‘ഈ സിനിമ പൊട്ടും എന്നായിരുന്നു അവർ കരുതിയത്’
Mail This Article
ഓഫിസിൽ പോകാതെ ലീവെടുത്ത് ഉഴപ്പി നടക്കുന്ന നായകന്റെ കഥ പറഞ്ഞ് 1981ൽ ഒരു സൂപ്പർഹിറ്റ് സിനിമ പിറന്നു – ‘വിടപറയും മുൻപേ’. വീട്ടിലെ കഷ്ടപ്പാടുകൾ പറഞ്ഞ് അയാൾ ഓഫിസിൽ സഹതാപം പിടിച്ചു പറ്റുന്നു. പക്ഷേ ഇതെല്ലാം കള്ളക്കഥകളാണെന്ന് അറിയുമ്പോൾ അയാൾ വെറുക്കപ്പെടുന്നു. പക്ഷേ അയാൾ പറയാത്ത സത്യം അവർ തിരിച്ചറിയുമ്പോൾ ഏറെ വൈകിപ്പോയിരുന്നു. മോഹനാണ് സംവിധായകൻ. ഉഴപ്പനായി നെടുമുടി വേണു. ബോസായി പ്രേംനസീർ.
നെടുമുടി വരുന്നു
‘നെടുമുടി വേണു പറഞ്ഞിട്ടുണ്ട് – താൻ ഒരു സംവിധായകനെ മാത്രമേ മുഖം കാണിക്കാൻ പോയിട്ടുള്ളൂ. അതുപക്ഷേ തിക്താനുഭവമായിരുന്നു എന്ന്. ആ സംവിധായകൻ ഞാനാണ്. ‘വിടപറയും മുൻപേ’യിലെ നായകനാകാൻ വന്ന വരവായിരുന്നു അത്. സംവിധായകൻ മോഹൻ പറയുന്നു: ‘താടിയും മുടിയുമൊക്കയായി കാവി മുണ്ടുമുടുത്താണു നെടുമുടി വേണു എന്നെ കാണാൻ വന്നത്. ആ രൂപമായിരുന്നില്ല എന്റെ സിനിമയിൽ വേണ്ടത്. പക്ഷേ ഉയരവും വണ്ണവുമൊക്കെ കൃത്യം. മാത്രമല്ല ‘തകര’ ഞാൻ കണ്ടുകഴിഞ്ഞു. എന്റെ സിനിമയിലേക്ക് ഞാൻ മനസിൽ വേണുവിനെ എടുത്തു കഴിഞ്ഞു. അതാണു വലിയ സംഭാഷണമൊന്നും നടത്താതിരുന്നത്.
സുകുമാരനു പകരം നസീർ
മോഹൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സുകുമാരൻ. പക്ഷേ ഈ സിനിമയിൽ അദ്ദേഹമില്ല. നസീർ ചെയ്ത റോൾ സുകുമാരനു നൽകണമെന്നായിരുന്നു വിചാരിച്ചിരുന്നത്. മോഹൻ സുകുമാരനെ ഫോൺ ചെയ്യുന്നു. സുകുമാരൻ ഉറങ്ങുകയാണെന്ന് അങ്ങേത്തലയ്ക്കൽ നിന്നു മറുപടി. ഇതു കേട്ടതോടെ മോഹന്റെ ഈഗോ ഹർട്ടായി. ഉറങ്ങാത്ത ആളെ നോക്കാം എന്നു മനസ് കഠിനമാക്കി അദ്ദേഹം നസീറിനെ വിളിക്കുകയായിരുന്നു.
ത്രെഡും പേരും
ജോൺ പോളിന്റെതായിരുന്നു കഥയുടെ ത്രെഡ്. പേരിട്ടത് കലൂർ ഡെന്നീസ്. ഇതിന്റെ ഡബിൾ പോസിറ്റീവ് കണ്ട ഇരുവരും ഈ സിനിമ പൊട്ടും എന്നായിരുന്നു കരുതിയതെന്നും സംവിധായകൻ.
ഗോപിയും നസീറും
വിവാഹമോചിതനായ ഡോക്ടറുടെ റോളായിരുന്നു ഗോപിക്ക്. ഈ സിനിമയിൽ അഭിനയിക്കാൻ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. ആർട്ട് സിനിമയിൽ അഭിനയിക്കുന്ന താനെന്തിനു മധ്യവർത്തി സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു ചോദ്യം. സെറ്റിലെത്തിയപ്പോലാണ് കച്ചവടസിനിമയുടെ രാജകുമാരനായ നസീർ പ്രധാനറോളിലുണ്ടെന്നറിയുന്നത്. നസീർ സെറ്റിൽ മതിയായ ബഹുമാനം തരാതിരുന്നാൽ താൻ അഭിനയം മതിയാക്കി ഇറങ്ങിപ്പോകുമെന്ന് ഗോപി പ്രഖ്യാപിച്ചു. ഈ കഥയൊന്നും അറിയാതെ പിറ്റേന്ന് നസീർ സെറ്റിലെത്തി. നേരെ ഗോപിയുടെ അടുത്തേക്ക് ഹലോ ഗോപി എന്നു വിളിച്ചു ചെന്നു. ‘ഇന്ന് ലഞ്ച് എനിക്കൊപ്പം ആവണം കേട്ടോ’ എന്നു കൂടി പറഞ്ഞതോടെ ഗോപി ഫ്ലാറ്റ്.
ആന്റി ക്ലൈമാക്സ്
സിനിമ റിലീസ് ചെയ്യുന്നതിനും ഒരാഴ്ച മുമ്പാണ് എറണാകുളം ലുലു–മൈമൂൺ തിയറ്ററുകളുടെ ഉദ്ഘാടനം. അവർക്ക് ഉദ‌്ഘാടന ചിത്രമായി ‘വിടപറയും മുൻപേ’ വേണം. ഒരൊറ്റ പ്രിന്റ് മാത്രം നേരത്തേ റിലീസ് ചെയ്യുക വലിയ റിസ്കാണ്. ഒരു തിയറ്ററിൽ മോശമാണെന്ന് റിപ്പോർട്ടു വന്നാൽ പിന്നെ റിലീസ് ചെയ്തിട്ട് കാര്യമില്ല. പക്ഷേ മോഹന് തികഞ്ഞ ആത്മവിശ്വാസമായിരുന്നു. പടം അവർക്ക് കൊടുത്തു. സൂപ്പർ ഹിറ്റായി ഓടി. നൂറു ദിവസം പിന്നിടും എന്നുറപ്പായപ്പോൾ വലിയൊരു ചടങ്ങ് പ്ലാൻ ചെയ്ത് അതിൽ വിതരണം ചെയ്യാൻ ഷീൽഡുകളും വാങ്ങി.
പക്ഷേ നൂറു ദിവസം തികയാൻ 4 ദിവസം ബാക്കി നിൽക്കേ പടം അവർ മാറ്റി. അവരുടെ മറ്റൊരു തിയറ്ററിൽ അടുത്ത റിലീസായി പടം നൽകാൻ വിതരണക്കാർ വിസമ്മതിച്ചതിലുള്ള പ്രതികാരമായിരുന്നു ഇത്. (വിസമ്മതിക്കേണ്ട കാര്യമില്ലായിരുന്നു എന്നത് വേറെ കാര്യം.) ‘ചടങ്ങു നടന്നില്ല. ഷീൽഡുകൾ മദ്രാസിലെ മുറിയിൽ പൊടിപിടിച്ചു കിടന്നത് ഇപ്പോൾ ഓർക്കുമ്പോഴും ഹൃദയം കലങ്ങുന്നു’.