പ്രസംഗത്തിലും കൈയ്യടി നേടി നിവേത തോമസ്; ടെഡ്–എക്സ് ടോക്ക് വിഡിയോ
Mail This Article
ബാലതാരമായി വന്നു മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് നിവേദ തോമസ്. വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി വേഷമിട്ട നിവേദ ഇപ്പോൾ തെന്നിന്ത്യയിലെ തിരക്കേറിയ യുവതാരമാണ്. അഭിനയം മാത്രമല്ല, തനിക്കു പ്രസംഗവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഹൈദരാബാദിലെ ഒരു മെഡിക്കൽ കോളജിൽ നടന്ന ടെഡ്–എക്സ് കോൺഫറൻസിൽ പങ്കെടുത്ത് നിവേദ തോമസ് നടത്തിയ പ്രചോദനാത്മകമായ പ്രസംഗം കേട്ട് ആരാധകർ പറയുന്നു–'ലവ് യൂ നിവേദ'!
എട്ടാം വയസുമുതൽ നിവേദ അഭിനയരംഗത്തുണ്ട്. ജോലിയെന്താണെന്നോ അഭിനയം എന്താണെന്നോ തിരിച്ചറിയുന്നതിനു മുൻപെ, ഇവ രണ്ടും ഒരുമിച്ചു കൊണ്ടുപോകേണ്ട ബാല്യകാലത്തെക്കുറിച്ചു പറഞ്ഞുകൊണ്ടായിരുന്നു നിവേദ സംസാരിച്ചു തുടങ്ങിയത്. അഭിനയത്തിരക്കു മൂലം സ്കൂളിൽ പോകാൻ സാധിക്കാതെ വന്നാലും സഹപാഠികളുടെ ഒപ്പം പഠനത്തിലും തുല്യമികവ് പുലർത്താനുള്ള സമ്മർദ്ദം വലുതായിരുന്നു. അത് അത്ര എളുപ്പമായിരുന്നില്ലെന്നു പറയുകയാണ് താരം.
പ്ലസ്ടു പഠനത്തിനു ശേഷം ആർക്കിടെക്റ്റ് ആകാനാണ് നിവേദ തീരുമാനിച്ചത്. വളരെ സമ്മർദ്ദമേറിയ നാളുകളായിരുന്നു അത്. പഠന പ്രൊജക്ടുകൾ തീർക്കുന്നതിനൊപ്പം സെമസ്റ്റർ ഇടവേളകളിൽ സിനിമയിലും അഭിനയിച്ചു. കോളജ് ജീവിതം തന്നെ കൂടുതൽ കരുത്തയാക്കിയെന്നും താരം പറയുന്നു.
സമൂഹത്തിന്റെ വാർപ്പുമാതൃകകളിലേക്ക് സ്വയം പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചതോടെ ജീവിതം കൂടുതൽ ലളിതവും സമ്മർദ്ദരഹിതവുമായി. ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കുറവുകളുണ്ടാകാം. ആ കുറവുകളാണ് ഒരാളുടെ വ്യക്തിത്വത്തിന്റെ പൂർണതയെന്നും താരം ചൂണ്ടിക്കാട്ടുന്നു. "സമൂഹത്തിന്റെ വാർപ്പുമാതൃകകളിൽ പാകമാകുന്നതിന് മുട്ടുമടക്കേണ്ട കാര്യമില്ല. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ. കാരണം അതു നിങ്ങളുടേത് മാത്രമാണ്," നിവേദ വ്യക്തമാക്കി.
നിവേദയുടെ ടെഡ്–എക്സ് പ്രസംഗം സമൂഹമാധ്യമങ്ങളിൽ വമ്പൻ ഹിറ്റായി. അറിവും വിവേകവുമുള്ള താരമാണ് നിവേദയെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ വാക്കുകൾ. ആത്മവിശ്വസം സ്ഫുരിക്കുന്ന നിവേദയുടെ വാക്കുകൾ ചെറുപ്പക്കാർക്ക് പ്രചോദനമാണെന്നും ആരാധകർ പറയുന്നു.