പാട്ടിന്റെ തേനും വയമ്പും; എസ്. ജാനകിയുടെ 10 നിത്യഹരിത ഗാനങ്ങൾ
![S Janaki KOZHIKODE 23rd January 2016 : Singer S Janaki at Kozhikode/ Photo:T Prasanth Kumar , CLT #](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2020/4/22/s-janaki-3.jpg?w=1120&h=583)
Mail This Article
എസ്. ജാനകി സ്വരമധുരം വിളമ്പിയ മലയാള ഗാനങ്ങൾ അനവധിയാണ്. 1957–ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ..’ എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്കെത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളികളുടെ അന്തരംഗങ്ങളെ സ്പർശിച്ച് എത്രയോ ഗാനങ്ങൾക്ക് ജാനകി സ്വരമായി. തെനും വയമ്പും, മലർകൊടി പോലെ, തുമ്പീ വാ, സന്ധ്യേ, ആടി വാ കാറ്റേ, നാഥാ നീ വരും, കിളിയേ കിളിയേ, കണ്ണു കണ്ണും, മോഹം കൊണ്ടു ഞാൻ എന്നിങ്ങനെ ആ വിശ്രുത ഗായികയെ അടയാളപ്പെടുത്തുന്ന പാട്ടുകൾ നിരവധി. ശബ്ദത്തിലെ ശാലീനതയും ആലാപനത്തിലെ മധുരവും എസ്.ജാനകിയെ വേറിട്ടു നിർത്തുന്നു.
ഉച്ചാരണ ശുദ്ധിയിൽ വിട്ടുവീഴ്ച അനുവദിക്കാത്ത ജാനകിയമ്മ വരികൾ കൃത്യമായി മനസ്സിലാക്കി പഠിച്ചതിനു ശേഷമാണ് പാടുന്നത്. ഒരിക്കൽ പി.ഭാസ്‌കരൻ, ജാനകിയെ കുറിച്ചു പറയുകയുണ്ടായി: ‘പാട്ടിന്റെ അർഥം മാത്രം അറിഞ്ഞാൽ അവർക്കു മതിയാകില്ല. അരികിൽ വന്നിരുന്ന് ഓരോ പദവും എങ്ങനെ ഉച്ചരിക്കുന്നുവെന്നു നോക്കും അങ്ങനെ ഭാഷയെ അറിഞ്ഞ് അർഥവും ഉച്ചാരണവും മനസ്സിലാക്കി അവർ പാടിയ ഗാനങ്ങൾ എന്നും നിലനിൽക്കും’.
താരാട്ടു പാട്ടുകൾ പാടാൻ ജാനകിയമ്മയ്ക്കുള്ള വൈഭവം എടുത്തു പറയേണ്ടതാണ്. മലർ കൊടി പോലെ, ഉണ്ണി ആരാരിരോ, ആരാരോ ആരിരാരോ തുടങ്ങിയവ അതിൽ ചിലതു മാത്രം. 2005–ൽ പുറത്തിറങ്ങിയ ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലെ ‘ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടിൽ’ കുഞ്ഞിനെ കടൽകാഴ്ചകൾ കാണിച്ച ആ സ്വരഭംഗി ആസ്വദിച്ച് എത്രയോ കുരുന്നുകൾ മയങ്ങി. മാതൃത്വത്തിന്റെ മാധുര്യവും കാമുകിയുടെ മനോതലവും ഒരുപോലെ ഉൾക്കൊണ്ട് പാടുന്ന ജാനകിയമ്മ ദശാബ്ദങ്ങളായി മലയാളികളിലേക്കു മധുരഗീതങ്ങളുടെ തേൻമഴ പൊഴിക്കുന്നു.
ഹിറ്റുകൾക്ക് ഇടവേളകൾ കൊടുക്കാതെ ജാനകിയമ്മ പാടിയ ഗാനങ്ങൾ പതിഞ്ഞത് ആസ്വാദകരുടെ ഹൃദയത്തിലാണ്. ഗായികയുടെ മികച്ച ഗാനങ്ങളെ തരം തിരിക്കുക ശ്രമകരമാണ്. എങ്കിലും മലയാളത്തിൽ ജാനകിയമ്മയെ അടയാളപ്പെടുത്തുന്ന തിരഞ്ഞെടുത്ത പത്ത് ഗാനങ്ങളിലൂടെ...
1970–ൽ ‘അമ്പലപ്രാവ്’ എന്ന ചിത്രത്തിലൂടെ മഹാരഥൻമാരായ പി. ഭാസ്കരൻ മാഷിനും എം.എസ്. ബാബുരാജിനുമൊപ്പം ജാനകിയമ്മയുടെ മധുരനാദം ചേർന്നപ്പോൾ ‘താനേ തിരിഞ്ഞും മറിഞ്ഞും’ എന്ന ഗാനം ആസ്വാദകഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ചു. അതേ ചിത്രത്തിൽ ‘മാവു പൂത്തു മാതളം പൂത്തു’ എന്ന ഗാനം പാടി ജാനകിയമ്മ വീണ്ടും ആസ്വാദകഹൃദയങ്ങൾ കീഴടക്കി.
‘മലർ കൊടി പോലെ വർണത്തൊടി പോലെ’ എന്നു പാടിയത് 1977 ൽ ആണെങ്കിലും അന്നു തൊട്ടിന്നോളം ആ പാട്ടിന്റെ ആസ്വാദനച്ചരട് പൊട്ടിയിട്ടില്ല. ‘വിഷുക്കണി’ എന്ന ചിത്രത്തിലെ ഈ അതിമനോഹരമായ താരാട്ടുപാട്ട് ഒരിക്കലെങ്കിലും ആസ്വദിക്കാത്ത മലയാളികൾ ഉണ്ടോ?. ശ്രീകുമാരൻ തമ്പിയുടെ കാവ്യാത്മകതയ്ക്ക് സലിൽ ചൗധരി സംഗീതം പകർന്നു. എസ്.ജാനകിയുടെ സ്വരം പാട്ടിനെ നിത്യഹരിതമാക്കി.
1983–ല്‍ പുറത്തിറങ്ങിയ ‘ആ രാത്രി’ എന്ന ചിത്രത്തിലെ ‘കിളിയേ കിളിയേ’ എന്ന ഗാനത്തിലൂടെ ജാനകിയമ്മയുടെ സ്ഥാനം മലയാള ഹൃദയങ്ങളിൽ ഊട്ടിയുറപ്പിക്കപ്പെടുകയായിരുന്നു. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതം പകർന്നത് ഇളയരാജയാണ്. ദശാബ്ദങ്ങൾക്കിപ്പുറവും പാട്ട് ഹിറ്റ് ചാർട്ടിൽ മുൻ നിരയിൽ. അതേ ചിത്രത്തിൽ യേശുദാസിനൊപ്പം ജാനകി പാടിയ ‘ഈ നീലിമ തൻ ചാരുതയിൽ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
1982–ലെ ‘ഓളങ്ങൾ’ എന്ന ചിത്രത്തിലെ ‘തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം’ എന്ന ഗാനത്തിലൂടെ ജാനകിയമ്മ വീണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. ദശാബ്ദങ്ങൾക്കു മുന്നേ പിറന്ന പാട്ട് ഇന്നും മലയാളികൾക്ക് ജീവരാഗം തന്നെ. ഇളയ രാജയുടെ സംഗീതത്തിനും ഒ.എൻ.വി. കുറുപ്പിന്റെ വരികൾക്കുമൊപ്പം ജാനകിയുടെ നിത്യ യൗവന ശബ്ദവും കൂടിക്കലർന്നപ്പോൾ പാട്ട് മലയാളികളുടെ ഇഷ്ടങ്ങളുടെ പട്ടികയിൽ മുൻനിരയിലെത്തി.
ഐ.വി. ശശിയുടെ സംവിധാനത്തിൽ 1980–ൽ പുറത്തിറങ്ങിയ ‘അങ്ങാടി’ എന്ന ചിത്രത്തിലെ ‘കണ്ണു കണ്ണും തമ്മിൽ തമ്മിൽ’ എന്ന പാട്ട് നൂറ്റാണ്ടിലെ തന്നെ പ്രണയഗാനങ്ങളുടെ ആദ്യ തട്ടിൽ നിൽക്കുന്നു. ചിത്രത്തിൽ മഹാനടൻ ജയന്റെയും സീമയുടെയും പ്രണയത്തിനു പിന്നിൽ ഒഴുകിയിറങ്ങിയ സ്വരം യേശുദാസിന്റേതും എസ്.ജാനകിയുടേതുമായിരുന്നു. ബിച്ചു തിരുമലയുടെ വരികളും ശ്യാമിന്റെ സുന്ദര സംഗീതവും പാട്ടിനെ അനശ്വരമാക്കി.
ജാനകിയമ്മയുടെ മലയാള ഗാനങ്ങളുടെ പട്ടികയിൽ എന്നും പ്രഭ ചൊരിഞ്ഞു നിൽക്കുന്ന പാട്ടാണ് ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ...’. 1977–ലെ ‘മദനോത്സവം’ എന്ന ചിത്രത്തിലൂടെ സലീൽ ചൗധരി– ഒ.എൻ.വി. കുറുപ്പ് – എസ്.ജാനകി വസന്തം പെയ്തിറങ്ങിയപ്പോൾ ആ പാട്ട് തലമുറകളെത്തന്നെ പാട്ടിലാക്കി.
1980–ൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ ജാനകിയമ്മ പാടിയ ‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന ഗാനം കേരളക്കരയിൽ മഞ്ഞുകാലം തന്നെ സൃഷ്ടിച്ചു. ബിച്ചു തിരുമലയുടെ വരികൾക്ക് ജെറി അമൽ ദേവ് ആണ് സംഗീതം പകർന്നത്.
ഭരതന്റെ സംവിധാനത്തിൽ 1980–ൽ പുറത്തിറങ്ങിയ ‘ചാമരം’ എന്ന ചിത്രത്തിലൂടെ നാഥന്റെ കാലൊച്ച കേൾക്കുവാൻ കാതോർത്തിരുന്നപ്പോൾ ജാനകിയമ്മയുടെ സ്വരം കേരളക്കര കേട്ടത് ഹൃദയം കൊണ്ടാണ്. പൂവച്ചൽ ഖാദർ എഴുതിയ വരികൾക്കു സംഗീതം പകർന്നത് അനശ്വര സംഗീതജ്ഞൻ എം.ജി.രാധാകൃഷ്ണൻ.
ആസ്വാദകരിൽ നിത്യ നിർവൃതി ചൊരിഞ്ഞ ഗാനമാണ് 1982–ലെ ‘ഇതു ഞങ്ങളുടെ കഥ’യിലെ ‘സ്വർണ മുകിലേ’. ജോൺസൻ മാസ്റ്ററിന്റെ സംഗീതത്തിനു ജാനകിയമ്മ സ്വരമായപ്പോൾ ഗാനവും ഗായികയും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. ഭാസ്കരൻ മാസ്റ്റർ ആണ് പാട്ടിനു വരികളൊരുക്കിയ പ്രതിഭ.
1983–ലെ ‘കൂടെവിടെ’ എന്ന ചിത്രത്തിനു വേണ്ടി ജാനകിയമ്മ ‘ആടി വാ കാറ്റേ പാടി വാ കാറ്റേ’ എന്നു പാടിയപ്പോൾ മലയാളികളുടെ ഹൃദയത്തിലേക്ക് ആ ഈരടികൾ പുതുമഴയായ് പെയ്തിറങ്ങി. ഒ.എൻ.വി. കുറുപ്പിന്റെ വരികൾക്കു സംഗീതം പകർന്നത് ജോൺസൻ മാസ്റ്റർ ആണ്. അതേ ചിത്രത്തിൽ ജാനകിയമ്മ പാടിയ ‘പൊന്നുരുകും പൂക്കാലം’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.