ADVERTISEMENT

വിശാലമായ ഭൂപ്രദേശത്തു വർഗ-വർണ-ഗോത്ര സങ്കൽപങ്ങൾ, കുലമഹിമകൾ, കായികക്ഷമത എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അധികാരക്രമങ്ങളാൽ പരസ്പരം പോരാടുകയും ചിതറിത്തെറിക്കുകയും ചെയ്ത അനേകം സാമൂഹികവിഭാഗങ്ങൾ. അവരെ ഇസ്‌ലാം എന്ന കണ്ണിയിൽ ഉൾച്ചേർക്കുകയും നിയമങ്ങൾക്കും ഉടമ്പടികൾക്കും മുന്നിൽ അവരെയെല്ലാം തുല്യരായി നിർത്തുകയും ചെയ്തു എന്നതാണ് 23 വർഷത്തെ പ്രവാചകത്വ ജീവിതകാലത്തു മുഹമ്മദ് നബി (സ) സാധിച്ചെടുത്ത പ്രയോഗസിദ്ധമായ മാറ്റം.

അതിന് ആറാം നൂറ്റാണ്ടിലെ ഗോത്രസമൂഹത്തിൽ ആവശ്യമായ അധികാരരൂപങ്ങളൊന്നും തന്നെ മുഹമ്മദ് നബിയുടെ (സ) കൈവശം ഉണ്ടായിരുന്നില്ല. അറബ് സാഹിത്യം വളർച്ചയുടെ ഉന്നതിയിൽനിന്ന അക്കാലത്ത് വാഗ്‌പാടവത്തിലും കാവ്യമീമാംസയിലുമുള്ള കഴിവായിരുന്നു മറ്റൊരു സ്വാധീനശക്തി. നബിയാകട്ടെ നിരക്ഷരനും. നൂറ്റാണ്ടുകളായുള്ള ശീലത്തിലൂടെ അടിയുറച്ചുപോയ ഒരു സമൂഹത്തിന്റെ അടിസ്ഥാനചോദനകളെ പുതുക്കിപ്പണിയാനുള്ള മറ്റെന്തു വിഭവശേഷിയായിരുന്നു നബിയുടെ കൈവശമുണ്ടായിരുന്നത്? ഇസ്‌ലാമിനെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെയും അനുചരന്മാരെയും അടുത്തറിയുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മുന്നുപാധികൂടിയാണ് ഈ ചോദ്യം.

പ്രപഞ്ചത്തിനാകെയും അനുഗ്രഹമായിട്ടുള്ളവർ എന്നാണു മുഹമ്മദ് നബിയെ (സ) ഖുർആൻ പരിചയപ്പെടുത്തുന്നത്. സൃഷ്ടികളിൽ ഏറ്റവും അത്യുന്നതർ എന്നാണു മറ്റൊരിടത്തു വിശേഷണം. മക്കയിലെ നിരക്ഷരനായ അനാഥബാലനെ പ്രപഞ്ചത്തിന്റെ വെളിച്ചമാക്കിയ ആ ഘടകം എന്താണ്? സ്വഭാവത്തിലെ സവിശേഷമായ ഗുണമേന്മകളെന്നാണു ഖുർആന്റെ വിശദീകരണം. ഏറ്റവും മികച്ച സ്വഭാവവിശേഷങ്ങളോടെയാണ് മുഹമ്മദ് നബിയെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നതെന്നു ഖുർആൻ പലയിടങ്ങളിലായി ഓർമപ്പെടുത്തുന്നുമുണ്ട്. ‘ഹൃദയം കടുത്ത ഒരു ഗൗരവക്കാരനായിരുന്നുവെങ്കിൽ അങ്ങയുടെ ചുറ്റിലേക്കും ഇങ്ങനെ ആളുകൾ വരുമായിരുന്നോ’ എന്ന ചോദ്യത്തിലൂടെ മുഹമ്മദ് നബി (സ) കൊണ്ടുവന്ന സാമൂഹിക മാറ്റത്തിന്റെ അടിസ്ഥാനഭാവം എന്തായിരുന്നുവെന്നതിലേക്കുകൂടി ഖുർആൻ വെളിച്ചം വീശുന്നുണ്ട്.

dr-ap-abdul-hakkim-ashari
ഡോ.എ.പി.അബ്‌ദുൽ ഹകീം അസ്‌ഹരി

രാഷ്ട്രീയമോ സാമ്പത്തികമോ സാംസ്കാരികമോ സാമൂഹികമോ ആയ തലങ്ങളായിരുന്നില്ല മുഹമ്മദ് നബിയുടെ പ്രാഥമിക പ്രവർത്തന മണ്ഡലം. ജനങ്ങളുടെ സ്വഭാവത്തെ പരിവർത്തിപ്പിച്ചുകൊണ്ടുവന്നതിന്റെ പ്രതിഫലനങ്ങൾ മാത്രമായിരുന്നു അവയെല്ലാം. ‘നിങ്ങളിൽ ഉത്തമമായ സ്വഭാവം കടഞ്ഞെടുക്കാൻ വേണ്ടിയാണ് അല്ലാഹു എന്നെ നിയോഗിച്ചിരിക്കുന്നത്’ എന്നാണു തന്റെ ദൗത്യത്തെക്കുറിച്ചു മുഹമ്മദ് നബി (സ) തന്നെ നൽകുന്ന വിശദീകരണം. സത്യസന്ധൻ എന്നർഥം വരുന്ന ‘അൽ അമീൻ’ എന്നതായിരുന്നു മക്കയിലെ ഈ അനാഥ ബാലന്റെ കുട്ടിക്കാലത്തേയുള്ള വിളിപ്പേര്. പരസ്പരം കലഹിച്ചിരുന്ന ഗോത്ര സമൂഹങ്ങൾ പ്രശ്നപരിഹാരത്തിന് ഈ ഇളംതലമുറക്കാരനെ കാത്തുനിൽക്കാറുണ്ടായിരുന്നു.

ശാന്തനും ധൈര്യശാലിയും ഉദാരനും ലജ്‌ജാലുവുമായിരുന്നു മുഹമ്മദ് നബി(സ). ഭക്ഷണ പദാർഥങ്ങളിൽ ലളിതമായതു തിരഞ്ഞെടുത്ത് ബാക്കി അവകാശികൾക്കു വീതിച്ചു കൊടുക്കും. വിശപ്പു കാരണം വയറിൽ കല്ലുകെട്ടിവെച്ച സന്ദർഭങ്ങളുണ്ടായിരുന്നു. ചോളം കൊണ്ടുണ്ടാക്കിയ അപ്പമാണെങ്കിൽപോലും തുടർച്ചയായ മൂന്നു ദിവസം ഭക്ഷിക്കില്ല. വസ്ത്രവും ചെരുപ്പും സ്വന്തമായി തുന്നിയെടുക്കും. അടുക്കള ജോലികളിൽ വീട്ടുകാരെ സഹായിക്കും. അടിമകളുടെയും ഉടമകളുടെയും ക്ഷണം സ്വീകരിക്കും. അവരിൽനിന്നു സമ്മാനങ്ങൾ സ്വീകരിക്കുകയും അവർക്കു സമ്മാനങ്ങൾ തിരിച്ചു കൊടുക്കുകയും ചെയ്യും. ദാനമായി ഒന്നും സ്വീകരിക്കില്ല. മദീനയിലെ പ്രാന്തപ്രദേശത്തുള്ള രോഗികളെപ്പോലും സന്ദർശിക്കും. അധികം സംസാരിക്കില്ല.

ഭൗതികലോകത്തെ ഒന്നിനെയും പേടിയില്ല. സ്രഷ്‌ടാവിനു വേണ്ടിയല്ലാതെ ദേഷ്യപ്പെടില്ല. അനുവദനീയമായതിൽ ഏറ്റവും ലളിതമായ വസ്ത്രം ധരിക്കും. സുഗന്ധത്തെ ഇഷ്ടപ്പെടും. കുടുംബങ്ങളുമായി നല്ല ബന്ധം പുലർത്തും. ഒരാളെയും അവഹേളിക്കില്ല. തമാശകൾ പറയും; പക്ഷേ, മുറിവേൽപിക്കില്ല. ചിരിക്കും, എന്നാൽ അട്ടഹസിക്കില്ല. ധനികനും ദരിദ്രനും അവിടുത്തേക്ക് ഒരുപോലെ. അനുവദനീയമായ കായികവിനോദങ്ങൾ കാണും. അനുചരന്മാരോടൊപ്പം നടക്കും. അർഹരായ അവകാശികളെ കാണാത്തതിന്റെ പേരിൽ ഒരു നാണയത്തുട്ടെങ്കിലും ബാക്കിയിരിപ്പുണ്ടെങ്കിൽ നബി(സ) ആ ദിവസങ്ങളിൽ ഉറങ്ങാറുണ്ടായിരുന്നില്ല. അവകാശികളെത്തേടി ഇറങ്ങുമായിരുന്നു.

ഇങ്ങനെ ഉദാരത, കുലീനത, സ്നേഹം, ബഹുമാനം, ആതിഥേയത്വം, നീതി തുടങ്ങിയ സ്വഭാവ സവിശേഷതകളിൽ ഊന്നി മുഹമ്മദ് നബി (സ) തന്റെ അനുയായികളുടെ ജീവിതത്തെ സമ്പൂർണമായി പുതുക്കിപ്പണിതു. ‘ഓരോ മതത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. താഴ്മയും അടക്കവുമാണ് ഇസ്‌ലാമിന്റെ പ്രത്യേകതകൾ’ എന്നു പ്രഖ്യാപിച്ചാണു തന്റെ മതത്തിന്റെ പ്രവർത്തന പദ്ധതി നബി (സ) മുന്നോട്ടുവച്ചത്. വിശ്വാസിയുടെ ഹൃദയം കണ്ണാടിപോലെയാണ് എന്നതായിരുന്നു അവിടുത്തെ പാഠം. കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ,‘എന്റെ ശരീരത്തെ മനോഹരമാക്കിയതു പോലെ, എന്റെ സ്വഭാവത്തെയും മനോഹരമാക്കണേ’ എന്നു പ്രാർഥിക്കണമെന്ന് അനുയായികളോടു പറഞ്ഞുകൊണ്ടു കണ്ണാടി എന്ന ഈ രൂപകത്തെ മറ്റൊരു സന്ദർഭത്തിലും മുഹമ്മദ് നബി (സ) ഓർമപ്പെടുത്തുണ്ട്. സ്വഭാവവൈശിഷ്ട്യങ്ങളുടെ ഈ കണ്ണാടിയാണു ലോകത്തെ എല്ലാ വെല്ലുവിളികളെയും നേരിടാൻ നബി (സ) ഈ സമൂഹത്തിനു നൽകിയ ആയുധം. സത്യസന്ധവും സ്വാഭാവികവും അതിമനോഹരവുമായ പ്രവർത്തനങ്ങൾ തന്റെ അനുയായികളുടെ നിത്യജീവിതത്തിൽ സ്വച്ഛന്ദമായി ഉണ്ടാവണം എന്നതായിരുന്നു ഈ നൈതികബോധനത്തിന്റെ ലക്ഷ്യവും മാർഗവും.

(സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് മർക്കസ് നോളജ് സിറ്റി എംഡിയുമാണ് ലേഖകൻ)

Content Highlight: Nabidinam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com