'പൃഥ്വിയെ അറിയാമല്ലോ അല്ലേ?' കുസൃതിയോടെ മോഹൻലാലും ടോവിനോയും

Mail This Article
‘എമ്പുരാൻ’ സിനിമയുടെ പ്രചാരണ പരിപാടികൾക്കിടയിൽ കണ്ടുമുട്ടിയ മോഹൻലാലും ടൊവീനോയും തമ്മിൽ നടത്തിയ രസകരമായ സംഭാഷണം ആരാധകശ്രദ്ധ നേടുന്നു. ഇരുതാരങ്ങളും തമ്മിൽ കണ്ണുകൊണ്ടു നടത്തുന്ന ക്യൂട്ട് വർത്തമാനമാണ് ആരാധകർക്കിടയിൽ ചർച്ചയായത്. ആദ്യം അല്പം സംശയത്തിൽ ടൊവീനോയെ നോക്കിയ മോഹൻലാൽ പിന്നീട് അടിമുടി കണ്ണോടിച്ച് ഒരു കുസൃതി ചിരി ചിരിക്കുന്നു. ശേഷം പൃഥ്വിരാജിനെ കണ്ണുകൊണ്ട് ചൂണ്ടിക്കാണിച്ച് ടൊവീനോയോട് 'അറിയാമല്ലോ?' എന്ന ഭാവത്തിൽ നോക്കുകയാണ് മോഹൻലാൽ. അല്പം നാണം കലർന്ന ചിരിയായിരുന്നു ഇതിന് ടൊവീനോയുടെ മറുപടി.
പൊതിഞ്ഞുനിൽക്കുന്ന ആരാധകരെയും ക്യാമറക്കണ്ണുകളെയും സാക്ഷിയാക്കിയായിരുന്നു മോഹൻലാലിന്റെയും ടൊവീനോയുടെയും ഈ രസകരമായ വർത്തമാനം. ഇരുവർക്കും അരികിലായി പൃഥ്വിരാജും ഉണ്ടായിരുന്നു.
'എന്തൊരു ക്യൂട്ടാണ് ലാലേട്ടൻ' എന്നാണ് പ്രേക്ഷകരുടെ കമന്റ്. 'എത്ര കാലം കഴിഞ്ഞാലും മോഹൻലാലിൻറെ ക്യൂട്ട്നെസ് പൊയ്‌പോവൂല' എന്ന് മറ്റൊരു ആരാധകനും കുറിച്ചു.
മാർച്ച് 27നാണ് ‘എമ്പുരാൻ’ ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് ‘എമ്പുരാൻ’. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.