പായിൽ കിടന്നത് പേടിച്ച്, റേഷൻ എവിടുന്നെന്ന് ശ്രീനിവാസൻ; ഉർവശി അഭിമുഖം

Mail This Article
1989ൽ മഴവിൽക്കാവടി, വർത്തമാനകാലം. 1990ൽ തലയണമന്ത്രം, 1991ൽ കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, മുഖചിത്രം, ഭരതം. തുടർച്ചയായി 3 തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉർവശിയുടെ കയ്യിലെത്തി. 1992ലും മികച്ച നടിക്കുള്ള മൽസരത്തിലും ഉർവശി തന്നെയായിരുന്നു മുന്നിൽ. 3 തവണ പുരസ്കാരം ലഭിച്ചതു കൊണ്ട് ഇത്തവണത്തേക്കു ക്ഷമിക്കണമെന്നായി ജൂറി. ഉർവശി സമ്മതിച്ചു. പക്ഷേ, 2 വർഷം കഴിഞ്ഞ് പിന്നെയും കഴകത്തിലൂടെ ഉർവശി മികച്ച നടിയായി. മൂന്നു വർഷം തുടർച്ചയായി മികച്ച നടിക്കുള്ള പുരസ്കാരം വാങ്ങിയ മറ്റൊരു നടിയും ഇന്നു മലയാള സിനിമയിലില്ല. 700 –ാം സിനിമയിലാണ് ഇപ്പോൾ ഉർവശി അഭിനയിക്കുന്നത്. ‘അപ്പത്താ’ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകൻ നിയോഗം പോലെ പ്രിയദർശനുമാണ്. ഉർവശി സംസാരിക്കുന്നു.
∙ സിനിമ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം മാറിയിട്ടുണ്ടോ..?
സാന്നിധ്യം അറിയിക്കുന്ന കഥാപാത്രമാകണമെന്ന നിർബന്ധം അന്നും ഇന്നുമുണ്ട്. മുമ്പൊക്കെ പരിചയക്കാരാണു സിനിമയ്ക്കായി വിളിക്കുന്നത്. പ്രതിഫലക്കാര്യത്തിലൊന്നും കടുംപിടുത്തം പിടിച്ചിട്ടില്ല. ഒരേ സമയത്ത് പല സിനിമകൾ ചെയ്തിരുന്ന കാലത്ത് ഏതിനൊക്കെ പ്രതിഫലം കിട്ടി, ഏതിനു കിട്ടിയില്ല എന്നു പോലും അറിയില്ലായിരുന്നു. പ്രതിഫലം എന്നും രണ്ടാം കാര്യമായിരുന്നു അന്ന്. പക്ഷേ, ഇന്നങ്ങനെയല്ല. എല്ലാം കൂടുതൽ കൃത്യമായി. പക്ഷേ, ഇന്നും വെറുതേ വന്നു പോകുന്ന കഥാപാത്രം ചെയ്യാൻ താൽപര്യമില്ല. ഒരു സീനാണെങ്കിലും അതു ശ്രദ്ധേയമാകണം.
∙ സിനിമയിലെ പുതിയ തലമുറ..?
ക്യാമറ മുന്നിലുണ്ടെന്ന് പോലും ഓർക്കാതെ അസ്സലായി അഭിനയിക്കുന്ന ഒട്ടേറെപ്പേരുണ്ട് ഇപ്പോൾ മലയാളത്തിൽ. എന്റെ ചില പഴയ കഥാപാത്രങ്ങളുടെ അതേ സ്വഭാവം ഭംഗിയായി അനുശ്രീ ചെയ്യുന്നുണ്ടെന്നു തോന്നിയിട്ടുണ്ട്. ഗ്രേസ് ആന്റണിയും മറ്റൊരു പ്രതീക്ഷയാണ്. സിനിമാ ജനറേഷന്റെ സ്വഭാവവും മാറിയെന്നു തോന്നിയിട്ടുണ്ട്. സെറ്റിലെത്തിയാൽ മുതിർന്ന താരങ്ങളെയും സംവിധായകരെയും കണ്ട് കൈകൂപ്പി നമസ്കാരം പറഞ്ഞ് പുഞ്ചിരിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഇന്ന് അത് ‘ഹായ്’ ആയി മാറി. അത്രയ്ക്കു ഫ്ലെക്സിബിളായി കാര്യങ്ങൾ.
∙ പക്വതയേറിയ കഥാപാത്രങ്ങളിലേക്കുള്ള ഉർവശിയുടെ മാറ്റം..?

18–ാം വയസ്സിൽ ഞാൻ ചിന്തിച്ചതല്ല ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. പ്രായം മാറുന്നത് അനുസരിച്ച് ഞാൻ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവും മാറിയേ തീരൂ. നമുക്കുണ്ടാകുന്ന മാറ്റം നമ്മുടെ കഥാപാത്രത്തിനും ജീവിതത്തിനും പ്രഫഷനും ഉണ്ടാകും. അത് അംഗീകരിക്കണം. അതാതു പ്രായങ്ങളെ സ്വീകരിക്കാനും ആസ്വദിക്കാനും പറ്റാത്ത മനസ്സാണ് ഏറ്റവും വലിയ കുഴപ്പം. പ്രായമായിപ്പോയല്ലോ എന്ന വിഷമമൊന്നും എനിക്കില്ല.
∙ ഇടയ്ക്കുണ്ടായ നീണ്ട ഇടവേള വേണമായിരുന്നോ..?

അതു ബോധപൂർവം ചെയ്തതാണ്. അതിൽ വിഷമവുമില്ല. കുടുംബ ജീവിതം, കുട്ടി തുടങ്ങിയവയ്ക്കായി കൂടുതൽ സമയം വേണമെന്നു തോന്നി. രണ്ടാമത്തെ വരവിലും ഞാൻ ഇടവേളയെടുക്കാറുണ്ട്. ഒരേ പോലത്തെ വേഷം തുടർച്ചയായി വരുന്നെന്നു തോന്നുമ്പോൾ തമിഴിലേക്കോ തെലുങ്കിലേക്കോ ഒക്കെ മാറും. പിന്നീട് നല്ലൊരു വേഷം ലഭിക്കുമ്പോൾ തിരിച്ചു വരും. ഇതൊക്കെ സ്വാഭാവികമാണ്.
∙ പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ഉൽസവമേളം എന്നിവയുടെ കഥയെഴുതിയ ഉർവശി പിന്നീട് എഴുതാതിരുന്നത്..?
ഇതു രണ്ടും ഞാനെഴുതിയതല്ല; ഞാനിരുന്നു പറയുന്ന കാര്യങ്ങൾ ചില പാവങ്ങൾ കുത്തിയിരുന്ന് എഴുതിയെടുത്താണ് ആ 2 സിനിമയ്ക്കുള്ള കഥയായത്. അന്നൊന്നും സമാധാനത്തോടെ ഇരുന്നെഴുതാനുള്ള സമയമൊന്നും ഉണ്ടായിരുന്നില്ല. കഥകൾ എല്ലാ ആർട്ടിസ്റ്റുകളുടെയും മനസ്സിലുണ്ട്. വീട്ടിലും ഞങ്ങൾ പലപ്പോഴും സിനിമാക്കഥകളാണു ചർച്ച ചെയ്തിരുന്നത്. അത് ഏറ്റവും അടുപ്പമുള്ള എഴുത്തുകാരോട് പറഞ്ഞ് സിനിമയാവുകയായിരുന്നു. ഒരു നോവലെഴുതുന്നതിനേക്കാളും ബുദ്ധിമുട്ടാണ് സ്ക്രിപ്റ്റ്. അതിനുള്ള ക്ഷമയില്ല; പക്ഷേ, ഇപ്പോഴും പല തിരക്കഥകളെക്കുറിച്ചും ചർച്ച ചെയ്യാറുണ്ട്, അഭിപ്രായങ്ങൾ പറയാറുമുണ്ട്.
∙ സിനിമാ നിർമാതാവിന്റെ വേഷം ഉപേക്ഷിക്കാൻ കാരണമെന്തായിരുന്നു..?
അതിന് എന്നെ കൊള്ളില്ലെന്ന് എനിക്കു തന്നെ ബോധ്യപ്പെട്ടതു കൊണ്ടാണ്. സിനിമാ നിർമാണം വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്. പണമുണ്ടായതു കൊണ്ട് മാത്രം നിർമാതാവാൻ പറ്റില്ല. അതിനു മറ്റൊരു കഴിവു തന്നെ വേണം. ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ട്’ തിയറ്ററിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു. പക്ഷേ, എനിക്കു ലഭിക്കേണ്ടിയിരുന്ന പണം കിട്ടിയില്ല. അതു ചോദിച്ചു പിന്നാലെ നടക്കാനും എനിക്കാവില്ലായിരുന്നു. പുറത്തുള്ളവരെ മാത്രം വിശ്വസിച്ചു പണം ചെലവാക്കാൻ പറ്റില്ല. അതിനു നമുക്കൊരു നല്ല ടീം ഉണ്ടാകണം.
∙ കൽപനയുടെ അസാന്നിധ്യം അനുഭവപ്പെടാറില്ലേ..?
എല്ലാ സഹോദരങ്ങൾക്കും അനുഭവപ്പെടാറുള്ള നോവ് തന്നെയാണ് എനിക്കും. അതു പറഞ്ഞറിയിക്കാവുന്ന ഒന്നല്ല. ഒരു അഭിനേത്രി എന്ന നിലയിൽ കൽപനയ്ക്കു പകരം മറ്റൊരാൾ ഇപ്പോഴുമില്ല. ആ നഷ്ടം നികത്താനാകാത്തതാണ്. ജീവിച്ച കാലം കൊണ്ട് എല്ലാവരുടെയും ഇഷ്ടം നേടാൻ കഴിഞ്ഞു കൽപനയ്ക്ക്. ഏറെക്കാലം ഇവിടെ ജീവിച്ചിട്ടും ആരോരും അറിയപ്പെടാതെ പോകുന്നവരുടെ കാര്യം നോക്കുമ്പോൾ കൽപന ഭാഗ്യവതിയാണ്. ആ രീതിയിൽ ചിന്തിക്കാനാണ് എനിക്കിഷ്ടം.
∙ വനിതാ കേന്ദ്രീകൃത സിനിമകൾ കൂടുതൽ വരുന്നുണ്ടല്ലോ മലയാളത്തിൽ..?
ഏറെ സന്തോഷം തരുന്നുണ്ട് അത്തരത്തിലൊരു മാറ്റം. മുൻ കാലങ്ങളേക്കാൾ ഉപരി സിനിമ ചെയ്യുന്നവർ ഇപ്പോൾ കൂടുതൽ ‘ഹോം വർക്ക് ’ ചെയ്യുന്നുണ്ട്. സ്ക്രിപ്റ്റൊക്കെ നേരത്തെ വാങ്ങി പരിശീലിക്കുന്നുണ്ട് പലരും. എനിക്കൊന്നും പഴയ കാലത്ത് അതിനുള്ള സമയവും സാഹചര്യവും കിട്ടിയിരുന്നില്ല. ഷോട്ട് റെഡി എന്നു പറയുമ്പോഴാകും കഥാപാത്രത്തിന്റെ സ്വഭാവം പറയുന്നത്. കഴിവുള്ള താരങ്ങൾ വരുന്നതിനൊപ്പം സിനിമാ വ്യവസായവും മെച്ചപ്പെടും. ഒടിടിയിലായാലും തിയറ്ററിലായാലും നല്ല സിനിമകൾ കാണാൻ എന്നും ആളുണ്ട്.
∙ 700 സിനിമകൾ പൂർത്തിയാകുന്നു; അനുഭവങ്ങളേറെയുണ്ടല്ലോ..
എന്റെ കയ്യിൽ അത്തരത്തിലൊരു കണക്കേ ഉണ്ടായിരുന്നില്ല. പ്രിയദർശൻ ഇതു ചൂണ്ടിക്കാട്ടിയപ്പോൾ ശരിക്കും അൽഭുതമായിരുന്നു. 400 സിനിമകളുടെ വരെ ലിസ്റ്റ് എന്റെ കയ്യിലുണ്ടായിരുന്നു. ആ ഒരു കണക്കാണു മനസ്സിലുണ്ടായിരുന്നത്. എന്റെ അമ്മ പറഞ്ഞു തന്നൊരു കാര്യമാണ് ഇപ്പോൾ മനസ്സിൽ വരുന്നത്. പണവും പ്രശസ്തിയും ഒരു പോലെ നേടിത്തരുന്ന മേഖലയാണിത്. ആ ബോധ്യം എപ്പോഴും മനസ്സിലുണ്ടായാൽ നന്നായി നിൽക്കാം. ഞാനാണു സിനിമ, ഞാനില്ലെങ്കിൽ സിനിമ ഇല്ല എന്ന് എപ്പോൾ തോന്നിത്തുടങ്ങുന്നോ അന്ന് ഈ പണി നിർത്തണം. പിന്നെ അവിടെ നിന്നിട്ട് വലിയ കാര്യമുണ്ടാകില്ല. ഇത് എപ്പോഴും മനസ്സിൽ വയ്ക്കേണ്ട പാഠമാണ്.
∙ ‘മിഥുനം’ സിനിമയിലെ ഓർമകൾ..?
ശ്രീനിവാസന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ നായകനായി ഞങ്ങൾ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു മിഥുനം. പല്ലിശ്ശേരിയായിരുന്നു അതു നിർമിക്കാനിരുന്നത്. പക്ഷേ, അതു നടന്നില്ല. പെട്ടെന്നായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ ലീഡ് റോളിലേക്ക് വന്നത്. അതിന്റെ കഥ നേരത്തെ കേട്ടിരുന്നതു കൊണ്ടു തന്നെ ഏറെ സന്തോഷമായിരുന്നു. എല്ലാ സീനുകളും മനഃപാഠമായിരുന്നു. എല്ലാ പരിചയക്കാരും ഒപ്പമുള്ളൊരു സിനിമ. ഇന്ന് അവരിൽ പലരെയും മിസ്സ് ചെയ്യുന്നുണ്ട്. ഇനി അവർക്കൊപ്പമൊരു സീൻ പോലും ചെയ്യാൻ പറ്റില്ലെന്ന് ഓർക്കുമ്പോഴാണ് സങ്കടം.
∙ മിഥുനത്തിൽ മോഹൻലാലിന്റെയും ശ്രീനിവാസന്റെ തോളിൽക്കയറിയുള്ള യാത്രയെപ്പറ്റി..?
ഏറെ ആസ്വദിച്ച, ഒപ്പം ടെൻഷനടിച്ച സീനായിരുന്നു അത്. ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമാണല്ലോ.. തലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടൻ തന്നെ പിടിക്കാമെന്നു സമ്മതിച്ചു. ശ്രീനിയേട്ടൻ കാൽഭാഗത്തും പിടിച്ചു. ഏതു കടയിൽ നിന്നാണു റേഷൻ കഴിയുന്നതെന്നൊക്കെ ഇടയ്ക്ക് എന്നോടു ശ്രീനിയേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു. രണ്ടു പേർക്കും ഉയര വ്യത്യാസമുള്ളതു കൊണ്ട് വയലിലൂടെയുള്ള സീൻ ഷൂട്ടു ചെയ്യുമ്പോൾ ഞാൻ വീഴുമെന്നൊക്കെ പേടിച്ചു. എന്നെ താഴെയിടല്ലേ ലാലേട്ടാ.. എന്ന് ഞാൻ അപേക്ഷിക്കുന്നുണ്ടായിരുന്നു. പറയുന്നത് അനുസരിച്ചില്ലെങ്കിൽ താഴെയിടുമെന്നായി ശ്രീനിയേട്ടൻ. ‘മിണ്ടാതിരി കൊച്ചേ’ എന്നൊക്കെ ആ സീനിൽ ലാലേട്ടൻ കഥാപാത്രമായ സുലോചനയോട് പറഞ്ഞതല്ല; ശരിക്കും എന്നോടു പറഞ്ഞതാണ്.. സീനിൽ കാണുന്ന പല ഡയലോഗും ശരിക്കും പേടിച്ചിട്ട് ഞാൻ പറഞ്ഞതാണ്. പായിൽ കിടത്തി കടത്തുക എന്ന സംഭവം ആദ്യമായി അനുഭവിക്കുകയായിരുന്നു ഞാൻ.
∙ ആദ്യകാലത്ത് സ്വയം ഡബ്ബ് ചെയ്യാതിരുന്നതെന്തായിരുന്നു..?
അന്നു ചെന്നൈയിലായിരുന്നു കൂടുതലും ഡബ്ബിങ് നടന്നിരുന്നത്. വിമാനം പിടിച്ചു വന്നു ഡബ്ബ് ചെയ്യാനുള്ള സാഹചര്യമൊന്നുമുണ്ടായിരുന്നില്ല. അത്രത്തോളം തിരക്കുമുണ്ടായിരുന്നു. നായകൻമാർ ഇടയ്ക്ക് സമയമുണ്ടാക്കി ഓടി വന്നു ഡബ്ബ് ചെയ്ത് പോകുമായിരുന്നു. പിന്നെ ആദ്യകാലത്ത് എന്റെ ശബ്ദം വളരെ സെൻസിറ്റീവും കനമില്ലാത്തതുമായിരുന്നു. ചില ഇമോഷണൽ സീനുകളോ സീരിയസ് സീനുകളോ ചെയ്യുമ്പോൾ ഹൈസ്കൂൾ കുട്ടികൾ സംസാരിക്കുന്നതു പോലെ തോന്നും. പക്ഷേ, സാറ്റ്‌ലൈറ്റ് ചാനലുകളുടെ കാലമായപ്പോൾ അവയിൽ എന്റെ അഭിമുഖങ്ങളൊക്കെ കണ്ട് ശബ്ദത്തിലെ വ്യത്യാസം പ്രേക്ഷകർക്ക് മനസ്സിലായി. ഇതോടെയാണ് നേരിട്ടു ഡബ്ബു ചെയ്തു തുടങ്ങിയത്.
∙ ഇനി സിനിമയിൽ ചെയ്യാൻ ബാക്കി വച്ചത് എന്തെങ്കിലും..?
സംവിധാനമാണ് ഉദ്ദേശിച്ചതെങ്കിൽ അങ്ങനൊരു ആഗ്രഹമേ ഇല്ല. ആ വലിയ ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കാൻ വയ്യ. ഷൂട്ടിങ് കഴിഞ്ഞാൽ നേരെ വീട്ടിൽ വരുന്നതാണ് എന്റെ സന്തോഷം. പക്ഷേ, ഒരു സിനിമ നന്നാവാൻ വേണ്ട എല്ലാ അഭിപ്രായങ്ങളും ഞാൻ പറയുന്നുണ്ട്. സംവിധാനം ചെയ്യാത്തതിൽ യാതൊരു നഷ്ടബോധവുമില്ല. വരാനിരിക്കുന്ന നല്ല കഥാപാത്രങ്ങൾക്കായാണു കാത്തിരിക്കുന്നത്.