റഹ്മാന്റെ ആരോഗ്യനില തൃപ്തികരം; ദേഹാസ്വാസ്ഥ്യം തോന്നിയത് ലണ്ടൻ യാത്ര കഴിഞ്ഞെത്തിയപ്പോൾ

Mail This Article
സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. റഹ്മാൻ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ലണ്ടൻ യാത്ര കഴിഞ്ഞ് ശനിയാഴ്ച രാത്രിയാണ് റഹ്മാൻ ചെന്നൈയിൽ തിരിച്ചെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നിർജ്ജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇസിജി, എക്കോ കാര്‍ഡിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. ഞായറാഴ്ച തന്നെ റഹ്മാനെ ആൻജിയോഗ്രാമിന് വിധേയമാക്കുമെന്നാണ് വിവരം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടന്ന് ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്.
റഹ്മാന്റെ ആരോഗ്യനില തൃപ്തികരണമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. സ്റ്റാലിന്റെ വാക്കുകൾ: "എ.ആർ റഹ്മാനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത അറിഞ്ഞയുടൻ ഞാൻ ഡോക്ടർമാരുമായി ബന്ധപ്പെട്ട് ആരോഗ്യവിവരങ്ങൾ തിരക്കി. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും ഡോക്ടർമാർ പറഞ്ഞു."