‘മലൈക്കോട്ടൈ വാലിബന്‍’ സംഭവിച്ചത്: തുറന്നു പറഞ്ഞ് മോഹൻലാൽ

Mail This Article
‘മലൈക്കോട്ടൈ വാലിബൻ’ സിനിമ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് മോഹൻലാൽ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആ സിനിമയുടെ കഥ വിവരിച്ചപ്പോൾ അതൊരു അതിശയകരമായ ചിത്രമായിരുന്നുവെന്നും എന്നാൽ ചിത്രീകരണഘട്ടത്തിൽ സിനിമ വലുതാവുകയും രണ്ടു ഭാഗമായി എടുക്കാൻ തീരുമാനിച്ചതുമാണ് കണക്കുക്കൂട്ടലുകൾ തെറ്റാൻ ഇടയാക്കിയതെന്നും മോഹൻലാൽ വെളിപ്പെടുത്തി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
മോഹൻലാലിന്റെ വാക്കുകൾ: ‘‘സിനിമയുടെ പരാജയങ്ങൾ എന്നെ ബാധിക്കാറില്ല. അത് സംഭവിക്കും. മലൈക്കോട്ടൈ വാലിബനിലേക്ക് വന്നാൽ ലിജോ ആ കഥ പറയുമ്പോൾ അത് വളരെ അതിശയകരമായ കഥയായി തോന്നിയിരുന്നു. ചിത്രീകരണം തുടങ്ങിക്കഴിഞ്ഞ് ആ സിനിമയുടെ കഥ വളരാൻ തുടങ്ങി. അത് പുതിയ തലങ്ങളിലേക്ക് പോയി. പക്ഷേ, ഇടയ്ക്ക് അത് കൈവിട്ടു പോയി. പിന്നീട് ലിജോ അത് രണ്ട് ഭാഗങ്ങളായി എടുക്കാൻ തീരുമാനിച്ചു.
ഒരു സിനിമ എടുക്കുന്നു, അത് വിജയിച്ചാൽ അതിന്റെ രണ്ടാം ഭാഗം എടുക്കാം എന്നതായിരുന്നു അവരുടെ പ്ലാൻ. പക്ഷേ, അത് കാരണം സിനിമയുടെ ദൈർഘ്യവും ആശയവും മാറി. സിനിമ മൊത്തത്തിൽ മാറി. അതിനെ ഒരു തെറ്റായി ഞാൻ കാണുന്നില്ല. അത് കണക്കുക്കൂട്ടലുകളിലെ പിഴവാണ്. ലിജോ ആ സിനിമയെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചത്. അത് ലിജോയുടെ സംവിധാനത്തിന്റെ രീതിയാണ്. ലിജോ സിനിമ എടുത്ത പേസിൽ പ്രേക്ഷകർക്ക് എത്താൻ പറ്റിയില്ല, അതുകൊണ്ട് പ്രേക്ഷകർക്ക് സിനിമയുടെ പേസുമായി കണക്റ്റാകാൻ കഴിഞ്ഞില്ല.
എമ്പുരാൻ പൃഥ്വിയും മുരളിയും മനസ്സിൽ കണ്ടതു തന്നെ മൂന്നു ഭാഗങ്ങളുള്ള സിനിമ ആയിട്ടാണ്. ലൂസിഫർ കണ്ട പ്രേക്ഷകർക്ക് ആ സിനിമയെക്കുറിച്ച് ഒരു മുൻധാരണ ഉണ്ട്. ആ സിനിമയുടെ പേസ് അവർക്ക് അറിയാം. ആ പ്രതീക്ഷ നിലനിർത്താൻ കഴിഞ്ഞാൽ തന്നെ നല്ലത്. അതിനും മുകളിൽ പോയാൽ വളരെ നല്ലത്. ലിജോയുടെ സിനിമയെക്കുറിച്ചും പ്രേക്ഷകർക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ, ആ പ്രതീക്ഷകൾക്കൊത്ത് ആ സിനിമ ഉയർന്നില്ല,’’ മോഹൻലാൽ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘മലൈക്കോട്ട വാലിബന്‍’. പി.എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് പ്രശാന്ത് പിള്ളയാണ്. ഹരീഷ് പേരടി, സൊണാലി കുൽക്കർണി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററുകളിൽ വേണ്ടുന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.