‘ആളറിഞ്ഞു കളിക്കെടാ’ പൃഥ്വിക്ക് പൂർണ പിന്തുണയുമായി സുപ്രിയ

Mail This Article
പൃഥ്വിരാജിനു ആശംസയുമായി ഭാര്യ സുപ്രിയ മേനോൻ. ‘ആളറിഞ്ഞു കളിക്കെടാ’ എന്നതുകൂടി ചേർത്താണ് പൃഥ്വിരാജിന് പൂർണ പിന്തുണയുമായി സുപ്രിയ കുറിപ്പ് പങ്കുവച്ചത്. പരിചയപ്പെട്ട നാൾ മുതൽ 'മലയാള സിനിമയെ ലോകത്തിന് മുന്നിൽ എത്തിക്കണ'മെന്ന ആശ പൃഥ്വി പങ്കുവയ്ക്കുമായിരുന്നു എന്ന് സുപ്രിയ പറയുന്നു.
സുപ്രിയയുടെ വാക്കുകൾ; 'ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എമ്പുരാന്‍ എത്തുകയാണ്. അസാധാരണമായൊരു യാത്രയായിരുന്നു ഇത്. പൃഥ്വിരാജ്, ആ കഠിനാധ്വാനം ഞാന്‍ കണ്ടിട്ടുണ്ട്. എഴുത്ത്, പുനരെഴുത്ത്, ചര്‍ച്ച, തയ്യാറെടുപ്പ്, ലൊക്കേഷന്‍ കണ്ടെത്തൽ, പിന്നെ ഭൂഖണ്ഡങ്ങള്‍ കടന്നുള്ള ഷൂട്ടിങ്, അതില്‍ നേരിട്ട കാലാവസ്ഥാ പ്രശ്‌നങ്ങള്‍. കൃത്യതയോടെ നടപ്പാക്കിയ ഒരു ടീം വര്‍ക്കാണിത്.
എന്നാല്‍ വ്യക്തമായ കാഴ്ചപ്പാടും നേതൃത്വവുമാണ് ഇതിന്റെ വിജയം എന്ന് ഞാന്‍ ധൈര്യമായി പറയും. 2006-ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ മുതല്‍ മലയാള സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കണമെന്ന സ്വപ്നത്തെക്കുറിച്ച് നീ എന്നോട് പറഞ്ഞിരുന്നു, ഇപ്പോള്‍ ആ നിമിഷത്തിന്റെ അടുത്തെത്തിയിരിക്കുന്നു. നാളെ എന്ത് സംഭവിച്ചാലും, ഈ ചിത്രീകരണത്തിന്റെ അവസാന ദിനം എടുത്ത ഈ ചിത്രത്തില്‍ കാണുന്നതുപോലെ നിന്റെ ലക്ഷ്യങ്ങളിലേക്ക് നീ മുന്നോട്ട് പോകുമ്പോള്‍ ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാകും. നിനക്കായി കരഘോഷം ഉയര്‍ത്തും.
നീ ഇല്ലുമിനാറ്റി അല്ല, എന്റെ അഹങ്കാരിയായ താന്തോന്നിയായ തന്റേടിയായ ഭര്‍ത്താവാണ്. നിന്റെ സ്വപ്നങ്ങളെ എത്രയോ പേര്‍ പരിഹസിച്ചിട്ടുണ്ട്. അവരോടെല്ലാം എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ 'ആളറിഞ്ഞു കളിക്കെടാ!'
സുപ്രിയയുടെ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയായി. പാൻ ഇന്ത്യൻ റിലീസ് ആയെത്തിയ ‘എമ്പുരാൻ’ മികച്ച പ്രതികരണങ്ങളുമായി ആദ്യ ദിവസം തന്നെ ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിരിക്കുകയാണ്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’.