ഈ സിനിമാക്കാരൊക്കെ വികാരജീവികളാണോ?

Mail This Article
അടുത്ത കാലത്ത് വാർത്തകളിൽ ഏറ്റവുമധികം നിറഞ്ഞു നിന്ന രണ്ട് വ്യക്തികളാണ് ബിനീഷ് ബാസ്റ്റ്യനും ഷെയിൻ നിഗമും. ഇവർ രണ്ടും മലയാള സിനിമ പ്രവർത്തകർ എന്നതിലുപരി പൊതുവായി ചർച്ച ചെയ്യപ്പെടുമ്പോൾ കേൾക്കുന്ന ഒരു വാചകമുണ്ട് - ‘‘ആള് ഭയങ്കര ഇമോഷണലാ....’’
ഇതു കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മ വരുന്നത് ഉമ്മറിക്കയുടെ ഒരു പഴയ സിനിമാ ഡയലോഗാണ്. ‘ശോഭേ, ഞാനൊരു വികാരജീവിയാ....’

അപ്പോൾ പറഞ്ഞു വരുന്നത് ഈ സിനിമാക്കാരെല്ലാം വികാരജീവികൾ. ബാക്കിയുള്ളവരെല്ലാം വികാരശൂന്യർ. അതെയോ?
ഈ അവസരത്തിൽ വൈകാരികവിവേകം (Emotional Intelligence എന്നതിന് ഞാൻ കണ്ടെത്തിയ മലയാള നാമം) എന്ന വിഷയം ഒന്ന് പ്രതിപാദിക്കണം. എന്ന് തോന്നി. മറ്റെല്ലാവരെയും പോലെ ബിനീഷിന്റേയും ഷെയിനിന്റേയുമൊക്കെ പ്രായത്തിൽ ഈ ‘‘വികാരം’’ എന്ന സംഭവത്തെക്കുറിച്ച് എനിക്കുമുണ്ടായിരുന്നു മിഥ്യാധാരണകൾ. എന്തെങ്കിലും കണ്ടാൽ പ്രതികരിക്കാതിരുന്നാൽ എന്തോ കുറഞ്ഞ പോലെ. അതുകൊണ്ടാണ് നാം സാധാരണ പറയാറില്ലേ – രണ്ട് പറഞ്ഞപ്പം സമാധാനമായീന്ന്... അങ്ങനെയങ്ങനെ നമ്മൾ പ്രതികരിച്ചു കൊണ്ടേയിരിക്കുന്നു.

ഇനി കാര്യത്തിലേയ്ക്ക്. വികാരങ്ങള്‍ ഈയാംപാറ്റകളെപ്പോലെയാണ്. അതായത് വികാരങ്ങളുടെ അല്പായുസ്സിനെക്കുറിച്ച്. വികാരങ്ങളുടെ മൂർദ്ധന്യ അവസ്ഥയിലുള്ള നമ്മുടെ പ്രതികരണങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും പിന്നീടുള്ള ഓരോ നിമിഷങ്ങളിലും പതിയെ പതിയെ നമ്മുടെ വിവേകം നമ്മുടെ വികാരത്തെ കീഴ്പ്പെടുത്തിയിട്ടുണ്ടാകും. ഈയൊരു ഇടവേളയ്ക്കു (Time & Space) നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം ചെറുതല്ല. നമ്മുടെ വിജയവും പരാജയവും നിർണ്ണയിക്കുന്ന സമയം. അടുത്ത കാലത്ത് നടൻ ജോജു ജോർജ് ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു – ‘‘ഞാനിപ്പം വേണ്ടാത്ത കാര്യങ്ങളിൽ കയറി പ്രതികരിക്കാറില്ല. വെറുതെയെന്തിനാ ആരെങ്കിലും സ്വിച്ചിടുമ്പോൾ കത്താൻ നിൽക്കുന്നേ?’’.
ശരിയല്ലേ നമ്മൾ എന്തിനാണ് പെട്ടെന്ന് തോന്നുന്ന് പോലെ പ്രതികരിക്കുന്നത്. വികാരങ്ങൾ എന്നു പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് കാമം, ക്രോധം, ലോഭം, ഭയം, അസൂയ, സ്നേഹം, സന്തോഷം, ശോകം, നിരാശ, പ്രതികാരം എന്നിവയാകാം. ഓരോ നിമിഷവും നാമെല്ലാവരും ഏതെങ്കിലുമൊരു വികാരത്തിന് അധീതരാണ്. അത് നല്ലതോ ചീത്തയോ എന്നതിനുപരി എപ്പോൾ, എങ്ങനെ, എവിടെ, എന്തിന്, ആരോട്, എന്നതിലാണ് പ്രസക്തി. അക്കാരണം കൊണ്ടാവാം പാശ്ചാത്യരാജ്യങ്ങളിൽ വൈകാരിക വിവേകം പാഠ്യ വിഷയങ്ങളിൽ ചെറുപ്രായത്തിലെ ഉൾപ്പെടുത്തി കഴിഞ്ഞു. ഒഴിവാക്കാൻ പറ്റാത്ത മറ്റൊരു വികാരമാണ് സഹാനുഭൂതി (empathy). ഇതൊരു നന്മമരത്തിന്റെ തികഞ്ഞ ലക്ഷണമൊന്നുമല്ല. മറ്റുള്ളവരുടെ അനുഭവങ്ങളുമായി നമ്മൾ താദാത്മ്യം പ്രാപിച്ചാൽ മാത്രമല്ലേ നമ്മൾ അവർക്കായി ചെയ്യുന്നത് അവർക്ക് സ്വീകാര്യമാവൂ? അല്ലാത്ത പക്ഷം നമ്മൾ എന്നും നമുക്കായി മാത്രം ഒരു ലോകം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് വിഷയങ്ങളോട് വീണ്ടുവിചാരമില്ലാതെ പ്രതികരിക്കുന്നത് ഒഴിവാക്കുന്നതല്ലേ നല്ലത്?
English Summary : What is the importance of emotional intelligence ?