ആഘോഷങ്ങളുടെ കാഴ്ച; ഓൾ കണ്ട നാൾ റിവ്യു
Mail This Article
സംഗീതത്തിനും ആക്‌ഷനും പ്രണയത്തിനുമൊക്കെ ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന മുഴുനീള ക്യാംപസ് എന്റർടെയ്നറാണ് ഓളെ കണ്ട നാൾ.മലപ്പുറത്തുനിന്നും പാലക്കാട് പഠിക്കാനെത്തുന്ന ജെന്ന എന്ന പെൺകുട്ടിയും ആ കോളജിൽ തന്നെയുളള ആദി എന്ന ആൺകുട്ടിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ആഴമുള്ള സൗഹൃദത്തിന്റെ കൂടി കഥ പറയുന്ന ചിത്രം യുവാക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രണയവും കുടുംബബന്ധങ്ങളുടെ വിശ്വാസ്യതയും ക്യാംപസ് രാഷ്ട്രീയവുമൊക്കെ ചിത്രത്തിലൂടെ വന്നുപോകുന്നുണ്ട്. കോളജ് ക്യാംപസിലെ നിമിഷങ്ങൾ അതിമനോഹരമായി ഒപ്പിയെടുക്കാൻ അണിയറപ്രവർത്തകർക്കു കഴിഞ്ഞു.
തീക്ഷണ ഭാവങ്ങളും സംഘട്ടന രംഗങ്ങളിലും മികവ് പുലർത്തുന്ന കായികമികവുമായി എത്തുന്ന ജ്യോതിഷ് ജോ എന്ന പുതു നായകനും അനായാസമായ അഭിനയ ശൈലിയും മാൻമിഴിയിൽ തിളങ്ങിയ സൗന്ദര്യവുമായി കൃഷ്ണ പ്രിയ എന്ന പുതു നായികയും ഓളെ കണ്ട നാള് എന്ന ചിത്രത്തിനു മാറ്റു കൂട്ടുന്നു.ഇവരെ കൂടാതെ സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, നീന കുറുപ്പ്, ദേവൻ കൊപ്പം പുതുമുഖങ്ങളായ ആംബ്രോസൈമൺ, ആഗ്നസ് ജോളി, പ്രസീത വസു. ടോം, ബബിത ബഷീർ, ശ്രീജിത്ത്, സഹജ്.നാരായണൻ മുക്കം, ഡെൽജോ ഡൊമനിക്, ചിഞ്ചുരാജ് , റെജി മണ്ണാർക്കാട്, ഗോഡ്വിൻ, മഹേഷ്, അർജുൻ,ഷാൾവിൻ, അഞ്ജലി,സജീവ് മണ്ണാർക്കാട് എന്നിവരും അഭിനയിക്കുന്നു.
നൂറോളം പുതുമുഖങ്ങളെ അണിനിരത്തി ഇങ്ങനെയൊരു വലിയ കാൻവാസിൽ ചിത്രമൊരുക്കാൻ കഴിഞ്ഞതിൽ സംവിധായകന് അഭിമാനിക്കാം. മുസ്തഫ ഗട്സിന്റെയും ആദ്യ ചിത്രമാണ് ഓളെ കണ്ട നാൾ.
ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതം ചിത്രത്തോട് ഇഴ ചേർന്നു നിൽക്കുന്നു. ശിഹാബ് ഓങ്ങല്ലൂരിന്റെ ഛായാഗ്രഹവും എടുത്തുപറയേണ്ടാണ്. സുപ്രീം സുന്ദറിന്റെ ആക്‌ഷൻ കൊറിയോഗ്രഫിയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അതിസാഹസികമായ സംഘട്ടനരംഗങ്ങൾ ആ തീവ്രതയോടെ തന്നെ പ്രേക്ഷകരിലേയ്ക്കും സന്നിവേശിപ്പിക്കാൻ അണിയറപ്രവർത്തകർക്കു കഴിഞ്ഞിട്ടുണ്ട്.
കുടുംബപ്രേക്ഷകർക്കും കോളജ് കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ചിത്രം എല്ലാത്തരം സിനിമാപ്രേക്ഷകരെയും തൃപ്തിപ്പെടുത്തും.