അന്ന് കൈതേരി സഹദേവൻ, ഇന്ന് ഗുജറാത്ത് കലാപം: തിരക്കഥകൾ രാഷ്ട്രീയപ്പോരിനിറങ്ങുമ്പോൾ

Mail This Article
മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രാഷ്ട്രീയ സിനിമ ഐ.വി.ശശി- ടി.ദാമോദരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ നാട് ആയിരുന്നു. കേരളത്തില്‍ അക്കാലത്ത് നിലനിന്ന സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതികളെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ആ സിനിമ പക്ഷെ ഏതെങ്കിലുമൊരു സമകാലിക സംഭവത്തിന്റെയോ വ്യക്തികളുടെയോ തനിപകര്‍പ്പായിരുന്നില്ല. പലതില്‍ നിന്നും പല അംശങ്ങള്‍ സ്വരൂപിച്ച് കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും രൂപപ്പെടുത്തുകയായിരുന്നു. സിനിമയിലെ മുഖ്യകഥാപാത്രമായ സഖാവ് കൃഷ്ണപിളള അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് പി.കൃഷ്ണപിളളയാണോ എന്ന് ചിലരൊക്കെ സംശയിച്ചെങ്കിലും പേരുകള്‍ തമ്മിലുളള സാധര്‍മ്മ്യത്തിനപ്പുറം മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒന്നാമത് പി.കൃഷ്ണപിളള പാര്‍ട്ടി അധികാരത്തിലെത്തുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍പ്പദംശനമേറ്റ് മരിച്ചയാളാണ്. സിനിമയിലെ കൃഷ്ണപിളളയാകട്ടെ അധികാര രാഷ്ട്രീയത്തിന്റെ പുഴുക്കുത്തുകള്‍ക്ക് എതിരെ ശക്തമായി പോരാടുന്ന കഥാപാത്രമാണ്.
ഏകലവ്യനും കമ്മീഷണറും
ഷാജി കൈലാസ്-രൺജി പണിക്കര്‍ കൂട്ടുകെട്ടിന്റെ ഏകലവ്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലുളള സിനിമയായിരുന്നെങ്കിലും അതില്‍ മുഖ്യമായും വിമര്‍ശന വിധേയമായത് നരേന്ദ്രപ്രസാദ് അവതരിപ്പിച്ച സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രമാണ്. സത്യസായിബാബ മുതല്‍ ചന്ദ്രസ്വാമിയും രജനീഷും വരെയുളള നിരവധി ആത്മീയാചാര്യന്‍മാരുടെ പേരുമായി ചേര്‍ത്തു വച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും ഇവരില്‍ ആരുടെയും പ്രതിരൂപമായിരുന്നില്ല ആ കഥാപാത്രം. അത് രൺജി പണിക്കരുടെ മാത്രം സൃഷ്ടിയായിരുന്നു. പല ആചാര്യന്‍മാരുടെ സ്വഭാവസവിശേഷതകള്‍ തുന്നിച്ചേര്‍ത്ത് അദ്ദേഹം രൂപപ്പെടുത്തിയ സ്വതന്ത്രസൃഷ്ടി. എന്നാല്‍ ആത്മീയവ്യാപാരം നിര്‍വഹിക്കുന്ന പലരുടെയും പൊതു സ്വഭാവം ഈ കഥാപാത്രത്തില്‍ ആരോപിക്കപ്പെട്ടിരുന്നു. എന്തായാലും നരേന്ദ്രപ്രസാദ് ആ വേഷം സമുജ്ജ്വലമാക്കി.
ഏകലവ്യന്റെ വിജയത്തിന് ശേഷം ഇതേ കൂട്ടുകെട്ടില്‍ ഒരുങ്ങിയ കമ്മീഷണറായിരുന്നു അടുത്ത വിവാദം. ചിത്രത്തില്‍ രവി വളളത്തോള്‍ അവതരിപ്പിക്കുന്ന ഒരു കേന്ദ്രമന്ത്രിയുടെയും ഭാര്യയുടെയും കഥാപാത്രങ്ങളുണ്ട്. ഇത് വ്യാപകമായ ചര്‍ച്ചകള്‍ക്കിടയാക്കി. ഏതാണ്ട് അതേ കാലത്ത് കേന്ദ്രമന്ത്രി സഭയില്‍ കടന്നു കൂടിയ മുന്‍ ഐ.എ.എസുകാരന്‍ കൂടിയായ ഒരു സഹമന്ത്രിയുടെ ജീവിതവുമായി ഈ കഥാപാത്രങ്ങള്‍ക്ക് പ്രത്യക്ഷബന്ധമുളളതായി ആരോപണങ്ങളുയര്‍ന്നു. അതില്‍ ഒരു പരിധി വരെ സത്യമുണ്ടെന്നും ചിലര്‍ വാദിച്ചു. എന്നാല്‍ ഇതിനൊന്നും സിനിമയുടെ സൃഷ്ടാക്കള്‍ സ്ഥിരീകരണം നല്‍കിയില്ല. കഥകള്‍ എഴുതുമ്പോള്‍ കണ്ടും കേട്ടും അറിഞ്ഞ സംഭവങ്ങളും വ്യക്തികളും എഴുത്തുകാരനെ അബോധമായി സ്വാധീനിച്ചേക്കാം എന്നതിനപ്പുറം യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി പകര്‍ത്തി വയ്ക്കുന്ന ഡോക്യൂമെന്റേഷനല്ല കല എന്നാണ് ഒരു അഭിമുഖത്തില്‍ സിനിമയുടെ അണിയറ ശില്‍പ്പികള്‍ പറഞ്ഞത്. ഇതൊക്കെയാണെങ്കിലും ചിലരുടെ ജീവിതവുമായി അവരെ അടുത്തറിയുന്ന മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ഈ കഥാപാത്രങ്ങളെ കൂട്ടിവായിച്ചു.
തിരക്കഥാകൃത്തിനും സംവിധായകനും ഭീഷണി
സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ ടീമിന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ സന്ദേശം നമുക്ക് പരിചിതമെന്ന് തോന്നാവുന്ന രാഷ്ട്രീയാവസ്ഥകളെ സമര്‍ത്ഥമായി തുന്നിച്ചേര്‍ത്ത് രൂപപ്പെടുത്തിയ ചിത്രമാണ്. അതേസമയം ഏതെങ്കിലും ഒരു യഥാര്‍ത്ഥ വ്യക്തിയെ കഥാപാത്രമാക്കിയിട്ടുമില്ല സിനിമ. കേരളത്തില്‍ അന്നും ഇന്നും ജീവിച്ചിരിക്കുന്നതായ ഇടതു വലതു രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നേതാക്കളൂടെയും പൊതുവായ സ്വഭാവരീതികളും മനോഭാവങ്ങളും കുട്ടിക്കൂഴച്ച് സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു സിനിമയ്ക്ക് മൗലികത നല്‍കിയത്. യാഥാര്‍ത്ഥ്യങ്ങളുടെ തനി പകര്‍പ്പല്ല കല എന്ന ഉത്തമബോധ്യമുളള ശ്രീനിവാസനെ പോലൊരാള്‍ തിരക്കഥയെഴുതിയതിന്റെ മെച്ചം കൂടിയാണത്. എന്നാല്‍ സിനിമയില്‍ ശങ്കരാടി അവതരിപ്പിച്ച താത്ത്വികാചാര്യന് അന്തരിച്ച സി.പി.എം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടുമായി സാമ്യമില്ലേയെന്ന മട്ടില്‍ ചില ചര്‍ച്ചകള്‍ ഉയര്‍ന്നു. ഉയരം കൊണ്ടും രൂപഭാവങ്ങള്‍ കൊണ്ടും ഇ.എം.എസും ശങ്കരാടിയും തമ്മിലുണ്ടെന്ന് തോന്നിക്കുന്ന ചില സാദൃശ്യങ്ങള്‍ക്കപ്പുറം ആരെയും മുന്‍നിര്‍ത്തിയോ മാതൃകയാക്കിയോ ഉളള പാത്രസൃഷ്ടിയായിരുന്നില്ല സഖാവ് കുമാരപിളള. ഇ.എം.എസ് അടക്കം പലരുടെയും പല അംശങ്ങളുടെ മിശ്രിതമായിരിക്കാം ഒരുപക്ഷെ കുമാരപിളള.
തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ കാരണങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സാധാരണക്കാരായ സഖാക്കളോട് കടിച്ചാല്‍ പൊട്ടാത്ത ഭാഷയില്‍ വിശദീകരണം നല്‍കുന്ന സൈദ്ധാന്തികന്‍മാര്‍ ഇന്നും ചില പ്രസ്ഥാനങ്ങളിലുണ്ട്. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ബുദ്ധിജീവി പരിവേഷത്തിന്റെ മാത്രം പിന്‍ബലത്തില്‍ നേതാക്കളായി തുടരുന്നവരെക്കുറിച്ചാണ് ആ കഥാപാത്രത്തിലുടെ തിരക്കഥാകൃത്ത് സംസാരിച്ചത്. ഹര്‍ത്താല്‍ ദിവസം നിശ്ചയിക്കാനുളള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ജനജീവിതം ഒന്നാകെ സ്തംഭിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കുമാരപിളള തീയതി നോക്കിയിട്ട് പറയുന്നു. 'അന്ന് വേണ്ടാ..അന്ന് എന്റെ മകളൂടെ കുഞ്ഞിന്റെ ചോറൂണാണ്' എന്ന്. വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ച് ഘോരഘോരം സംസാരിക്കുന്ന ഈ നേതാവ് തലയില്‍ മുണ്ടിട്ട് ക്ഷേത്രദര്‍ശനം നടത്തുന്നതിനെക്കുറിച്ചും സൂചനയുണ്ട്.
ചില നേതാക്കന്‍മാരുടെ കാപട്യം തുറന്ന് കാട്ടുക എന്നതിനപ്പുറം ഇതൊന്നും ഏതെങ്കിലും ഒരു നേതാവിന്റെ രീതിയായി പറയാനാവില്ല. എന്നിട്ടും ഈ സിനിമ അക്കാലത്ത് പലരെയും ചൊടിപ്പിക്കുകയും സംവിധായകനും തിരക്കഥാകൃത്തിനും നിരവധി ഭീഷണിക്കത്തുകളും ഫോണ്‍ കാളുകളും ലഭിക്കുകയും ചെയ്തു. ഇന്നായിരൂന്നെങ്കില്‍ കടുത്ത സൈബര്‍ അറ്റാക്കും നേരിടേണ്ടി വരുമായിരുന്നു. പ്രാദേശിക തലത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുകയും അതിനായി കഷ്ടപ്പെടുകയും ചെയ്യുന്ന കെ.ആര്‍.പി എന്ന യുവാവിനെ പത്രത്തിലേക്കുളള ഫോട്ടോ എടുക്കുന്ന സന്ദര്‍ഭത്തില്‍ തളളിമാറ്റി മുന്നോട്ട് വന്ന് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവും ഏതെങ്കിലും വ്യക്തിയുടെ പകര്‍പ്പല്ല. പൊതുവായ ഒരു അവസ്ഥയുടെ പ്രതിഫലനമാണ്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു സിനിമ രൂപപ്പെടുത്തുമ്പോള്‍ ജീവിച്ചിരിക്കുന്ന തനി മാതൃകകള്‍ ഒഴിവാക്കി കാണികള്‍ക്ക് നിലവിലുളള അവസ്ഥയെക്കുറിച്ച് കണക്ടാവുന്ന വിധത്തില്‍ കലാത്മകമായി അവതരിപ്പിക്കുന്നതിന്റെ മികച്ച ദൃഷ്ടാന്തമായി സന്ദേശം ഇന്നും നിലകൊളളുന്നു.
ഗൗരിയമ്മയുടെ ജീവിതം സിനിമയായപ്പോള്‍...
വേണു നാഗവളളി സംവിധാനം ചെയ്ത ലാല്‍സലാം ആണ് മലയാളത്തില്‍ സംഭവിച്ച ലക്ഷണമൊത്ത രാഷ്ട്രീയ സിനിമകളിലൊന്ന്. കെ.ആര്‍.ഗൗരിയമ്മ- ടി.വി.തോമസ്- വര്‍ഗീസ് വൈദ്യന്‍ എന്നിവരുടെ ജീവിതം അവലംബമാക്കി നിര്‍മ്മിച്ച ഈ സിനിമയ്ക്ക് കഥയെഴുതിയത് വര്‍ഗീസ് വൈദ്യന്റെ പുത്രനായ ചെറിയാന്‍ കല്‍പ്പകവാടിയായിരുന്നു. യഥാര്‍ത്ഥസംഭവങ്ങളില്‍ നിന്നും കാര്യമായ വ്യതിചലനങ്ങളില്ലാതെ അവതരിപ്പിച്ച ലാല്‍സലാം കലാപരമായും വാണിജ്യപരമായും വിജയിച്ചിരുന്നു. വലിയ ചര്‍ച്ചകള്‍ ഇത് സംബന്ധിച്ച് നടന്നെങ്കിലും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നില്ല. ആരെയും കുറ്റപ്പെടുത്തുകയോ വിമര്‍ശിക്കുകയോ മോശക്കാരായി ചിത്രീകരിക്കുകയോ ചെയ്യാതെ അതാത് കഥാപാത്രങ്ങളുടെ വീക്ഷണകോണുകളില്‍ നിന്ന് എല്ലാവരോടും തുല്യനീതി പുലര്‍ത്തിയ ചലച്ചിത്രമായിരുന്നു അത്. എന്നാല്‍ പിന്നീട് ഒരു സന്ദര്‍ഭത്തില്‍ തമ്മില്‍ കണ്ടപ്പോള്‍ ഈ സിനിമയെക്കുറിച്ച് ഗൗരിയമ്മ തന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നതായി ചെറിയാന്‍ കല്‍പ്പകവാടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കെ.ആര്‍.ഗൗരിയമ്മയെ സി.പി.എം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സന്ദര്‍ഭത്തില്‍ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പലയിടങ്ങളിലും ആളുകള്‍ പ്രതിഷേധ ജാഥകളും സമ്മേളനങ്ങളും നടത്തി. ഗൗരിയമ്മയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി തന്നെ രൂപീകരിക്കപ്പെട്ടു. ഗൗരിയമ്മയ്ക്ക് നീതി ലഭിച്ചില്ല എന്ന പ്രതീതിയും ചര്‍ച്ചയും വ്യാപകമായി. ഈ പശ്ചാത്തലം മുതലാക്കാനായി ബാബുരാജ് ചേര്‍ത്തലയുടെ സംവിധാനത്തില്‍ ചീഫ് മിനിസ്റ്റര്‍ കെ.ആര്‍. ഗൗതമി എന്ന പേരില്‍ ഒരു സിനിമ നിര്‍മ്മിക്കപ്പെടുകയുണ്ടായി. പടം തീയറ്ററില്‍ ഹിറ്റായില്ലെന്ന് മാത്രമല്ല ഗൗരിയമ്മയെ പോലെ വലിയ മാനങ്ങളും ആഴങ്ങളുമുളള ഒരു ചരിത്രവനിതയെ അവര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ അടയാളപ്പെടുത്തിയ സിനിമയായിരുന്നില്ല അത്. അതുകൊണ്ട് തന്നെ അനുകൂലമായോ പ്രതികൂലമായോ ചര്‍ച്ചകള്‍ ഉണ്ടായതുമില്ല. ലാല്‍സലാമിലും ചീഫ് മിനിസ്റ്റര്‍ ഗൗതമിയിലും ഗൗരിയമ്മയോട് സാദൃശ്യമുളള കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നടി ഗീതയായിരുന്നു എന്നതും യാദൃശ്ചികം. എന്തായാലും കെ.ആര്‍.ഗൗരി എന്ന വ്യക്തിയെ അതിന്റെ സമഗ്രതയിലും ആഴത്തിലും ആവിഷ്‌കരിച്ച സിനിമകളായിരുന്നില്ല ഇത് രണ്ടും. വീണ്ടുമൊരു ബയോപിക്കിന് സാധ്യത തുറന്നിട്ടുകൊണ്ട് അവരുടെ ഐതിഹാസികമായ ജീവിതം ബാക്കി നില്‍ക്കുന്നു.
പിണറായി തന്നെയോ കൈതേരി?
മുരളി ഗോപിയുടെ തിരക്കഥയില്‍ അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റാണ് മറ്റൊരു നിര്‍ണ്ണായ പ്രാധാന്യമുളള രാഷ്ട്രീയ സിനിമ. ചിത്രം റിലീസ് ടൈമില്‍ തീയറ്ററില്‍ വലിയ ഓളമൊന്നുമുണ്ടാക്കിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമ എന്ന നിലയില്‍ ഗൗരവപൂര്‍ണ്ണമായ സമീപനം സ്വീകരിച്ച ഒരു സൃഷ്ടിയായിരുന്നു അത്. പിണറായി വിജയന്‍ എന്ന ഉരുക്ക് നേതാവിന്റെ ജീവിതം ആനുഷംഗികമായി പറയാന്‍ ശ്രമിച്ച ചിത്രമായിരുന്നു അതെന്ന് പരക്കെ വിലയിരുത്തപ്പെട്ടു. അതിലെ കൈതേരി സഹദേവന്‍ എന്ന കഥാപാത്രം രൂപഭാവങ്ങള്‍ കൊണ്ടും മാനറിസങ്ങള്‍ കൊണ്ടും പിണറായിയുമായി ചേര്‍ന്നു നിന്നു. ഇന്ന് ഇടതുപക്ഷ വിമര്‍ശകനായ ആന്ന് അനുകൂലിയുമായിരുന്ന നടന്‍ ഹരീഷ് പേരടിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമായി. ഇന്നും മുരളി ഗോപിയുടെ തിരക്കഥാ രചനയിലെ ബ്രില്യന്‍സിന് ഉദാഹരണമായി ചലച്ചിത്രപ്രേമികള്‍ ചൂണ്ടിക്കാട്ടുന്ന സിനിമകളിലൊന്നാണ് ലെഫ്റ്റ് റൈറ്റ്. കൈതയില്‍ സഹദേവന്റെ പാത്രസൃഷ്ടിയും ഗംഭീരമായിരുന്നു.
തമിഴ് രാഷ്ട്രീയം പറഞ്ഞ ഇരുവറൂം തലൈവിയും
എം.ജി.ആര്‍ കരുണാനിധി ജയലളിത ത്രയങ്ങളുടെ ജീവിതം ആവിഷ്‌കരിച്ച സിനിമകളായിരുന്നു ഇരുവറും തലൈവിയും. ആദ്യചിത്രം എം.ജി.ആര്‍-കരുണാനിധി ദ്വയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ തലൈവി ജയലളിതയെ കേന്ദ്രീകരിച്ചാണ് എഴൂതപ്പെട്ടത്. രണ്ടും കലാപരമായി നല്ല സിനിമകളായിരുന്നു. ഇരുവര്‍ ബോക്‌സാഫീസില്‍ കാര്യമായ നേട്ടം കൊയ്തില്ല. തലൈവി സാമാന്യവിജയം നേടുകയും ചെയ്തു. രണ്ട് സിനിമകളും വിവാദങ്ങള്‍ക്ക് ഇടനല്‍കാത്ത വിധം സൂക്ഷ്മതയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. ഒരു കഥാപാത്രങ്ങളെയും മോശമായി ചിത്രീകരിക്കാതെ ഒരു കാലഘട്ടത്തിലെ തമിഴ് രാഷ്ട്രീയ സാമുഹിക സാഹചര്യങ്ങളും അതില്‍ ഈ നേതാക്കള്‍ വഹിച്ച പങ്കും സൗന്ദര്യാത്മകമായി അടയാളപ്പെടുത്തുക വഴി രാഷ്ട്രീയസിനിമകളില്‍ മലയാളികള്‍ക്ക് അന്യമായ കലാപരത കൊണ്ടുവരാന്‍ സംവിധായകരായ മണിരത്‌നത്തിനും എ.എല്‍.വിജയ്ക്കും കഴിഞ്ഞു.
ആര്‍ട്ട് ഹൗസിലും രാഷ്ട്രീയം
രാഷ്ട്രീയത്തെ ഗൗരവപൂര്‍ണ്ണമായി നിര്‍വചിച്ച രണ്ട് സിനിമകള്‍ കൂടിയുണ്ടായി മലയാളത്തില്‍. ആര്‍ട്ട്ഹൗസ് വിഭാഗത്തില്‍ പെട്ട സിനിമകള്‍ എന്ന നിലയില്‍ ഇത് പൊതുസമൂഹത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയങ്ങള്‍ ശ്രീധരന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച മുഖാമുഖം എന്ന ചിത്രം ഒരു വ്യക്തിയെയും മുന്‍നിര്‍ത്താതെ പൊതുവായ അവസ്ഥ ആവിഷ്‌കരിക്കാനാണ് ശ്രമിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന മാസ്റ്റര്‍ ഫിലിം മേക്കറുടെ കയ്യൊപ്പ് പതിഞ്ഞ സിനിമയായിട്ടും അക്കാലത്ത് കടുത്ത വിവാദങ്ങളിലേക്ക് മുഖാമുഖം വലിച്ചിഴക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് പലരും വാളോങ്ങിയത്.
എന്നാല്‍ ലെനിന്‍ രാജേന്ദ്രന്റെ വചനം റിലീസ് കാലത്ത് മാത്രമല്ല അതിന് ശേഷവും കാര്യമായി ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു രാഷ്ട്രീയ ചിത്രമാണ്. രണ്ട് വ്യത്യസ്ത മുഖങ്ങളുളള ഒരു ആത്മീയാചാര്യനെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി ഒരുക്കിയ ഈ സിനിമയില്‍ ചാരുഹാസനാണ് മുഖ്യവേഷത്തിലെത്തിയത്. ബിംബവത്കരണത്തെയും അതിന് പിന്നിലെ ക്രൂരയാഥാര്‍ത്ഥ്യങ്ങളെയും വരച്ചുകാട്ടിയ വചനം ഒരേസമയം ആത്മീയ നേതാക്കള്‍ക്കിടയിലെ രാഷ്ട്രീയവും മൂല്യനിരാസവും വിശകലനം ചെയ്ത കലാപരതയുളള ചിത്രമായിരുന്നു. മലയാളികള്‍ എന്തുകൊണ്ടോ അര്‍ഹിക്കുന്ന ഗൗരവത്തോടെ ആ സിനിമയെ മനസിലാക്കിയില്ലെന്ന് മാത്രം. അങ്ങനെ മലയാളം കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്ന് വിസ്മൃതിയില്‍ അലിയുകയും ചെയ്തു.
പഞ്ചവടിപ്പാലം മുതല്‍ ലയണ്‍ വരെ
ദിലീപ് നായകനായ ലയണ്‍ എന്ന ചിത്രം ഗണേഷ്‌കുമാറിന്റെയും ബാലകൃഷ്ണപിളളയുടെയും ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണെന്ന് വാര്‍ത്തകള്‍ പരന്നുവെങ്കിലും വിവാദങ്ങള്‍ക്ക് ഇട നല്‍കിയില്ല. കഥാപാത്രങ്ങള്‍ക്ക് ഒരു പരിധിക്കപ്പുറം നെഗറ്റീവ് ഷേഡ് നല്‍കാതെ കൃത്യമായി ബാലന്‍സ് ചെയ്ത് കൊണ്ടു പോയി എന്നതാണ് ആ സിനിമയുടെ വിജയം. പഞ്ചവടിപ്പാലം രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായിരുന്നെങ്കിലും നര്‍മ്മത്തിന്റെ മുഖാവരണത്തില്‍ പൊതിഞ്ഞെത്തിയ ചിത്രം വിവാദങ്ങള്‍ക്ക് വഴിവച്ചില്ല. നിര്‍ദ്ദോഷ ഫലിതം എന്ന ശ്രേണിയില്‍ അത് ആസ്വദിക്കപ്പെടുകയാണുണ്ടായത്. തിയറ്ററിലും സിനിമ ചലനം സൃഷ്ടിച്ചില്ല.
ന്യൂഡല്‍ഹി, സമൂഹം, തലപ്പാവ്, വെളളിമൂങ്ങ, രാജാവിന്റെ മകന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അറബിക്കഥ...എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ രാഷ്ട്രീയം പ്രമേയമായി വന്നു എന്നതൊഴിച്ചാല്‍ അത് വിവാദങ്ങള്‍ക്ക് വഴി തുറന്നില്ല. കാരണം അതിലെ കഥാപാത്രങ്ങള്‍ പൂര്‍ണ്ണമായും സങ്കല്‍പ്പസൃഷ്ടികള്‍ മാത്രമായിരുന്നു. ജീവിച്ചിരുന്ന വ്യക്തികളുമായി അവയ്ക്ക് പുലബന്ധം പോലുമുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഫലപ്രദമായി ആവിഷ്‌കരിച്ച തലസ്ഥാനം, ജാലകം,ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഒരു മെക്‌സിക്കന്‍ അപാരത എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത സിനിമകളും ഉണ്ടായി. പുഴു എന്ന സിനിമയിലുടെ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരെ ബോധപൂര്‍വം ആക്രമിക്കാന്‍ ശ്രമിക്കുന്നതായി വെളിപ്പെടുത്തിയത് പടത്തിന്റെ സംവിധായികയുടെ മുന്‍ഭര്‍ത്താവ് എന്ന് അവകാശപ്പെട്ട വ്യക്തിയാണ്. സമൂഹമാധ്യമങ്ങളില്‍
ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സിനിമയ്ക്കായി ആദ്യം നിശ്ചയിച്ച കഥ മാറ്റിവച്ച് ഒരു പ്രത്യേക അജണ്ട ഉള്‍ക്കൊളളുന്ന കഥാതന്തുവിലേക്ക് മാറ്റി പ്രതിഷ്ഠിച്ചതായും ഇതിന് പിന്നില്‍ ചില താരങ്ങളുടെ കൈകടത്തലുകള്‍ ഉണ്ടായതായും ആരോപണം ഉയര്‍ന്നു. ഇതും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയാണുണ്ടായത്.
വിവാദങ്ങള്‍ക്ക് അപ്പുറം എമ്പുരാന്‍
എമ്പുരാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം രൂപപ്പെട്ടിരിക്കുന്നത്. 35 സീറ്റുണ്ടെങ്കില്‍ ഞങ്ങള്‍ കേരളം ഭരിക്കുമെന്ന് അവകാശപ്പെട്ട ഒരു ദേശീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്ന കഥാപാത്രം വന്നപ്പോള്‍ അത് അദ്ദേഹം തന്നെയായിരിക്കാം എന്ന് പലരും വ്യാഖ്യാനിച്ചു. അതുപോലെ ഗോധ്രാ കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലും കഥാസന്ദര്‍ഭങ്ങളിലും യഥാര്‍ത്ഥ സംഭവവും കേന്ദ്രം ഭരിക്കുന്ന ചില നേതാക്കളെക്കുറിച്ചും സൂചനകളുളളതായി ആരോപിക്കപ്പെട്ടു. എന്നാല്‍ സിനിമയെ സിനിമയായി കാണുന്നതാണ് കരണീയമെന്നും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും തങ്ങളില്ലെന്ന സന്ദേശമാണ് ഉത്തരവാദിത്തപ്പെട്ട ആ പാര്‍ട്ടി നേതാക്കള്‍ നല്‍കിയത്. വിവാദങ്ങള്‍ക്ക് അവധി നല്‍കി എമ്പുരാന്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു. സിനിമ പ്രതിസ്ഥാനത്ത് നിര്‍ത്തിയെന്ന് പറയപ്പെടുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ പോലും എല്ലാവരും തീയറ്ററില്‍ പോയി എമ്പുരാന്‍ കാണണമെന്ന് പ്രഖ്യാപിച്ചതോടെ വിവാദങ്ങള്‍ കെട്ടടങ്ങിയെന്നാണ് കരുതിയതെങ്കിലും ചിത്രം ഇപ്പോൾ റീസെൻസറിങ്ങിനു കൊടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
യഥാർഥത്തില്‍ സിനിമ അടക്കമുളള ഏതൊരു കലാരൂപവും ജീവിതത്തിന്റെയും സ്വാഭാവികമായും സമൂഹത്തിന്റെയും പ്രതിഫലനമാണ്. അറിഞ്ഞോ അറിയാതെയോ ചില വ്യക്തികളുടെ മാനറിസങ്ങളും ശരീരഭാഷയും അതില്‍ കടന്നു വരാം. അത് ആരെയെങ്കിലും കടന്നാക്രമിക്കാനോ തേജോവധം ചെയ്യാനോ ഉളള ബോധപൂര്‍വമായ ശ്രമം ആവണമെന്നില്ല. സിനിമാ പ്രവര്‍ത്തകര്‍ക്ക് പൊതുപ്രവര്‍ത്തകരോട് വ്യക്തിവിരോധം ഉണ്ടാവേണ്ട കാര്യമില്ലല്ലോ? അതേ സമയം പണം വാങ്ങി പ്രൊപ്പഗാണ്ട സിനിമകള്‍ നിര്‍മ്മിക്കുന്നവരുണ്ടെന്നും പറയപ്പെടുന്നു. ഇതെല്ലാം കേവലം ആരോപണങ്ങള്‍ എന്നതിനപ്പുറം നിജസ്ഥിതി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.
ഓരോ സിനിമയും തുടങ്ങും മുന്‍പ് നിയമപ്രകാരമുളള ഒരു അറിയിപ്പ് ടൈറ്റില്‍ കാര്‍ഡിനൊപ്പം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ സിനിമ തികച്ചും സാങ്കല്‍പ്പികമാണെന്നും വിനോദം മാത്രം ലക്ഷ്യമാക്കിയുളള ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും യഥാര്‍ത്ഥ വ്യക്തികളെ മുന്‍നിര്‍ത്തിയുളളതല്ലെന്നും അതില്‍ പറയപ്പെടുന്നു. ഒരു പ്രമുഖ പാര്‍ട്ടി നേതാവ് പറഞ്ഞതു പോലെ സിനിമയെ സിനിമയായി കണ്ടാല്‍ പോരേ? യഥാര്‍ത്ഥ വ്യക്തികളുടെ ജീവിതം അതില്‍ ചികയാന്‍ നില്‍ക്കുന്നതെന്തിന്? അല്ലെങ്കിലും ഒരു സിനിമ വിചാരിച്ചാല്‍ തിരുത്താന്‍ കഴിയുന്നതാണോ യഥാര്‍ത്ഥ ചരിത്രം?