ADVERTISEMENT

മണ്ണിൽ  വീണ പരിപ്പുവടകൾ (കഥ)

പരിപ്പുവടകളുടെ  ചിത്രങ്ങളോട്  എനിക്ക്  വല്ലാത്തൊരിഷ്ടമാണ് . സ്വർണ്ണനിറത്തിൽ  മൊരിഞ്ഞ പരിപ്പുവടകളും  കൂട്ടായി ചായയോ പഴമോ ആകും ആ ചിത്രങ്ങളിൽ മിക്കവയിലും.  മരുഭൂമിയിൽ ഇരുന്ന്  അതൊക്കെ കാണുമ്പോൾ  ഓർമ്മകൾക്ക്  ചിറകുമുളയ്ക്കും. പഴയ  ഓർമ്മകളിലെ എന്തോരം  പരിപ്പുവട കോമ്പിനേഷനുകൾ  ആണ്  നാവിന്റെ  രസമുകുളങ്ങളെ ത്രസിപ്പിക്കുന്നത്.

 

കട്ടൻചായയും പരിപ്പുവടയും, സമോവറിൽ നിന്ന് ചായക്കാരൻ കൂട്ടിയെടുത്തു  പൊക്കിയടിച്ചു  പതനിറപ്പിച്ചു  നൽകുന്ന നാടൻപാൽ ചായയും കൂടെ നല്ലതുപോലെ മൊരിഞ്ഞ  ചൂട്  പരിപ്പുവടയും,  എന്റെ ഫാർമസി  പഠനകാലത്ത്   ഉഡുപ്പി ബ്രാഹ്മിൻസ്  ഹോട്ടലിൽ   കിട്ടുന്ന മസാല രസവട, സ്കൂൾ മാഷായ അപ്പൻ സ്കൂൾ വിട്ടു  മടങ്ങിവരുമ്പോൾ വാങ്ങിക്കൊണ്ടുവരുന്ന  പരിപ്പുവടയും  ഞാലിപ്പൂവൻ  പഴവും അങ്ങനെ  നാവിന്റെ രസനയിൽ തങ്ങി  നിൽക്കുന്ന ഒട്ടേറെ പരിപ്പുവട  രുചികൾ.

parippuvada-01

 

വടയുടെ  വകഭേദങ്ങൾ  ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ  കാണാൻ  കഴിയും. അറബിനാട്ടിലെ  ഫിലാഫിൽ നമ്മുടെ  നാട്ടിലെ വടയുടെ വകേൽ ഒരു  അനന്തരവനായിട്ടുവരും. പാശ്ചാത്യരുടെ  ഡോണട്ട്, ട്രിനിയാഡിലെ  പ്രസിദ്ധമായ  വിഭവം  ഡബിൾ‍സ്‌  ഇതൊക്കെ  വടയുടെ ബന്ധുമിത്രാദികൾ  തന്നെ.  വടയുടെ  ജീവചരിത്രം പരിശോധിച്ചാൽ  തമിഴ് നാട്ടിലോ  ശ്രീലങ്കയിലോ  ആണ്  പിറവി. ഏകദേശം രണ്ടായിരം കൊല്ലത്തെ  ചരിത്രമുള്ള  പലഹാരം  ആണ്  വട.  സംസ്കൃതത്തിലെ  വടക  എന്ന പദത്തിൽ  നിന്നാണ്  വട എന്ന പേര്  രൂപംകൊണ്ടതെന്ന്  പറയപ്പെടുന്നു. 

 

കർണാടകയിൽ  പരിപ്പുവടയ്ക്ക്  മസാലവടയെന്നും  തമിഴ്നാട്ടിൽ  ആമവട  എന്നും  പറയാറുണ്ട്. ആമയുടെ  പുറംതോടിന്റെ രൂപം ഉള്ളത് കൊണ്ടാകും അത്. കേരളീയന്റെ ചൂടുചായക്ക്  കൂടെ ഉള്ള പ്രധാനകടിയായി പരിപ്പ് വട മാറാൻ കാരണം  അതിന്റെ അൽപമ എരിവ് കലർന്ന ടേസ്റ്റും  ഉഴുന്ന് വടയെക്കാൾ കൂടുതൽ നേരം മൊരിവോടെ കേടുകൂടാതെ ഇരിക്കും എന്നതും ആയിരിക്കും. പരിപ്പുവടയും കട്ടന്‍ചായയും ദിനേശ്  ബീഡിയും  കേരള രാഷ്ട്രീയ ചരിത്രത്തില്‍ സ്റ്റാറ്റസ് സിംബലുകളായി അവതരിപ്പിക്കപ്പെട്ടതോടെ  പരിപ്പുവട ഒരു ഹാസ്യ കഥാപാത്രമായി  മാറി. പക്ഷേ പരിപ്പുവടയോളം ജനകീയമായ മറ്റൊരു ചായക്കടി വേറേ ഉണ്ടെന്നു തോന്നുന്നില്ല.

 

1158227702

ഞാൻ ഡിഗ്രിക്കു  പഠിക്കുമ്പോൾ  ഒരിക്കൽ  കൂട്ടുകാരോടൊത്ത്  പാലരുവി  വെള്ളച്ചാട്ടം കാണാൻ  പോയി. എന്റെ  കൂട്ടുകാരൻ രാധാകൃഷ്ണന്റെ  വീട്  ആര്യങ്കാവിൽ ആണ് . അവിടെ നിന്ന് പാലരുവിയ്ക്ക്  അധികം ദൂരമില്ല. പുനലൂരിൽ നിന്ന് മീറ്റർ ഗേജ് ട്രെയിനിൽ ആയിരുന്നു യാത്ര. പുലർകാലത്തെ കുളിരിൽ ഇളവെയിലിന്റെ  നൂലാട വകഞ്ഞുമാറ്റി  കുതിച്ചും കിതച്ചും ഓടുന്ന മീറ്റർഗേജ്  തീവണ്ടി. പത്തുകണ്ണറ  പാലവും  ചെറിയ നീർച്ചോലകളും കല്ലടയാറും ഒക്കെ നൽകിയ സുഭഗമായ കാഴ്ചയുടെ അനുഭൂതി  തീരുന്നതിനു മുമ്പ് ട്രെയിൻ  ഇടപ്പാളയത്ത്  എത്തി. ചെറിയ ഒരു ഒറ്റമുറി സ്റ്റേഷൻ. പ്ലാറ്റ്‌ഫോം ഒന്നും ഇല്ല. അവിടെ രാധാകൃഷ്ണൻ കാത്തുനിൽപ്പുണ്ടായിരുന്നു. കൊല്ലം ചെങ്കോട്ട റോഡ്  സൈഡിൽ ആണ് അവന്റെ വീട് . വീടിനു പുറകിലൂടെ ഒഴുകുന്ന അച്ചൻകോവിലാറ്  ദൂരെ ഉൾവനത്തിൽ  നിന്ന് ആരംഭിക്കുന്നതാണ്.

 

 ഞാനും മാത്യു പ്രകാശും ജയപാലനും ഒക്കെ  ചേർന്ന് അഞ്ചാറുപേർ അടങ്ങുന്ന സംഘത്തിന്  അവന്റെ അമ്മ കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും ഒരുക്കി വെച്ചിരുന്നു. കൂടെ കുരുമുളക്  ചേർത്ത  കരുപ്പട്ടി കാപ്പിയും   ഉള്ളിൽ  ചെന്നതോടെ  ഞങ്ങൾ ഉഷാറായി. രാധാകൃഷ്ണന്റെ  വീടിന്റെ ഇരുപുറവും  റിസേർവ്  വനമാണ്.  അമ്പഴവും കാട്ടുമാങ്ങയും നെല്ലിക്കയും  ഒക്കെ  വനത്തിൽ സമൃദ്ധം. അവന്റെ വീടിന്റെ എതിർഭാഗത്തിലെ വനത്തിലൂടെ കുറെ ദൂരം സഞ്ചരിച്ചാൽ  ഒരു ഗുഹയിൽ  എത്താം  വലിയ  ഒരു പാറയിൽ അള്ളിപ്പിടിച്ചു കയറി വേണം അവിടേക്കെത്താൻ. മനുഷ്യന്റെ കാലൊച്ച കേൾക്കുന്നതോടെ അവിടെ വാസമാക്കിയ കാട്ടാടുകൾ  ഓടി മറയും. ഞങ്ങൾ അവിടൊക്കെ കുറെനേരം കറങ്ങിയടിച്ചെങ്കിലും കാട്ടാടിനെ ഒന്നും കണ്ടില്ല.  ആട്  ഓടിപ്പോയിടത്തെ ആട്ടിൻകാട്ടം മാത്രം കണ്ടു തൃപ്തി അടഞ്ഞു.

 

തിരികെ രാധാകൃഷ്ണന്റെ  വീട്ടിൽ  എത്തിയപ്പോഴേയ്ക്കും മണി പത്തുകഴിഞ്ഞു. അവിടെ നിന്ന് മൂന്നാല് കിലോമീറ്റർ റോഡിലൂടെ നടന്നാൽ മാത്രമേ പാലരുവി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന കാട്ടുപാതയുടെ കവാടത്തിൽ എത്തുകയുള്ളു. തേക്ക് കൂപ്പിന്റെ നടുവിലൂടെ വനത്തിലേക്ക് പോകുന്ന കാട്ടുപാത. അതിനടുത്തായി ഒരു നാടൻ ചായക്കട അന്നുണ്ടായിരുന്നു.ആ കടയിൽ കയറി കപ്പവേവിച്ചതും ഇറച്ചി ക്കറിയും ഓർഡർ ചെയ്തു. അപ്പോഴാണ് കടനടത്തിപ്പുകാൻ  ചേട്ടൻ  പരിപ്പ് വട വേണോ എന്ന് ചോദിച്ചത് .

 

പരിപ്പ് വട എന്ന് കേട്ടാൽ  എനിക്ക് കൊതി അടക്കാൻ പ്രയാസമാണ് . ഞാൻ ഒരെണ്ണം ഓർഡർ ചെയ്തു .വട കൊണ്ടു വന്നപ്പോൾ സംഗതി കേമം,  ചമ്മന്തിക്കൂട്ടിൽ മുക്കിയിട്ടിരിക്കുന്ന രസികൻ പരിപ്പ് വട. തേക്കിലയിൽ ചമ്മന്തിയിൽ കുതിർന്ന പരിപ്പുവടയും കപ്പയും ഇറച്ചിക്കറിയും ചേർത്ത്  ഒരു പിടിപിടിച്ചതിന്റെ സ്വാദ് ഓർക്കുമ്പോൾ ഇപ്പോഴും നാവിന്റെ  രസമുകുളങ്ങൾ പ്രകമ്പനം കൊള്ളുന്നു.  ഞാൻ ആദ്യമായിട്ടാണ് ചമ്മന്തിയിൽ  ഇട്ടു കുതിർത്ത പരിപ്പുവട കപ്പയുടെ കൂടെ കഴിക്കുന്നത് ജീവിതത്തിൽ പിന്നീട് ഒരിക്കലും അത്തരം ഒരു കോമ്പിനേഷൻ കഴിച്ചിട്ടില്ല.

 

കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ്  ഞാൻ മസാല രസവട ആദ്യമായി ശാപ്പിട്ടത്. ഫാർമസിയ്ക്ക് പഠിച്ചുകൊണ്ടിരുന്ന സമയം ഒട്ടേറെ കൊങ്കിണി പട്ടന്മാർ ആയ സഹപാഠികൾ എനിക്ക് ഉണ്ടായിരുന്നു. അവരിൽ ഒരാളായിരുന്ന ജഗദീഷ് ഭട്ടിന്റെ  വീട്ടിൽ ഒരു ദിവസം അവൻ ഞങ്ങളെ കൂട്ടികൊണ്ടുപോയി. അരിപ്പൊടികൊണ്ട് കോലം എഴുതിയ തുളസിത്തറയുള്ള ആ വീടിന്റെ തിണ്ണയിൽ ഇരുന്ന് അവന്റെ അമ്മ ഉണ്ടാക്കിയ ചൂട്  മസാല രസവട  ബ്രൂകോഫിയുടെ അകമ്പടിയോടെ  അകത്താക്കിയത്  വിസ്മരിക്കാനാകില്ല . ഒരു സ്റ്റീൽ  കിണ്ണത്തിൽ ചൂട് രസവും   അതിൽ അപ്പോൾ മൊരിച്ചെടുത്ത കറുമുറു പരിപ്പ് വടയും ഇട്ട് ആവി പറക്കുന്ന  കാപ്പിക്കൊപ്പം  മുമ്പിലേക്ക്  എത്തുമ്പോൾ ആരുടെ ആണെങ്കിലും കൺട്രോളു പോകും. ഞാൻ രണ്ടുമൂന്ന് വട ഇരുന്ന ഇരുപ്പിൽ ശാപ്പിട്ടു. ഒരു ചെറുചിരിയോടെ വീണ്ടും ആ പാത്രത്തിലേക്ക് ചൂട് രസം കോരി ഒഴിയ്ക്കുന്ന കന്നഡമാത്രം സംസാരിക്കാൻ അറിയുന്ന ആ അമ്മയുടെ വാത്സല്യം  എങ്ങനെ മറക്കാൻ ?

 

പിന്നീട്  ഗൾഫിൽ  എത്തിയതോടെ  ഇത്തരം നാടൻ പലഹാരരുചികൾ കുറെക്കാലത്തോളം  നഷ്ടമായി. പരിപ്പുവടയും നെയ്യപ്പവും ഇലയപ്പവുമൊക്കെ  വിസ്‌മൃതിയിലായി പകരം സമൂസയും പക്കാവടയും ബജിയുമൊക്കെ  ആ സ്ഥാനത്തു കേറി ഇരിപ്പുറപ്പിച്ചു. നമ്മുടെ നാടൻ പലഹാരങ്ങളുടെ രുചി  വൈവിധ്യങ്ങളുടെ  ഏഴയലത്തു വരുവാൻ പോലും ഇത്തരം നോർത്ത് ഇന്ത്യൻ ഗോസായിമാർക്ക്  കഴിയില്ല ..പക്ഷേ വേറെ നിവൃത്തിയില്ലല്ലോ. ഒടുവിൽ ഗൾഫിലെ ഉൾനാടൻ പ്രദേശം ആയ ദിബ്ബയിൽ എത്തിയതോടെ വീണ്ടും പഴയ രുചിക്കൂട്ടുകൾ ജീവിതത്തിലേക്ക് തിരികെ വന്നു. 

 

നമ്മുടെ നാട്ടിലെ നാടൻ ചായക്കടകളെ  ഓർമ്മിപ്പിക്കുന്ന  ചെറു റസ്റ്റോറന്റുകൾ ഈ പ്രദേശത്തു ധാരാളം. നാദാപുരം തലശ്ശേരി ഭാഗത്തുള്ളവരാണ് മിക്ക റെസ്റ്റോറന്റ്  ഉടമകളും. ദിബ്ബയിൽ അങ്ങനെ നാടൻ പലഹാരം തേടി നടന്ന  ഞാൻ കണ്ടെത്തി നല്ല ചൂട് പരിപ്പുവട കിട്ടുന്ന ഒരു സ്ഥലം. അൽനാദാ റെസ്റ്റോറന്റിലെ പരിപ്പുവടയുടെ സ്വാദ് ഒന്ന് വേറേ തന്നെ. തിരൂർ ഭാഗത്തുകാരായ നാലഞ്ചു സഹോദരന്മാർ ചേർന്ന്   നടത്തുന്ന  ആ കടയുടെ വിശേഷങ്ങൾ ഒട്ടേറെയുണ്ട്. കാരണവരായ മൂത്തജേഷ്ഠന്റെ മേൽനോട്ടത്തിൽ   സഹോദരന്മാർ  ഒത്തൊരുമിച്ചു കട നടത്തുന്നു.രാവിലത്തെ പ്രധാന വിഭവം ചൂട് പൂരിയും കിഴങ്ങുകറിയും ഉച്ചയ്ക്ക് നാടൻ ഊണ് , വൈകിട്ട് ചായയ്ക്ക്  പരിപ്പു വട സ്‌പെഷൽ, രാത്രിയിലെ പ്രധാന വിഭവം ചിക്കൻ ചില്ലിയും പെറോട്ടയും.

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് മാത്രം  ഉണ്ടാക്കുന്ന മീൻബിരിയാണിയുടെ സ്വാദിനെ വെല്ലുന്ന മറ്റൊരു മീൻബിരിയാണി ഞാൻ ജീവിതത്തിൽ കഴിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെ ഓർഡർ കൊടുത്താലേ മീൻബിരിയാണി പാഴ്സൽ ലഭിക്കുകയുള്ളൂ. അത്ര പിടിയാണ് വെള്ളിയാഴ്ചത്തെ മീൻ ബിരിയാണിക്ക്. അവിടെ മുൻപ് ലഭിച്ചിരുന്ന പരിപ്പുവടയുടെ കാര്യം പറഞ്ഞാൽ നാവിൽ വെള്ളമൂറും. നല്ല കറുമുറാ മൊരിഞ്ഞ രുചികരമായ പരിപ്പുവടകൾ. പച്ചമുളകും   കറിവേപ്പിലയും ഇഞ്ചിയും ഉള്ളിയും പരിപ്പിനോട് ചേർന്നു കുഴഞ്ഞു എണ്ണയിൽ മൊരിഞ്ഞു വരുന്ന സുവർണ്ണ നിറമുള്ള പരിപ്പുവടകൾ . 

 

എന്ത് സ്വാദായിരുന്നു സുലൈമാനിയുടെ കൂടെ കഴിക്കുവാൻ. മലബാറിന്റെ  മുഹബത്തിന്റെ പരിപ്പുവടകൾ തേടി അറബികൾ വരെ എത്തുമായിരുന്നു . ‘ഫിലാഫിൽ ഹിന്ദി’ എന്നാണ് അറബികൾ പരിപ്പുവടയ്ക്ക് പറയുന്നത്. പിന്നീട് എപ്പോഴോ തിരൂർക്കാരൻ കാക്ക പരിപ്പുവട കച്ചവടം നിറുത്തി. കാരണം ചോദിച്ചപ്പോൾ ഒരു ചിരിയിൽ മറുപടി ഒതുക്കി കടയുടെ തിരക്കിലേക്കു  മൂപ്പർ ഊളയിട്ടു. ഒരു പക്ഷേ മിനക്കേട് കൂലി മുതലാകുന്നില്ലായിരിക്കും.

 

ചെറുപ്പത്തിൽ എന്റെ പരിപ്പുവട പ്രേമം മൂലം  അപ്പൻ മിക്കപ്പോഴും   വീട്ടിൽ പരിപ്പുവട വാങ്ങിക്കൊണ്ടു വരുമായിരുന്നു. സ്കൂൾമാഷായ അപ്പൻ രാവിലെ  സ്കൂളിൽ  ചോറു കൊണ്ടുപോകുന്ന ചോറ്റുപാത്രത്തിൽ വൈകുന്നരം തിരികെ വരുമ്പോൾ  ഇത്തരം വിഭവങ്ങൾ എന്തെങ്കിലും  കാണും. ഞാനും പെങ്ങളും വൈകുന്നേരം  അപ്പൻ തിരികെ  വരുന്നത് കാത്തു  കാപ്പി കുടിക്കാതെ കാത്തിരിക്കും .അപ്പൻ വന്നിട്ട് വേണം കട്ടൻകാപ്പിയും ആ പലഹാരങ്ങളും ശാപ്പിടുവാൻ. അപ്പൻ വീടിന്റെ  പടിക്കൽ എത്തുമ്പോഴേക്കും ഓടിച്ചെന്ന്  കയ്യിലിരിക്കുന്ന ബാഗ് കൈക്കലാക്കാൻ ഞാനും പെങ്ങളും മൽസരമായിരുന്നു.

 

ബാഗ് തുറന്നു ചോറ്റുപാത്രം എടുത്ത്  ഒന്ന് കുലുക്കി നോക്കും. ആഹാ ..സമാധാനമായി അകത്തു എന്തോ കുലുങ്ങുന്നുണ്ട് .പിന്നെ ചോറ്റുപാത്രം തുറന്ന് അകത്തെ വിഭവം കാണാതെ സമാധാനമാകുകയില്ല. മിക്കപ്പോഴും പരിപ്പുവടയും പൂവൻപഴവും ആകും അകത്ത് . അതുമല്ലെങ്കിൽ  പാത്രത്തിൽ നെയ്യപ്പമോ  അൽബൂരിയോ ആയിരിക്കും . തമിഴ് നാട്ടിലെ  അതിരസം എന്ന പലഹാരം ആണ് നമ്മുടെ അൽബൂരി.ഒരു നാടൻ ഡൗനട്ട്.. അരിപ്പൊടി ചേർത്ത് ഉണ്ടാക്കിയ  വടപോലെ ഉള്ള ഈ  പലഹാരം ശർക്കരപാനിയിൽ  മുക്കി എണ്ണയിൽ വറത്തെടുക്കും ഏറെ ദിവസം കേടാകാതെ ഇരിക്കും  എന്നതാണ് ഈ പലഹാരത്തിന്റെ പ്രത്യേകത.   

 

അപ്പൻ കൊണ്ടുവരുന്ന പലഹാരം ചൂട് കട്ടൻകാപ്പിയോടൊപ്പം അകത്താക്കി ഒരു ഏമ്പക്കം വിടുന്നതോടെ സമാധാനം ആകും.  അതുപോലെ ഞായറാഴ്ച പള്ളി കഴിഞ്ഞു  അപ്പന്റെ കൂടെ വരുമ്പോൾ അപ്പൻ വഴിയോരത്തെ നാടൻ ചായക്കടയിൽ നിന്ന് മൂന്നാലു പരിപ്പുവടകൾ വാങ്ങിക്കൊണ്ട് വരും . ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ആ പരിപ്പുവടകൾ ഉച്ചയ്ക്ക് ചോറിനോടൊപ്പം കഴിക്കും .മിക്കപ്പോഴും ചോറിനു കറികൾ കുറവായിരിക്കും  പഞ്ഞകാലമല്ലേ അന്ന് .. അതിന്റെ ക്ഷീണം ചോറിനോടും കാച്ചിയ മോരിനോടും ഒപ്പം പരിപ്പുവട ചേർത്ത് പിടിക്കുമ്പോൾ തീർന്നുകിട്ടും. പരിപ്പുവട പൊതിഞ്ഞു കൊണ്ടുവന്ന പേപ്പർ വായിച്ചുകൊണ്ടായിരിക്കും ഊണ് കഴിക്കുക .  ആ പരിപ്പ് വട പൊതിഞ്ഞു കൊണ്ടുവന്ന എണ്ണ മെഴുക്കു പിടിച്ച ന്യൂസ്‌പേപ്പറിന്റെ മണം ഇപ്പോഴും മൂക്കിൽ എവിടെയോ നിൽക്കുന്നതുപോലെ..

 

ഈ പരിപ്പുവട കഥകളുമായി ചേർത്തുവെയ്ക്കുമ്പോൾ  എന്നെ സങ്കടപ്പെടുത്തുന്ന ഒരു അനുഭവം കൂടിയുണ്ട്. അപ്പന് അന്ന്  വീടിന്റെ നാലഞ്ചുകിലോമീറ്റർ ദൂരത്തുള്ള ഒരു ഗവൺമെന്റ് എൽ.പി സ്കൂളിൽ ആണ് ജോലി. പ്രൊട്ടക്ഷൻ വേക്കൻസി ആയതിനാൽ മാസങ്ങളോളം ശമ്പളം കിട്ടാൻ ബാക്കി ഉണ്ടാകും. ഏറെ ദുരിതം പിടിച്ചതായിരുന്നു അന്നത്തെ അധ്യാപകരുടെ ജീവിതം. സർക്കാർ സ്കൂളുകളിൽ  അന്ന് ഉച്ചഭക്ഷണം ആയി ഉപ്പുമാവ് ആയിരുന്നു കൊടുത്തിരുന്നത് . അപ്പന്റെ സ്കൂളിലും ഉപ്പുമാവ് വിതരണം ഉണ്ടായിരുന്നു. ഉപ്പുമാവ് പാകം ചെയ്യുവാൻ സർക്കാർ എണ്ണയും മറ്റുസാധനങ്ങളും എത്തിച്ചു കൊടുത്തിരുന്നു.  ദാരിദ്യം കൊണ്ട്  ചില അധ്യാപകർ  ആ സാധനങ്ങളിൽ  ചിലതൊക്കെ  വീട്ടിലേക്ക് കടത്തുമായിരുന്നു. 

 

അപ്പന്റെ സ്കൂളിൽ ഇത്തരത്തിൽ പാചക എണ്ണയും മറ്റും അധ്യാപകർ   കടത്തുന്നുണ്ടെന്ന്  നാട്ടുകാരിൽ ചിലർക്ക് സംശയം. അത് പരിശോധിക്കാനായി അവരിൽ ചിലർ ഇറങ്ങി. അപ്പനോട് എതിരുള്ള ഏതോ ഒരു അധ്യാപകൻ  അപ്പൻ എണ്ണ ചോറ്റുപാത്രത്തിൽ   കടത്തി കൊണ്ടുപോകുന്നുണ്ട്  അവരോട്  കള്ളം പറഞ്ഞിരുന്നു. ഒരു ദിവസം അപ്പൻ സ്കൂൾ  വിട്ടുവരുമ്പോൾ വഴിയിൽ വെച്ചു അവരിൽ ഒരുത്തൻ തടഞ്ഞു നിറുത്തി ബലമായി ബാഗ് കൈക്കലാക്കി പരിശോധന തുടങ്ങി. 

 

അപ്പൻ  വിഷണ്ണനായി  റോഡിൽ  നിന്ന്  വിയർക്കുകയാണ് . ചോറ്റുപാത്രം വലിച്ചു പുറത്തെടുത്തു  നോക്കിയപ്പോൾ  നല്ല കനം. എന്തോ പാചകസാധനങ്ങൾ തന്നെ അവർ ഉറപ്പിച്ചു. കള്ളനെ പിടിച്ച സന്തോഷത്തോടെ അവർ ആ  ചോറ്റുപാത്രം വലിച്ചു തുറന്നു.പിടിവലിയ്ക്കിടയിൽ മണ്ണിലേക്ക് തെറിച്ചു വീണു നാലു പരിപ്പുവടകൾ.  അപ്പൻ ഞങ്ങൾക്കായി ഇല്ലാത്ത പൈസ മുടക്കി  വാത്സല്യത്തോടെ  വാങ്ങിക്കൊണ്ടു  വന്ന പരിപ്പുവടകൾ  മണ്ണിൽ പൊടി പറ്റി കിടക്കുന്നത്  കണ്ട് അപ്പന്റെ ഉള്ളുപിടഞ്ഞുകാണും..തീർച്ച. 

 

English Summary : Mannil Veena Parippuvadakal By Samson Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com