ADVERTISEMENT

ചുരുളഴിയാത്ത ഒട്ടേറെ കൊലപാതകങ്ങൾ നമുക്ക് ചുറ്റും പലപ്പോഴും നടക്കുന്നുണ്ട്. ചിലതൊക്കെ ശ്രദ്ധിക്കപ്പെടുമെങ്കിലും പിന്നിലെ അന്വേഷണങ്ങൾ പലതും പാതിവഴിയിൽ അടയുകയാണ് പതിവ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ചില അന്വേഷണങ്ങൾ കൃത്യമായി നടക്കുകയും തെളിവുകളെ അടിസ്ഥാനമാക്കി കുറ്റകൃത്യം സംബന്ധിച്ച സകല കാര്യങ്ങളും പുറത്തിരിക്കുകയും ചെയ്യും. അത്തരത്തിൽ പൊലീസും മാധ്യമങ്ങളും ഒത്തുചേർന്ന് ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതാണ് അമൽ.കെ.ജോബി സംവിധാനം ചെയ്ത ഗുമസ്തൻ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. വലിയ താരനിര ഇല്ലാതെ തന്നെ ഗുണമേന്മയുള്ള ഒരു ചിത്രം പുറത്തിറക്കാം എന്നതിന്റെ തെളിവു കൂടിയാണ് ഗുമസ്തൻ. പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതും വളരെയധികം കണക്ട് ചെയ്യിപ്പിക്കുന്നതുമായ ഒട്ടേറെ സന്ദർഭങ്ങളിലൂടെയും ആണ് ചിത്രം മുന്നോട്ടുപോകുന്നത്.

തന്ത്രശാലിയായ വക്കീൽ ഗുമസ്തൻ ആൻഡ്രൂസ് പള്ളിപ്പാടന്റെ വീട്ടിൽ നടക്കുന്ന ഒരു കൊലപാതകവും അതിനെ തുടർന്നുളള അന്വേഷണവുമാണ് 'ഗുമസ്തൻ' പറയുന്നത്. സസ്പെൻസ് നിലനിർത്തുന്ന കഥ പറച്ചിലും പ്രേക്ഷകർക്ക് ഊഹിക്കാൻ പറ്റാത്ത ക്ലൈമാക്സുമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നിയമക്കുരുക്കുകൾ എല്ലാം വ്യക്തമായി അറിയാവുന്ന ഒരാൾ ചെയ്യുന്ന കൊലപാതകം എത്രമാത്രം അപകടകരമാണെന്ന് ചിത്രം വ്യക്തമാക്കുന്നു. എല്ലാ പഴുതുകളും അടച്ച് ഒരുക്കുന്ന കുറ്റകൃത്യത്തെ കണ്ടെത്താൻ ഒരുപാട് ശ്രമപ്പെടേണ്ടതായിട്ടുണ്ട്. അന്വേഷകരുടെ ബുദ്ധിവൈഭവത്തെ അളക്കാൻ പ്രാപ്തിയുള്ള ഒരാൾക്ക് പഴുതുകളിലൂടെ കൃത്യമായി രക്ഷപ്പെടാനും സാധിക്കും. തന്ത്രശാലിയായ ഗുമസ്തനെയും അവന്റെ വീടിനെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.

ബന്ധങ്ങളുടെ ഊഷ്മളതയും കാഴ്ചപ്പാടുകളുടെ വ്യത്യസ്തതയും ചിത്രത്തിൽ ഊന്നി പറയാൻ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുന്നേറാൻ കഴിയുന്നത് തിരക്കഥയുടെയും സംവിധാനത്തിന്റെയും പ്രത്യേകത ആണെന്ന് പറയാം. കുറ്റകൃത്യവുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണ പുരോഗതിയും വിലയിരുത്തലുകളും എല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. 

ഗ്രാമീണാന്തരീക്ഷത്തിൽ നടക്കുന്ന ഫാമിലി ത്രില്ലർ ചിത്രമായ ഗുമസ്തന്റെ തിരക്കഥയാണ് ചിത്രത്തിന് മാറ്റു കൂട്ടുന്നത്. റിയാസ് ഇസ്മത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി കഥാപാത്രങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഓരോ കഥാപാത്രത്തിലും വേണ്ടുന്ന പ്രാധാന്യം നൽകിയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

ജയ്സ് ജോസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഗുമസ്തൻ. ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, സ്മിനു സിജോ, നീമാമാത്യു, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സ്റ്റീഫൻ ദേവസിയുടെ സംഗീതം ചിത്രത്തിന് മാറ്റുകൂട്ടുന്നു. ചിത്രത്തിന്റെ മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത് ബിനോയ്‌ എസ് പ്രസാദ്. കുഞ്ഞുണ്ണി എസ് കുമാർ ആണ് ക്യാമറ. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ക്രൈം സസ്പെൻസ് ത്രില്ലർ ജോണർ വന്നിരിക്കുന്ന പടം പ്രേക്ഷകർക്ക് പ്രിയങ്കരമാവുമെന്നുള്ളത് ഉറപ്പാണ്. അതിഭാവുകത്വങ്ങൾ ഇല്ലാതെ കുറ്റാന്വേഷണ ചിത്രത്തിന്റെ കയ്യടക്കത്തോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

English Summary:

Movie review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com