ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടിൽ അണ്ണാഡിഎംകെ– ബിജെപി സീറ്റ് ധാരണയായപ്പോൾ ഡിഎംകെ മുന്നണിയിൽ കോൺഗ്രസ് ഇടഞ്ഞു തന്നെ. ഡിഎംകെയ്ക്കു മേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കമൽ ഹാസനുമായി അനൗപചാരിക ചർച്ച നടത്തി.

മൂന്നാം മുന്നണിയിലേക്കു കമൽ സ്വാഗതം ചെയ്തപ്പോൾ താൽപര്യമില്ലെന്നു പ്രതികരിച്ച കോൺഗ്രസ്, പിന്നീട് അവരെ ഫോണിൽ വിളിച്ചതു ഡിഎംകെയെ സമ്മർദത്തിലാക്കാനാണെന്നാണു വിലയിരുത്തൽ.

അതേസമയം, ആദ്യഘട്ടത്തിൽ 18 ൽ ഉറച്ചു നിന്ന സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഇപ്പോൾ 24 സീറ്റ് കോൺഗ്രസിന് നൽകാൻ തയാറായിട്ടുണ്ട്. ഒപ്പം രാജ്യസഭാ സീറ്റുകളിലൊന്നും. 

എന്നാൽ, 27 തന്നെ വേണമെന്നു കോൺഗ്രസ് പറയുന്നു. പരമാവധി സീറ്റിനായി വിലപേശുക എന്നാൽ, മുന്നണിക്കു പുറത്തുപോകാതെ നോക്കുക എന്നാണ് എഐസിസി നിർദേശം.

സീറ്റിന്റെ കാര്യത്തിലുള്ള പിണക്കം സിപിഎമ്മും തുടരുന്നു. 9 സീറ്റ് വേണമെന്നു സിപിഎം ഉറപ്പിച്ചു പറയുമ്പോൾ 6 നൽകാമെന്നാണു ഡിഎംകെ വാഗ്ദാനം. മുന്നണി ശിഥിലമാകാതെ നോക്കേണ്ടതു ഡിഎംകെയാണെന്നു തമിഴ്നാട് സിപിഎം സെക്രട്ടറി കെ.ബാലകൃഷ്ണൻ പറയുന്നു.

ബിജെപിക്ക് 20: ക‌ന്യാകുമാരിയിൽ ഇന്ന് 

അമിത് ഷാബിജെപി 20 നിയമസഭാ സീറ്റിൽ മത്സരിക്കും. ലോക്സഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന കന്യാകുമാരി സീറ്റും അണ്ണാഡിഎംകെ ബിജെപിക്കു നൽകി. ഇവിടെ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണു സ്ഥാനാർഥി. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോയോടെ പ്രചാരണം തുടങ്ങും.

നാഗർകോവിൽ, കന്യാകുമാരി മണ്ഡലങ്ങളിൽ നിന്നായി 8 തവണ പാർലമെന്റിലേക്കു മത്സരിച്ച പൊൻ രാധാകൃഷ്ണൻ 2 വട്ടം ജയിച്ചു. 2014ൽ മോദി സർക്കാരിൽ മന്ത്രി. കഴിഞ്ഞതവണ കോൺഗ്രസിന്റെ എച്ച്.വസന്തകുമാറിനോട് 2.59 ലക്ഷം വോട്ടിനു തോറ്റു. വസന്തകുമാർ കോവിഡ് ബാധിച്ചു മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ മകൻ വിജയ് കോൺഗ്രസ് സ്ഥാനാർഥിയായേക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 2.48% വോട്ട് മാത്രം. ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സഖ്യത്തിൽ മത്സരിച്ച അഞ്ചിടത്തും തോറ്റു. ബിജെപിയുടെ സാധ്യതാ സ്ഥാനാർഥിപ്പട്ടികയിൽ, നടിമാരായ ഖുഷ്ബുവും ഗൗതമിയും ഇടംപിടിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com