ഇരുട്ടകലണം; പ്രശ്നത്തിന് ദീർഘകാല പരിഹാരം കാണാനാകണം
Mail This Article
രാജ്യം കോവിഡിനെതിരെ പോരാട്ടം നയിക്കുമ്പോൾ അതിർത്തിയിൽ 20 സൈനികർ വീരമൃത്യു വരിച്ച സംഭവം നാടിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. നമ്മുടെ ധാർമികതയിലൂന്നി പ്രശ്നത്തിന് ദീർഘകാല പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. രാജ്യത്തിന്റെയും സേനയുടെയും ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ രാഷ്ട്രീയ നേതൃത്വവും പ്രതിജ്ഞാബദ്ധമാണ്.
പ്രശ്നമുണ്ടായ ഉടൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീയും ഫോണിൽ സംസാരിച്ച് സംഘർഷം ലഘൂകരിക്കാനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങൾ ഇരുഭാഗത്തുനിന്നുമുണ്ടാകില്ലെന്ന ധാരണയുമുണ്ടായിട്ടുണ്ട്.
ഇരുളിന്റെ മറവിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ യഥാർഥ ചിത്രം ഇനിയും തെളിയേണ്ടതുണ്ട്. എങ്കിലും പ്രാകൃതമായ ആയുധങ്ങളുപയോഗിച്ച് ചൈനീസ് പട്ടാളം നടത്തിയ ആക്രമണം ഒരു വലിയ സേന എന്ന നിലയിൽ അവർക്ക് തീരാകളങ്കമാണ്. കാര്യങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്താൻ ചൈനക്കാർ എന്നും തന്ത്രജ്ഞരാണ്. ചൈനയുടെ ഭാഗത്തെ നാശനഷ്ടങ്ങൾ പുറത്തറിയാത്തതും അതുകൊണ്ടാണ്. വിയറ്റ്നാമുമായി 1979 ൽ നടന്ന യുദ്ധത്തിൽ എത്ര സൈനികർ മരിച്ചെന്ന് ഇനിയും പുറത്തുവിടാത്ത രാജ്യമാണത്. .
ഗൽവാനിലെ സ്ഥിതിഗതികൾ സംഘർഷഭരിതമാണെങ്കിലും അതിനു സമാധാനപരമായ പരിഹാരം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ തളർച്ചയിലാണ് രാജ്യം. തൊഴിൽ മേഖലകൾ തകരുന്ന സാഹചര്യത്തിൽ സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനം വലിയ വെല്ലുവിളിയാണ്. ഈ ഘട്ടത്തിൽ 2 ആണവ ശക്തികൾ യുദ്ധത്തിലേക്കു പോകുന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്. അതുകൊണ്ടു തന്നെയാണ് ദീർഘകാലത്തേക്കുള്ള പ്രശ്നപരിഹാരത്തിന് രാജ്യം മുൻഗണന നൽകേണ്ടത്.
ഇന്ത്യയും ചൈനയും 2 പുരാതന സംസ്കാരങ്ങളാണ്. ഇരുവർക്കും സമ്പന്നമായ സൈനികചരിത്രവുമുണ്ട്.
ഉഭയസമ്മതത്തോടെയുള്ള പ്രശ്നപരിഹാരത്തിനാകും ഇന്ത്യയുടെ ശ്രമം. പരസ്പരാശ്രിതമായ നവസാമ്പത്തിക ലോകത്ത് ചൈന നിയന്ത്രിക്കുന്ന ഒരു ആഗോള വിപണന, വിതരണ ശൃംഖലയുണ്ട്. ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ വ്യവസായവും മറ്റും അതിനെ ആശ്രയിക്കുന്നുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള വൈകാരിക ആഹ്വാനങ്ങൾ നമുക്ക് ഗുണം ചെയ്യില്ല. ഇന്ത്യയുടെ ഉദിച്ചുയരുന്ന പല സ്റ്റാർട്ടപ്പ് കമ്പനികൾക്കും ചൈനീസ് നിക്ഷേപം ജീവവായുവാണ്.
യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് ഇന്ത്യയുടെ ആത്മാഭിമാനം ഉയർത്തുന്ന പരിഹാരമാണ് വേണ്ടത്. ഏവർക്കും സ്വീകാര്യമായ ഒരു പരിഹാര നിർദേശം എല്ലാ രാഷ്ട്രീയപാർട്ടികളും ചേർന്ന് സർക്കാരിനു മുന്നിൽ സമർപ്പിച്ച് നടപ്പാക്കാൻ ആവശ്യപ്പെടുകയാണ് ഇപ്പോൾ വേണ്ടത്.
(ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസ് ഓണററി ഫെലോ ആണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)