നീരാളിക്കൈകൾ മുറിച്ചുമാറ്റാം

Mail This Article
സംസ്ഥാനത്തിനുമേൽ പിടിമുറുക്കുന്ന ലഹരിവല എത്രത്തോളം വിസ്തൃതവും ആപൽക്കരവുമാണെന്നു ബോധ്യപ്പെടാൻ ഈയിടെയുണ്ടായ ചില സംഭവങ്ങൾതന്നെ ധാരാളം. ഏറ്റവുമൊടുവിലായി, കളമശേരി ഗവ. പോളിടെക്നിക് കോളജിലെ ‘പെരിയാർ’ ഹോസ്റ്റലിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തതിനോടൊപ്പം കഞ്ചാവ് തൂക്കിവിൽക്കുന്നതിനുള്ള ത്രാസ് വരെ കണ്ടെടുക്കുകയുണ്ടായി.
ലഹരിക്കെതിരെയുള്ള പോരാട്ടം ഏകമനസ്സോടെ കേരളം തുടങ്ങിയതിന്റെ വിളംബരമാണിപ്പോൾ കേൾക്കുന്നത്. കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികളും അധ്യാപകരും സമൂഹവും സർക്കാരും ചേർന്നാണ് ഈ യുദ്ധം വിജയത്തിലെത്തിക്കേണ്ടത് എന്നതിനാൽ വിവിധ തലങ്ങളിലായിട്ടുവേണം ലഹരിവിരുദ്ധദൗത്യം. നമ്മുടെ ചുവടുകൾക്കു കൂട്ടായ്മയുടെ കരുത്തിനോടൊപ്പം നിശ്ചയദാർഢ്യത്തിന്റെ തീർച്ചയും മൂർച്ചയും ഉണ്ടാവുകയുംവേണം. ഇതിനകം തെളിഞ്ഞുവന്ന ലഹരിച്ചങ്ങലയുടെ അന്തർ സംസ്ഥാന – രാജ്യാന്തര കണ്ണികൾ കേരളം ഏറ്റെടുത്ത ലഹരിവിരുദ്ധ പോരാട്ടത്തിന്റെ വെല്ലുവിളികൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, മറ്റു സംസ്ഥാന ഭരണകൂടങ്ങളുടെയും കേന്ദ്ര സർക്കാരിന്റെയും പിന്തുണ ഈ മുന്നേറ്റത്തിൽ നമ്മുടെ അടിയന്തരാവശ്യമാണ്.
ഈ സാഹചര്യത്തിൽ, ലഹരിക്കെതിരെയുള്ള പൊലീസ്– എക്സൈസ് പോരാട്ടം ഇനി ഒരുമിച്ചാക്കുന്നതു തികച്ചും ഉചിതമാണ്. വലിയ അളവു ലഹരിയെക്കുറിച്ചു വിവരം ലഭിച്ചാൽ ഒരു സംഘമായി നീങ്ങുന്നതിനു ഫലപ്രാപ്തി കൂടുമെന്നതിൽ സംശയമില്ല. ഇരുസേനകളുടെയും ഇന്റലിജൻസ് വിഭാഗങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കാനും കോൾ ഡേറ്റ റെക്കോർഡ്, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ എക്സൈസ് ആവശ്യപ്പെടുമ്പോൾ താമസമില്ലാതെ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ഈയിടെ മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടായ്മയിൽ, പൊലീസും എക്സൈസും യോജിച്ചു പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്സ് വേണമെന്ന നിർദേശം സംസ്ഥാനത്തെ പൊലീസ് സേനയെ നയിച്ചിരുന്നവരിൽനിന്ന് ഉയർന്നിരുന്നു.
ലഹരിയൊഴുക്കിനു തടയിടാനുള്ള ഉത്തരവാദിത്തം നമ്മുടെ പുതുതലമുറകൂടി ഏറ്റെടുക്കേണ്ടതുണ്ട്. യുവതയുടെ പങ്കാളിത്തം ഈ വലിയ ദൗത്യത്തിനു കൂടുതൽ കരുത്തുപകരും. നാട്ടിലും വീട്ടിലും ക്യാംപസിലും ലഹരിക്കെതിരെ കണ്ണുകൾ തുറന്നുവയ്ക്കാൻ വിദ്യാർഥികൾ തീരുമാനിച്ചാൽ അതിനു നന്ദിപറയുക ഈ കാലംതന്നെയാവും. ലഹരിക്കേസിൽ കുടുങ്ങുന്നവരെ ഒരുതരത്തിലും സഹായിക്കില്ലെന്നും ലഹരി വിധേയത്വമുള്ളവരെ യൂണിറ്റ് തലത്തിൽപോലും ഭാരവാഹിയാക്കില്ലെന്നും എല്ലാ വിദ്യാർഥിസംഘടനകളും തീരുമാനിക്കുകയുംവേണം. അതിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയും അത്യാവശ്യമാണ്. മൂന്നു വർഷംമുൻപു മലയാള മനോരമ സംഘടിപ്പിച്ച ‘അരുത് ലഹരി’ യുവ ജാഗ്രതാ കൂട്ടായ്മയിൽ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരേ മനസ്സോടെ ലഹരിക്കെതിരെ കൈകോർക്കുമെന്ന്് നമ്മുടെ യുവജന, വിദ്യാർഥി സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.
ലഹരിവ്യാപാരത്തിനു പിന്നിലുള്ള അദൃശ്യശക്തികളെയെല്ലാം പുറത്തുകൊണ്ടുവന്നാലേ പോരാട്ടത്തിനു ഗതിവേഗം കൂടൂ. ലഹരിവ്യാപാരത്തിനു ലഭിച്ചുപോരുന്ന വൻ സാമ്പത്തികപിന്തുണ ഇല്ലാതാക്കാനും കഴിയണം. കേരളത്തിൽ ഒരാളോ ഒരു സംഘമോ നിയന്ത്രിക്കുന്ന വൻ ലഹരി റാക്കറ്റ് ഉണ്ടെന്നു കരുതുന്നില്ലെന്നാണ് എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് പറയുന്നത്. പല സംഘങ്ങളാണു വിൽപനക്കാർ. ഒരേ സംഘത്തിന്റെ ഭാഗമായവരും പരസ്പരം അറിയുന്നില്ലെന്നതിനാൽ തലപ്പത്തുള്ളവരെ പിടികൂടാൻ എക്സൈസിനു പരിമിതിയുണ്ടാകാറുണ്ടെന്നും അതു മറികടക്കാനാണു ശ്രമമെന്നും അദ്ദേഹം പറയുന്നു.
ലഹരിയിലേക്ക് ഒഴുകിത്തീരേണ്ടതല്ല നമ്മുടെ പുതുതലമുറയെന്ന ഉത്തമബോധ്യത്തോടെയാവണം കേരളം ഈ പോരാട്ടത്തിൽ മുന്നേറേണ്ടത്. ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരെയും താലോലിച്ചു വളർത്തി വലുതാക്കിയ സ്വപ്നങ്ങൾ കൈമോശംവന്നു കേഴുന്ന രക്ഷിതാക്കളെയുമല്ല കേരളം കാണേണ്ടത്. നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താൻ ലഹരിമരുന്നുസംഘങ്ങളെ ഒരു കാരണവശാലും അനുവദിച്ചുകൂടാ. ലഹരിമരുന്നുകളുടെ നരകവാതിൽ കൊട്ടിയടയ്‌ക്കാൻ നമുക്കൊന്നിച്ചുനിൽക്കാം. കേരളീയ സമൂഹത്തിന്റെ സുസ്ഥിതിക്കു ലഹരിവിരുദ്ധ പോരാട്ടങ്ങളെല്ലാം ഒരുമിച്ച് ഒരേദിശയിൽ മുന്നോട്ടുനീങ്ങുകയും വേണം.