താരമാകാൻ മറ്റൊരു നിർമാതാവ് കൂടി
Mail This Article
കോടികൾ മുടക്കി സിനിമ എടുക്കുന്ന നിർമാതാക്കൾ താരങ്ങളായി മാറുന്ന കാലമാണിത്.ഒരു രസത്തിന് അഭിനയിച്ചു തുടങ്ങിയ നിർമാതാവ് ജി.സുരേഷ്കുമാർ തിരക്കുള്ള നടനായി മാറി.ഒട്ടേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.
സുരേഷിന്റെ പാത പിന്തുടർന്നു നിർമാതാവ് സന്തോഷ് ദാമോദരനും നടനായിരിക്കുകയാണ്.ജീവിതത്തിൽ ഇന്നുവരെ നാടകത്തിൽ പോലും അഭിനയിക്കാത്തയാളാണു സന്തോഷ്.എന്നാൽ വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയപ്പനും അഭിനയിച്ച ‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിലെ മുഴുനീള വില്ലൻ വേഷമായ ലൂക്കായെ അദ്ദേഹം അവതരിപ്പിച്ചു.പടം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ് ഫോമിൽ റിലീസായി.
ദാമർ സിനിമയുടെ ബാനറിൽ ബിഗ് ബജറ്റ് ചിത്രങ്ങൾ ഉൾപ്പെടെ 12 സിനിമകൾ നിർമിച്ചയാളാണു സന്തോഷ് ദാമോദരൻ.ജീവിതത്തിൽ ഇന്നുവരെ അഭിനയ മോഹം തോന്നിയിട്ടില്ല.സന്തോഷ് നിർമിച്ചു മേജർ രവി സംവിധാനം ചെയ്ത ‘കുരുക്ഷേത്ര’യിൽ ഒരു രംഗത്ത് അദ്ദേഹം വന്നു പോയിട്ടുണ്ട്.അന്നു മോഹൻലാൽ നിർബന്ധിച്ചതു കൊണ്ടു മാത്രമാണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടതെന്നു സന്തോഷ് പറയുന്നു.
അടുത്ത കാലത്തു താടിയൊക്കെ വച്ചു പ്രത്യേക ഗെറ്റപ്പിലാണു സന്തോഷ് നടക്കുന്നത്.‘കൃഷ്ണൻകുട്ടി പണി തുടങ്ങി’യുടെ സംവിധായകൻ സൂരജ് ടോമും നിർമാതാവ് നോബിൾ ജോസും യാദൃച്ഛികമായി അദ്ദേഹത്തെ കണ്ടു മുട്ടി.ലൂക്കായ്ക്കു പറ്റിയ രൂപമാണ് അദ്ദേഹത്തിന്റേതെന്ന് അവർക്കു തോന്നി.അങ്ങനെയാണ് അഭിനയിക്കാൻ ക്ഷണിച്ചത്. അഭിനയിക്കാൻ അറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞെങ്കിലും ക്യാമറയ്ക്കു മുന്നിൽ വെറുതെ നിന്നാൽ മതി.ബാക്കി തങ്ങൾ നോക്കിക്കൊള്ളാം എന്നു പറഞ്ഞു നിർബന്ധിച്ചു.ഷൂട്ടിങ് സ്ഥലത്ത് എല്ലാവരും വലിയ പിന്തുണ നൽകി.അഭിനയത്തോടും കാമറയോടും തുടക്കത്തിൽ ഉണ്ടായിരുന്ന ഭയം മെല്ലെ മാറി.അങ്ങനെ ഈ ചിത്രത്തിലെ മുഴുനീള വില്ലൻ വേഷം സന്തോഷ് ദാമോദരൻ പൂർത്തിയാക്കി.ലൂക്കയ്ക്കു ശബ്ദം നൽകിയതും സന്തോഷ് തന്നെയാണ്.
ചിത്രം ഇറങ്ങിയപ്പോൾ കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ ക്ഷണം വരുന്നുണ്ട്.തിരഞ്ഞെടുത്ത വേഷങ്ങളിൽ അഭിനയിക്കാനാണു സന്തോഷിന്റെ തീരുമാനം. പകൽപ്പൂരം,വാൽക്കണ്ണാടി,ലങ്ക,ഇവർ,ചന്ദ്രോത്സവം തുടങ്ങിയ സിനിമകൾ നിർമിച്ച സന്തോഷിന്റെ പുതിയ ചിത്രം ‘വൂൾഫ്’ ആണ്.ജി.ആർ.ഇന്ദു ഗോപൻ തിരക്കഥ എഴുതി ഷാജി അസീസ് സംവിധാനം ചെയ്ത ഈ സിനിമ കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു.