‘ഓർമകൾ മരിക്കുമോ? ഞാൻ എന്റെ സ്വന്തം ലാലുവിനെ കണ്ടു, ഐ ലവ് യു’; ഹൃദയം തൊട്ട് എം.ജി.ശ്രീകുമാറിന്റെ കുറിപ്പ്
Mail This Article
ദീർഘകാലത്തിനു ശേഷം ഉറ്റസുഹൃത്ത് മോഹന്‍ലാലിനെ നേരിൽകണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാർ. ‘നേര്’ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇരുവരും പരസ്പരം കണ്ടുമുട്ടിയത്. ‘ഒരുപാട് മാസങ്ങൾക്കു ശേഷം ഞാൻ എന്റെ സ്വന്തം ലാലുവിനെ കണ്ടു. ഒരുപാട് സംസാരിച്ചു, ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഓർമകൾ മരിക്കുമോ, ഓളങ്ങൾ നിലയ്ക്കുമോ... ലവ് യൂ ലാലു’ എന്ന അടിക്കുറിപ്പോടെ മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ എം.ജി.ശ്രീകുമാർ പങ്കുവച്ചു.
ഗായകന്റെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിരിക്കുകയാണ്. രണ്ട് പ്രതിഭകളെയും ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷം ആരാധകർ പ്രകടിപ്പിച്ചു. കൗമാരകാലം മുതൽ ഇരുവരും സുഹൃത്തുക്കളാണ്. തമ്മിൽ കണ്ടുമുട്ടുന്നതിന്റെ വിശേഷങ്ങളൊക്കെ ആരാധകരെ അറിയിക്കാറുമുണ്ട്. മോഹൻലാല്‍ അഭിനയിച്ച ഭൂരിഭാഗം ഗാനങ്ങൾക്കും പിന്നണിയിൽ സ്വരമായത് എം.ജി.ശ്രീകുമാർ ആണ്.
ജീത്തു ജോസഫിനൊപ്പമുള്ള മോഹൻലാലിന്റെ നാലാമത്തെ സിനിമയാണ് ‘നേര്’. വക്കീൽ വേഷത്തിൽ മോഹൻലാൽ എത്തുന്നു. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും നേരിൽ വേഷമിടുന്നു.