ADVERTISEMENT

ചൂണ്ടയിൽ മീൻ കുരുങ്ങി എന്ന് തിരിച്ചറിഞ്ഞ അതേ നിമിഷത്തിലാണ്, ഒരു യുവതി, അക്കുഡേറ്റിൽ നിന്നും പുഴയിലേക്ക് ചാടുന്നത് അയാൾ കണ്ടത്....! ആദ്യം അന്ധാളിച്ച് നിലവിളിച്ചെങ്കിലും, അടുത്ത നിമിഷത്തിൽ മനസ്സാന്നിധ്യം വീണ്ടെടുത്ത് അയാൾ പുഴയിലേക്ക് ചാടി. പിന്നെ അവൾ വീണ ഭാഗത്തേക്ക് വേഗത്തിൽ നീന്തി. നീന്താനും മുങ്ങാംകുഴിയിടാനുമൊക്കെ പഠിപ്പിച്ച മുത്തച്ഛനെ മനസ്സിൽ ധ്യാനിച്ച് കുതിക്കവെ ഒരു ദുർമരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരല്ലേ എന്ന പ്രാർഥനയായിരുന്നു അയാളുടെ മനസ്സ് നിറയെ. ഒരുവൾ പുഴയിൽ വീണിരിക്കുന്നു. അവളെ എങ്ങനെയും രക്ഷപ്പെടുത്തണം. ഇത് മാത്രമേ അയാൾ ചിന്തിച്ചുള്ളൂ. രക്ഷാപ്രവർത്തനത്തിൽ പങ്കുചേരാൻ ആരെങ്കിലുമൊക്കെ വന്നിരുന്നെങ്കിലെന്ന് അയാൾ ആഗ്രഹിച്ചു. എന്നാൽ ഞായറാഴ്ച്ച വൈകുന്നേരമായതിനാൽ പരിസരത്തെങ്ങും ഒരാളും ഉണ്ടായിരുന്നില്ല. പൊതുവെ ആൾസഞ്ചാരം കുറഞ്ഞ അക്കുഡേറ്റ് വഴി ആ സമയത്ത് ആരും വന്നില്ല. ഒരു മോട്ടോർ സൈക്കിൾ പോലും കടന്നു പോയില്ല. ഇരു കരകളിലേയും വീടുകളും മറ്റും തീരത്തു നിന്നും കുറച്ചു മാറിയാണ്. പുഴവക്കത്തെ കാട് മൂടിയ പറമ്പുകൾക്കപ്പുറത്താണ്. അലറിക്കരഞ്ഞാൽ പോലും ആരും കേട്ടെന്ന് വരില്ല. അല്ലെങ്കിലും ഒച്ചവെച്ച് ആളെ കൂട്ടുന്നതിൽ വലിയ കാര്യമൊന്നുമില്ലെന്ന് അയാൾക്കറിയാമായിരുന്നു. അതിനൊക്കെ സമയമെടുക്കും. അപ്പോഴേക്കും ചാടിയവൾ ചീർത്ത് പൊങ്ങിയിരിക്കും! അതുകൊണ്ടുതന്നെ അത്യാഹിതം കണ്ട ഉടനെ ഉണർന്ന് പ്രവർത്തിക്കാനുള്ള തന്റെ തീരുമാനം ഉചിതവും കൃത്യവുമാണെന്ന ബോധ്യം അയാളിൽ നിറഞ്ഞു നിന്നു. ആ സന്ദർഭത്തെ ഒറ്റക്ക് അഭിമുഖീകരിക്കുക എന്നത് തന്റെയൊരു നിയോഗമായും അയാൾ കണ്ടു.

താഴ്ന്ന് താഴ്ന്ന് പോകുന്ന അവളുടെ മുടിയിൽ അയാൾക്ക് പിടുത്തം കിട്ടി. അയാളവളെ മുകളിലേക്കുയർത്തി. ആരോ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടാവണം അവൾ അതിശക്തമായി കുതറി. മരിക്കണമെന്ന നിശ്ചയദാർഢ്യത്തോടെ ചാടിയതാണവളെന്ന് അതിൽ നിന്നും അയാൾക്ക് തീർച്ചയായി. പക്ഷേ,അവളെ രക്ഷിക്കുക എന്ന ഒറ്റ വഴിയേ അയാൾക്ക് മുന്നിലുള്ളൂ. ഇല്ലെങ്കിൽ തന്റെ കൺമുന്നിൽ പുഴയിൽ ചാടി മരിച്ച ആ യുവതിയുടെ ചീർത്ത ശവശരീരം അയാളുടെ ഉറക്കം കെടുത്തും. നിദ്രാവിഹീനമായ രാത്രികളെ അയാൾക്ക് ഭയമാണ്! ഓളപ്പരപ്പിലും വെള്ളത്തിനടിയിലുമൊക്കെ വെച്ച് അയാളിൽ നിന്നും കുതറി മാറി മരണത്തിലേക്ക് ആഴ്ന്ന് പോകാൻ അവൾ കിണഞ്ഞു ശ്രമിച്ചു. എന്നാൽ അയാളുടെ കരുത്ത് അവളെ അതിൽ നിന്നും തടഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ ശരീരം തളർന്ന് അവൾ അർദ്ധ ബോധാവസ്ഥയിലായി. ഈ സമയം സർവശക്തിയുമെടുത്ത് അവളെയും കൊണ്ടയാൾ കരയിലേക്ക് നീന്തി. നിലയുള്ളിടത്തെത്തിയപ്പോൾ അയാളവളെ തോളത്തു നിന്നും തന്റെ ബലിഷ്‌ഠമായ കൈകളിലേക്കെടുത്തു കൊണ്ട് നടന്നു. അതിസുന്ദരിയായ ആ യുവതിയേയും വാരിപ്പിടിച്ച് ഓളങ്ങളെ ചവിട്ടി മെതിച്ച് അയാൾ ഒരുവിധം കര തൊട്ടു. കിതപ്പടക്കിക്കൊണ്ട് അയാൾ ചുറ്റും നോക്കി. ഒരാളുമില്ല! ആരും ഒന്നും കണ്ടിട്ടില്ല. അറിഞ്ഞിട്ടില്ല. അയാൾക്ക് ആശ്വാസം തോന്നി. ആൾക്കൂട്ടവും അഭിപ്രായങ്ങളും ചോദ്യങ്ങളും അന്വേഷണങ്ങളുമൊക്കെ വലിയ പൊല്ലാപ്പാണ്. യൂട്യൂബ് ചാനലുകാരും മറ്റും സകല സ്വകാര്യതയും ലംഘിച്ചേക്കും. എല്ലാ പരിധികളും ഭേദിച്ചേക്കും. അതുകൊണ്ട് ആരും ഒന്നും അറിയാത്തത് തന്നെയാണ് നല്ലത്; തനിക്കുമതെ, ഈ പെൺകുട്ടിക്കുമതെ. അയാൾ ചിന്തിച്ചു.  

അയാളവളെ താൻ ചൂണ്ടയിടാൻ ഇരുന്നിടത്തേക്ക് കിടത്തി. മൽപ്പിടുത്തത്തിനിടക്ക് സംഭവിച്ച ചില നിസ്സാര ചതവുകളും മുറിവുകളുമൊഴിച്ചാൽ അവൾക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്ന് അയാൾക്ക് മനസ്സിലായി. ഒരുപാട് വെള്ളം കുടിക്കുകയും ചെളി അകത്ത് പോവുകയുമൊന്നുമുണ്ടായിട്ടില്ല.അയാൾ അവളുടെ വസ്ത്രങ്ങൾ ശരിപ്പെടുത്തി. മുഖത്ത് നിന്നും വെള്ളം തുടച്ചു കളഞ്ഞു. തല തുവർത്തി. പിന്നെ അവളെയും നോക്കി, അവളുണരുന്നതും കാത്ത് കുറച്ചപ്പുറത്തേക്ക് മാറിയിരുന്നു. ഏതാണ്ട് അരമുക്കാൽ മണിക്കൂറെടുത്തു അവൾ സ്വബോധം വീണ്ടെടുക്കാൻ. തളർന്നതും ചുവന്നു കലങ്ങിയതുമായ കണ്ണുകളോടെ അവൾ അയാളെ നോക്കി. ഏതു ഭാവമാണാ കണ്ണുകളിൽ? ഏതു ഭാവമാണാ മുഖത്ത്? തനിക്ക് വായിച്ചെടുക്കാനാവാത്ത ഏതോ ഭാവത്തിലാണവൾ തന്നെ നോക്കുന്നതെന്ന് അയാൾക്ക് തോന്നി. "നിങ്ങളാണോ എന്റെ രക്ഷകൻ?" പതിയെ എഴുന്നേറ്റ് കൊണ്ട് ഒട്ടൊരു പരിഹാസത്തോടെ അവൾ ചോദിച്ചു. അയാൾ ചെറുതായൊന്ന് ചിരിച്ചു. പിന്നെ അതെ എന്ന അർഥത്തിൽ തലയാട്ടി. "രക്ഷാപ്രവർത്തനം വേണ്ടായിരുന്നു. ഞാൻ ചാകാനായിത്തന്നെ ചാടിയതാണ്. സ്വസ്ഥമായൊന്ന് ചാകാനും സമ്മതിക്കില്ലെന്ന് വെച്ചാൽ....?" അവൾ  ആരോടെന്നില്ലാതെ പറയുകയും, അർദ്ധോക്തിയിൽ നിർത്തുകയും ചെയ്തു. അയാൾ എഴുന്നേറ്റ് അവൾക്കടുത്തേക്ക് ചെന്നു. അയാൾ പറഞ്ഞു "ഇവിടെ അടുത്ത് തന്നെയാണ് ഞാൻ താമസിക്കുന്നത്. ഇവിടെ നിന്നും മേലേക്ക് കയറി ഇടവഴിയിലൂടെ അഞ്ചു മിനിറ്റ് നടക്കാനേ ഉള്ളൂ. വീട്ടിലേക്ക് പോകാം. ഒന്ന് കുളിച്ച് ഈ വസ്ത്രമൊക്കെ മാറാമല്ലോ." അയാൾ പതിഞ്ഞ ശബ്ദത്തിൽ സൗമ്യമായി പറഞ്ഞു.

"എന്നിട്ട്....? എന്നിട്ടെന്തിനാ....?" നെറ്റി ചുളിച്ചു കൊണ്ട് അവൾ ചോദിച്ചു. "എന്നിട്ട് നിന്നെ ഞാൻ നിന്റെ വീട്ടിൽ കൊണ്ട് ചെന്നാക്കാം. വീട് എവിടെയാണെന്ന് മാത്രം പറഞ്ഞാൽ മതി." അയാളിത് പറഞ്ഞപ്പോൾ അയാളെ രൂക്ഷമായി നോക്കിക്കൊണ്ട് അവൾ എഴുന്നേറ്റു. അവൾ ശബ്ദമുയർത്തി "വലിയ രക്ഷകൻ ചമഞ്ഞു കളയാമെന്നൊന്നും ഇയാൾ കരുതേണ്ട. എന്നെയങ്ങ് ഉള്ളം കൈയിലൊതുക്കി കളയാമെന്ന ധാരണയും വേണ്ട. ആത്മഹത്യ ഇയാൾ തടഞ്ഞു. അത് പോട്ടെ എന്ന് കരുതാം. ചിലർക്ക് ചിലത് കണ്ടാൽ കണ്ടില്ലെന്ന് നടിക്കാനാവില്ല. പക്ഷേ ഇവിടെ നിന്ന് എങ്ങനെ എവിടേക്ക് പോകണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ മാത്രം...." "ശരി. തീരുമാനിച്ചോളൂ.. പക്ഷേ ഇവിടെ ഇങ്ങനെ നിന്നാൽ പോരല്ലോ. ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുന്നതിന് മുൻപ് ഇവിടെ നിന്നും മാറണ്ടേ...." അയാളിത് പറഞ്ഞപ്പോൾ മാത്രമാണ് അവൾ പരിസരത്തെക്കുറിച്ച് ബോധവതിയായത്. അവളാകെ അസ്വസ്ഥയായി. അവൾ അയാളുടെ കൈയിൽ പിടിച്ചു. "എവിടെയാ നിങ്ങളുടെ വീട്? വാ, നമുക്ക് വേഗം അങ്ങോട്ട് പോകാം." വെപ്രാളത്തോടെ ചുറ്റും നോക്കിക്കൊണ്ട് അവൾ പറഞ്ഞു. അയാളുടനെ പുഴവക്കത്തു നിന്നും മേലെയുള്ള മൺവഴിയിലേക്ക് അവളെ കൈ പിടിച്ച് കയറ്റി. ഉച്ചക്ക് പെയ്തമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ചാടിക്കടന്ന് അയാൾ ഇടവഴിയിലേക്കിറങ്ങി. പിന്നാലെ അവളും. കൊന്നമര വേലികളുള്ള ഇടവഴിയിലൂടെ ഒരു ചെറിയ കാവ് പിന്നിട്ട് അവർ അയാൾ താമസിക്കുന്ന വീട്ടിലേക്കെത്തി. അതൊരു ചെറിയ വീടായിരുന്നു. ഓട് മേഞ്ഞതും വെളുത്ത പെയിന്റടിച്ചതും പഴയ വാർപ്പ് മാതൃകയിലുള്ളതുമായ ഒരു വീട്. വരാന്തയും അരമതിലുള്ള ഉമ്മറവുമുള്ള വീട്.

"ഇവിടെ ആരൊക്കെയാ ഉള്ളത്?" അവൾ ആകാംക്ഷയോടെ ചോദിച്ചു. "ആരുമില്ല." ഇതും പറഞ്ഞ് അയാൾ തൊട്ടപ്പുറത്തെ ഒറ്റനില വീട്ടിലേക്ക് നടന്നു. "ലയനച്ചേച്ചീ...." ശബ്ദം താഴ്ത്തി വിളിച്ചു കൊണ്ട്, അരമതിൽ ചാടിക്കടന്ന്, അയാൾ ആ വീടിന്റെ വരാന്തയിലേക്ക് കയറി. "എന്താ ശിവൻ കുട്ടീ....?" അകത്ത് നിന്നെത്തിയ മധ്യവയസ്ക്കയായ സ്ത്രീ ചിരിയോടെ ചോദിച്ചു. "ഒന്നും പറയണ്ട എന്റെ ലയനച്ചേച്ചീ... ചൂണ്ടയിട്ട് കൊണ്ടിരുന്നപ്പോൾ ഒരു പെണ്ണ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി. ചാകാൻ വേണ്ടിത്തന്നെ ചാടിയതാ. പക്ഷേ ഞാൻ അവളെ പിടിച്ച് കരക്ക് കയറ്റി. ഇങ്ങോട്ട് കൊണ്ട് വരേണ്ടി വന്നു. അവൾക്ക് മാറിയുടുക്കാൻ എന്തെങ്കിലുമൊന്ന് തന്നാൽ നന്നായിരുന്നു." അൽപ്പ സമയത്തേക്ക് ലയന ഒന്നും പറഞ്ഞില്ല. അയാളെ ഉറ്റു നോക്കുക മാത്രം ചെയ്തു. പിന്നെ പതിയെ ചോദിച്ചു: "കുഴപ്പമൊന്നുമില്ലല്ലോ....?" "ഇല്ലെന്നേ... ചേച്ചി പോയി അവൾക്കിടാൻ എന്തെങ്കിലുമെടുക്ക്. എന്നിട്ട് എനിക്കൊപ്പമൊന്ന് വീട്ടിലേക്ക് വാ...." അയാൾ അക്ഷമയോടെ പറഞ്ഞു. ഒന്നമർത്തി മൂളിക്കൊണ്ട് ലയന അകത്തേക്ക് പോയി. ഒട്ടും വൈകാതെ അവർ ഒരു പൊതിയുമായി വന്നു. അയാൾ അവരേയും കൂട്ടി തന്റെ വീട്ടിലേക്കെത്തി. അവളപ്പോൾ വീടിനോട് ചേർന്നുള്ള ഷെഡിന്റെ മറപറ്റി നിൽക്കുകയായിരുന്നു. ലയനയെ കണ്ടതും അവൾ ജാള്യതയോടെ ചിരിച്ചു. അവളെ അടിമുടി നോക്കിക്കൊണ്ട് ലയന, തന്റെ പക്കലുള്ള പൊതി അവൾക്ക് നേരെ നീട്ടി. "മാറ്റിയുടുക്കാനുള്ളതാ.. വാങ്ങിച്ചോ..." അയാൾ പറഞ്ഞു. അവൾ മനസ്സില്ലാമനസ്സോടെ ആ പൊതി വാങ്ങി തുറന്നു. മജന്ത നിറത്തിലുള്ള ചുരിദാറും അടിവസ്ത്രങ്ങളുമൊക്കെയായിരുന്നു അതിലുണ്ടായിരുന്നത്.

"മകളുടേതാണ്. അവളിവിടില്ല. ബാംഗ്ലൂരിലാണ്. ഭർത്താവിനൊപ്പം." ലയന പറഞ്ഞു. "ചേച്ചി, ഇവളെ അകത്തേക്ക് കൂട്ടിക്കോ...." അയാൾ പറഞ്ഞു. ലയന അയാളെ നോക്കി ശരി എന്ന അർഥത്തിൽ തലയാട്ടി. പിന്നെ അവളോട് പറഞ്ഞു: "വരൂ... അകത്തേക്ക് പോകാം." അവർ അവളെ വീടിന് പിന്നാമ്പുറത്തൂടെ അകത്തേക്ക് കൂട്ടി. "എന്താ നിന്റെ പേര്?" ലയന ചോദിച്ചു. "അഷ്ടമി." അവൾ പറഞ്ഞു. ഈ സമയം അയാൾ ഷെഡിൽ നിന്നും തന്റെ ഹെർക്കുലീസ് സൈക്കിളുമെടുത്ത് പുറത്തേക്കിറങ്ങി. ഇടവഴി പിന്നിട്ട് ടാറിട്ട റോഡിലൂടെ സൈക്കിൾ ചവിട്ടി അയാൾ കവലയിലേക്കെത്തി. "എന്താടോ... ഇന്ന് മീനൊന്നും കിട്ടിയില്ലേ?" കവലയിലെ പള്ളിക്കടുത്തുള്ള പുഴ മീൻ സ്റ്റാളുകാരൻ വിളിച്ചു ചോദിച്ചു. "ഇല്ല പ്രമോദേ... ഒരു മീനും ഇന്ന് ചൂണ്ടയിൽ കൊത്തിയില്ല." ഒരു കള്ളച്ചിരിയോടെ അയാൾ പറഞ്ഞു. അയാൾ ചായക്കടയിലേക്ക് കയറി. കുറെ എണ്ണപ്പലഹാരങ്ങൾ വാങ്ങി. ശേഷം സൈക്കിൾ തിരികെ വീട്ടിലേക്ക് ചവിട്ടി. അയാൾ ചെല്ലുമ്പോൾ അവൾ കുളിക്കുകയായിരുന്നു. കുളിമുറിക്ക് പുറത്ത് തന്നെ ലയന ഉണ്ടായിരുന്നു. "വാതിൽ കുറ്റിയിട്ടിട്ടില്ലല്ലോ..." അയാൾ ശബ്ദം താഴ്ത്തി ചോദിച്ചു. "ഇല്ല.. ഞാനതിന് സമ്മതിച്ചില്ല." ലയന പറഞ്ഞു. അയാൾ ആശ്വാസത്തോടെ എണ്ണപ്പലഹാരങ്ങൾ പാത്രത്തിലേക്ക് വിളമ്പി. പിന്നെ ചായക്ക് വെള്ളം വെച്ചു. "എന്നാലും എന്തഴകാണ് ഈ കൊച്ചിന്... എന്തിനാ ആത്മഹത്യക്ക് ശ്രമിച്ചതാവോ...?" ലയന ഒരു ദീർഘ നിശ്വാസമുതിർത്തു. "അതൊക്കെ നമുക്ക് വഴിയേ ചോദിച്ച് മനസ്സിലാക്കാം. കുളി കഴിഞ്ഞ് വന്ന് ഈ ചായയൊക്കെ കുടിച്ച്, അവളൽപ്പം വിശ്രമിക്കട്ടെ. ആ മനസ്സൊന്ന് ശാന്തമാവട്ടെ. ചേച്ചി അവളുടെ അടുത്ത് തന്നെ ഉണ്ടാകണം. ഒറ്റക്കാകാൻ അനുവദിക്കരുത്." അയാൾ പറഞ്ഞു. "ഈ കൊച്ച് സുരക്ഷിതയായി അതിന്റെ വീട്ടിലെത്താതെ എനിക്കൊരു സമാധാനവുമില്ലെടാ.. എനിക്കുമില്ലേ ഈ പ്രായത്തിൽ ഒരു മോള്... അതുകൊണ്ട് ഇവൾക്ക് ഒരാപത്തും വരാതിരിക്കാൻ എന്നാലാവുന്നതെല്ലാം ഞാൻ ചെയ്യും. നിനക്കതിൽ ഒരു സംശയവും വേണ്ട." ലയന പറഞ്ഞു.

അയാൾ ആവി പറക്കുന്ന ചായ ഗ്ലാസുകളിലേക്ക് പകർന്നു. ഈ സമയം കുളിമുറിയുടെ വാതിൽ തുറക്കപ്പെട്ടു! മജന്ത നിറത്തിലുള്ള ചുരിദാറൊക്കെയണിഞ്ഞ്, ഈറൻ മുടി തോർത്ത് കൊണ്ട് മുകളിലേക്ക് കെട്ടി വെച്ച് അവൾ ഇറങ്ങി വന്നു.. സോപ്പിന്റെയും ഷാംപൂവിന്റെയും സുഗന്ധം അവിടമാകെ പരന്നു.. അവളുടെ സൗന്ദര്യകാന്തി അവിടമാകെ പടർന്നു. അയാൾക്കും ലയനക്കും അവളിൽ നിന്നും കണ്ണെടുക്കാനേ കഴിഞ്ഞില്ല! ആ സൗന്ദര്യം, ആർദ്ര ഭാവം, നടപ്പുതാളം എത്ര വശ്യം! "ഇനി ഞാൻ പോകട്ടെ." അവൾ പുറത്തേക്കിറങ്ങാനൊരുങ്ങി. എന്നാൽ അയാൾ പറഞ്ഞു : "ചായ കുടിച്ചിട്ട് പോകാം. ഞാൻ കഴിക്കാനൊക്കെ വാങ്ങിക്കൊണ്ട് വന്നു." അവൾ ചെറുചിരിയോടെ അയാളെ നോക്കി. അവൾക്കയാളോടുണ്ടായിരുന്ന ഈർഷ്യ അലിഞ്ഞലിഞ്ഞില്ലാതായത് പോലെ! "ശരി. ചായ കുടിച്ചിട്ട് പോകാം." അവൾ തീന്മേശക്കരികിലേക്ക് നടന്നു. കരുണയും വാത്സല്യവും നിറഞ്ഞ അയാളുടെ ക്ഷണം അവളെങ്ങനെ നിരാകരിക്കും! അവളിരുന്നു. ചായ ഒരിറക്ക് കുടിച്ചു. "നല്ല ചായ. ഇതാരാണുണ്ടാക്കിയത്? ചേച്ചിയാണോ?" അവൾ ലയനയെ നോക്കി ചോദിച്ചു. "ഞാനാണ്." അയാൾ ചിരിയോടെ പറഞ്ഞു. "ഒറ്റക്കായത് കൊണ്ട് അവന് പാചകമൊക്കെ നല്ല വശമാ..." ലയന പറഞ്ഞു. "എന്താ ഒറ്റക്ക്...?" അവൾ അയാളെ ആപാദചൂഢം നോക്കിക്കൊണ്ട് ചോദിച്ചു. "അതൊക്കെ ഒരു വലിയ കഥയാണ്. പിന്നീട് പറയാം. ഇപ്പോൾ ചായ കുടിക്ക്." അയാൾ ഇതും പറഞ്ഞ് വരാന്തയിൽ പോയിരുന്നു. അതൊരു രക്ഷപ്പെടലാണെന്ന് അവൾക്ക് മനസ്സിലായി. സ്വന്തം കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നുള്ള ഒരു ഒഴിഞ്ഞു മാറൽ. അധികം വൈകാതെ അവൾ ചായ കുടിച്ചെഴുന്നേറ്റു. കൈയും വായും കഴുകി അവൾ വരാന്തയിലേക്കിറങ്ങിച്ചെന്നു.

"ഇനി ഞാൻ പോകട്ടെ." അവൾ പറഞ്ഞു. അത് കേട്ടതും അയാൾ പിടഞ്ഞെണീറ്റു. അയാൾ പറഞ്ഞു : "കുട്ടീ... നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും, അധീശത്വം സ്ഥാപിക്കുകയാണെന്നുമൊന്നും വിചാരിക്കരുത്. നമ്മളൊക്കെ മനഃസാക്ഷിയുള്ള മനുഷ്യരാണ്. അതുകൊണ്ട് പറയുകയാണ്. വീടെവിടെയാണെന്ന് പറഞ്ഞാൽ ഞാൻ അവിടെക്കൊണ്ടാക്കാം. സുരക്ഷിതമായി കുട്ടിയെ വീട്ടിലെത്തിച്ചാലേ എനിക്കൊരു മനഃസമാധാനം കിട്ടൂ. അതുകൊണ്ടാ...." അയാളിത് പറഞ്ഞത് ശരിക്കും ഉള്ളിൽ തട്ടിയാണെന്ന് അവൾക്ക് മനസ്സിലാകുന്നുണ്ട്. അവളുടെ കണ്ണുകൾ നിറഞ്ഞു. ഗദ്ഗദത്തോടെ അവൾ പറഞ്ഞു: "ഉറ്റവർക്കും ഞാൻ ഒരുപാട് സ്നേഹിച്ചവർക്കുമൊന്നും എന്നെ വേണ്ട. ഒരു പരിചയവുമില്ലാത്ത നിങ്ങളൊക്കെ എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുകയും ചെയ്യുന്നു. എനിക്ക് മനസ്സിലാകുന്നില്ല ഈ ലോകത്തെ. ഇവിടത്തെ കിടപ്പുവശങ്ങൾ എനിക്കൊരു പിടിയും തരുന്നില്ല." ദീർഘമായി നിശ്വസിച്ചു കൊണ്ട് അവൾ പുറത്തേക്ക് നോക്കി നിന്നു. ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിരുന്നു. ഇടവഴിയിലെ പോസ്റ്റിൽ ഒരു ചെറിയ ബൾബ് മിന്നി നിന്നു. "എന്നെ റെയിൽവേ സ്റ്റേഷനിൽ വിട്ടാൽ മതി. ഞാൻ പൊക്കോളാം...." അൽപ്പ നേരത്തെ മൗനത്തിന് ശേഷം അവൾ പറഞ്ഞു. "വീടെവിടെയാണെന്ന് പറഞ്ഞില്ല....?" അയാൾ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. "വടക്കാഞ്ചേരിയിലാണ്." "ആണോ.. എനിക്ക് നല്ല പരിചയമുള്ള സ്ഥലമാണ്. ഞാൻ കൊണ്ട്ചെന്നാക്കാം. ഇവിടെ തൊട്ടപ്പുറത്ത് എന്റെയൊരു സുഹൃത്ത് താമസിക്കുന്നുണ്ട്. ഞാൻ അവന്റെ കാറുമായി വരാം. നമുക്ക് കാറിൽ പോകാം." അയാൾ ആവേശത്തോടെ പറഞ്ഞു. "അതൊന്നും വേണ്ട. ഞാൻ ട്രെയിൻ പിടിച്ചോളാം. ഇനി ബുദ്ധിമോശമൊന്നും ഞാൻ കാണിക്കില്ല. അതോർത്ത് പേടിക്കേണ്ട. ഈ ലോകത്തിന് ചതിയുടേയും സ്വാർഥതയുടെയും മുഖം മാത്രമല്ല, സ്നേഹത്തിന്റേയും മനുഷ്യത്വത്തിന്റെയും മുഖം കൂടിയുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇനി ഞാൻ ജീവിക്കുക മാത്രമേ ചെയ്യൂ."

അവളിത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി.അയാൾ പറഞ്ഞു: "നമുക്ക് കാറിൽ തന്നെ പോകാം. സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമൊക്കെയുള്ള ഒരു ഡ്രൈവ്. ജീവിതം തിരിച്ചു പിടിച്ചതിന്റെ മധുരസ്മരണക്കായി ഒരു യാത്ര. ഒന്ന് സമ്മതിക്ക് കുട്ടീ...." "അത് ശരിയാണ് മോളേ...." ലയന അതിനെ പിന്താങ്ങി. സ്നേഹ മസൃണമായ ഈ നിർബന്ധങ്ങൾക്ക് വഴങ്ങാതിരിക്കാൻ അവൾക്കായില്ല. അവൾ സമ്മതിച്ചു. അയാൾ അപ്പോൾ തന്നെ കാറുമായെത്തി. ലയനയോട് യാത്ര പറഞ്ഞ് അവൾ കാറിൽ കയറി. ഇടവഴിയിലൂടെ മന്ദഗതിയിൽ നീങ്ങിയ കാർ, റോഡിൽ കയറിയതോടെ അൽപ്പം വേഗത്തിലോടാൻ തുടങ്ങി. അയാൾ തന്റെ മൊബൈൽ അവൾക്ക് നേരെ നീട്ടി. "ഫോണൊക്കെ വെള്ളത്തിൽ പോയെന്ന് മനസ്സിലായി. എന്തായാലും വീട്ടിലേക്കൊന്ന് വിളിച്ചോ ഇതിൽ നിന്നും. കുട്ടിയെ കാണാതെ വിഷമിച്ചിരിക്കുകയായിരിക്കും എല്ലാവരും." അവൾ നിഷേധാർഥത്തിൽ തലയാട്ടി. വിൻഡോ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയിരുന്നു കൊണ്ട് അവൾ പറഞ്ഞു: "നിങ്ങൾക്കറിയോ... എന്റെ വീട്ടിലേക്ക് പോകാൻ എനിക്കൊരു താൽപര്യവുമില്ല. അമ്മയില്ലാത്ത വീടാണത്. അമ്മ മരിച്ചിട്ട് വർഷങ്ങളായി. കുറച്ചു നാൾ മുൻപ് അച്ഛൻ അദ്ദേഹത്തിന്റെ സ്റ്റാഫായിരുന്ന ഒരു സ്ത്രീയെ കല്യാണം കഴിച്ചു. അവരുടെ ഭരണമാണിപ്പോൾ വീട്ടിൽ. എന്നെ ദ്രോഹിക്കലാണ് അവരുടെ പ്രധാന ഹോബി. അച്ഛൻ അവരുടെ സൗന്ദര്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞവനാണ്. അതുകൊണ്ട് തന്നെ അവരെ ചെറുക്കാനോ, അരുതെന്ന് പറയാനോ, മറുത്തൊരക്ഷരം മിണ്ടാനോ അച്ഛൻ തയാറല്ല. മടുത്തിട്ടാണ് ഞാനിന്ന് രാവിലെ വീട്ടിൽ നിന്നിറങ്ങിപ്പോന്നത്. അപ്പോൾ മരിക്കണമെന്നൊന്നും ചിന്തിച്ചിരുന്നില്ല. 

ഈ പുഴക്കക്കരെയുള്ള ടൗണിലാണ് അഭിജിത്ത് താമസിക്കുന്നത്. അവനും ഞാനും കഴിഞ്ഞ കുറെ കാലമായി പ്രണയത്തിലാണ്. അവന്റെ ഫ്ലാറ്റിൽ അവനൊപ്പം കൂടാമെന്ന് കരുതിയാണ് ഞാനീ ടൗണിൽ തീവണ്ടിയിറങ്ങിയത്. അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത് അവൻ മറ്റൊരു പെൺകുട്ടിക്കൊപ്പമിരിക്കുന്നതാണ്. കുറച്ചു കൂടി തെളിച്ചു പറഞ്ഞാൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ അവനെ ഞാൻ മറ്റൊരു പെൺകുട്ടിക്കൊപ്പം കണ്ടു. ഞാനപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി. ആ നിമിഷത്തിലാണ് മരിക്കാം എന്ന് തീരുമാനിച്ചത്. വർഷങ്ങളായി ഞാൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവ് നൽകിയ വേദന എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാനെന്റെ എല്ലാ പ്രയാസങ്ങളും മറന്നത് അവന് വേണ്ടിയാണ്. ഞാൻ ജീവിച്ചത് തന്നെ അവനൊപ്പമുള്ള ഒരു ജീവിതം സ്വപ്നം കണ്ടാണ്. അവനുമൊത്തുള്ള പ്രണയനിമിഷങ്ങളിൽ ഞാൻ എല്ലാം മറന്നു. പക്ഷേ അവൻ...." അവളുടെ തൊണ്ടയിടറി. അവൾ നിർത്തിക്കളഞ്ഞു. അവളൊന്ന് തേങ്ങി. കുറേ നേരത്തേക്ക് കാറിനകത്ത് നിശബ്ദത തങ്ങി നിന്നു. രണ്ടുപേരും ഒന്നുമൊന്നും പറഞ്ഞില്ല. അവളെ എന്ത് പറഞ്ഞാശ്വസിപ്പിക്കണമെന്ന് അയാൾക്കറിയില്ലായിരുന്നു. അലങ്കാര വാക്കുകൾ പറയാൻ അയാൾക്കറിയില്ല. സഹതാപമഭിനയിക്കാനുമറിയില്ല. അതുകൊണ്ട് തന്റെ ഗഹനമായ മൗനത്തിലൂടെ അയാൾ അവളുടെ ദുഃഖത്തിൽ പങ്കുചേരുകയായിരുന്നു. ടൗണിലേക്കുള്ള പാലം പിന്നിട്ട് വീതി കുറഞ്ഞതും തിരക്കേറിയതുമായ ഒരു വഴിയിലേക്ക് കാർ പ്രവേശിച്ചു. കവല കടന്ന്, വളവ് തിരിഞ്ഞ് ദേശീയ പാതയിലേക്ക് കയറിയതിന് പിന്നാലെ കാർ നിരത്തിന്റെ ഓരം ചേർത്ത് നിർത്തി അയാൾ. അവൾ ചോദ്യഭാവത്തിൽ അയാളെ നോക്കി.

"എന്താ....?"-അവൾ ചോദിച്ചു. അയാൾ അൽപ്പ നേരം പുറത്തേക്ക് നോക്കിയിരുന്നു. പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു: "ഇഷ്ടമില്ലെങ്കിൽ പിന്നെ മോളെന്തിനാണ് ആ വീട്ടിലേക്ക് പോകുന്നത്?" അവൾ അതിശയത്തോടെ അയാളെ നോക്കി. അവൾ അയാളിൽ നിന്നും അത്തരമൊരു ചോദ്യം പ്രതീക്ഷിച്ചതേ ഇല്ല. താൻ അയാൾക്കൊരു ഭാരമായെന്നും, ആ ഭാരമിറക്കി വെക്കാൻ അയാൾ പെടാപാട് പെടുകയാണെന്നുമൊക്കെയാണ് അവൾ ചിന്തിച്ചത്. എന്നാൽ അവളിപ്പോൾ കേട്ടത് അത്തരമൊരാളിൽ നിന്നുള്ള ചോദ്യമല്ല! അയാൾ ആരാണെന്നോ, എന്താണെന്നോ അവൾക്കറിയില്ല. അയാളുടെ പൂർവ്വകാലമറിയില്ല. കുടുംബ പശ്ചാത്തലമറിയില്ല. അയാളെ എത്രത്തോളം വിശ്വസിക്കാം എന്നുമറിയില്ല. പക്ഷേ, അയാളുടെ മനസ്സ് അവൾ തിരിച്ചറിയുന്നുണ്ട്. തോൽക്കാനൊരുക്കമല്ലാത്തവന്റെ ഒരു നെഞ്ചുറപ്പ് അയാളിൽ അവൾ കാണുന്നുണ്ട്. "ഞാൻ നിർബന്ധിച്ചത് കൊണ്ട്, എനിക്ക് വേണ്ടി കുട്ടി അങ്ങോട്ട് പോകണമെന്നില്ല. മറ്റെവിടേക്കെങ്കിലും പോകാനുണ്ടെങ്കിൽ പറയാം. എവിടെയാണെങ്കിലും ഞാൻ കൊണ്ട് ചെന്നാക്കാം. ഇനി പോകാൻ മറ്റൊരിടമില്ലെങ്കിൽ അതും പറയാം. ഞാൻ കുട്ടിയെ എന്റെ കൂടെ കൂട്ടാം. എനിക്കതൊരു ബുദ്ധിമുട്ടല്ല." അയാൾ ഇത് പറഞ്ഞു തീർന്നതും ഒരേങ്ങലോടെ അവൾ അയാളെ ചുറ്റിപ്പിടിച്ചു. അവൾ കേൾക്കാൻ കൊതിച്ച വാക്കുകളാണയാൾ പറഞ്ഞത്. അവളുടെ ആത്മാവിലാണ് ആ വാക്കുകൾ വന്ന് തൊട്ടത്. അയാൾ തനിക്കാരായി മാറുമെന്ന് അവൾക്കറിയില്ല. പക്ഷേ, അയാൾക്കരികെ അവൾക്ക് സമാധാനം ലഭിക്കുന്നു. സുരക്ഷിതയാണെന്ന സമാശ്വാസം കിട്ടുന്നു. 

അവൾ തന്നെ ചുറ്റിപ്പിടിച്ചത് പോലെ, പതിയെ അയാൾ അവളേയും തന്നിലേക്ക് ചേർത്ത് പിടിച്ചു. അയാളുടെ നിശ്വാസം അവളുടെ മൂർദ്ധാവിനെ പൊള്ളിച്ചു. അയാൾ പറഞ്ഞു: "നാള് കുറേയായി എനിക്ക് വേണ്ടപ്പെട്ടവരെയൊക്കെ നഷ്ടപ്പെട്ടിട്ട്. ആരും മരിച്ചു പോയതൊന്നുമല്ല കേട്ടോ. എന്നെ കളഞ്ഞിട്ട് പോയതാ. എനിക്ക് പഠിക്കാൻ പറ്റിയില്ല. പണമുണ്ടാക്കാൻ പറ്റിയില്ല. അവരെ സംബന്ധിച്ച് ഒരാൾ അന്തസുള്ളവനാകണമെങ്കിൽ പഠിപ്പും പണവുമൊക്കെ വേണം.” അയാളുടെ മന്ത്രണം അവൾ മിഴികളടച്ച് കേട്ടു. അയാളുടെ നെഞ്ചിൽ മുഖം ചേർത്ത് വെച്ച് ആ ഹൃദയത്തിൽ നിന്നാണ് അവളത് കേട്ടത്. ആനന്ദം മുട്ടിത്തിരിയുന്ന ഒരു മോഹാലസ്യത്തിലെന്ന പോലെയായിരുന്നു അവളപ്പോൾ... "പുഴയിൽ നിന്നും ഞാൻ കോരിയെടുത്ത ഒരു ജലകന്യയാണ് നീ..." അയാൾ പറഞ്ഞു. ആ കാറിന് ചുറ്റും രാത്രി നിലാവിന്റെ കനകത്തൂവലുകൾ തൂവി. അദൃശ്യ നക്ഷത്രങ്ങളുടെ മധുര ഗാനങ്ങളിൽ കാറിനകം തരളിതമായി. അനുരാഗ മാലികകളുമായി മാരുതമാലിനി അതിലേ ഒഴുകി വന്നു. ദേശീയ പാതയിലൂടെ വലിയ ചരക്കുലോറികളും മറ്റുള്ള വാഹനങ്ങളും നിരനിരയായി ആ കാറിനെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ആ രാത്രി വെളുക്കുമോ എന്നവർക്കറിയില്ലായിരുന്നു. കടലിന്റെ അപാരതയിൽ വെച്ച് കണ്ടുമുട്ടിയ രണ്ടു നദികളായി, ഉന്മാദത്തിരകളിൽ അവർ സ്വയം മറന്ന് അലിഞ്ഞു ചേർന്നു...

English Summary:

Malayalam Short Story ' Jalakanya ' Written by Abdul Basith Kuttimakkal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com