4 മോഡലുകൾ കൂടി വിപണിയിലെത്തിക്കാൻ കോക്കോണിക്സ്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സ്ഥാപിച്ച കോക്കോണിക്സ് കമ്പനി 4 പുതിയ ലാപ്ടോപ് മോഡലുകൾ കൂടി അടുത്തമാസം വിപണിയിലിറക്കും. രണ്ടെണ്ണം കെൽട്രോൺ ബ്രാൻഡിലും രണ്ടെണ്ണം കോക്കോണിക്സ് ബ്രാൻഡിലുമാകും എത്തുക. സർക്കാരിനു കൂടുതൽ ഓഹരി ലഭിക്കുന്നതരത്തിൽ കമ്പനിയുടെ ഓഹരി ഘടനയിൽ മാറ്റം വരുത്തിയശേഷം പുറത്തിറങ്ങുന്ന ആദ്യത്തെ ഉൽപന്നങ്ങളാണിവ.
നേരത്തേ കെൽട്രോൺ, കെഎസ്ഐഡിസി എന്നിവയ്ക്കു 49 ശതമാനവും, യുഎസ്ടി ഗ്ലോബലിനു 49 ശതമാനവും മറ്റു സ്വകാര്യ കമ്പനികൾക്കു 2 ശതമാനവുമായിരുന്നു ഓഹരി പങ്കാളിത്തം. ഇപ്പോൾ കെൽട്രോണിനും കെഎസ്ഐഡിസിക്കും ചേർന്ന് 51 ശതമാനം ഓഹരിയായി. യുഎസ്ടി ഗ്ലോബലിന്റെ ഓഹരി പങ്കാളിത്തത്തിൽ 2 ശതമാനം കുറവുണ്ടായി. ഇതോടെ കോക്കോണിക്സ് ഒരു കൽപിത പൊതുമേഖലാ സ്ഥാപനം (ഡീംഡ് പിഎസ്‍യു) ആയി മാറിയെന്നു കോക്കോണിക്സ് പ്ലാന്റ് സന്ദർശിച്ചശേഷം മന്ത്രി പി.രാജീവ് പറഞ്ഞു.
ഇതുവരെ ഏഴു മോഡലുകളാണു കോക്കോണിക്സിന്റേതായി പുറത്തിറങ്ങിയത്. 12500 എണ്ണം വിൽപന നടത്തി. പ്രമുഖ a മികവിലും വിലയിലും കോക്കോണിക്സ് മത്സരിക്കും. എല്ലാ രാജ്യാന്തര നിലവാരവും പാലിച്ചാണു നിർമാണം. നിലവിൽ ആമസോണിലും ഫ്ലിപ്കാർട്ടിലും ജിം പോർട്ടലിലുമെല്ലാം കോക്കോണിക്സ് ഉൽപന്നങ്ങൾ ലഭ്യമാണ്.