്തിനേ കഞ്ഞി തേവിവച്ചതു ചോറെനിക്കില്ലേ’ എന്നു ചോദിച്ചത്. 

‘പോവുകക്കഥ; കിനാവിന്റെ പൊൻകസവിട്ട പാവു നെയ്താലിന്നത്തെ നഗ്നതയ്ക്കുടുക്കാമോ?’ എന്നു വൈലോപ്പിള്ളി ചോദിച്ചല്ലോ. ആ നഗ്നതയ്ക്കു വിശപ്പെന്നും പേരുണ്ട്. ‘അന്നം’ എന്ന മലയാളത്തിലെ ഏറ്റവും മികച്ച കവിതകളിലൊന്ന് വൈലോപ്പിള്ളിക്കായി നേദിച്ച ബാലചന്ദ്രനാകട്ടെ ‘അമാവാസി’യിൽ ഇങ്ങനെ ഉറഞ്ഞെഴുതി.

‘കഥയാൽ തടുക്കാമോ കാലത്തെ

വിശക്കുമ്പോൾ തണുത്ത തലച്ചോറേ

യുണ്ണുവാനുള്ള‍ൂ കയ്യിൽ’

‘അത്താഴത്തിൽ കുഷ്ഠരോഗത്തിൻ കുപ്പിച്ചില്ലുകൾ’

എന്നും എഴുതുന്നുണ്ട് കവി.  ‘അന്ന’മാകട്ടെ അതിതീവ്രമായ അനുഭവമാണ്. ഒട്ടിയവയറുമായി ഉച്ചയ്ക്കു കയറിച്ചെന്ന ബാലചന്ദ്രനു മുന്നിലേക്ക് ഇത്തിരി ചോറും മോരും ഉപ്പിലിട്ടതും നീക്കിവച്ച് ‘ഇത്രമാത്രമേ ബാക്കി’യെന്നു പറയുകയാണ് വൈലോപ്പിള്ളി. 

‘കൂടൽമാണിക്യത്തിലെസ്സദ്യ നീയുണ്ടിട്ടുണ്ടോ?

പാടി ഞാൻ പുകഴ്ത്താം, കെങ്കേമപ്പുളിങ്കറി’യെന്നും കവി പറയുന്നു. 

‘കുടികളെങ്ങനെ വിലക്കും ഞങ്ങളെ?

ചുടുമീഴിനീരിലൊറ്റ വറ്റുണ്ടോ?’ എന്നാണ് വൈലോപ്പിള്ളിയുടെ ‘ആസ്സാം പണിക്കാർ’ പോകുമ്പോൾ ചോദിക്കുന്നത്. തിരിച്ചുവരുമ്പോഴാകട്ടെ 

‘ ഉദരത്തിൻ പശി കെടുത്താൻ പോയ് ഞങ്ങൾ‌ 

ഹൃദയത്തിൻ വിശപ്പടക്കാൻ പോന്നു’ എന്നും പറയുന്നു.

അപ്പോൾ ബാലചന്ദ്രന്റെ കണ്ണിൽത്തെളിഞ്ഞത് മറ്റൊരു രംഗമാണ്. 

‘വംഗസാരത്തിന്റെ കരയിൽ ശ്മശാനത്തിൽ

അന്തിതൻ ചുടല വെന്തടങ്ങും നേരത്തിങ്കൽ

ബന്ധുക്കൾ മരിച്ചവർക്കന്തിമാന്നമായ് വെച്ച

മൺകലത്തിലെച്ചോറു തിന്നതു ഞാനോർക്കുന്നു’. ഇതുകേട്ട വൈലോപ്പിള്ളി ഒന്നും മിണ്ടാതെ ചാരകസേരയിൽ ചിന്തപൂണ്ടു കിടന്നു. അസാധാരണമായ കയ്യടക്കത്തോടെ ബാലചന്ദ്രൻ ‘അന്നം’ അവസാനിപ്പിക്ക‍ുന്നു.

‘ഇന്നെനിക്കറിയാം; അക്കിടപ്പിലുണർന്നില്ലേ

അങ്ങതന്നുള്ളിൽജ്ജഗദ്ഭക്ഷകനാകും കാലം!’

വിക്ടർ ലീനസിന്റെ കഥയിൽ വിശപ്പിന്റെ ഇടപെടലുകളുണ്ട്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’യിൽ ബാക്കിയാകുന്ന ബിരിയാണി കുഴിച്ചിടാനെത്തുന്നതg ഗോപാൽയാദവാണ്.‘ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണു കൂടി ബസ്മതിക്കു മേൽ കൊത്തിയിട്ടു. പിന്നെ കുറേ ശ്വാസം ഉള്ളിലേക്കു വലിച്ചെടുത്തു’ എന്നാണു കഥ അവസാനിക്കുന്നത്. ഗോപാൽ യാദവിന്റെ മകളായ ബസ്മതി മരിച്ചതു വിശപ്പ് കാരണമായിരുന്നെന്നു തിരിച്ചറിയുമ്പോൾ വായനക്കാർ നടുങ്ങുന്നു. എം.പി.നാരായണ പിള്ളയുടെ ആദ്യ കഥയിൽ മച്ചും ഓടും മാറ്റി ഒരു കള്ളൻ വീട്ടിലേക്ക് ഇറങ്ങുന്നതു കരിംപഷ്ണി മാറ്റാനാണ്. ഒരു പിഞ്ഞാണം നിറയെ ചോറു കാണുന്നതു സ്വർഗം കാണുന്നതുപോലെയാണ് അയാൾക്ക്.

വയറുനിറച്ചുണ്ണുന്നതും കണ്ണു നിറച്ചുണ്ണുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എസ്.ജോസഫിന്റെ ‘ഊണ്’ എന്ന കവിതയിൽ കണ്ണുനിറച്ചുണ്ണുന്നതു കാണാം. 

കയ്യിൽ കാശൊന്നുമില്ലാതെ കുഴങ്ങിയിരുന്ന അധ്യാപകന് പണ്ടു പഠിപ്പിച്ചിരുന്ന കുട്ടി ഊണുവാങ്ങിക്കൊടുക്കുന്നു. അതയാൾ ‘കണ്ണുനിറച്ചുണ്ടു’. അതിനു കാരണമുണ്ട്. 

‘പകർത്തുവയ്ക്കാത്ത, അറ്റപ്പറ്റേ ഒരു വിഷയത്തിനു ജയിച്ചാലായി’ എന്ന മട്ടിൽ പോകുന്ന കുട്ടിയായിരുന്നു അവൻ.  ‘ഇപ്പോക്കുപോയാൽ എങ്ങനെ ജീവിക്കും? എന്ന് അധ്യാപകൻ ഉപദേശിക്കുകയും ഗുണപാഠ കഥ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ആ കുട്ടിയാണ് കാലങ്ങൾക്കു ശേഷം ഊണുവാങ്ങിക്കൊടുക്കുന്നത്.

‘ഒരു ചോദ്യത്തിനും ഉത്തരമില്ലാത്ത കുട്ടി

ഇന്നിതാ വിശപ്പ് എന്ന ചോദ്യത്തിന്

അവൻ തന്നെ ഒറ്റ ഉത്തരംകൊണ്ടു വയറുനിറഞ്ഞു’

ടി.പി.രാജീവന്റെ ‘പ്രമേഹം’ എന്ന കവിതയിൽ കൊടുംവിശപ്പുള്ള ഒരാളുണ്ട്. 

‘കാവിലുത്സവനാൾ

സന്ധ്യയ്ക്ക്

അമ്മയുടെ

ഒക്കത്തിരുന്നു.

നെറ്റിപ്പട്ടം കെട്ടിയ

ഒരാനയെ 

ഒറ്റയ്ക്കു

തിന്നുതീർത്തു’. അയാൾ വിശപ്പു തീർക്കാൻ തുടങ്ങിയത് അവിടെയാണ്. 

‘കോളജിൽ പഠിക്കുമ്പോൾ

നാട്ടിലവധിക്കു വരുമ്പോൾ

ആളൊഴിഞ്ഞ 

കൽപടവിലിരുന്നു.

പായൽമൂടിയ

ഒരമ്പലക്കുളം 

കുടിച്ചു

വറ്റിച്ചു’. അവിടം കൊണ്ടും അയാൾ മതിയാക്കുന്നില്ല. 

‘തൊഴിൽതേടി

നടന്ന നാൾ

ആരുംകാണാതെ

പാളത്തിൽ

മലർന്നുകിടന്നു.

ഒറ്റ രാത്രികൊണ്ട്

ഒരു തീവണ്ടി

വിഴുങ്ങി.

പട്ടണത്തിൽ

ജോലി ചെയ്യുമ്പോൾ

പാതിരയ്ക്ക് 

മട്ടുപ്പാവിൽ നിന്നു.

ഉറങ്ങിക്കിടന്ന

തെരുവുകൾ

പു‌ലരുംവരെ 

ചവച്ചിറക്കി’

ഒടുവിലോ അയാളെ പ്രമേഹം പിടികൂടുന്നു. ‘ഇപ്പോൾ രുചികൾ കൊടിയിറങ്ങിയ നാവിൽ ഒരുതരി മധുരത്തിൽ അലിഞ്ഞുതീരുന്നു’. നമ്മുടെ മഹാവിശപ്പുകളെ കാത്തിരിക്കുന്ന വിധിയാണത്. 

പി.പി.രാമചന്ദ്രന്റെ മരംകൊത്തിക്കും വിശപ്പുണ്ട്. അതിനു ചോദിക്കാനുള്ളത് ഇതുമാത്രം:

‘ഞാനൊരു വെറും പക്ഷി എനിക്കു വിശക്കുന്നു.

ഹേ, പുതുകവികളേ, വനദേവതമാരേ,

ദൂരദൂരത്തിൽ നീണ്ടുകിടക്കുന്നൊരീ എംജീ

റോഡിനെ ഒരു കരിംപുഴുവായ് തന്നീടുമോ?’

വിശപ്പിനെക്കുറിച്ചുള്ള ഈ കുറിപ്പ് കഴിക്കാതെ പോയ ഒരു പാഥേയത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. ഒ.വി.വിജയന്റെ ‘കടൽത്തീരത്ത്’ എന്ന കഥയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ കാണാൻ പുറപ്പെടുന്ന വെള്ളായിയപ്പന്റെ കയ്യിൽ ഭാര്യ പൊതിച്ചോറു കൊടുത്തയയ്ക്കുന്നു. ‘വെള്ളായിയപ്പന്റെ കൈപ്പടം പൊതിച്ചോറിലമർന്നു. മകനേ, ഈ പൊതിച്ചോറ് നിന്റെ അമ്മ എനിക്കുവേണ്ടി പൊതിഞ്ഞതാണ്. യാത്രയിൽ ഞാൻ അതു കഴിക്കാതെ ഇവിടം വരെ എത്തിച്ചു. ഇനി നിനക്കു തരാൻ എന്റെ കയ്യിൽ ഇതുമാത്രമേയുള്ളൂ. തുവർത്തിനകത്ത് കെട്ടഴിക്കാതെ കിടന്ന പാഥേയം പുളിച്ചു.നേരം പതുക്കെപ്പതുക്കെ വെളുത്തു.നേരം പതുക്കെപ്പതുക്കെ കനച്ചു’.

മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ കയ്യിൽ പണമില്ലാത്ത പാവം വെള്ളായിയപ്പൻ, തോട്ടികൾ മണ്ണുമൂടുന്നതിനു മുൻപു മകന്റെ മുഖം ഒരു നോക്കു കണ്ടു. വിജയൻ കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

‘വെള്ളായിയപ്പൻ വെയിലത്ത് അലഞ്ഞുനടന്ന് കടൽപ്പുറത്തെത്തി.ആദ്യമായി കടൽ കാണുകയാണ്.കൈപ്പടങ്ങളിൽ എന്തോ നനഞ്ഞുകുതിരുന്നു.കോടച്ചി കെട്ടിത്തന്ന പൊതിച്ചോറാണ്. വെള്ളായിയപ്പൻ പൊതിയഴിച്ചു. വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു. വെയിലിന്റെ മുകൾത്തട്ടിലെവിടെനിന്നോ ബലിക്കാക്കകൾ അന്നം കൊത്താൻ ഇറങ്ങിവന്നു’. വിശന്നാകുമോ വെള്ളായിയപ്പന്റെ മകൻ തൂക്കിലേറിയിട്ടുണ്ടാകുക? മരിച്ചവരുടെ വിശപ്പു മാറാൻ മൺകലത്തിലെ ചോറു മതിയാകുമോ? 

English Summary:

Article on hunger in Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com