തമാശ മാത്രമല്ല കേട്ടോ; കലോത്സവ വേദിയിൽ പിഷാരടിയുടെ തീപ്പൊരി പ്രസംഗം; വിഡിയോ
Mail This Article
‘ഇങ്ങനെയും ഒരു നാട്ടുകാരോ? ഞാന്‍ ഇവിടെ വന്നിറങ്ങിയപ്പോള്‍ മഴ പെയ്തതിന് ഒരു സംഘാടകന്‍ എന്നോട് മാപ്പ് പറഞ്ഞു. മഴ പെയ്തതിന് മാപ്പ് പറയുന്ന ഒരാളെ ഞാന്‍ ആദ്യമായി കാണുകയാണ്. ഞങ്ങള്‍ക്കൊക്കെ ബുദ്ധിമുട്ടായിപ്പോയോ എന്ന മട്ടില്‍ വല്ലാത്തൊരു സങ്കടത്തോടെ മഴ പെയ്തതിന് ഒരു സംഘാടകന്‍ മാപ്പ് പറയണമെങ്കില്‍ അതിന് വലിയൊരു മനസ് വേണം. കാഞ്ഞങ്ങാട്ട് വന്നിറങ്ങിയത് മുതല്‍ ഈ നാടിന്റെ നൈര്‍മല്യം ഞാന്‍ അനുഭവിക്കുകയാണ്.കലോത്സവ സമാപന വേദിയില്‍ നടന്‍ രമേശ് പിഷാരടി പറഞ്ഞ വാക്കുകള്‍ കേട്ട് എല്ലാവരുടെയും ഹൃദയം നിറഞ്ഞു.
ഇത്രയധികം നാട്ടുകാര്‍ ഒത്തുചേര്‍ന്ന് നടന്ന കലോത്സവം ഈ നാടിന്റെ കലാ ഹൃദയമാണ് വെളിപ്പെടുത്തുന്നത്. കലോത്സവത്തിന് എത്തിയ ഇത്രയും അധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ലോഡ്ജുകളോ ഹോട്ടലുകളോ ഒന്നും ഇവിടെ ഇല്ലാതിരുന്നിട്ടും ഇവരെ ഉള്‍ക്കൊള്ളാന്‍ നാട്ടുകാര്‍ കാണിച്ച വലിയ മനസ് കൊണ്ടാണ് കലോത്സവം ഗംഭീരമായതെന്നും പിഷാരടി പറഞ്ഞു.
‘ഇവിടെ എല്ലാവരും പറഞ്ഞു, മുൻസിപ്പൽ ചെയർമാൻ രമേശിന്റെ മിടുക്കുകൊണ്ടാണ് ഇത്ര ഇയ്ത അധികം ഭംഗിയായതെന്ന്. എന്തുകൊണ്ട് അദ്ദേഹത്തിന് ഇത് ചെയ്യാൻ പറ്റി എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഒള്ളൂ. അദ്ദേഹത്തിന്റെ പേര് എന്റെ പേര് പോലെ തന്നെ രമേശ് എന്നുള്ളതുകൊണ്ടാണ്. പ്രതിപക്ഷ നേതാവ് കൂടി വന്നിരുന്നെങ്കിൽ മൂന്ന് പേര് വന്നേനെ.’
‘ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ പ്രസക്തി വർത്തമാന കാലഘട്ടത്തിൽ വളരെ വലുതാണ്. പുതിയ കുട്ടികള്‍ കഴിഞ്ഞ തലമുറയേക്കാൾ ബുദ്ധിയുള്ളവരായാണ് വരുന്നത്. അത്രയധികം വിവരങ്ങൾ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുകയാണ്. സമൂഹം മുന്നോട്ടുപോകേണ്ടത് പ്രകൃതിയുടെ ആവശ്യമാണ്. കുരങ്ങനിൽ നിന്നാണ് മനുഷ്യൻ ഉണ്ടായതെന്ന് പറയുന്നു. ലോകത്ത് ഒരു കുരങ്ങനും തനിക്ക് മനുഷ്യനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. അത് പ്രകൃതിയുടെ ആവശ്യമായിരുന്നു. മുന്നോട്ടുള്ള യാത്രയെ പുറകോട്ടുവലിക്കുന്ന പല തരത്തിലുള്ള വേർതിരിവുകൾ നമുക്കിടയിൽ ഇപ്പോൾ ഉണ്ടാകുന്നുണ്ട്. ഇവിടെ ഒരു കുട്ടിയോ അധ്യാപകനോ അത്തരത്തിലുള്ള ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ കെട്ടുപാടുകൾ ഉണ്ടാക്കിയിട്ടില്ല. ഈ സൗഹൃദവും സ്നേഹവും എന്നും തുടരട്ടെ.’
‘ഞങ്ങളെപ്പോലുള്ളവർ വേദിയിൽ എത്തുമ്പോൾ സംഘാടകർ ചോദിക്കുന്ന കാര്യമാണ്, ‘ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് പ്രസംഗമല്ല. എന്തെങ്കിലും പരിപാടി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കണം.’ ഇവിടെ പി.ടി. ഉഷ വിശിഷ്ടാതിഥിയായി വന്നിരുന്നെങ്കിൽ അവരോട് രണ്ട് റൗണ്ട് ഓടിയിട്ടു പോകാം എന്നു പറയുമായിരുന്നോ എന്ന് തമാശയായി ഞാൻ ചോദിച്ചു.’–പിഷാരടി പറഞ്ഞു.