വാക്സീൻ ഇടവേള കൂട്ടുന്നതിനെതിരെ ഫൗച്ചി; പ്രശ്നമില്ലെന്ന് കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ വാക്സീൻ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കുന്നത് കുത്തിവയ്പ് എടുത്തവർക്കും വൈറസ് പിടിപെടാൻ കാരണമായേക്കാമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടു. ഫൈസർ വാക്സീന് മൂന്നാഴ്ചയും മൊഡേണയ്ക്ക് നാലാഴ്ചയും ഇടവേളയാണ് ഉത്തമം.
യുകെയിൽ ഇടവേള വർധിപ്പിച്ചപ്പോൾ വിവിധ വകഭേദങ്ങൾ വഴി രോഗവ്യാപനം വർധിച്ചതായും ഫൗച്ചി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കോവിഷീൽഡ് വാക്സീൻ ഡോസുകൾ തമ്മിലുള്ള ഇടവേള 12–16 ആഴ്ചയായി വർധിപ്പിച്ചതിനെക്കുറിച്ച് ഒരു ടിവി ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് നിതി ആയോഗ് അംഗവും വാക്സീൻ വിദഗ്ധ സമിതി അധ്യക്ഷനുമായ ഡോ. വി.കെ. പോൾ പറഞ്ഞു. ഇടവേള വർധിക്കുമ്പോൾ ഒരു ഡോസ് മാത്രം സ്വീകരിച്ചവർ നേരിടുന്ന വെല്ലുവിളി പ്രസക്തമാണ്. എന്നാൽ, ആദ്യ ഡോസ് വഴി ഒരു പരിധിവരെയെങ്കിലും പ്രതിരോധം കൂടുതൽ പേർക്കു നൽകാനാകുന്നു എന്നതാണ് അതിന്റെ മറുവശം.– അദ്ദേഹം പറഞ്ഞു.
English Summary: Fauci on vaccine intervals