ADVERTISEMENT

ഇല്ലുമിനാറ്റിയെന്ന പദം ഇന്ന് മലയാളം പോപ്പ് കൾച്ചറിന്റെ ഭാഗമായി കഴിഞ്ഞു. ‘ആവേശ’ത്തിലെ സൂപ്പർഹിറ്റ് ഗാനത്തിലെ പഞ്ച് ലൈൻ പോലും ഇല്ലുമിനാറ്റിയായി മാറിയത് യാദൃച്ഛികമല്ല. 

ലൂസിഫറിലെ ഇല്ലുമിനാറ്റി റഫറൻസാണ് ഈ പദത്തെ ജനകീയമാക്കി മാറ്റിയത്. ലോകരാഷ്ട്രീയത്തെ തന്നെ നിയന്ത്രിക്കുന്ന അദൃശ്യമായ ഗൂഢസംഘമെന്ന നിലയിലാണ് തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫറിൽ ഇല്ലുമിനാറ്റി റഫറൻസ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ന് ഇല്ലുമിനാറ്റിയെന്ന വാക്ക് ഏറ്റവും കൂടുതൽ ചേർത്തു വായിക്കപ്പെടുന്നത് പൃഥ്വിരാജ് സുകുമാരന്റെ പേരിനൊപ്പമാണ്. ഒന്നര പതിറ്റാണ്ടുകൾക്കു മുമ്പ് പൃഥ്വി നൽകിയ അഭിമുഖങ്ങളും അതിൽ പങ്കുവെച്ച സ്വപ്നങ്ങളും ഇന്ന് യഥാർഥ്യമായി മാറുമ്പോൾ മലയാളികൾ ഒന്നടങ്കം പറയുന്നു പൃഥ്വിരാജാണ് യഥാർത്ഥ ‘ഇല്ലുമിനാറ്റി’യെന്ന്. 

കരിയറിന്റെ തുടക്കകാലത്ത് വിലക്ക് നേരിടുകയും അഭിമുഖങ്ങളിലെ പരമാർശങ്ങളുടെ പേരിൽ എയറിലാകുകയും ചെയ്ത വ്യക്തിയാണ് പൃഥ്വിരാജ്. ട്രോൾ പേജുകളിലെ രാജപ്പനായി അധിക്ഷേപിക്കപ്പെടുകയും തരംതാഴ്ത്തപ്പെടുകയും ചെയ്ത ഭൂതകാലത്തിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഇല്ലുമിനാറ്റിയായി അയാൾ നടത്തിയ ഉയർത്തെഴുന്നേൽപ്പിന്റെ കഥ, അതൊരു വല്ലാത്ത കഥയാണ്! 

ദീർഘവീഷണമുള്ള നായകൻ, പൃഥ്വിയുടെ വിജയ’രാജ്യം’

‘20 വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ മൂന്നു ഭാഷകളിലെങ്കിലും വളരെ മുൻനിരയിൽ അറിയപ്പെടുന്ന ഒരു മലയാളി നടനായിരിക്കണം ഞാൻ. 20 വർഷങ്ങൾക്കു ശേഷം സജീവമായി നല്ല സിനിമകൾ നിർമ്മിക്കുകയും നല്ല കൊമെഴ്സ്യൽ സിനിമകൾ പ്രേക്ഷകർക്കു മുന്നിൽ എത്തിക്കുകയും ചെയ്യുന്ന ഒരു പ്രൊഡക്ഷൻ ഹൗസ് റൺ ചെയ്യുകയും ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഉടമസ്ഥനായിരിക്കണം ഞാൻ. എനിക്ക് വളരെ വളരെ താൽപ്പര്യം തോന്നുന്ന പ്രേമേയങ്ങൾ മാത്രം സിനിമ രൂപത്തിലേക്ക് എത്തിക്കുന്ന ഒരു സിനിമ സംവിധായകനായിരിക്കണം ഞാൻ…’’ 

2009 ഒക്ടോബറിൽ മനോരമ ന്യൂസിലെ ‘നേരേ ചൊവ്വേ’യിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ പൃഥ്വിരാജ് പങ്കുവെച്ച സ്വപ്നങ്ങളാണ് ഇതൊക്കെ. അന്ന് ഒരു മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നു പറഞ്ഞ് അതിനെ പുച്ഛിച്ചവരാണ് ഏറെയും. ഉറക്കത്തിൽ കാണുന്നതല്ല നമ്മുടെ ഉറക്കം കെടുത്തുന്നതാകാണം സ്വപ്നം എന്നു പറഞ്ഞത് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമിന്റെ ആരാധകനായിരിക്കണം പൃഥ്വി. ആ അഭിമുഖം നൽകി 16 വർഷങ്ങൾ പിന്നിടുമ്പോൾ തന്നെ പൃഥ്വി തന്റെ സ്വപ്നങ്ങൾ ഓരോന്നായി സാക്ഷാത്കരിച്ചുകൊണ്ടിരിക്കുകയാണ്. 

2002ൽ പത്തൊൻപതാം വയസ്സിൽ ‘നന്ദന’ത്തിലൂടെ ചലച്ചിത്ര ജീവിതം ആരംഭിച്ച പൃഥ്വിരാജ് 23 വർഷങ്ങൾ പിന്നിടുമ്പോൾ ഇതിനോടകം മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കഴിഞ്ഞു. മണിരത്നം, എസ്.എസ്. രാജമൗലി, പ്രശാന്ത് നീൽ എന്നീ അതികായരായ സംവിധായകർക്കൊപ്പം തമിഴിലും തെലുങ്കിലും അദ്ദേഹം പ്രവർത്തിച്ചു. 

2011ൽ ‘ഉറുമി’യിലൂടെ അദ്ദേഹം നിർമാണരംഗത്തേക്കും കടന്നു. സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർക്കൊപ്പം പൃഥ്വിരാജ് കൂടി നിർമാണ പങ്കാളിയായ ‘ഓഗസ്റ്റ് സിനിമാസ്’ ഒട്ടേറെ ശ്രദ്ധേയമായ സിനിമകൾ മലയാളത്തിൽ നിർമ്മിച്ചു. 2019ൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് എന്ന പേരിൽ സ്വന്തമായി നിർമ്മാണ കമ്പനി ആരംഭിച്ചു. ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത സയൻസ് ഫിക്‌ഷൻ ഡ്രാമ ‘9’ ആയിരുന്നു പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രം. ‘പേട്ട’, ‘ബിഗിൽ’, ‘മാസ്റ്റർ’, ‘ഡോക്ടർ’, ’83’, ‘കെ.ജി.എഫ്’, ‘കാന്താര’ പോലെയുള്ള സൂപ്പർഹിറ്റ് സിനിമകളുടെ കേരളത്തിലെ വിതരണവും നടത്തിയത് പൃഥ്വിയുടെ നിർമാണ കമ്പനിയായിരുന്നു. 2019ൽ ‘ലൂസിഫറി’ലൂടെ പൃഥ്വി സ്വതന്ത്ര സംവിധായനുമായി. 2006ൽ 23–ാം വയസ്സിൽ ‘വാസ്തവം’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പൃഥ്വി സ്വന്തമാക്കി. 2012 ൽ ‘അയാളും ഞാനും തമ്മിൽ’, ‘സെല്ലുലോയ്ഡ്’ എന്നീ ചിത്രങ്ങളിലൂടെയും 2024ൽ ‘ആടുജീവിത’ത്തിലൂടെയും പൃഥ്വി പുരസ്കാര നേട്ടം ആവർത്തിച്ചു. 

തമിഴിലോ തെലുങ്കിലോ ഹിന്ദിയിലോ ഏറ്റവും താരമൂല്യമുള്ള ഒരു അഭിനേതാവിനൊപ്പം ഏറ്റവും വലിയ പ്രൊഡക്‌ഷൻ ഹൗസിനൊപ്പം വലിയ കാൻവാസിൽ വലിയ ബജറ്റിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ ഇന്ന് പൃഥ്വിരാജിനു കഴിയും. അതിനുള്ള സ്വീകാര്യതയും ബന്ധങ്ങളും അദ്ദേഹത്തിനുണ്ട്. എന്നാൽ പൃഥ്വി എന്നും സ്വപ്നം കണ്ടത് മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിക്കാനും മലയാള സിനിമയുടെ ഒരു അംബസിഡറായി പ്രവർത്തിക്കാനുമാണ് എന്നതും ശ്രദ്ധേയമാണ്. പൃഥ്വിയുടെ നിശ്ചയദാർഢ്യവും സിനിമയെക്കുറിച്ചുള്ള അറിവും (പ്രത്യേകിച്ച് സാങ്കേതിക വശങ്ങളെക്കുറിച്ച്) അർപ്പണബോധവും വിഷനുമൊക്കെയാണ് അയാളുടെ ഓരോ വിജയങ്ങൾക്കും പിന്നിലുമെന്നു പറയാതെ വയ്യാ. 

എമ്പുരാനെ സമർഥമായി മാർക്കറ്റ് ചെയ്യുന്ന ചാണക്യൻ

മലയാളത്തിലെ ഏറ്റവും മികച്ച നടനും സംവിധായകനും പൃഥ്വിരാജ് സുകുമാരനാണോ എന്ന് ചോദിച്ചാൽ ഉത്തരം അല്ല എന്നു തന്നെയാണ്. എന്നാൽ മലയാളത്തിലെ ഏറ്റവും സമർഥനായ ചലച്ചിത്ര പ്രവർത്തകനരാണെന്ന ചോദ്യത്തിന് ഉത്തരം പൃഥ്വിയെന്നു തന്നെയാണ്. എത്ര സമർഥമായിട്ടാണ് അദ്ദേഹം എമ്പുരാൻ എന്ന ചിത്രത്തെ മാർക്കറ്റ് ചെയ്യുന്നത്. 

പ്രതിഭയുള്ള സംവിധായകരും എഴുത്തുകാരും അഭിനേതാക്കളും ഏറെയുണ്ടെങ്കിലും ഇന്ത്യയിലെ ഭാഷാ ന്യൂനപക്ഷങ്ങളിലൊന്നായതുകൊണ്ട് തന്നെ മലയാള സിനിമയ്ക്കു കേരളത്തിനു പുറത്ത് കാഴ്ചക്കാരെ ലഭിക്കുക അസാധ്യമായിരുന്നു. നെറ്റ്ഫ്ലിക്സ് പോലെയുള്ള ഓവർ ദി ടോപ്പ് ഫ്ലാറ്റ്ഫോമുകൾ പോലും മലയാളത്തിൽ നിന്നുള്ള സിനിമകൾ ഏറ്റെടുക്കാൻ വിമുഖത കാണിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 

കോവിഡ് കാലത്ത് സിനിമ പ്രദർശനശാലകൾ അടഞ്ഞു കിടന്നെങ്കിലും മലയാള സിനിമയ്ക്ക് അത് മറ്റൊരു രീതിയിൽ അനുഗ്രഹമായി മാറി. ഒടിടി ഫ്ലാറ്റ്ഫോമുകൾ വ്യാപകമായി മലയാളം സിനിമകൾ വാങ്ങി. കേരളത്തിനു പുറത്തുള്ള പ്രേക്ഷകർക്ക് മലയാള സിനിമയെ കൂടുതൽ അനുഭവിച്ചറിയാൻ അത് അവസരമൊരുക്കി. മലയാളത്തിലെ ശക്തവും വ്യത്യസ്തവുമായ പ്രമേയങ്ങൾ കേരളത്തിനു പുറത്ത് മലയാള സിനിമയ്ക്കു കൂടുതൽ ആരാധകരെ സൃഷ്ടിച്ചു. പ്രാദേശിക ഭാഷയിൽ സിനിമ ആസ്വദിക്കാനുള്ള അവസരം കൂടി ഒടിടി ഫ്ലാറ്റ്ഫോമുകൾ ഒരുക്കിയപ്പോൾ കാഴ്ചക്കാരുടെ എണ്ണം വീണ്ടും വർധിച്ചു. 

2019ലാണ് ലൂസിഫർ റിലീസ് ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ കോവിഡ് കാലം തുടങ്ങുന്നതിനു ഏകദേശം ഒരു വർഷം മുമ്പ്. കോവിഡ്-കോവിഡാനന്തരകാലത്തെ വിപണി സാധ്യതകളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് പൃഥ്വിരാജ്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് മോഹൻലാൽ-പൃഥ്വി കൂട്ടുകെട്ടിൽ പിറന്ന ബ്രോ ഡാഡി. വലിയ ബജറ്റിലൊരു സിനിമ ചിന്തിക്കാൻ കഴിയാതെ ഇരുന്ന സമയത്താണ് പൃഥ്വി ബ്രോ-ഡാഡി പോലെയൊരു സിനിമയുമായി മുന്നോട്ടു വരുന്നത്. പരിമിത സാഹചര്യത്തിൽ പരമാവധി ചെലവു കുറച്ചാണ് ചിത്രം പൂർത്തിയാക്കിയത്. അതേസമയം പൃഥ്വിയുടെയും മോഹൻലാലിന്റെയും താരമൂല്യം നന്നായി ഉപയോഗപ്പെടുത്തി മികച്ച ഒടിടി-സാറ്റലൈറ്റ് തുക നേടിയെടുക്കാനും ബ്രോ ഡാഡിക്കു കഴിഞ്ഞു. 

മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ പോലെയുള്ള യുവതാരങ്ങൾക്കും ഇന്ന് കേരളത്തിനു പുറത്ത് മികച്ച താരമൂല്യം ഉണ്ട്. പാൻ ഇന്ത്യൻ അഭിനേതാക്കൾ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് അവർ. മഞ്ഞുമ്മൽ ബോയ്സിന്റെ തമിഴ്നാട് പശ്ചാത്തലവും ആവേശത്തിന്റെ കർണ്ണാടക പശ്ചാത്തലവും പ്രേമലുവിന്റെ ഹൈദ്രബാദ് പശ്ചാത്തലവും മലയാള സിനിമയ്ക്കു കേരളത്തിനു പുറത്തെ വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായ ഘടകങ്ങളിൽ ഒന്നാണ്. ഇത്തരം അനുകൂല ഘടകങ്ങളെയെല്ലാം തന്റെ സിനിമയ്ക്കു അനുഗുണമായി ഉപയോഗിച്ചിരിക്കുകയാണ് പൃഥ്വിരാജ്. കേരളത്തിനു പുറത്തുള്ള പ്രമോഷനുകളിലാണ് മോഹൻലാലും പൃഥ്വിരാജും സിനിമയുടെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ഏറെ സമയം ചെലവഴിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. കേരളത്തിനു പുറത്ത് നിന്ന് പരമവാധി പ്രേക്ഷകരെ ആദ്യദിനങ്ങളിൽ തന്നെ തിയറ്ററിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. 

അവസാന നിമിഷം ലൈക്കാ പ്രൊഡക്ഷൻസ് പിൻമാറുമ്പോൾ റിലീസിങ് സംബന്ധിച്ച് അഭ്യൂഹങ്ങളും അനിശ്ചിതത്വങ്ങളും പടർന്നു പിടിച്ചപ്പോഴും അതിനെയും സമർഥമായി മറികടക്കാൻ പൃഥ്വിക്കായി. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം പൃഥ്വിരാജ് എന്ന സംവിധായകനിലുള്ള വിശ്വാസം കൂടിയാണ് ഗോകുലം ഗോപാലനെ എമ്പുരാന്റെ ഭാഗമാക്കിയത്. 

മോഹൻലാലിനെ ഗ്ലോബൽ  ഐക്കണാക്കുന്ന പൃഥ്വി മാജിക് 

നാലര പതിറ്റാണ്ടിലേറെയായി മലയാളത്തിലും ഇതര ഇന്ത്യൻ ഭാഷാ സിനിമകളിലും നിറ സാന്നിധ്യമായ, നാല് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുള്ള അതുല്യ പ്രതിഭയാണ് മോഹൻലാൽ. മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടനും ക്രൗഡ്പുള്ളറുമാണ് മോഹൻലാൽ. എന്നാൽ അദ്ദേഹത്തെ ആഗോളമൂല്യമുള്ള ഒരു ബ്രാൻഡാക്കി മാറ്റിയത് പൃഥ്വിരാജാണെന്നു പറയാം. മോഹൻലാലിലെ നടനെ ചൂഷണം ചെയ്ത ഒട്ടേറെ സംവിധായകരും എഴുത്തുകാരുമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വിപണി മൂല്യത്തെ ഇത്രയും സമർഥമായി ഉപയോഗിച്ച മറ്റൊരു സംവിധായകൻ മലയാളത്തിൽ ഇല്ലെന്നു തന്നെ പറയാം. മോഹൻലാലിന്റെ തന്നെ സമീപകാല തിയറ്റർ റിലീസുകളായ ബാറോസും മലൈക്കോട്ടൈ വാലിബനും വിപണിയിൽ പ്രതീക്ഷിച്ച ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ പോയപ്പോൾ തന്നെയാണ് റീലിസിനു മുമ്പേ ആഗോളവിപണയിൽ നിന്ന് എമ്പുരാൻ 60 കോടിയുടെ ബിസിനസ് സൃഷ്ടിച്ചിരിക്കുന്നത്. 

ബുക്ക് മൈ ഷോയിൽ മാത്രം ഇതിനോടകം 10 ലക്ഷം ബുക്കിങുകളാണ് നടന്നിട്ടുള്ളത്. മോഹൻലാൽ എന്ന നടനിലെ അഭിനേതാവിനെയും അദ്ദേഹത്തിന്റെ മാസ് പരിവേഷത്തെയും ഒരുപോലെ ലൂസിഫറിൽ പൃഥ്വി ഉപയോഗപ്പെടുത്തിയിരുന്നു. എമ്പുരാനിലേക്ക് വരുമ്പോൾ മോഹൻലാലിനെ പാൻ ഇന്ത്യൻ സ്റ്റാറിൽ നിന്ന് ഗ്ലോബൽ സ്റ്റാറിലേക്ക് റീബ്രാൻഡ് ചെയ്യുകയാണ് പൃഥ്വി. മലയാളി വിദ്യാർഥികളും കുടുംബങ്ങളും അടുത്തകാലത്തായി ഏറ്റവും കൂടുതൽ കുടിയേറി പാർക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് യു.കെ. ഇവരെ ലക്ഷ്യംവെച്ചു വൈഡ് റിലീസാണ് യു.കെ. യിൽ ഒരുക്കിയിരിക്കുന്നത്. യു.കെ.യിൽ മാത്രം 300-ൽ അധികം സ്ക്രീനുകളിലാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. ഓസ്ട്രേലിയയിൽ 120ലധികം സ്ക്രീനിലും ജർമനിയിൽ നൂറിലധികം സ്ക്രീനിലുമാണ് എമ്പുരാൻ പ്രദർശനത്തിന് എത്തുന്നത്. റെക്കോർഡ് വേഗത്തിലാണ് ഈ രാജ്യങ്ങളിൽ ടിക്കറ്റ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

English Summary:

The word "Illuminati" has become a part of Malayalam pop culture today. Prithviraj and Mohanlal and the teram Illuminati became sensational

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com