‘ഗരുഡൻ’ ചെയ്യുമ്പോൾ ഹനീഫ ഇക്കയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ തോന്നിയിരുന്നില്ല: സങ്കടത്തോടെ അരുൺ വർമ
Mail This Article
കലാഭവൻ ഹനീഫിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ ‘ഗരുഡൻ’ സിനിമയുടെ അണിയറപ്രവർത്തകർ. തിയറ്ററിൽ പ്രദർശനം തുടരുന്ന ഗരുഡനിൽ ചെറിയൊരു വേഷം ഹനീഫും അവതരിപ്പിച്ചിരുന്നു. സുരേഷ് ഗോപിയുമായുള്ള ഒരു കോംബിനേഷൻ രംഗത്തിലാണ് കലാഭവൻ ഹനീഫ് അഭിനയിച്ചത്. ചെറിയൊരു കഥാപാത്രമായിരുന്നിട്ടു കൂടി അതു ചെയ്യാന്‍ അദ്ദേഹം കാണിച്ച മനസ്സ് ഒരിക്കലും മറക്കാൻ പറ്റില്ലെന്ന് സംവിധായകൻ അരുൺ വർമ മനോരമ ഓൺലൈനോടു പറഞ്ഞു.
‘‘ഗരുഡനിൽ ചെറിയൊരു വേഷമാണ് ഹനീഫ് ഇക്ക ചെയ്തത്. സുരേഷേട്ടൻ മോണിങ് വാക്ക് കഴിഞ്ഞു വരുമ്പോൾ ചായ കുടിക്കുന്ന ചായക്കടയിലെ കടക്കാരന്റെ വേഷം. എനിക്ക് അദ്ദേഹത്തെ മുമ്പ് പരിചയമില്ല. പറക്കും തളികയിലെ കഥാപാത്രം കണ്ട് ഏറെ ചിരിച്ചിട്ടുണ്ട്. സെറ്റിൽ വന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടത്.
ഒരു ദിവസത്തെ ഷൂട്ടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അത്രയും ചെറിയ വേഷമായിരുന്നിട്ടു കൂടി അതു ചെയ്യാൻ അദ്ദേഹം തയാറായി എന്നതാണ് അദ്ദേഹത്തിന്റെ മേന്മ. നല്ല ഒരു ടീമിന്റെ ഭാഗമാകുക എന്നതു മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. വലിയ വേഷങ്ങൾ വേറെ ചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിൽ പോലും ഈ ചെറിയ കഥാപാത്രം ചെയ്യാൻ അദ്ദേഹം മനസു കാണിച്ചു. അതെനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല.
ഹനീഫ് ഇക്കയ്ക്ക് അങ്ങനെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി തോന്നിയിരുന്നില്ല. പ്രഷറും ഷുഗറുമൊക്കെയുണ്ടെന്ന് പറയാറുണ്ട്. ഡബ്ബിങ് സമയത്തു കണ്ടപ്പോൾ ആയിടയ്ക്ക് ആശുപത്രിയിൽ കിടക്കേണ്ടി വന്നെന്നും അദ്ഭുതകരമായി രക്ഷപ്പെട്ടെന്നും പറഞ്ഞിരുന്നു. പക്ഷേ, ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പോകുമെന്ന് പ്രതീക്ഷിച്ചില്ല. സിനിമ റിലീസ് ആയതിനുശേഷം അദ്ദേഹത്തെ വിളിച്ചു സംസാരിക്കാൻ കഴിഞ്ഞില്ല. അതിൽ ഇപ്പോൾ സങ്കടം തോന്നുന്നു. എന്റെ അസോഷ്യേറ്റ് വിളിച്ചു പറയുമ്പോഴാണ് ഹനീഫ് ഇക്കയുടെ വിയോഗവാർത്ത ഞാൻ അറിയുന്നത്. അടുത്ത പ്രൊജക്ടിൽ അദ്ദേഹത്തെ വച്ച് വലിയൊരു സംഭവം ചെയ്യണമെന്നുണ്ടായിരുന്നു. ദൗർഭാഗ്യവശാൽ ഇനി അതു നടക്കില്ല.’’– അരുൺ വേദനയോടെ പറഞ്ഞു.