ചേട്ടാ, ലൂസിഫറിലെ ‘ആ ഡയലോഗ്’ പറയാമോ?: ‘അച്ഛനുണ്ടോ മോളെ കൂടെ ?’
Mail This Article
‘ഉപദേശം കൊള്ളാം വർമ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത’...ലൂസിഫറിൽ ഏറ്റവുമധികം കൈയ്യടി നേടിയ മോഹൻലാൽ ഡയലോഗ് ആണിത്. ഇതേ ഡയലോഗ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിയും പല വേദികളിൽ ഏറ്റുപറഞ്ഞിട്ടുണ്ട്.
പൃഥ്വിയെ നേരിട്ടു കണ്ടപ്പോൾ ഒരാരാധികയ്ക്കും ഇതേ ഡയലോഗ് പറഞ്ഞുകേൾക്കണമെന്നായിരുന്നു ആഗ്രഹം. ഉടൻ തന്നെ താരത്തിന്റെ മറുപടി വന്നു, ‘അച്ഛനുണ്ടോ കൂടെ’. സദസ്സിനെ മൊത്തം പൊട്ടിച്ചിരിപ്പിച്ച താരം ആരാധികയുടെ അഭ്യർഥന പ്രകാരം ആ ഡയലോഗ് ഏറ്റുപറഞ്ഞു. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ഓൺലൈനും വിവോയും ചേർന്ന് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു സംഭവം.
അഭിനയിച്ച വേഷങ്ങളിൽ തന്നെ സ്വാധീനിച്ച കഥാപാത്രങ്ങൾ ഒന്നും തന്നെ ഇല്ലെന്നും ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ‘ഇന്ന് സിനിമകളൊക്കെ നൂറ് ദിവസം ചിത്രീകരണം ഉണ്ടാകും. സിനിമ ചെയ്ത് തുടങ്ങി രാവിലെ മുതൽ വൈകിട്ട് വരെ ആ കഥാപാത്രമായാകും അവിടെ ഇരിക്കുക. അപ്പോൾ കുറച്ചൊക്കെ നമ്മളെയും ആ കഥാപാത്രം ആ സമയത്ത് സ്വാധീനിക്കും. എന്നാൽ ആ സിനിമ തീരുമ്പോൾ ആ കഥാപാത്രം വിട്ടുപോകാൻ നമ്മൾ തന്നെ മുന്‍കൈ എടുക്കും.’
‘എനിക്ക് നന്നായി അറിയാം, ലൂസിഫർ പകുതി ഷൂട്ട് കഴിഞ്ഞപ്പോൾ തന്നെ ലാലേട്ടൻ സ്റ്റീഫൻ നെടുമ്പള്ളിയായി മാറിക്കഴിഞ്ഞു. അദ്ദേഹം രാവിലെ സെറ്റില്‍ വരുമ്പോള്‍ തന്നെ സ്റ്റീഫനാണ്. എന്നാൽ ഇപ്പോൾ ബിഗ് ബ്രദർ ഷൂട്ടിനിടയിൽ കാണുമ്പോൾ ഞാൻ കണ്ട ലാലേട്ടനേ അല്ല അത്. ഇത് എല്ലാവർക്കും സംഭവിക്കും.’–പൃഥ്വി പറഞ്ഞു.