കുളത്തിൽ കണ്ട മൃതദേഹം ആരുടേത്?, ഏത് കേസും തെളിയിക്കുന്ന വേലപ്പൻ പൗലോസ് അന്വേഷണത്തിന്
Mail This Article
(ഡേവിസ് വർഗീസ് എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഡിറ്റക്ടിവ് വേലൻ പൗലോസ് ഷെർലക്ഹോംസ് ഓഫ് ട്രാവൻകൂർ എന്ന പുസ്തകത്തിൽ നിന്ന്)
മാർച്ച് 1950 – കാലടി, തിരുവിതാംകൂർ
സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ആനവാതിലിനു മുന്നിലെ പടികളിറങ്ങുമ്പോഴാണ് ഒരാൾ പരിഭ്രാന്തനായി ഓടിയെത്തി വേലപ്പൻ പൗലോസിന്റെ കൈക്കു പിടിച്ചത്. ‘‘ഉടനെ വാരിയരുടെ വീട്ടിലേക്കു വരണം, വേലൻ... ഈശ്വരാ, വേഗം വേണം!’’
അടുത്തറിയാവുന്നവർ വേലപ്പൻ പൗലോസിനെ വേലൻ പൗലോസ് എന്നാണു വിളിച്ചിരുന്നത്. അറിയപ്പെടുന്നത് അങ്ങനെയാവുന്നതായിരുന്നു വേലനും താൽപര്യം. വേലന്റെ നാട്ടിൽ ‘വേലപ്പൻ’ എന്ന പേരു സർവസാധാരണമായിരുന്നു. വേലപ്പന്മാരുടെ ആൾക്കൂട്ടത്തിൽ മുഖമില്ലാതെ നടക്കുന്നതിനു പകരം സ്വന്തം വ്യക്തിത്വം വേറിട്ടു നിർത്തുന്ന മറ്റൊരു പേരായിക്കോട്ടെയെന്നായിരുന്നു വേലന്റെ യുക്തി. താൻ ചെയ്യുന്ന സവിശേഷമായ തൊഴിലുമായി ബന്ധപ്പെടുത്തി മറ്റുള്ളവർ തന്നെ തിരിച്ചറിയാൻ ഉപകരിക്കുന്ന ഒരു പേര്. വേലൻ പൗലോസ് എന്നു സ്വയം പരിചയപ്പെടുത്താൻ അദ്ദേഹത്തിനു സന്തോഷമായിരുന്നു. ഹ്രസ്വവും ചടുലവുമായ ആ പേരു കേൾക്കുമ്പോൾ ചിലരൊക്കെ മുഖം ചുളിച്ചെങ്കിലും ആരെങ്കിലും തന്നെ അങ്ങനെ വിളിക്കുമ്പോൾ വേലൻ ഉള്ളാലെ അഭിമാനിച്ചു. പുച്ഛിക്കുന്ന വിഡ്ഢികൾ പുച്ഛിക്കട്ടെ. വേലന്റെ അതിസാധാരണ രൂപഭാവങ്ങൾക്കു പിന്നിൽ അസാമാന്യ നിരീക്ഷണമികവും വിശകലനശേഷിയുമുള്ള ഒരു മനസ്സുമുണ്ടെന്ന് എല്ലാവർക്കും അറിയുമായിരുന്നില്ല.
വേലന് എടുത്തുപറയത്തക്ക വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മനസ്സു മരവിപ്പിക്കുന്ന ഗുരുതരപ്രശ്നങ്ങൾക്കുപോലും പരിഹാരം കാണാനുള്ള അസാധാരണ മികവ് അദ്ദേഹത്തെ വ്യത്യസ്തനാക്കി. യുക്തിയും സാമാന്യബുദ്ധിയും ആരുടെയും കുത്തകയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മനസ്സുവച്ചാൽ അതു സ്വായത്തമാക്കുന്നതിനു സമയവും ക്ഷമയും മതി.
പത്താം വയസ്സിലാണ് തന്റേതായ വഴിയിലേക്കു വേലൻ ആദ്യ ചുവടുവച്ചത്. ഒരു കുടുംബത്തിന്റെ സ്വർണംകൊണ്ടുള്ള ആഭരണപ്പെട്ടി കാണാതെ പോയി. അത് അവർക്ക് ഏറ്റവും അത്യാവശ്യമുള്ള സമയത്തു വീണ്ടെടുത്തു കൊടുത്തതു വേലനാണ്. മരണക്കിടക്കയിലായിരുന്ന ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കാനാവശ്യമായ ചികിത്സ നടത്താൻ അതു വിറ്റുകിട്ടിയ പണം ഉപകരിച്ചു. പ്രായവും അനുഭവവും കൂടുന്തോ റും വേലന്റെ അന്വേഷണമികവു മെച്ചപ്പെട്ടതേയുള്ളൂ. അതു കൂടുതൽ മിഴിവുറ്റതാക്കാൻ അയാൾ തന്റെ സമയവും പരിശ്രമവും മാറ്റിവച്ചു.
‘‘ഇപ്പോൾ വൈകിയല്ലോ. ചില അത്യാവശ്യകാര്യങ്ങൾ ചെയ്യാനുമുണ്ട്. നാളെ വന്നാൽ പോരേ?’’ തന്നെ കൂട്ടിക്കൊണ്ടുപോകാൻ ഓടിയെത്തിയയാളോടു വേലൻ ചോദിച്ചു. മാർച്ച് മാസത്തിലെ ആവിയും ചൂടുമുള്ള സന്ധ്യാനേരമായിരുന്നു അത്.
‘‘അയ്യോ, വേലൻ, അങ്ങനെ പറയരുത്. ദയവായി കുറച്ചുസമയം ഇതിനു വേണ്ടി ചെലവിടണം’’
പള്ളിയിൽ കുർബാന കഴിഞ്ഞു ചില കാര്യങ്ങൾ ചെയ്യണമെന്നു കണക്കുകൂട്ടിയിരുന്നതാണ്. എങ്കിലും ആഗതന്റെ പരിഭ്രമത്തിൽനിന്ന് അടിയന്തരസഹായം വേണ്ടതാണു പ്രശ്നമെന്നു ബോധ്യമായി. പോവുകതന്നെ. തിരക്കിട്ടു മുന്നിൽ നടന്ന അയാൾക്കൊപ്പമെത്താൻ വേലൻ നടപ്പിനു വേഗം കൂട്ടി. തനിക്കു സഹായത്തിന് ഒരാൾ വേണ്ടതാണെന്നു വേലനു പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ, ഒരു വിശ്വസ്തനെ കിട്ടാത്തതുകൊണ്ട് അതു നടന്നില്ല. ബന്ധുക്കളൊന്നുമില്ലാതെ അനാഥാലയത്തിൽ വളർന്നതുകൊണ്ടാവണം, സംശയപ്രകൃതിയായിരുന്നു വേലൻ പൗലോസ്.
നല്ല ഉയരവും തെല്ലു നീണ്ട് ആകർഷകമായ മുഖവുമുള്ള ദൃഢ ഗാത്രനായിരുന്നു വേലൻ. എണ്ണതേച്ച് കോതിയൊതുക്കിയ മുടി. ഉയരക്കൂടുതൽകൊണ്ടാവണം, സന്തതസഹചാരിയായ കുട കുത്തിക്കൊണ്ടായിരുന്നു നടപ്പ്. സ്റ്റീൽ ഫ്രെയിമിൽ ഒന്നാംതരം തുണി തുന്നിയുണ്ടാക്കിയതായിരുന്നു കുട. ഒരുതരത്തിൽ, അറ്റത്തൊരു കൊളുത്തും കുന്തമുനയുമുള്ള ഈ കാലൻകുട തന്നെയായിരുന്നു വേലന്റെ വിശ്വസ്ത സഹായി. അത്യാവശ്യഘട്ടങ്ങളിൽ ആയുധമായി ഉപയോഗിക്കത്തക്ക വിധമായിരുന്നു നിർമാണം.
അന്നത്തെ രീതികളുമായി തട്ടിച്ചുനോക്കിയാൽ വേഷവും തെല്ലു വിപ്ലവകരമായിരുന്നു. കട്ടികുറഞ്ഞ വെളുത്ത ഫ്ലാനൽ ഷർട്ടും കാക്കി പാന്റ്സും കറുപ്പോ തവിട്ടോ നിറമുള്ള ചെരിപ്പും. ഈ അസാധാരണ വേഷവിധാനത്തെ പുച്ഛിക്കുന്നവരുണ്ടായിരുന്നു. എന്നാൽ, ഏറെ ചടുലത വേണ്ട, തന്റെ തൊഴിലിനു കൂടുതൽ യോജിച്ചതു പാന്റ്സാണെന്ന കാര്യത്തിൽ വേലനു സംശയമുണ്ടായിരുന്നില്ല. പരമ്പരാഗത വേഷമായ മുണ്ടിനോട് എതിർപ്പുണ്ടായിട്ടല്ല. പക്ഷേ, മരത്തിൽ കയറേണ്ടി വരുമ്പോഴും ക്രിമിനലുകളുമായി മൽപിടിത്തം നടത്തുമ്പോഴും മുണ്ടിനെക്കുറിച്ചുള്ള ചിന്ത മനസ്സിനെ മഥിച്ചുകൂടെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.
‘എല്ലാം വെറുതെ ന്യായം പറയുന്നതാണ്’ എന്നു വാദിക്കുന്നവരെ പറഞ്ഞുതോൽപിക്കുമായിരുന്നെങ്കിലും ഒരു സത്യം വേലൻ പുറത്തു പറഞ്ഞില്ല: ഈ വേഷം തിരഞ്ഞെടുത്തതും ‘നാട്ടുകൂട്ട’ത്തിൽ നിന്നു വ്യത്യസ്തനായിരിക്കണമെന്ന മോഹംകൊണ്ടു തന്നെ!
പത്തു വർഷം മുൻപാണു വേലൻ റോസമ്മയെ വിവാഹം ചെയ്തത്. ഏക മകൻ തൊമ്മന് ആറു വയസ്സ്. വേലന്റെ ധീരകഥകളുടെ സ്ഥിരം കേൾവിക്കാരും അവർ രണ്ടുമായിരുന്നു. അതീവശ്രദ്ധയോടെയാണ് ഭാര്യയും മകനും വേലന്റെ ധീരകഥകൾ കേട്ടിരുന്നത്. കഥാഗതി മുന്നോട്ടുനീങ്ങുമ്പോൾ ഇടയ്ക്കിടെ ഇരുവരുടെയും മുഖത്തു ഭയവും അദ്ഭുതവും അവിശ്വാസവും രോഷവും മിന്നിമറയും.
വടക്കൻ തിരുവിതാംകൂറിൽ കാലടിക്കടുത്തു പെരിയാറിന്റെ തീരത്തു നിർമിച്ച സാമാന്യം വലുപ്പമുള്ള വീടായിരുന്നു വേലന്റെ പ്രധാന സമ്പാദ്യം. വിശാലമായ പൂമുഖത്തു നിന്നാൽ പുല്ലും പാറകളും നിറഞ്ഞ പുഴയോരം കാണാം. ചില വൈകുന്നേരങ്ങളിൽ സമീപവാസികളായ കുട്ടികൾ ഉയരമുള്ള പാറക്കല്ലുകൾക്കു മുകളിൽനിന്നു നദിയിലെ പ്രശാന്തജലത്തിലേക്കു കൂപ്പുകുത്തുമായിരുന്നു. ക്രമേണ, വീടിനു മുന്നിൽ വേലൻ ഒരു പൂന്തോട്ടമൊരുക്കി. കേസുകളുടെ തിരക്കൊഴിയു മ്പോഴൊക്കെ ഒട്ടേറെ അസാധാരണ സസ്യങ്ങളുള്ള തോട്ടത്തിന്റെ പരിചരണമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം.
ഇരുപതു മിനിറ്റിനു ശേഷം വേലൻ കൊട്ടാരംപോലൊരു വലിയ വീടിനു മുന്നിലെത്തി. ദൗർഭാഗ്യകരമായ സംഭവത്തിന്റെ എന്തെങ്കിലും സൂചന തേടി അദ്ദേഹത്തിന്റെ കണ്ണുകൾ ചുറ്റും പരതി. വീട്ടിനുള്ളിലും ചുറ്റുപാടുമുള്ള ഗ്യാസ് വിളക്കുകളിൽനിന്നു മിന്നുന്ന വെളിച്ചമല്ലാതെ അനക്കമൊന്നും കണ്ടില്ല. വഴികാട്ടി ഗേറ്റ് തുറന്ന് വേലനെ ഉള്ളിലേക്കു ക്ഷണിച്ചു.
‘‘വീട്ടിൽ ആരുമുണ്ടെന്നു തോന്നുന്നില്ല.’’
‘‘എന്റെ കൂടെ വന്നാട്ടെ. എല്ലാവരും പുരയിടത്തിന്റെ മറുവശത്തുള്ള കുളത്തിന്റെ കരയിലാണ്,’’ വഴികാട്ടി പറഞ്ഞു.
ഏക്കർകണക്കിനുള്ള പുരയിടത്തിൽ കണ്ണെത്താദൂരത്തോളം തെ ങ്ങുകളാണ്. ഇടയ്ക്കിടെ ഒരു തേക്കോ ഏതാനും റബർ മരങ്ങളോ. സൂര്യൻ മറഞ്ഞു തുടങ്ങുന്നു. ത്രിസന്ധ്യയുടെ അവസാന വെളിച്ചത്തു ണ്ടുകൾ ചുറ്റുപാടുകളെ സ്വർണവർണമാക്കുന്നു. എങ്ങും കുയിലു കളുടെ സംഗീതലയം. വഴികാട്ടിക്കൊപ്പം വേലൻ കുളക്കരയിലേക്കു തിരക്കിട്ടു നടന്നു.
തോട്ടത്തിൽ വെള്ളമെത്തിക്കുന്ന ചാലുകൾക്കരികിലൂടെ നടക്കു മ്പോൾ കുറച്ചുമുൻപു തോന്നിയ അസ്വാരസ്യം മറന്നു വേലന്റെ മനസ്സ് ചുറ്റുപാടിന്റെ മനോഹാരിതയിൽ മുഴുകി ശാന്തമായി. കുളത്തിനോട ടുക്കുന്തോറും അവിടെക്കൂടിയ ആൾക്കൂട്ടത്തിന്റെ ശബ്ദം വർധിച്ചു വന്നു. കുളം കുറ്റിക്കാടിന് അപ്പുറമായിരുന്നെങ്കിലും അവിടത്തെ കോ ലാഹലം വേലന് ഊഹിക്കാമായിരുന്നു.
കുറ്റിക്കാടു പിന്നിട്ടപ്പോൾ കണ്ടതു വെളിമ്പ്രദേശമാണ്. കുറച്ചകലെ കൂടിനിൽക്കുന്നവർ കുളത്തിലേക്കു ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. വഴികാട്ടി, ആൾക്കൂട്ടത്തിനിടയിലൂടെ വേലനെ മുന്നിലെത്തിച്ചു.
കുളത്തിനു 30 അടിയോളം വ്യാസമുണ്ട്. രണ്ടു മഹാഗണികൾ ഉൾപ്പെടെ ചുറ്റും മരങ്ങൾ. വെള്ളത്തിൽ കമിഴ്ന്നു പൊങ്ങിക്കിടക്കുന്ന ഒരു ജഡം കരയ്ക്കെത്തിക്കാനുള്ള ശ്രമത്തിലാണു കുറച്ചുപേർ. മരിച്ചയാളുടേതെന്നു തോന്നിക്കുന്ന ഒരു ജോടി ചെരിപ്പുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. കടുത്ത വേനൽച്ചൂടിൽ വെള്ളം കുറെയേറെ വറ്റിപ്പോയിരിക്കുന്നു. കുളത്തിന്റെ മുകളറ്റത്തു നിന്നു പത്തടിയെങ്കിലും താഴെ യാണു ജലപ്പരപ്പ്. ജഡം ഒരു വലയിൽ കുരുക്കി വലിച്ചടുപ്പിക്കാനാണ് ആളുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
‘‘മരിച്ചതാരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല, വേലൻ. അതുകൊണ്ട് പൊലീസിനെ അറിയിക്കുംമുൻപു താങ്കളോടു പറയാമെന്നു കരുതി. അത്യാവശ്യമായി വിളിച്ചുവരുത്തിയത് അതുകൊണ്ടാണ്. ബുദ്ധിമുട്ടിച്ചില്ലെന്നു കരുതുന്നു,’’ രാമവാരിയർ എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടു
പ്രായംചെന്നവരിലൊരാൾ പറഞ്ഞു. അധികാരഭാവത്തിൽനിന്ന് കുടുംബത്തിലെ കാരണവരാണ് അയാളെന്നു തോന്നി.
‘‘ഒരു ബുദ്ധിമുട്ടുമില്ല.. വൈകിട്ടു ചെയ്തുതീർക്കാൻ ചില കാര്യങ്ങളുണ്ടായിരുന്നു. സാരമില്ല, അതു പിന്നെയാകാം. ഇപ്പോൾ ഈ കേസു തന്നെയാണു പ്രധാനം,’’ ആത്മവിശ്വാസം തെളിയുന്ന സ്വരത്തിൽ വേലൻ പറഞ്ഞു. ‘‘ജഡം ആകെ വികൃതമായിരിക്കുന്നു. ഏറെ വെള്ളം ഉള്ളിൽ ചെന്നിട്ടുണ്ടാവുമെന്നു തോന്നുന്നു. ദിവസങ്ങൾക്കു മുൻപു മരിച്ചയാളായിരിക്കണം.’’
‘‘ഈശ്വരാ, ഏതു ദൗർഭാഗ്യവാനാവും ഇത്, എങ്ങനെയാണ് ഇവിടെ വന്നു മരിച്ചത്?’’ ആശങ്കയോടെ രാമവാരിയർ തെല്ലുറക്കെ സ്വയം പറഞ്ഞു.
Content Summary: Detective Velan Poulose book written by Devis Varghese