ഉന്നാവ് പീഡനം: കുൽദീപ് സെൻഗറിന് ഇടക്കാല ജാമ്യം
Mail This Article
ന്യൂഡൽഹി ∙ ഉന്നാവ് പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗറിനു ഡൽഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഈ മാസം 27 മുതൽ ഫെബ്രുവരി 10 വരെ ജാമ്യം അനുവദിച്ചത്. പൊലീസ് സ്റ്റേഷനിൽ ദിവസവും റിപ്പോർട്ട് ചെയ്യണമെന്നു ജസ്റ്റിസുമാരായ മുക്ത ഗുപ്ത, പൂനം എ.ഭാംബ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഗോരഖ്പുർ, ലക്നൗ എന്നിവിടങ്ങളിലായാണു വിവാഹച്ചടങ്ങുകൾ നടക്കുന്നതെന്നും കുടുംബത്തിലെ ഏക പുരുഷനെന്ന നിലയിൽ ചടങ്ങുകളിൽ മുഴുവൻ സമയവും പങ്കെടുക്കേണ്ടതുണ്ടെന്നും കുൽദീപിന്റെ അഭിഭാഷകർ വാദിച്ചു. ഫെബ്രുവരി 8നു നടക്കുന്ന കല്യാണത്തിൽ പങ്കെടുക്കാനും ഒരുക്കങ്ങൾക്കും വേണ്ടി 2 മാസത്തെ ജാമ്യം ആണ് ആവശ്യപ്പെട്ടിരുന്നത്. 2017 ൽ യുപിയിലെ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണു സെൻഗർ ജീവപര്യന്തം തടവിൽ കഴിയുന്നത്.
English Summary : Unnao rape case : Kuldeep Sengar granted interim bail for attending daughter wedding