ആരോഗ്യം വീണ്ടെടുത്ത് എ.ആർ.റഹ്മാൻ; അമേരിക്കൻ പര്യടനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു

Mail This Article
ആരോഗ്യം വീണ്ടെടുത്ത് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ‘ദ് വണ്ടർമെന്റ്’ എന്ന പേരിൽ വടക്കേ അമേരിക്കയിൽ നടത്താനിരിക്കുന്ന സംഗീതപര്യടനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 18ന് തുടങ്ങി ഓഗസ്റ്റ് 17നാണ് റഹ്മാന്റെ സംഗീതപര്യടനം അവസാനിക്കുക. ഒരു മാസം കൊണ്ട് വടക്കേ അമേരിക്കയിലെ വിവിധ ഇടങ്ങളിൽ അദ്ദേഹം സംഗീതസന്ധ്യ നടത്തും.
സംഗീതപര്യടനത്തിനെക്കുറിച്ചുള്ള റഹ്മാന്റെ പ്രഖ്യാപനത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിൽ ആശങ്ക അറിയിച്ച് ആരാധകർ രംഗത്തെത്തി. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും നില മെച്ചപ്പെട്ടതിനു ശേഷം മാത്രം സംഗീതപരിപാടിക്കുള്ള ഒരുക്കങ്ങൾ നടത്തിയാൽ മതിയെന്നും ആരാധകർ സ്നേഹപൂർവം പ്രതികരിച്ചു.
നിർജലീകരണത്തെത്തുടർന്ന് ഞായറാഴ്ചയാണ് എ.ആർ.റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലണ്ടൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോഗ്യനില തൃപ്തികരമായതോടെ ഡിസ്ചാർജ് ചെയ്യുകയുമുണ്ടായി. റഹ്മാന്റെ മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവരും പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.