‘നിയമപരമായി വേർപിരിഞ്ഞിട്ടില്ല’; ‘മുൻ ഭാര്യ’ എന്ന് വിളിക്കരുതെന്ന് അഭ്യർഥിച്ച് റഹ്മാന്റെ ഭാര്യ സൈറ ബാനു

Mail This Article
സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ ‘മുൻ ഭാര്യ’ എന്നു വിളിക്കരുതെന്ന് അഭ്യർഥിച്ച് സൈറ ബാനു. നിയമപരമായി വിവാഹമോചിതരായിട്ടില്ലെന്നും ഇപ്പോൾ വേർപിരിഞ്ഞു താമസിക്കുക മാത്രമാണ് സംഭവിച്ചിരിക്കുന്നതെന്നും സൈറ ബാനു വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് എ.ആര്‍. റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സൈറ ബാനു പ്രസ്താവന ഇറക്കിയത്. റഹ്മാൻ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും സൈറ ബാനു ആശംസിച്ചു.
സൈറ ബാനുവിന്റെ വാക്കുകൾ: ‘‘അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കണമെന്നു ആശംസിക്കുന്നു. അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതും അഞ്ജിയോഗ്രഫി നടത്തിയെന്നുമുള്ള വാർത്ത ഞാൻ അറിഞ്ഞു. അല്ലാഹുവിന്റെ കൃപയാൽ അദ്ദേഹം ഇപ്പോൾ നല്ല ഭേദപ്പെട്ട അവസ്ഥയിൽ ആണ്, സുഖമായി ഇരിക്കുന്നു. ഞങ്ങൾ ഔദ്യോഗികമായി വിവാഹമോചിതരായിട്ടില്ലെന്ന് വ്യക്തമാക്കാൻ കൂടി ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇപ്പോഴും ഭാര്യയും ഭർത്താവും ആണ്. കഴിഞ്ഞ രണ്ടു വർഷമായി എന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു. ആ സമ്മർദ്ദം അദ്ദേഹത്തിന് നൽകാതിരിക്കാനാണ് അകന്നിരിക്കുന്നത്. ദയവായി ‘മുൻ ഭാര്യ’ എന്നു പറയരുത്. ഞങ്ങൾ വേർപിരിഞ്ഞു കഴിയുകയാണ്, എങ്കിലും എന്റെ പ്രാർത്ഥനകൾ എന്നും അദ്ദേഹത്തിനൊപ്പം തന്നെയാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട്—ദയവായി അദ്ദേഹത്തിന് അധിക സമ്മർദ്ദം ഉണ്ടാക്കരുത്, അദ്ദേഹത്തെ കരുതലോടെ പരിചരിക്കുക.’’
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടന്ന് ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് റഹ്മാനെ ആശുപത്രിയിൽ എത്തിച്ചത്. നിർജ്ജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ലണ്ടൻ യാത്ര കഴിഞ്ഞ് ശനിയാഴ്ച രാത്രിയാണ് റഹ്മാൻ ചെന്നൈയിൽ തിരിച്ചെത്തിയത്. അതിനു ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഞായറാഴ്ച തന്നെ റഹ്മാനെ ഡിസ്ചാർജ് ചെയ്തു.
റഹ്മാൻ ആരോഗ്യവാനായിരിക്കുന്നുവെന്നും വിശ്രമത്തിലാണെന്നും മകൻ എ.ആർ അമീൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആരാധകരുടെ പ്രാർഥനകൾക്കും കരുതലിനും നന്ദി അറിയിച്ച അമീൻ നിർജ്ജലീകരണം മൂലമുണ്ടായ ശാരീരിക അസ്വാസ്ഥ്യമായിരുന്നു റഹ്മാന് ഉണ്ടായതെന്ന് ആവർത്തിച്ചു.