ബിജിഎം ‘മാസ്റ്ററിന്റെ’ കോപ്പി; സണ്ണി ഡിയോളിന്റെ മാസ് ആക്ഷനുമായി ‘ജാട്ട്’ ട്രെയിലർ

Mail This Article
സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മളിനേനി ഒരുക്കുന്ന ‘ജാട്ട്’ സിനിമയുടെ ട്രെയിലർ എത്തി. ആക്‌ഷൻ എന്റർടെയ്നർ ചിത്രത്തിൽ മാസ് അവതാരമായി സണ്ണി എത്തുന്നു. ബ്ലോക്ബസ്റ്റർ ചിത്രം ഗദ്ദർ 2വിനു ശേഷം തിയറ്ററുകളിലെത്തുന്ന സണ്ണി ഡിയോൾ സിനിമ കൂടിയാണിത്.
തമൻ ആണ് സംഗീതം നിർവഹിക്കുന്നത്. അതേസമയം ട്രെയിലറിലെ ബിജിഎം വിജയ് ചിത്രമായ ‘മാസ്റ്ററി’ലെ പശ്ചാത്തലസംഗീതത്തിനോട് വളരെ സാമ്യം തോന്നുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ കണ്ടെത്തൽ. മാസ്റ്ററിലെ ദളപതി വിജയ്‌യുടെ ഇൻട്രോ തീമിനോട് സാമ്യമുള്ളതാണ് ജാട്ടിലെ ബിജിഎം. അനിരുദ്ധിന്റെ മ്യൂസിക് തമൻ കോപ്പി അടിച്ചെന്നും പക്ഷേ പ്രേക്ഷകർ ഇത്ര വേഗം കണ്ടുപിടിക്കുമെന്ന് അവർ കരുതികാണില്ലെന്നും കമന്റുകളുണ്ട്. വലിയ വിമർശനങ്ങളാണ് ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
മൈത്രി മൂവി മേക്കേഴ്സ് ആണ് ജാട്ട് സിനിമയുടെ നിർമാണം. രൺദീപ് ഹൂഡ വില്ലൻ വേഷത്തിലെത്തുന്നു. വിനീത് കുമാർ സിങ്, റെജീന കസാന്ദ്ര, സയ്യാമി ഖേർ, സ്വരൂപ ഘോഷ് എന്നിവരാണ് മറ്റ് താരങ്ങൾ
നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ വീര സിംഹ റെഡ്ഡിക്കു ശേഷം ഗോപിചന്ദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പ്രതീക്ഷകളേറെ. അനൽ അരസു, രാം-ലക്ഷ്മൺ, നാഗ വെങ്കട്ട് നാഗ, പീറ്റർ ഹെയ്ൻ എന്നീ ആക്‌ഷൻ ഡയറക്ടർമാരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ആറ് വില്ലന്മാരും മികച്ച ആക്ഷൻ ഡയറക്ടർമാരുമെല്ലാമായി ആക്‌ഷൻ സിനിമാപ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാകും സിനിമ എന്നാണ് സൂചന. 100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തും.