'ഇടിവെട്ടു പോലെയാണ് ആ വിവരം മാധവിയമ്മ അറിഞ്ഞത്, യശോധ ഗർഭിണിയാണ്...!'

Mail This Article
മാധവിയമ്മക്ക് ഈയിടെയായി ഉറക്കം കുറവാണ്. എന്നും സന്ധ്യ മയങ്ങാൻ നേരം മൂത്ത മകൾ സതിയെ വിളിക്കും, "എടിയേ, എനിക്കിന്ന് രാത്രി കഞ്ഞി മതി" കഞ്ഞി ബാക്കിവെച്ചാൽ ആ വെള്ളവും കൂടി രാവിലെ "യശോധക്ക്" കൊടുക്കാമല്ലോ. യശോധ, തന്റെ തൊഴുത്തിലെ മൂന്നു പശുക്കളിൽ മൂത്തവൾ, ഭംഗിയിലും കേമത്തി തന്നെ. അവൾക്ക് ഈയിടെയായി ഒരു ക്ഷീണം പോലെ. ചില ദിവസങ്ങളിൽ പഴയ കഞ്ഞി വെള്ളവും കുടിക്കാറില്ല. 'എന്തുപറ്റി', മാധവിയമ്മ ഓർത്തു. കഴിഞ്ഞ ദിവസം സരസു വീട്ടിൽ വന്നപ്പോൾ ഒരു സംശയവും പറഞ്ഞു, 'ഇവൾക്ക് വയറ്റിലുണ്ടോ' ഏയ് അതാവില്ല, അവർക്ക് ശുണ്ഠി വന്നു.
കഴിഞ്ഞ ദിനം ചാത്തോത്ത് പോയപ്പോൾ ഉള്ളിലൊരു മോഹം പൊട്ടിമുളച്ചിരുന്നു മാധവിയമ്മക്ക്. ഇറങ്ങാൻ നേരം അവരുടെ തൊഴുത്തിലേക്ക് നോക്കിയപ്പോൾ, 'കാളക്കുട്ടൻ വലുതായിരിക്കുന്നു'. തന്റെ ഇടതും വലതും ഭാഗങ്ങളിൽ ഏഴും പതിനൊന്നും അക്ഷൗഹിണികളെപ്പോലെ ഗോക്കളുടെയും എരുമകളുടെയും ഇടയിൽ പടനായകനായി നിൽക്കുന്ന നരൻ എന്ന കാളയെ കണ്ടപ്പോൾ, മാധവിയമ്മക്കൊരു മോഹം, 'ഇവനിൽ തന്റെ യശോധക്കൊരു കുഞ്ഞിനെ വേണം'. വരട്ടെ സമയമാകുമ്പോൾ രാമൻ നായരോട് പറയാം. പക്ഷേ നാളുകൾ കഴിയും തോറും യശോധക്കു പ്രകടമായ ചില മാറ്റങ്ങൾ കാണുന്നു. ഏട്ടനോട് പറഞ്ഞപ്പോൾ "നമുക്ക് ആ മൃഗ ഡോക്ടറെ കൊണ്ട് വന്നു കാണിക്കാം" അദ്ദേഹം പറഞ്ഞു.
ഇടിവെട്ടു പോലെയാണ് ആ വിവരം മാധവിയമ്മ അറിഞ്ഞത്. യശോധ ഗർഭിണിയാണ്. ദൈവമേ, തന്റെ തൊഴുത്തിൽ ഒരു കാളകുട്ടി പോലും ഇല്ലല്ലോ, പിന്നെ?!!!!! തന്റെ മോഹങ്ങൾക്ക് കടിഞ്ഞാണിട്ട ആ ദ്രോഹി ആരായിരിക്കും, മാധവിയമ്മക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. ചേട്ടനും അനിയന്മാരും തലപുകച്ച് ആലോചിച്ചുകൊണ്ടിരുന്നു. ഒടുവിൽ ചേട്ടന്റെ ഡിഗ്രിക്കു പഠിക്കുന്ന മകൾ രമ്യയാണ് ഒരു നിർദേശം മുന്നോട്ട് വെച്ചത്. "സി സി ടി വിയിൽ ചെക്ക് ചെയ്യാം" സി സി ടി വി റിട്രീവ് മോഡിലിട്ട് എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. മാധവിയമ്മ കട്ടിലിൽ നിന്നും ഇറങ്ങിവന്നു, ആധിയോടെ മോണിറ്ററിൽ നോക്കിയിരുന്നു. തീയതികൾക്കൊപ്പം ദിവസങ്ങളും മാറിക്കൊണ്ടിരുന്നു. ഒന്ന് രണ്ട്, മൂന്നാം ദിവസം രാത്രി ഏകദേശം 12മണി കഴിഞ്ഞു കാണും, രമ്യ മോണിറ്ററിൽ ശബ്ദം കൂട്ടി വച്ചു.
തൊഴുത്തിന് തെക്കുഭാഗത്തെ, കന്നിനെ വളർത്തി വിൽക്കുന്ന അബ്ദുൽറഹ്മാന്റെ വീടിന്റെ തൊടിയിൽ നിന്നും, നാസർ എന്നു വിളിപ്പേര് നൽകി അബ്ദു വിളിക്കുന്ന ആ കൂറ്റൻ കാള, അവരുടെ നിർമാണത്തിലുള്ള അരമതിലിന്റെ മുകളിലൂടെ, ഒരു യോദ്ധാവിനെ പോലെ, പൊടിപടലങ്ങൾ തെറിപ്പിച്ചു കൊണ്ട് തൊഴുത്തിലേക്ക് ചാടി ഇറങ്ങി വന്നു. പേടിച്ചരണ്ട മറ്റു രണ്ടു ഗോക്കളും ഒരു ഭാഗത്തേക്ക് മാറി, യശോധ മാത്രം ലാസ്യഭാവത്തോടെ തന്റെ പ്രേമഭാജനത്തിനടുത്തേക്ക് നീങ്ങി നിന്നു. ശേഷം, ആ യുവമിഥുനങ്ങളുടെ കേളീവിലാസങ്ങൾ കാണാൻ പറ്റാതെ മറ്റു ഗോക്കൾ കണ്ണടച്ചു നിൽക്കുന്ന പോലെ. രമ്യ, മൗസിന്റെ നിയന്ത്രണം അച്ഛന് കൊടുത്ത് മേലെ റൂമിലേക്കോടി. പല്ല് കടിച്ചു കൊണ്ട് അനിയന്മാർ മോണിറ്റർ ഓഫ് ചെയ്തു. വിഷണ്ണയായിരിക്കുന്ന മാധവിയമ്മക്ക് തല കറങ്ങുന്ന പോലെ തോന്നി.
നാളുകൾക്കു ശേഷം, യശോധ പ്രസവിച്ചു, ഓടിക്കളിക്കുന്ന പൈകിടാവിനെ കണ്ട മാധവിയമ്മയും സഹോദരങ്ങളും എല്ലാം മറന്നു. ഒരു ദിനം, അബ്ദുറഹ്മാന്റെ വീട്ടുമുറ്റത്തു വന്നു നിൽക്കുന്ന വലിയ ലോറിയുടെ ഹോൺ കേട്ടാണ് എല്ലാവരും ഉണർന്നത്. അവരുടെ തൊടിയിലെ പോത്തിനേയും കാളയെയും ഒന്നൊന്നായി അറവുകാരൻ ബീരാന്റെ ലോറിയിലേക്ക് കയറ്റുന്നുണ്ട്. കരച്ചിലോടെ ലോറിയിൽ കയറിനിൽക്കുന്ന കാളയെ കണ്ടു തൊഴുത്തിൽ യശോധ കാലിട്ടടിച്ചു കരയുന്നുണ്ടോ? മാധവിയമ്മ, അബ്ദുൽറഹ്മാനെ കാണാനായി അവരുടെ വീട്ടിലേക്കോടി. "അബ്ദു, നീ ആ കാളയെ വിൽക്കണ്ട, അതിനെ എന്റെ പറമ്പിലേക്ക് വിട്ടോ, വില ഞാൻ തന്നേക്കാം" അബ്ദു മാധവിയമ്മയോട് കാര്യങ്ങൾ തിരക്കി. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അബ്ദുവിന്റെ കൗതുകം വർധിച്ചു. "ചേച്ചി, അതിനെ നിങ്ങൾ കൊണ്ടുപോകേണ്ട, വിലയും വേണ്ട, എന്റെ തൊടിയിൽ നിൽക്കട്ടെ, ഞാൻ വിൽക്കില്ല, തൊഴുത്തിനോട് ചേർന്നുള്ള മതിലും ഞാൻ കെട്ടണില്ല്യ, അവർ തമ്മിൽ എന്നും കാണട്ടെ."
മതിൽക്കെട്ടുകളില്ലാത്തൊരു ലോകത്തെ കാണാനായി മാധവിയമ്മ അബ്ദുവിന്റെ തൊടിയും കടന്ന് തന്റെ വീട്ടുമുറ്റത്തെത്തി, തെക്കുഭാഗം തൊഴുത്തിൽ യശോധ സന്തോഷക്കണ്ണീർ ഒഴുക്കുന്നുണ്ടായിരിക്കുമോ!!!!!