2022: നിക്ഷേപം ഒരിടത്തു മാത്രമാകരുത്
Mail This Article
ഓഹരി വിപണികൾ ദീർഘകാലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇടക്കാലത്തേക്ക് നാം ജാഗ്രതയോടെ തുടരണം. ഇപ്പോഴത്തെ ആഭ്യന്തര, ആഗോള വിപണി സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, സജീവമായ നിക്ഷേപ ആസൂത്രണവും വിവിധ ആസ്തി വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന രീതിയും വേണം. സമീപ ഭാവിയിൽ നിക്ഷേപകർക്ക് മികച്ച നേട്ടമുണ്ടാക്കാൻ അതു സഹായിക്കും.
നേട്ടമില്ലാത്ത ഐപിഒകൾ തിരഞ്ഞെടുക്കുക, ഡെറിവേറ്റീവുകളെ ഉയർന്ന തോതിൽ ആശ്രയിക്കുക, ആസ്തി വിഭജനം അവഗണിക്കുകയും ഓഹരികളിൽ മാത്രമായി നിക്ഷേപിക്കുകയും ചെയ്യുക (ഡെറ്റ്, സ്വർണം, പണം എന്നിവയെ അവഗണിക്കുക) എന്നിവ ഈ വർഷം നിക്ഷേപകർക്ക് നെഗറ്റീവ് ആയ നിക്ഷേപ അനുഭവങ്ങൾ നൽകാനിടയുള്ള മേഖലകളാണ്. അപകട സാധ്യതയുള്ള ആസ്തികളിലാണ് നിങ്ങളുടെ കൂടുതൽ നിക്ഷേപമെങ്കിൽ നഷ്ട സാധ്യത കുറയ്ക്കാനുള്ള മികച്ച സമയം ഇതാണ്.
ഒരൊറ്റ ആസ്തി വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം വിവിധ ആസ്തി വിഭാഗങ്ങളിൽ നിക്ഷേപിക്കുന്ന രീതി സ്വീകരിക്കണം. ഓഹരി അനുബന്ധ നിക്ഷേപമാണ് പരിഗണിക്കുന്നതെങ്കിലും വിവിധ തീമുകളിലും വിവിധ വിഭാഗങ്ങളിലും നിക്ഷേപിക്കണം.വിഭാഗങ്ങൾ തിരിച്ചുള്ള സമീപനമാണെങ്കിൽ വാഹനം, ബാങ്ക്, ടെലികോം, ഫാർമ, ആരോഗ്യ സേവനം തുടങ്ങിയവ ശ്രദ്ധിക്കാം.
കൺസ്യൂമർ നോൺ ഡ്യൂറബിൾ വിഭാഗത്തിനു സാധ്യത കുറവ്. ആസ്തി വിഭജനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ലാഭകരമായ കമ്പനികളിൽ നിക്ഷേപിക്കുകയും അപകട സാധ്യത പരിഗണിച്ച ശേഷം ലിക്വിഡിറ്റിയുള്ള എല്ലാ ആസ്തി വിഭാഗങ്ങളിലും നിക്ഷേപിക്കുകയും ചെയ്യുന്ന നിക്ഷേപകരായിരിക്കും ഈ വർഷം പണമുണ്ടാക്കുക.