ADVERTISEMENT

ജീവിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം 75 വയസ്സ് പൂര്‍ത്തിയാവുമായിരുന്നു സംവിധായകന്‍ പി.ജി. വിശ്വംഭരന്. മലയാളം എന്നും ഓര്‍മിക്കുന്ന ഏതാനും സിനിമകളിലൂടെ ചരിത്രത്തില്‍ ഇടം പിടിച്ച വിശ്വംഭരന്റെ ജീവിതത്തിലെ അറിയാക്കഥകള്‍...

 

പ്രേംനസീര്‍ നായകനടന്‍ എന്ന നിലയില്‍ കൊടികുത്തി വാഴുന്ന കാലം. സത്യനും ഏതാണ്ട് തത്തുല്യമായ പദവി കൈവരിച്ചു കഴിഞ്ഞിരുന്നു. അഭിനയശേഷിയില്‍ നസീറിനേക്കാള്‍ പല മടങ്ങ് മുന്നില്‍ നില്‍ക്കുന്ന സത്യനും ആരാധകര്‍ കുറവല്ല.

 

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ സത്യനെ തീവ്രമായി ആരാധിച്ചിരുന്ന ഒരു യുവാവുണ്ടായിരുന്നു. പേര് പ്ലാന്തോട്ടം ഗംഗാധരന്‍ മകന്‍ വിശ്വംഭരന്‍. നാട്ടിലെ ഒരു ചടങ്ങില്‍ സംബന്ധിക്കാനെത്തിയ സത്യനെ കാണാനെത്തിയ വിശ്വംഭരന്‍ സിനിമയില്‍ അഭിനയിക്കാനുളള ആഗ്രഹം അറിയിച്ചു. ബിരുദപഠനം പൂര്‍ത്തിയാക്കിയിട്ട് എന്നെ വന്ന് കാണൂ എന്ന ഉപദേശവും നല്‍കി സത്യന്‍ മടക്കി അയച്ചു. എന്നാല്‍ കലശലായ സിനിമാഭ്രമം തലയ്ക്ക പിടിച്ച വിശ്വംഭരന് അത്രയും നാള്‍ കാത്തിരിക്കാനുളള ക്ഷമ ഉണ്ടായില്ല. ഹൈസ്‌കൂള്‍ തലം പിന്നിടും മുന്‍പേ തീവണ്ടി കയറി അന്ന് സിനിമയുടെ സ്വപ്നഭൂമിയായിരുന്ന മദ്രാസിലെത്തി. ഏറെ കഷ്ടപ്പെട്ട് ഫിലിം സ്റ്റുഡിയോയിലെത്തി തന്റെ ആരാധ്യപുരുഷനെ കണ്ടെത്തി. 

 

അഭിനയം വിശ്വംഭരന് വഴങ്ങില്ലെന്ന് എന്തുകൊണ്ടോ സത്യന് തോന്നി. അദ്ദേഹം പയ്യന് തന്റെ ശുപാര്‍ശയില്‍ എഡിറ്റിങ് സഹായിയായി നില്‍ക്കാന്‍ അവസരം ഒരുക്കി. പിന്നീട് ക്യാമറാ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒഴിവു വന്നപ്പോള്‍ അവിടെയും അവസരം വാങ്ങിക്കൊടുത്തു. അപ്പോഴേക്കും വിശ്വംഭരന്‍ ഒരു കാര്യം മനസ്സിലാക്കിക്കഴിഞ്ഞു. സിനിമയിലെ യഥാർഥ പ്രജാപതി നടനോ ക്യാമറാമാനോ എഡിറ്ററോ ഒന്നുമല്ല. സംവിധായകനാണ്. ഒരു സംവിധായകനാവുക എന്ന ലക്ഷ്യം അദ്ദേഹം മനസ്സിലുറപ്പിച്ചു. മാര്‍ഗദര്‍ശിയായ സത്യനോടു തന്നെ വിവരം പറയുകയും ചെയ്തു. സത്യന്‍ വിശ്വംഭരന്റെ കാര്യം അന്നത്തെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ ശശികുമാറിന്റെ ശ്രദ്ധയില്‍ പെടുത്തി. ഉത്സാഹശാലിയായ വിശ്വംഭരന്റെ ചുറുചുറുക്കും കാര്യനിര്‍വഹണശേഷിയും ബോധ്യപ്പെട്ട ശശികുമാര്‍ സഹായിയായി ഒപ്പം നിര്‍ത്തി.

 

അന്ന് ശശികുമാര്‍ ചെയ്യുന്നത് ഏറെയും പ്രേംനസീര്‍ നായകനായ ചിത്രങ്ങളാണ്. നസീറിന്റെയും ഗുഡ്ബുക്കില്‍ സ്ഥാനം പിടിക്കാന്‍ കര്‍മനിരതനായ വിശ്വംഭരന് കഴിഞ്ഞു. അങ്ങനെയിരിക്കെ വിശ്വംഭരന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഒരു നിര്‍മാതാവ് സ്വതന്ത്രമായി ഒരു പടം സംവിധാനം ചെയ്യാനുളള ഓഫര്‍ മുന്നോട്ട് വച്ചു. പക്ഷേ ഒരു നിബന്ധന. നായകനായി പ്രേംനസീര്‍ തന്നെ വേണം. നസീര്‍ അന്ന് മൂന്ന് ഷിഫ്ടുകളില്‍ ഓടി നടന്ന് അഭിനയിക്കുന്ന കാലം. അദ്ദേഹം ആകെ ഉറങ്ങുന്നത് നാലേ നാല് മണിക്കൂര്‍ മാത്രം. അത്രയും തിരക്കുള്ള ഒരാള്‍ക്ക് മനസ്സുണ്ടെങ്കിലും തനിക്ക് ഡേറ്റ് തരാന്‍ കഴിയില്ലെന്ന് വിശ്വംഭരന് അറിയാം. എങ്കിലും വിവരം അദ്ദേഹത്തെ അറിയിക്കാന്‍ തന്നെ തീരുമാനിച്ചു. കാര്യം കേട്ട നസീര്‍ ചോദിച്ചു.

 

‘‘ഉറങ്ങുന്ന സമയം ഞാന്‍ രണ്ട് മണിക്കൂറായി കുറയ്ക്കാം. ദിവസവും രാത്രി രണ്ട് മണിക്കൂര്‍ തന്നാല്‍ വിശ്വംഭരന് എന്റെ പോര്‍ഷന്‍സ് എടുത്ത് തീര്‍ക്കാന്‍ പറ്റുമോ?’’

സാധാരണഗതിയില്‍ ഒരു സംവിധായകന് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ് എന്നാല്‍ വിശ്വംഭരന്‍ അത് സമ്മതിച്ചു. അങ്ങനെ കേവലം രണ്ടു മണിക്കുര്‍ വീതം ഷൂട്ട് ചെയ്ത് നസീര്‍ നായകനായ ആദ്യചിത്രം ‘ഒഴുക്കിനെതിരെ’ വിശ്വംഭരന്‍ പൂര്‍ത്തിയാക്കി.

 

ആദ്യചിത്രം സാമ്പത്തിക വിജയം നേടി എന്ന് മാത്രമല്ല ഭേദപ്പെട്ട സംവിധായകന്‍ എന്ന അഭിപ്രായം നേടുകയും ചെയ്തു. പിന്നീട് കമല്‍ഹാസനെയും ശ്രീദേവിയെയും നായികാനായകന്‍മാരാക്കി ‘സത്യവാന്‍ സാവിത്രി’ അടക്കം ഒട്ടനവധി സിനിമകള്‍ ഒരുക്കി.

 

ജയന്‍ നായകനായ ‘ചാകര’ പോലെ നിരവധി വിജയചിത്രങ്ങള്‍ പിന്നീട് വിശ്വംഭരന്റേതായി വന്നു. ജയനും സുകുമാരനും നായകവേഷത്തിലെത്തുന്ന ‘സ്‌ഫോടനം’ എന്ന സിനിമയ്ക്ക് പദ്ധതിയിടുന്നതിനിടയിലാണ് ആകസ്മികമായി ജയന്‍ മരിക്കുന്നത്. ആ കഥാപാത്രം ആര് അവതരിപ്പിക്കുമെന്ന് ചര്‍ച്ച വന്നപ്പോളാണ് അന്ന് ‘മേള’ എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത പുതുമുഖ നടനെ വിശ്വംഭരന് ഓര്‍മ വന്നത്. അദ്ദേഹം ഇടയ്ക്കിടെ അവസരം ചോദിച്ച് വിശ്വംഭരനെ വന്ന് കാണുമായിരുന്നു. എന്നാല്‍ നിര്‍മാതാക്കളായ വിജയാ മൂവിസിന് അതില്‍ വിശ്വാസം തോന്നിയില്ല. സിനിമയുടെ നിര്‍മാണപങ്കാളിയായ വിശ്വംഭരന്‍ തന്റെ ഉറപ്പിന്‍മേല്‍ അയാള്‍ക്ക് ആ വേഷം കൊടുക്കണമെന്ന് വാശിപിടിച്ചു. സംവിധായകന്‍ കൂടിയായ വിശ്വംഭരന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ നിർമാതാക്കള്‍ പുതുമുഖത്തിനെ കാസ്റ്റ് ചെയ്തു. മമ്മൂട്ടി എന്ന അദ്ദേഹത്തിന്റെ പേര് സിനിമാ നടന് യോജിച്ചതല്ലെന്നായിരുന്നു വിശ്വംഭരന്റെ കണ്ടെത്തല്‍. 

 

മമ്മൂട്ടിയുടെ താത്പര്യം പരിഗണിക്കാതെ അദ്ദേഹം അത് സജിന്‍ എന്നാക്കി മാറ്റി. സിനിമയുടെ പരസ്യങ്ങളിലും മറ്റും പുതുമുഖം സജിന്‍ എന്ന് ചേര്‍ക്കുകയും ചെയ്തു. സാധാരണഗതിയില്‍ ഒരിക്കല്‍ പേര് മാറ്റിയാല്‍ പിന്നീട് അത് തന്നെ സ്ഥിരപ്പെടുകയാണ് പതിവ്. എന്നാല്‍ സിനിമ വിജയമാവുകയും കുടുതല്‍ അവസരങ്ങള്‍ കൈവരികയും ചെയ്തപ്പോള്‍ മമ്മൂട്ടി തന്റെ യഥാർഥ പേര് തന്നെ പിന്‍തുടര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, മമ്മൂട്ടിയുടെ കരിയറിലെ ആദ്യഹിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്’ സംവിധാനം ചെയ്തതും വിശ്വംഭരനാണ്. പിന്നീട് ‘പിന്‍നിലാവ്’, ‘രുഗ്മ’ എന്നിങ്ങനെ മമ്മൂട്ടിയെ വച്ച് എത്രയോ ഹിറ്റുകള്‍.

 

63 സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ശേഷമാണ് വിശ്വംഭരന്‍ യാത്ര പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കിയത് ഇതൊന്നുമായിരുന്നില്ല. ചില തീവ്രനിലപാടുകളായിരുന്നു. ഒപ്പം നില്‍ക്കുന്നവര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നു.

 

നടന്‍ അച്ചന്‍കുഞ്ഞ് പറഞ്ഞ ഒരു അനുഭവം ഓര്‍മ വരുന്നു. കോട്ടയം ബോട്ടുജെട്ടിയില്‍ ചുമട്ടുതൊഴിലാളിയായിരുന്നു അച്ചന്‍കുഞ്ഞ്. ലോറിയുടെ തിരക്കഥ എഴുതുന്നതിനായി കോട്ടയത്ത് ഗെസ്റ്റ്ഹൗസില്‍ താമസമാക്കിയ ഭരതനും പത്മരാജനും ബോട്ട്ജെട്ടിയില്‍ വന്ന സന്ദര്‍ഭത്തില്‍ യാദൃച്ഛികമായി കണ്ട് പരിചയപ്പെട്ടതാണ് അച്ചന്‍കുഞ്ഞിനെ. തങ്ങളൂടെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തി ഇതാണെന്ന് ആദ്യം തോന്നിയത് പത്മരാജനാണ്. ഭരതനും അനുകൂലിച്ചപ്പോള്‍ തീരുമാനം വേഗത്തിലായി. അച്ചന്‍കുഞ്ഞ് നാടകങ്ങളില്‍ അഭിനയിക്കുന്ന ആളാണെന്ന് കൂടി അറിഞ്ഞപ്പോള്‍ ഇരുവര്‍ക്കും സന്തോഷമായി. ലോറിയിലെ അഭിനയം ആ വര്‍ഷത്തെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം അച്ചന്‍കുഞ്ഞിന് നേടിക്കൊടുത്തു. പിന്നീട് കോട്ടയംകാര്‍ കാണുന്നത് സില്‍ക്ക് ജുബയും കഴുത്തില്‍ സ്വര്‍ണ്ണമാലയും ധരിച്ച് സ്‌റ്റൈലില്‍ വന്നിറങ്ങുന്ന അച്ചന്‍കുഞ്ഞിനെയാണ്. അക്കാലത്ത് ‘ചാട്ട’യും ‘ഈ നാടും’ അടക്കം പല ഹിറ്റ് പടങ്ങളിലും നല്ല വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു അച്ചന്‍കുഞ്ഞ്. എന്നാല്‍ സ്വകാര്യസംഭാഷണങ്ങള്‍ക്കിടയില്‍ അച്ചന്‍കുഞ്ഞ് ചില സത്യങ്ങള്‍ തുറന്ന് പറഞ്ഞു.

 

അതിലൊന്ന്, അവസരങ്ങള്‍ നല്‍കുന്ന പലരും പ്രതിഫലം വാങ്ങിത്തരുന്ന കാര്യത്തില്‍ പിന്നോട്ടായിരുന്നു. അച്ചന്‍കുഞ്ഞല്ലേ എന്തെങ്കിലുമൊക്കെ കൊടുത്തുവിട്ടാല്‍ മതി എന്ന മനോഭാവം. അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് വിലപേശാന്‍ അദ്ദേഹത്തിനൊട്ട് ധൈര്യം വന്നതുമില്ല. 

 

എന്നാല്‍ പി.ജി.വിശ്വംഭരന്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിച്ചു. ഒപ്പം സഹകരിക്കുന്നവര്‍ക്ക് ന്യായമായ പണം വാങ്ങിത്തരും. അത് കിട്ടിയോ എന്ന് ഉറപ്പാക്കും. ഒരിക്കല്‍ വീട് പണി നടക്കുന്ന സന്ദര്‍ഭത്തില്‍ അച്ചന്‍കുഞ്ഞിന് കുറെ പണം അത്യാവശ്യമായി വന്നു. നിര്‍മാതാക്കള്‍ ഓരോരോ ഒഴിവുകഴിവ് പറഞ്ഞ് മുങ്ങി നടക്കുകയാണ്. അച്ചന്‍കുഞ്ഞ് വിവരം വിശ്വംഭരനെ ധരിപ്പിച്ചു. ഇപ്പോള്‍ പണമില്ല, കുറച്ചുകഴിയട്ടെ എന്നിങ്ങനെ പഴയ പല്ലവി നിര്‍മാതാവ് ആവര്‍ത്തിച്ചു. ഇതുവരെ സിനിമയ്ക്ക് എത്ര രൂപ ചെലവായെന്ന് വിശ്വംഭരന്‍. നിര്‍മാതാവ് കണക്ക് പറഞ്ഞു. എങ്കില്‍ ആ പണം തന്ന് സിനിമയുടെ നിര്‍മാണച്ചുമതല താന്‍ ഏറ്റെടുത്തുകൊളളാമെന്നും പണമില്ലാത്തവര്‍ പടം നിര്‍മിക്കേണ്ടതില്ലെന്നും വിശ്വംഭരന്‍ തുറന്നടിച്ചു. അതോടെ നിര്‍മാതാക്കള്‍ പത്തിമടക്കിയെന്ന് മാത്രമല്ല അച്ചന്‍കുഞ്ഞിന്റെ പ്രതിഫലം കയ്യോടെ കൊടുത്തുതീര്‍ക്കുകയും ചെയ്തു.

 

‘കടത്ത്’ എന്ന സിനിമയിലെ ‘ഓളങ്ങള്‍ താളം തല്ലുമ്പോള്‍...’ എന്ന പാട്ട് പാടേണ്ടിയിരുന്നത് മലയാളത്തിലെ ഒരു മുന്‍നിര ഗായകനായിരുന്നു. എന്നാല്‍ റെക്കോര്‍ഡിങ് തീയതി നിശ്ചയിച്ച് പല ദിവസങ്ങള്‍ കാത്തിരുന്നിട്ടും ഗായകന്‍ എത്തിയില്ല. തന്റെ തലക്കനവും ജാ‍ഡയും കാണിക്കുക എന്നത് അക്കാലത്ത് അദ്ദേഹത്തിന്റെ രീതിയായിരുന്നു. പലരും എല്ലാം സഹിച്ച് അദ്ദേഹത്തിനു വേണ്ടി അവസാനം വരെ കാത്തിരിക്കും. എന്നാല്‍ വിശ്വംഭരനെ ഇത് ചൊടിപ്പിച്ചു. ആ പാട്ടിന് അന്ന് ട്രാക്ക് പാടിയിരുന്നത് ഇന്നത്തെ പ്രസിദ്ധ ഗായകന്‍ ഉണ്ണി മേനോനാണ്. സിനിമയിലും ഉണ്ണി മേനോന്‍ തന്നെ പാടിയാല്‍ മതിയെന്നായി വിശ്വംഭരന്‍. എന്നാല്‍ നിര്‍മാതാക്കള്‍ അടക്കം പലര്‍ക്കും ഇത് സ്വീകാര്യമായില്ല. വിപണനമൂല്യമുളള ഒരു ഗായകന് പകരം അറിയപ്പെടാത്ത ഒരാള്‍ പാടിയാല്‍ അത് ബിസിനസിനെ ബാധിക്കുമെന്ന് അവര്‍ വാദിച്ചു. എന്നാല്‍ അതിന്റെ പേരിലുണ്ടാവുന്ന നഷ്ടം ഞാന്‍ തന്നുകൊളളാമെന്ന് വിശ്വംഭരന്‍ തുറന്നടിച്ചു. അതോടെ എതിര്‍വാദക്കാര്‍ നിശ്ശബ്ദരായി. സിനിമ പുറത്ത് വന്നപ്പോള്‍ ‘ഓളങ്ങള്‍ താളം തല്ലുമ്പോള്‍...’ എന്ന ഗാനം ഹിറ്റായി. ഇന്നും മലയാളികള്‍ അത് മൂളിനടക്കുന്നു.

 

അന്ന് പല സിനിമാക്കാരും കിട്ടുന്ന പണം ധൂര്‍ത്തടിച്ച് കളയുമ്പോള്‍ തന്റെ പ്രതിഫലമത്രയും കൃത്യമായ സേവിങ്സ് സ്‌കീമുകളില്‍ നിക്ഷേപിക്കുന്നതും സുഹൃത്തുക്കളോടും ആ വഴി പിന്‍തുടരാന്‍ ഉപദേശിക്കുന്നതും വിശ്വംഭരന്റെ ശീലമായിരുന്നു. ബിഗ്ബജറ്റ് സിനിമകള്‍ക്കൊപ്പം ഏറ്റവും കുറഞ്ഞ ചെലവില്‍ സിനിമകള്‍ ഒരുക്കാനും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഷൂട്ട് തീര്‍ക്കാനും വിശ്വംഭരന്‍ ശ്രദ്ധിച്ചിരുന്നു.

 

വലിയ വായനക്കാരനായിരുന്നു അദ്ദേഹം. കലൂരില്‍ പുതുതായി പണിത വീടിന്റെ മുകള്‍ നിലയിലെ ഏക മുറി ലൈബ്രറിയായിരുന്നു. അക്കാലത്ത് ഓരോ വര്‍ഷവും ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് പുസ്തകങ്ങള്‍ ഒരുമിച്ച് വാങ്ങുന്ന വ്യക്തിക്ക് ഡി.സി. ബുക്‌സ് ഒരു സമ്മാനം ഏര്‍പ്പെടുത്തിയിരുന്നു. പലപ്പോഴും അത് തുടര്‍ച്ചയായി കരസ്ഥമാക്കിയിരുന്നത് വിശ്വംഭരനായിരുന്നു. മലയാളത്തില്‍ ഏറ്റവും അധികം നോവലുകള്‍ സിനിമയാക്കിയ സംവിധായകരില്‍ ഒരാളും അദ്ദേഹമായിരുന്നു. സി.രാധാകൃഷ്ണന്‍,  പി.ആര്‍.ശ്യാമള, കാനം ഇ.ജെ, ജോണ്‍ ആലുങ്കല്‍ എന്നിവരുടെയൊക്കെ നോവലുകള്‍ അദ്ദേഹം ബിഗ്‌സ്‌ക്രീനിലെത്തിച്ചു. എസ്.എല്‍.പുരത്തിന്റെ പ്രസിദ്ധമായ ‘കാട്ടുകുതിര’ എന്ന നാടകത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കാനുളള അവസരവും വിശ്വംഭരന് സിദ്ധിച്ചു.

 

ഇതൊക്കെയാണെങ്കിലും ചരിത്രം രേഖപ്പെടുത്താതെ പോയ അസുഖകരമായ ഒരു അനുഭവത്തിനും അദ്ദേഹം നിമിത്തമായി. അന്ന് പലര്‍ക്കും വേണ്ടി ഗോസ്റ്റ് റൈറ്റിങ് നടത്തിയിരുന്ന തിരുവനന്തപുരത്തുകാരനായ ഒരു യുവാവുണ്ടായിരുന്നു. സ്വന്തം പേരില്‍ ഒരു തിരക്കഥ തിരശ്ശീലയില്‍ എത്തിക്കുക എന്നതായിരുന്നു ടിയാന്റെ ഏറ്റവും വലിയ ആഗ്രഹം. ആ ചെറുപ്പക്കാരന്‍ വിശ്വംഭരന്റെ അടുത്തെത്തി. കാനം ഇ.ജെയുടെ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന കടത്ത് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതാന്‍. സാമാന്യം ഭംഗിയായി തന്നെ പയ്യന്‍ ആ ദൗത്യം നിര്‍വഹിച്ചു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ തിരക്കഥ, സംഭാഷണം എന്ന സ്ഥാനത്ത് വന്നത് പി.ജി.വിശ്വംഭരന്റെ പേരായിരുന്നു. പ്രശസ്തനായ കാനത്തിന്റെ കഥയ്ക്ക് പുതിയ ഒരാള്‍ തിരക്കഥ എഴുതിയാല്‍ അദ്ദേഹത്തിന് ഇഷ്ടമായില്ലെങ്കിലോ എന്നായിരുന്നു ഇക്കാര്യത്തില്‍ സംവിധായകന്റെ ന്യായം. ഇത് തിരക്കഥാകൃത്തിനെ തെല്ലൊന്നുമായിരിക്കില്ല വേദനിപ്പിച്ചത്.

 

എന്നാല്‍ കാലം എല്ലാറ്റിനും മറുപടി നല്‍കി. കടത്ത് സാമ്പത്തികമായി പരാജയപ്പെട്ടപ്പോള്‍ അതേ ബാനറില്‍ പിന്നീട് നിര്‍മിക്കപ്പെട്ട രണ്ട് സിനിമകള്‍ക്ക് ഈ യുവാവ് തിരക്കഥ എഴുതി. രണ്ടും സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ആ സിനിമകള്‍ യഥാക്രമം ‘കുയിലിനെത്തേടി’, ‘എങ്ങനെ നീ മറക്കും?’ എന്നിവയായിരുന്നു. തിരക്കഥാകൃത്തിന്റെ പേര് പ്രിയദര്‍ശനെന്നും ആയിരുന്നു.

 

പില്‍ക്കാലത്ത് വിശ്വംഭരന്‍ അടക്കം ആര്‍ക്കും സങ്കല്‍പിക്കാനാവാത്ത ഉയരങ്ങളിലേക്ക് പ്രിയന്‍ ചെന്നെത്തി. തിരക്കഥാകൃത്തായും സംവിധായകന്‍ എന്ന നിലയിലും. ഇത്തരം മാന്ത്രികമായ അനുഭവങ്ങളുടെ കൂടി വിളനിലമാണ് സിനിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com