സ്വർണം, ലഹരി, തീവ്രവാദം: ദുരൂഹതയുടെ റിങ്ടോൺ മുഴങ്ങുമ്പോൾ...
Mail This Article
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ പിടികൂടിയ സമാന്തര ഫോൺ എക്സ്ചേഞ്ചുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങൾ ചെന്നുനിൽക്കുന്നത് ദുരൂഹതകളുടെ ലോകത്ത്. കള്ളപ്പണവും സ്വർണക്കടത്തും ലഹരിമരുന്ന് ഇടപാടുകളും തുടങ്ങി തീവ്രവാദബന്ധംവരെ നീളുന്ന കണ്ണികളാണു വിവിധ ഏജൻസികൾ കണ്ടെത്തിയത്.
മൂന്നു മാസത്തിനിടെ രാജ്യത്തു പിടികൂടിയത് അൻപതോളം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ. കേരളത്തിൽ 4 ജില്ലകളിൽ ഇത്തരം എക്സ്ചേഞ്ചുകൾ കണ്ടെത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സമാന്തര എക്സ്ചേഞ്ചുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നതു കേരളത്തിലെ സംഘമാണെന്നും പൊലീസിനു വ്യക്തമായി. ഡൽഹിയിലെ ദരിയാഗഞ്ചിൽ പിടികൂടിയ സമാന്തര എക്സ്ചേഞ്ചുകൾക്കു മലയാളി ബന്ധമുണ്ടെന്ന സൂചനകൾ ഇവയുടെ രാജ്യവ്യാപക ശൃംഖലയിലേക്കു വിരൽചൂണ്ടുന്നു.
വിദേശത്തുനിന്നു സൗജന്യമായി വിഡിയോ കോൾ ചെയ്യാവുന്ന കാലത്ത് സമാന്തര എക്സ്ചേഞ്ചിലൂടെ വോയ്സ് കോൾ ചെയ്യുന്നത് എന്തിനാണെന്ന അന്വേഷണത്തിലാണ് എക്സ്ചേഞ്ചുകളുടെ പിന്നിലെ കുറ്റകൃത്യങ്ങളുടെ ആഴം പൊലീസ് തിരിച്ചറിഞ്ഞത്. ബെംഗളൂരുവിലും കോഴിക്കോട്ടുമായി പിടികൂടിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽനിന്നു പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾക്കു മാത്രം ഒന്നരക്കോടി രൂപ വില വരും. രാജ്യാന്തര ഫോൺകോളുകൾ ചെയ്യാൻ പലതരം മൊബൈൽ ആപ്ലിക്കേഷനുകളുള്ള കാലത്ത് ഇത്രയും നിക്ഷേപം നടത്താൻ മാത്രം എന്തു ലാഭമാണു സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നിന്നുള്ളതെന്നും പൊലീസ് തിരയുന്നുണ്ട്.
കുരുക്കിയത് സൈനികനീക്കം ചോർത്താനുള്ള ശ്രമം
കരസേനയുടെ ബംഗാളിലെ നീക്കങ്ങളെക്കുറിച്ച് അന്വേഷിച്ചു സിലിഗുഡിയിലെ കരസേന ഹെൽപ്‌ലൈനിലേക്കു പാക്കിസ്ഥാനിൽ നിന്നെത്തിയ ഫോൺകോളുകളെ ചുറ്റിപ്പറ്റി മിലിറ്ററി ഇന്റലിജൻസ് നടത്തിയ അന്വേഷണമാണു ബെംഗളൂരുവിലെ സമാന്തര എക്സ്ചേഞ്ചിൽ എത്തിയത്. ബെംഗളൂരുവിലെ 9 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണു മലയാളികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരം അനുസരിച്ചു നടത്തിയ പരിശോധനയിലാണു കോഴിക്കോട്, തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലും മൈസൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്.
സ്വർണക്കടത്ത്, കുഴൽപണം, ക്വട്ടേഷൻ ആസൂത്രണം
അടുത്തിടെ കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളുടെയും ആസൂത്രണം നടന്നതു സമാന്തര എക്സ്ചേഞ്ചുകൾ ഉപയോഗിച്ചുള്ള ഫോൺ വിളികളിലൂടെയാണെന്നു പൊലീസ് കരുതുന്നു. ഫോൺവിളി രേഖകളും (സിഡിആർ) മൊബൈൽ ടവർ ലൊക്കേഷനും ഉപയോഗിച്ചാണ് അടുത്തകാലത്ത് മിക്ക കേസുകളിലും പൊലീസ് പ്രതിയെ കണ്ടെത്തുന്നത്. എന്നാൽ, ആശയവിനിമയത്തിനു സമാന്തര എക്സ്ചേഞ്ചുകളുടെ ‘കുഴൽഫോൺ’ ഉപയോഗിക്കുന്നതോടെ ഈ വഴിയടയുന്നു. അടുത്തകാലത്തു സ്ത്രീകളെ ഫോണിലൂടെ അധിക്ഷേപിച്ച ഒട്ടേറെ കേസുകളിൽ പൊലീസിനു ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്വർണക്കടത്ത്, കുഴൽപണ സംഘങ്ങളുടെ ആസൂത്രണവും സമാന്തര എക്സ്ചേഞ്ചുകളിലൂടെയാണ്. തീവ്രവാദ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു. കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ സംഘങ്ങൾക്കു വിവരം ചോർത്തി നൽകിയും സമാന്തര എക്സ്ചേഞ്ചുകൾ പണമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. നിയമവിധേയമല്ലാതെ പ്രവർത്തിക്കുന്ന ചില നെറ്റ്‌വർക് മാർക്കറ്റിങ് കോൾ സെന്ററുകളും സമാന്തര എക്സ്ചേഞ്ചുകളുടെ സേവനം ഉപയോഗിക്കുന്നതായി വിവരമുണ്ട്.
നിയന്ത്രിക്കുന്നത് കേരളസംഘം; ഇടപാടുകൾ ദുബായിൽ
ബെംഗളൂരുവിൽ പിടിയിലായ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹിം പുല്ലോട്ടിൽ, മലപ്പുറം പൊലീസ് പിടികൂടിയ കോട്ടയ്ക്കൽ സ്വദേശി മുഹമ്മദ് സലീം എന്നിവരാണു ദക്ഷിണേന്ത്യയിലെ സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിലെ മുഖ്യകണ്ണികളെന്നു പൊലീസ് പറയുന്നു. സമാന്തര എക്സ്ചേഞ്ചുകൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം, നടത്തിപ്പുകാർക്കുള്ള പരിശീലനം എന്നിവ നൽകുന്നത് ഇബ്രാഹിമാണ്. ബെംഗളുരൂവിലെയും തെലങ്കാനയിലെയും കേരളത്തിലെയും എക്സ്ചേഞ്ചുകൾക്കു പണം മുടക്കിയതു സലീമും. കോഴിക്കോട് സമാന്തര എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി പി.പി.ഷബീർ മുഹമ്മദ്, സലീമിന്റെ സംഘത്തിലെ അംഗമാണ്. ഷബീറിന്റെ സഹോദരനാണു പാലക്കാട് എക്സ്ചേഞ്ച് കേസിൽ അറസ്റ്റിലായ മൊയ്തീൻ കോയ. കേരളത്തിൽ മാത്രം നൂറോളം ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നാണു പ്രതികളുടെ മൊഴി. കോഴിക്കോട്, തൃശൂർ ജില്ലകളിലെ എക്സ്ചേഞ്ചുകൾ കണ്ടെത്തിയതോടെ മറ്റുള്ളവർ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചെന്നാണു നിഗമനം.
32 മുതൽ 128 സിമ്മുകൾ വരെ പ്രവർത്തിപ്പിക്കുന്നതും 74,000 മുതൽ 1.35 ലക്ഷം രൂപ വരെ വില വരുന്നതുമായ 105 ഉപകരണങ്ങളാണു ബെംഗളുരുവിൽനിന്നു പൊലീസ് പിടികൂടിയത്. 23 ഉപകരണങ്ങളാണു കോഴിക്കോട്ടുനിന്നു പിടിച്ചത്. ഇതിനു പുറമേ, 3720 സിം കാർഡുകൾ, ലാപ്ടോപുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ നിക്ഷേപം ഈ മേഖലയിൽ നടത്തിയിട്ടുണ്ടെന്നാണു വിവരം.
സമാന്തര എക്സ്ചേഞ്ചുകളുടെ പണമിടപാടുകൾ നടക്കുന്നതു ദുബായ് കേന്ദ്രീകരിച്ചാണെന്നു പൊലീസ് പറയുന്നു. സ്വർണക്കടത്തിന്റെയും കുഴൽപണ ഇടപാടുകളുടെയും ആസൂത്രണത്തിനു സമാന്തര എക്സ്ചേഞ്ചുകൾ ഉപയോഗിക്കുന്നതിനാൽ പ്രധാന ഇടപാടുകാർ വിദേശത്താണ്. വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാർ നാട്ടിലേക്കു വിളിക്കാനും സമാന്തര എക്സ്ചേഞ്ച് സംഘം നൽകുന്ന കോളിങ് കാർഡ് ഉപയോഗിക്കുന്നുണ്ട്. എക്സ്ചേഞ്ചുകൾക്കുള്ള പ്രതിഫലം ദുബായിലെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും. ഇതു കുഴൽപണ സംഘങ്ങൾ വഴി ഇന്ത്യയിലെ നടത്തിപ്പുകാർക്കു പണമായി എത്തിക്കും.
വിദേശരാജ്യങ്ങൾക്കു റൂട്ട് വിറ്റു; ചൈനയിൽനിന്നും നിക്ഷേപം
ഗൾഫ് രാജ്യങ്ങൾക്കു പുറമേ പാക്കിസ്ഥാൻ, ചൈന, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽനിന്നും സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്ക് ‘റൂട്ട്’ വിൽപന നടത്തിയിരുന്നു. ചാരപ്രവർത്തനത്തിനു സമാന്തര എക്സ്ചേഞ്ചുകൾ ഉപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവാണിതെന്നു അന്വേഷണ ഏജൻസികൾ പറയുന്നു. സമാന്തര എക്സ്ചേഞ്ചുകൾ വഴിയുള്ള വിളികൾക്കായി ഉപയോഗിക്കാവുന്ന മൊബൈൽ ആപ്പുകളുടെ നിർമാതാക്കൾ എക്സ്ചേഞ്ചുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും കരുതുന്നു. 2020 ജൂണിൽ മുംബൈയിൽ പിടികൂടിയ സമാന്തര എക്സ്ചേഞ്ചുകൾക്ക് ഇത്തരം 3 ചൈനീസ് കമ്പനികൾ പണം നൽകിയിരുന്നതായി നടത്തിപ്പുകാരനായ സമീർ അൽഹ്വാരി വെളിപ്പെടുത്തിയിരുന്നു.
ആഫ്രിക്കൻ ബന്ധത്തിൽ സ്വർണത്തിളക്കം
സമാന്തര എക്സ്ചേഞ്ച് നടത്തിപ്പുകാർ 4 ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു റൂട്ട് നൽകിയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ടാൻസനിയ, യുഗാണ്ട, എരിത്രിയ എന്നിവിടങ്ങളിൽനിന്നാണു സമാന്തര എക്സ്ചേഞ്ച് നടത്തിപ്പുകാരുടെ ദുബായിലെ അക്കൗണ്ടുകളിലേക്കു പണമെത്തിയത്. ടാൻസനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ സ്വർണക്കടത്തു സംഘങ്ങളാണ് എക്സ്ചേഞ്ചുകളുടെ പ്രധാന ഇടപാടുകാർ എന്നാണു വിവരം. ആഫ്രിക്കൻ രാജ്യങ്ങളിലെ ചില സൈബർ തട്ടിപ്പുസംഘങ്ങളും സമാന്തര എക്സ്ചേഞ്ചുകളുടെ സേവനം തേടുന്നുണ്ട്.
തീവ്രവാദ ബന്ധം: വിവരം തേടി എൻഐഎ
ബെംഗളൂരുവിലെ സമാന്തര എക്സ്ചേഞ്ചുകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നു എന്നു കണ്ടെത്തിയതു മിലിറ്ററി ഇന്റലിജൻസ് ആണ്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയും ചില തീവ്രവാദസംഘടനകളും എക്സ്ചേഞ്ചുകൾ വഴി ഇന്ത്യയിലേക്കു റൂട്ടുകൾ വാങ്ങിയതിന്റെ തെളിവുകളുമുണ്ട്. കേസിന്റെ വിശദാംശങ്ങൾ തേടി രണ്ടു വട്ടം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ കോഴിക്കോട്ട് എത്തിയിരുന്നു. കേസ് എൻഐഎ ഏറ്റെടുക്കാനുള്ള സാധ്യതകളുണ്ട്. നിലവിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) എസ്പി ചൈത്ര തെരേസാ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേരളത്തിലെ കേസുകൾ അന്വേഷിക്കുന്നത്.
സമാന്തര എക്സ്ചേഞ്ച് ഇങ്ങനെ
വിദേശത്തുനിന്നു സാധാരണ വിളിക്കുമ്പോൾ വിദേശത്തെ മൊബൈൽ ഓപ്പറേറ്ററിലൂടെ രാജ്യാന്തര ഇന്റർകണക്ട് കാരിയർ വഴി നമ്മുടെ രാജ്യത്തെ ഗേറ്റ് വേയിൽ എത്തുന്നു. നമ്മുടെ മൊബൈൽ ഓപ്പറേറ്റർ വഴി ഈ കോൾ നമ്മുടെ ഫോണിൽ എത്തുന്നു. ഇതിന്റെ കോൾ നിരക്ക് രണ്ടു രാജ്യങ്ങളിലെ മൊബൈൽ ഓപ്പറേറ്റർമാരും ഇന്റർകണക്ട് കാരിയറും പങ്കുവയ്ക്കുന്നു. കൂടുതൽതുക ഇന്റർകണക്ട് കാരിയർക്ക്. ഇന്റർനെറ്റിന്റെ സഹായത്തോടെ ഇന്റർകണക്ട് കാരിയറെ മറികടന്നു വിദേശ കോളുകളെ നേരിട്ട് ഇന്ത്യയിലേക്കും തിരിച്ചും എത്തിക്കുകയാണു സമാന്തര എക്സ്ചേഞ്ചുകൾ ചെയ്യുന്നത്. ഇന്റർകണക്ട് കാരിയർക്കു നൽകേണ്ട തുക ഇതുവഴി ലാഭിക്കുന്നു.
English Summary: Parallel Telephone Exchanges have mysterious links