‘എമ്പുരാന്റെ’ അഡ്വാൻസ് ബുക്കിങ് കണക്കുകൾ വ്യാജമോ?; മറുപടിയുമായി പൃഥ്വിരാജ്

Mail This Article
‘എമ്പുരാൻ’ സിനിമയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് കണക്കുകൾ വ്യാജമാണെന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് പൃഥ്വിരാജ് സുകുമാരൻ. അഡ്വാൻസ് ബുക്കിങ് കണക്കുകൾ പുറത്തു വിട്ടത് സിനിമയുടെ അണിയറപ്രവർത്തകരല്ല, പുറത്തുള്ളവരാണ്. കണക്കുകൾ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയതല്ലെന്നും ഇവയെല്ലാം പൊതുഇടത്തിൽ ലഭ്യമാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
'ഈ അഡ്വാൻസ് ബുക്കിങ് ഡാറ്റ വ്യാജമല്ല. ഇതെല്ലാം ഓൺലൈനിൽ ലഭ്യമാണ്. വെറുതെ ഒരു വ്യാജ കണക്ക് പ്രചരിപ്പിക്കുക എന്നത് മലയാളത്തിൽ സാധ്യമല്ല. കാരണം എല്ലാ തിയറ്ററുകളുടെയും ഡിസിആർ (ഡെയിലി കലക്‌ഷൻ റിപ്പോർട്ട്) ഓൺലൈനിൽ ലഭ്യമാണ്. ആർക്കും അത് ചെക്ക് ചെയ്യാം. മാത്രമല്ല ഈ കണക്കുകൾ ആദ്യം പുറത്തുവിട്ടത് മറ്റുള്ളവരാണ്, ഈ സിനിമയുടെ അണിയറപ്രവർത്തകരല്ല.
ഈ സിനിമയ്ക്ക് അഡ്വാൻസ് ബുക്കിങിലൂടെ ലഭിച്ചിരിക്കുന്ന തുക എന്നത് സാധാരണ ഗതിയിൽ ഒരു മലയാളം സിനിമയുടെ ലൈഫ് ടൈം ഗ്രോസാണ്. അതൊരു അനുഗ്രഹമായാണ് ഞങ്ങൾ കാണുന്നത്. എന്തായാലും മാർച്ച് 27ന് പ്രേക്ഷകരുടെ ഈ പ്രതീക്ഷ സഫലമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.’’ –പൃഥ്വിരാജിന്റെ വാക്കുകൾ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു പൃഥ്വി.
ഇതിനോടകം 63 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ അഡ്വാൻസ് സെയിൽസിലൂടെ ചിത്രം നേടിയിരിക്കുന്നത്. ഇത് മലയാള സിനിയമയുടെ ചരിത്രത്തിലെ തന്നെ വലിയൊരു റെക്കോർഡാണ്. അതേസമയം എമ്പുരാൻ മാര്‍ച്ച് 27-ന് ആഗോള റിലീസായെത്തും.