തങ്കമാന ‘പൊൻമാൻ’; റിവ്യു

Mail This Article
ഒരു തരി പൊന്നില്ലാതെ ഇവിടെയൊരു പെണ്ണിനു ജീവിക്കാനാകുമോ? സ്ത്രീധനം ചോദിക്കരുത്, വാങ്ങരുത് എന്നൊക്കെ ആവർത്തിച്ചു പറയുമ്പോഴും ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെയായി ‘പൊന്നുകൊണ്ടൊരു കുളി’ വിവാഹത്തിനു നിർബന്ധമാണ്. മലയാളിയും പൊന്നും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നൊരു അഭ്യേദ്യ ബന്ധം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും നിരവധി. അങ്ങനെ പൊന്നു കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാനും മുന്നോട്ടുകൊണ്ടുപോകാനും പാടുപെടുന്ന കുറച്ച് ‘പൊൻ’മാനുകളുടെ കഥയാണ് ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ പറയുന്നത്.
തീരദേശത്തെ ഒരു വീട്ടിൽ നടക്കുന്ന വിവാഹവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പുകിലുകളുമൊക്കെയായി രസകരവും പിരിമുറക്കം നിറഞ്ഞതുമായ ഒരുഗ്രൻ കഥ. യാഥാർഥ്യത്തോട് ചേർന്നു നിൽക്കുന്ന കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തെ പ്രേക്ഷകരിലേക്കാകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകം. കൊല്ലമാണ് കഥാ പശ്ചാത്തലം, കൊല്ലംകാർ ആളുകൾ കുറച്ച് ‘ടെറർ’ ആണെന്ന് പൊതുവെ പറയാറുണ്ട്. അങ്ങനെയുള്ള കുറച്ച് ‘ടെറർ’ ആളുകളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഏതൊരുവീട്ടിലും വിവാഹം അടുക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് സ്വർണത്തെ ഓർത്ത് മാത്രമാകും. അങ്ങനെയുള്ള കുടുംബങ്ങൾക്ക് രക്ഷകനായി എത്തുന്ന ‘പൊന്‍മാൻ’ ആണ് പി.പി. അജീഷ്. സംഗതി അൽപം റിസ്ക് പിടിച്ച പെരുപാടിയാണെങ്കിലും മനക്കരുത്തിൽ അജീഷിനെ തോൽപ്പിക്കാൻ അങ്ങനെ പെട്ടന്നാര്‍ക്കുമാകില്ല. പക്ഷേ ബ്രൂണോയുടെ പെങ്ങൾ സ്റ്റെഫിയുടെ വിവാഹത്തിൽ മാത്രം അജീഷിന്റെ കണക്കുകൂട്ടൽ തെറ്റി. സ്വർണവുമായി സ്റ്റെഫി ഭർത്താവ് മരിയോന്റെ നാട്ടിലേക്കു യാത്രയാകുന്നു. കൊല്ലത്തെ ഏറ്റവും കുഴപ്പം പിടിച്ച സ്ഥലത്തേക്കാണ് സ്റ്റെഫിയെ കെട്ടിച്ചുവിട്ടിരിക്കുന്നത്. അവിടെയുള്ള ഏറ്റവും വലിയ കുഴപ്പക്കാരനാണ് സ്റ്റെഫിയുടെ കെട്ടിയോനായ മരിയോനും. ആന കുത്താൻ വന്നാലും നെഞ്ചുവിരിച്ച് നിൽക്കാൻ ധൈര്യമുള്ള അജീഷ് പതറിയില്ല, നേരെ മരിയോന്റെ അടുത്തേക്ക് വച്ചുപിടിക്കുന്നു. പിന്നീട് എന്തു സംഭവിക്കും, അജീഷിന് സ്വർണം തിരിച്ചുകിട്ടുമോ? അതോ മരിയോയുടെ കത്തിപ്പിടിയിൽ തീരുമോ? അവിടെ നിന്നാണ് പൊന്‍മാന്റെ കഥ കൂടുതൽ ആവേശത്തിലാകുന്നത്.
ജി ആർ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഭാഷണവും ഇന്ദുഗോപനാണ്. കാമ്പുള്ള പ്രമേയവും കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്തെ മേക്കിങും സിനിമയുടെ കരുത്താണ്. ലളിതവും എന്നാൽ ഏറെ അടരുകളുമുള്ള തിരക്കഥയെ അതിസമർഥമായി ഫ്രെയിമുകൾക്കുള്ളിലാക്കാൻ സംവിധായകനു കഴിഞ്ഞു.
പി.പി. അജീഷ് ആയി എത്തുന്ന ബേസിലിന്റെ അതിഗംഭീര പ്രകടനമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. നടന്റെ കരിയർ ബെസ്റ്റ് െപർഫോമൻസ് എന്ന് നിസംശയം പറയാം. വൈകാരിക രംഗങ്ങളിലും ആക്‌ഷൻ രംഗങ്ങളിലുമൊക്കെ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ആദ്യം വെറുപ്പിച്ച് പിന്നീട് പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന കഥാപാത്രം ഏവരുടെ മനസ്സുതൊടും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും സമചിത്തതയോടെയും ഉള്ളുറപ്പോടെയും നേരിടുന്ന അജീഷ് എന്ന സാധാരണക്കാരനായി താരം ‘തകർത്താടി’െയന്നു പറയാം.
‘ആവേശത്തിലെ അമ്പാനിലൂടെ ശ്രദ്ധേയനായ സജിൻ ഗോപു മരിയോൻ ആയി കയ്യടി നേടുന്നു. സജിന്‍റെ ഇതുവരെ ചെയ്യാത്തൊരു വേഷം കൂടിയാണിത്. നോട്ടത്തിലും ഡയലോഗ് ഡെലിവറിയിലുെമല്ലാം ഈ കഥാപാത്രത്തെ ക്രൂരനാക്കാൻ സജിനു കഴിഞ്ഞു. ബ്രൂണോ ആയി എത്തുന്ന ആനന്ദ് മന്മാഥനും മികച്ചു നിന്നു. സ്റ്റെഫി എന്ന നായികാ കഥാപാത്രമായി ലിജോമോൾ തിളങ്ങി.
ദീപക് പറമ്പോൽ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ.വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
സാനു ജോൺ വര്‍ഗീസിന്റെ ക്യാമറയും മുതൽക്കൂട്ടാണ്. താന്നി, മൺറോ തുരുത്ത് എന്നിവിടങ്ങളിലായാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. കൊല്ലം പട്ടണവും അതുപോലെ തന്നെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളുടെ ഭംഗിയുമൊക്കെ മനോഹരമായ ഫ്രെയിമുകളായി സിനിമയിൽ കാണാം. ജസ്റ്റിൻ വർഗീസിന്റെ സംഗീതവും എടുത്തു പറയണം. സിനിമയുടെ താളത്തിനൊപ്പം പോകുന്ന പശ്ചാത്തല സംഗീതം. എഡിറ്റിങ് നിധിൻ രാജ് ആരോൾ, പ്രൊജക്റ്റ് ഡിസൈനിങ് രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനിങ് ജ്യോതിഷ് ശങ്കർ, കലാസംവിധാനം കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എൽസൺ എൽദോസ്, വരികൾ സുഹൈൽ കോയ, സൌണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, ആക്‌ഷൻ ഫീനിക്സ് പ്രഭു, കളറിസ്റ്റ് ലിജു പ്രഭാകർ.
പ്രശസ്ത കലാസംവിധായകനും പ്രൊഡക്‌ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ആദ്യ സംവിധാന സംരംഭം ഗംഭീരമാക്കിയെന്നു തന്നെ പറയാം. ഇരുപത്തിയഞ്ചോളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായി ജോലി ചെയ്തിട്ടുള്ള ജ്യോതിഷ് ശങ്കർ, 'ന്നാ താൻ കേസ് കൊട്', 'കുമ്പളങ്ങി നൈറ്റ്സ്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' എന്നീ ചിത്രങ്ങളിലെ ജോലിക്ക് മികച്ച കലാസംവിധായകനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ സ്വന്തമാക്കിയിട്ടുണ്ട്. 'കുമ്പളങ്ങി നൈറ്റ്സ്', 'വൈറസ്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'ഭ്രമയുഗം' തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ പ്രൊഡക്‌ഷൻ ഡിസൈനറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
സാധാരണക്കാർ അടക്കമുള്ളവർ നേരിടുന്ന സ്ത്രീധന പ്രശ്നം എന്ന പ്രസ്കതമായ വിഷയത്തെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ അതേ സമയം ലളിതമായി അവതരിപ്പിക്കാൻ അണിയറക്കാർക്ക് കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം.